കുഞ്ഞു മനസ്സിന് വഴികാട്ടി

അവ്യക്തമായ ഓര്‍മ്മകളില്‍, ഒരു ചെറിയ കുട്ടി തന്‍റെ അമ്മൂമ്മയുടെ മടിയില്‍ തല വെച്ച് കിടന്ന് കഥ കേള്‍ക്കുകയായിരിരുന്നു – ബാലഗോപാലന്‍റെ കഥ.

അച്ഛന്‍ മരിച്ചുപോയിട്ടും, രോഗിണിയായ അമ്മയുടെ ദാരിദ്ര്യവും കഷ്ടപ്പാടുമുണ്ടെങ്കിലും, പഠിക്കണമെന്ന് മോഹം കൊണ്ട് കാടു കടന്നിട്ടും ഗുരുകുലത്തിലേക്ക് പോയവന്‍. അമ്മൂമ്മ, കാടിന്‍റെ വന്യത വിവരിക്കുമ്പോള്‍ കുട്ടി പേടിച്ചു വിറച്ചു. കാടിനു നടുവില്‍ ഉണ്ണിക്കണ്ണനെ വിളിച്ചു കരയുന്ന ബാലഗോപാലന്‍റെ രൂപം അവന്‍റെ കണ്ണിലും വെള്ളം നിറച്ചു. ഒടുവില്‍ കണ്ണനെത്തിയപ്പോള്‍ ബാലഗോപാലനോടൊപ്പം അവനും ആശ്വസിച്ചു.പിന്നെ ഗുരു ദക്ഷിണയായി അക്ഷയപാത്രത്തിലെ വെണ്ണ.അതിന്‍റെ തീരാത്ത ആനന്ദത്തിലെപ്പൊഴോ കണ്ണുകളടഞ്ഞടഞ്ഞ് നല്ലൊരു ഉറക്കത്തിലേക്ക്.

ആ കുട്ടി ഞാന്‍ തന്നെയായിരുന്നു.

ആ ഓര്‍മ്മകളില്‍ ഹൃദയപൂര്‍വ്വം കരുതിവെക്കുന്ന ഇത്തരം ബാല്യകാലസ്മൃതികളൊക്കെ എന്‍റെ തലമുറയ്ക്ക് അന്യമല്ലെങ്കിലും പുതിയ കുട്ടികള്‍ക്ക് അപരിചിതമാവാനാണ് സാധ്യത. അമ്മമ്മ, മുത്തച്ഛന്‍, പേരമ്മ, പേരപ്പന്‍, അമ്മാമന്‍, അമ്മായി, മച്ചുനിയന്‍ എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല. പക്ഷെ ഒരു തലമുറയുടെ മാനസിക-വൈകാരികത തലങ്ങളെ സംപുഷ്ടമാക്കാന്‍ അതു വഹിച്ച പങ്ക് നിസ്തുലമാണെന്ന് നിസംശയം പറയാം. പുതിയതെല്ലാം തെറ്റും പഴയതെല്ലാം ശരിയുമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു വ്യായാമമല്ല ഇതെന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. പഴമയുടെ നന്മ, ഒരു തലമുറയുടെ കാല്പാദങ്ങള്‍ക്ക് കൊടുത്ത ദിശാബോധം ഓര്‍മ്മപ്പെടുത്താനുള്ള ഒരു ശ്രമം മാത്രം.

കുട്ടികളുടെ ബൗദ്ധിക നിലവാരം അളന്നെടുക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളിന്നുണ്ട്. എല്‍.കെ.ജി മുതല്‍, പഠനം പൂര്‍ത്തിയാകും വരെ, പല അവസരങ്ങളിലായി അവന്‍ ഈ പരീക്ഷകള്‍ക്ക് വിധേയനാകുന്നു. ഓര്‍മ്മശക്തിയുടെ, സൂക്ഷ്മബുദ്ധിയുടെ, മാനേജ്മെന്‍റിന്‍റെ തലങ്ങളിലൂടെ വികസിക്കുന്ന ഈ പാടവങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള നിരന്തര ശ്രമങ്ങളാണ് വിദ്യാഭ്യാസം കൊണ്ട് എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നത്. ഏത് സിലബസ്സ് പിന്തുടരുന്ന സ്കൂളുകളും കരിക്കുലത്തിന്‍റെ സ്ഥാപിത ലക്ഷ്യങ്ങളെ വിട്ട് കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കുന്ന നയ പരിപാടികളിലേക്ക് ക്രമേണ നീങ്ങുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നല്ല മാര്‍ക്കു വാങ്ങുക, എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാകും കുട്ടികള്‍ വളരുക. അതിനിടയില്‍, കളികളും അധിക വായനകളും സ്നേഹ സംഭാഷണങ്ങളുമെല്ലാം ശ്രദ്ധാവ്യതിയാനം ആണ്. അതുകൊണ്ട്, അതെല്ലാം പരമാവധി അകറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പലപ്പോഴായി കുട്ടികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മെഡിസിനിന്‍റെ ഭാഗമാവാനുള്ള ഒരു യന്ത്രത്തിന് ഈ ഗുണകണങ്ങള്‍ തന്നെയാണ് വേണ്ടത്. പക്ഷേ, അതിലുപരി സാമൂഹ്യജീവിയായി ഭൂമിയില്‍ നന്മയോടെ വളരേണ്ട ഒരു മനുഷ്യജീവി മറ്റു ചിലതുകൂടിയൊക്കെ ആവേണ്ടതുണ്ട്. കുടുംബ ജീവിതത്തിന്‍റെ നന്മ തിരിച്ചറിയുമ്പോഴാണ് തുടര്‍ന്നും ഒരു കുടുംബ ജീവിതത്തിന്‍റെ തുടര്‍ച്ചയാവാന്‍ അവന് കഴിയുന്നത്.

ഓര്‍മ്മശക്തിയും സൂക്ഷ്മ ബുദ്ധിയും മാത്രം വളര്‍ത്തി യന്ത്രങ്ങളെപ്പോലെ മെനഞ്ഞെടുക്കുന്ന മനുഷ്യരൂപങ്ങള്‍ക്ക് സംഭവിക്കുന്ന മാനസിക-വൈകാരിക വിസ്ഫോടനങ്ങള്‍ തിരിച്ചറിഞ്ഞിട്ടാവണം, കുട്ടികളുടെ ബൗദ്ധികനിലവാര മെന്ന സങ്കുചിത ലക്ഷ്യത്തിനു മേലെ മാനസികവും വൈകാരികവുമായ നിലവാരത്തിന് മുന്‍തൂക്കം കൊടുക്കണമെന്ന വിശാലമായ ബോധത്തിലേക്ക് ലോകം കണ്ണ് തുറക്കുന്നത്. വൈകാരിക തലങ്ങളെ സമ്പുഷ്ടമാക്കുന്ന തലച്ചോറിന്‍റെ കേന്ദ്രങ്ങളെ തിരിച്ചറിയാനും അതിനെ ഊര്‍ജ്ജവത്താക്കിയെടുക്കാനുള്ള പരിശീലനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാനും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നിടത്തുവരെയെത്തി കാര്യങ്ങള്‍. കുട്ടികളുടെ മാനസിക-വൈകാരിക പക്വതയ്ക്ക് പ്രാധാന്യം കൊടുക്കാതെ, പഠനത്തിനു മാത്രം പ്രാധാന്യം കൊടുക്കരുതെന്ന സിദ്ധാന്തം ഗവേഷണങ്ങള്‍ വഴി തെളിയിച്ചു കഴിഞ്ഞു. അതിനുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന ഗൗരവതരമായ തുടര്‍പഠനങ്ങള്‍ നടന്നു വരികയാണ്.

ഇവിടെയാണ്, ആദ്യം സൂചിപ്പിച്ച കൂട്ടു കുടുംബങ്ങളുടെ പ്രസക്തി തിരിച്ചറിയപ്പെടേണ്ടത്. ചെറുതലമുറയ്ക്ക് വഴികാട്ടാന്‍ കുറച്ച് മുതിര്‍ന്നവരും അവര്‍ക്ക് വഴികാട്ടാന്‍ അതിനും മേലുള്ളവരും അവര്‍ക്ക് വഴികാട്ടാന്‍ വൃദ്ധരുമുള്ള ഒരു ചങ്ങലക്കൂട്ടം. കഥകളും കളികളും നിറയുന്ന ബാല്യം. കൂട്ടായ്മകളുടെ ഉത്സവങ്ങള്‍ പങ്കുവെക്കലിന്‍റെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കരുതലിന്‍റെയുമൊക്കെ പാഠങ്ങള്‍ കൂടിയാവുന്ന സ്വാഭാവിക വിദ്യാഭ്യാസം. കുട്ടികളെ സ്വതന്ത്രമായി വിടുമ്പോഴാണ് അവരവരുടെ യഥാര്‍ത്ഥ കഴിവുകളുടെ മലകളിലേക്ക് അവര്‍ കയറിപ്പോകുന്നത് കാണാന്‍ പറ്റുന്നത്. തെറ്റിലേക്ക് നടന്നുപോകാതിരിക്കാന്‍ ഒരു കണ്ണ് അവന്‍റെ മേല്‍ ഉണ്ടാവണമെന്നുമാത്രം. പ്രായമായവരോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ പരിപാലിക്കണമെന്നും ചെറുപ്രായം മുതല്ക്കേ കുട്ടി തിരിച്ചറിയണം. മനുഷ്യത്വത്തിന്‍റെ ഒരുപാട് അനുഭവങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് ഇവിടെവെച്ചാവണം. ശാരീരിക വിഷമമുള്ളവര്‍ക്ക് കൈത്താങ്ങാകാനും മാനനസിക വിഷമമുള്ളവര്‍ക്ക് സാന്ത്വനമാവാനും, അങ്ങനെയൊക്കെയായിത്തന്നെ പരിശീലിപ്പിക്കണം.

ആധുനിക കാലഘട്ടത്തിന്‍റെ മനോരോഗങ്ങളായി അറിയപ്പെടുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസ്ഓര്‍ഡര്‍, ഓട്ടിസം തുടങ്ങിയവ വികസിച്ചു വരുന്നത് കുട്ടികളുടെ സവിശേഷതകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോഴാണ്. പെരുമാറ്റത്തിന്‍റെ ശുദ്ധീകരണത്തിലൂടെ തുടക്കത്തില്‍ തന്നെ തിരുത്തപ്പെടാവുന്ന ഇത്തരം പ്രത്യേകതകളില്‍ കുടുംബങ്ങളുടെ സജീവമായ ഇടപെടലിന് പ്രസക്തിയേറെയുണ്ട്. സ്നേഹവും പരിചരണവും കൊണ്ട് കീഴ്പ്പെടാവുന്ന ചെറിയ സ്വഭാവദൂഷ്യങ്ങളെ വരെ ഔഷധീകരിച്ച് വലിയ രോഗാവസ്ഥയായി വളര്‍ത്തുമ്പോള്‍ നമ്മുടെ കൈപ്പിടിയില്‍ നിന്ന് ഒരു തലമുറതന്നെ വഴുതിപ്പോവുകയാണെന്ന യഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഒറ്റപ്പെട്ട തുരുത്തുകളോ ഉള്ള് പുകയുന്ന അഗ്നിപര്‍വ്വതങ്ങളോ ആയി കുട്ടികള്‍ മാറാതിരിക്കണമെങ്കില്‍ സ്നേഹത്തോടെ സംസാരിക്കാനും കഥപറയാനും കളിക്കാനുമൊക്കെയുള്ള സാഹചര്യം വീടുകളിലുണ്ടായാലേ മതിയാവൂ. കുടുംബങ്ങള്‍ക്ക് വ്യക്തികളുടെ ക്രിയാത്മകമായ ആരോഗ്യത്തില്‍ സ്ഥാനമുണ്ടാകുന്നത് അങ്ങനെയാണ്.

ഡോ. പി. എം. മധു
അസ്സിസ്റ്റന്‍റ് പ്രൊഫസര്‍
ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ്
കണ്ണൂര്‍