ദാഹം തീര്‍ക്കാം, ശ്രദ്ധയോടെ

ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് വെള്ളം. ഭാരതീയ ദര്‍ശനപ്രകാരം സര്‍വ്വസ്വവും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് പഞ്ചമഹാഭൂതങ്ങള്‍കൊണ്ടാണ്. ജലം അതിലൊരു പഞ്ചമഹാഭൂതമാണ്. അതുകൊണ്ട് തന്നെ സര്‍വ്വചരാചരങ്ങളിലും ജലത്തിന്‍റെ അംശം നിലനില്‍ക്കുന്നുണ്ട്.

വെള്ളം ഊര്‍ജ്ജദായകമാണ് അതേ സമയം ഔഷധഗുണ പ്രദായകവുമാണ്. ശരീരത്തിന്‍റെ അകവും പുറവും ശുദ്ധീകരിക്കുവാന്‍ വെള്ളത്തിന് കഴിയും. അതുകൊണ്ടുതന്നെ വെള്ളത്തിന്‍റെ ഉപയോഗവും വളരെ പ്രധാനപ്പെട്ടതാണ്. ഈയൊരു പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് ആയുര്‍വേദ ശാസ്ത്രത്തില്‍ ഇത്തരത്തില്‍ നാം ഉപയോഗിക്കേണ്ടുന്ന ദ്രവ്യങ്ങളെക്കുറിച്ച് ഒരു അധ്യായം തന്നെ പ്രത്യേകമായി ആചാര്യന്മാര്‍ വിവരിച്ചത്.

എന്തിന് വെള്ളം കുടിക്കണം

വെള്ളം കുടിക്കുന്നത് കേവലം ദാഹംമാറ്റാന്‍ മാത്രമല്ല. ആഹാരങ്ങളെ നല്ലവണ്ണം ദഹിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും വെള്ളം പ്രധാനമാണ്. കൂടാതെ ദേഹോഷ്മാവ് നിലനിര്‍ത്തുന്നതിനും, രക്തചംക്രമണം ക്രമപ്പെടുത്താനും മലവിസര്‍ജ്ജനം കൃത്യമാക്കാനും നാം കുടിക്കുന്ന വെള്ളത്തിന് സാധിക്കും. അതിനാല്‍ തന്നെ നാം എന്ത് വെള്ളം കുടിക്കണം എന്നുള്ളത് വളരെ പ്രധാനമാണ്.

എന്ത് കുടിക്കണം

നാം ഉപയോഗിക്കുന്ന ജലം ശുദ്ധമായ സ്ഥലത്തുനിന്ന് ശേഖരിച്ചതാവണം. അതിന് മറ്റ് രുചിയോ ദുര്‍ഗന്ധമോ ഉണ്ടാകാന്‍ പാടില്ല. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറിയതാവണം എന്നതാണ് ആയുര്‍വേദ മതം. തിളപ്പിച്ചാറിയ വെള്ളത്തിന് വാതപിത്തകഫങ്ങളെന്ന മുന്നു ദോഷങ്ങളേയും ശമിപ്പിക്കുവാനും ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുവാനും സാധിക്കുന്നു. എന്നാല്‍ ഈ വെള്ളം തന്നെ ഒരു രാത്രി മുഴുവന്‍ വച്ചിരുന്ന് പിറ്റേദിവസം വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിന് അത്ര ഗുണകരമല്ല. മറ്റേത് ആഹാരവസ്തുവിനേയും പോലെ വെള്ളത്തിന്‍റെ സ്വാഭാവിക ഗുണങ്ങള്‍ ആ സമയത്ത് നഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ ശുദ്ധമായ ജലം അതാത് ദിവസങ്ങളില്‍ തിളപ്പിച്ച് കുടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം തിളക്കുമ്പോള്‍ അത് വെട്ടിത്തിളക്കണമെന്ന് പഴമക്കാര്‍ പറയും. എന്നാല്‍ ഇന്ന് പലരും ചെയ്യുന്നത് വെള്ളം കുറച്ചൊന്ന് ചൂടാക്കിമാത്രം ഉപയോഗിക്കുകയും അധികം ചൂടുണ്ടെങ്കില്‍ അതില്‍ സ്വല്‍പം പച്ചവെള്ളവും ചേര്‍ത്ത് കുടിക്കുകയുമാണ്. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് വെള്ളത്തിന്‍റെ ഗുണങ്ങള്‍ കിട്ടുകയില്ല എന്ന് മാത്രമല്ല അതിന് ശരീരത്തിന് ദോഷകരമായ ഒരു വിഷ സ്വഭാവം ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ചൂടുവെള്ളം കുടിച്ചഉടനെ തണുത്ത വെള്ളം കുടിക്കുന്നതും നേരെ തിരിച്ച് ചെയ്യുന്നതും. വെള്ളം തിളപ്പിക്കുന്നത് എപ്പോഴും വൃത്തിയുള്ള പാത്രത്തിലായിരിക്കണം. തിളപ്പിച്ച വെള്ളം മണ്‍പാത്രത്തിലോ ചെമ്പ് പാത്രത്തിലോ സൂക്ഷിച്ചാല്‍ ഉത്തമം. ഏത് പാത്രത്തില്‍ സൂക്ഷിക്കുന്നു. എന്നതനുസരിച്ച് വെള്ളത്തിന്‍റെ ഗുണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ശീത ഋതുക്കളില്‍ ചൂടുവെള്ളവും ഉഷ്ണ ഋതുക്കളില്‍ ശീതജലവും വേണം കുടിക്കുവാന്‍. ഇവിടെ ശീതജലം എന്നുദ്ദേശിച്ചത് ഫ്രിഡ്ജില്‍ വച്ച് ശീതീകരിച്ചത് എന്നല്ല, നല്ല മണ്‍പാത്രത്തില്‍ വച്ച് തനിയെ തണുത്ത വെള്ളത്തെയാണ്. ശീതജലം ക്ഷീണം, തലകറക്കം, ദാഹം, ഛര്‍ദ്ദി, ചൂട് എന്നിവയെ ശമിപ്പിക്കുന്നു. ഉഷ്ണ ജലം ആഹാരത്തെ പചിപ്പിക്കുവാന്‍ സഹായിക്കുന്നു. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കുന്നു. മൂത്രാശയത്തെ ശുദ്ധീകരിക്കുന്നു. വായുകോപവും പനിയും കുറക്കുന്നു.

ആഹാരവും വെള്ളവും

ആയുര്‍വേദത്തില്‍ ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം കുടിക്കാന്‍ ഉപദേശിക്കുന്നുണ്ട്. സ്ഥിരമായി ഭക്ഷണത്തിന് തൊട്ട് മുമ്പ് മാത്രം ധാരാളം വെള്ളം കുടിച്ചാല്‍ ജഠരാഗ്നി കുറയുകയും ആവശ്യാനുസരണം ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും അതു വഴി ശരീരം മെലിയുകയും ചെയ്യുന്നു. ഭക്ഷണശേഷം മാത്രം വെള്ളം കുടിക്കുകയാണെങ്കില്‍ അത് ആമാശയത്തില്‍ കഫവൃദ്ധിക്ക് കാരണമാവുകയും ചെയ്യും. അത് കൂടുതല്‍ ദേഹം തടിക്കുവാന്‍ കാരണമാകുകയും ചെയ്യുന്നു.

ദൈനംദിനം ഉപയോഗിക്കാവുന്നവ

ചുക്ക് വെള്ളം:- കേരളത്തില്‍ വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. ദഹനത്തെ സഹായിക്കുന്നു, രുചിയുണ്ടാക്കുന്നു. ചുമ, ശ്വാസം മുട്ടല്‍, വയറ് വേദന എന്നിവ ശമിപ്പിക്കുന്നു. വര്‍ഷകാലത്ത് ഉത്തമം.
ജീരകവെള്ളം:- വറുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. ദഹനം, രുചി എന്നിവ ഉണ്ടാക്കുന്നു. വായുക്ഷോഭം തടയുന്നു.
പതിമുഖം:- ദാഹം ശമിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും.
വേങ്ങാക്കാതല്‍:-മേദസ്സ് കുറക്കും. രക്തശുദ്ധിയുണ്ടാക്കും. പ്രമേഹം കുറക്കും.
കരിങ്ങാലി:- രക്തത്തെ ശുദ്ധീകരിക്കുന്നു. പ്രമേഹത്തെ കുറക്കുന്നു.
ഞരിഞ്ഞില്‍:- മൂത്രത്തെ ശുദ്ധീകരിക്കുന്നു. മൂത്രം വര്‍ദ്ധിപ്പിക്കുന്നു., നീര് കുറക്കുന്നു.
ചെറൂള:- മൂത്രത്തെ വര്‍ദ്ധിപ്പിക്കുന്നു. നീര് കുറക്കുന്നു. മൂത്രാശയ കല്ലിനെ ക്രമേണ ഇല്ലാതാക്കുന്നു.
തഴുതാമ:- നീര് കുറക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു. മലശോധനക്ക് സഹായകമാകുന്നു.
രാമച്ചം:- ക്ഷീണം മാറും, ഉഷ്ണം കുറക്കും, ദുര്‍ഗന്ധം കുറക്കും, രക്തം ശുദ്ധീകരിക്കും.
കൊത്തമ്പാലയരി:- ദഹനശേഷി വര്‍ദ്ധിപ്പിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കും.
ഏലക്കായ:- രുചിയുണ്ടാക്കും, അഗ്നി വര്‍ദ്ധിപ്പിക്കും.
അത്യഗ്നി:- ഛര്‍ദ്ദി ഇല്ലാതാക്കും, അത്യഗ്നി ശമിപ്പിക്കും.
നന്നാറി:- രക്തത്തെ ശുദ്ധീകരിക്കും, ഉഷ്ണം കുറക്കും. ശരീരബലം ഉണ്ടാക്കും.

ശരീര ആരോഗ്യത്തെ സംരക്ഷിക്കാനും രോഗപ്രതിരോധത്തിനും രോഗശമനത്തിനും എല്ലാം ജലം വലിയ പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ വേണ്ടുന്ന അളവില്‍ അതാത് ഋതുക്കള്‍ക്കനുസരിച്ച് ദേഹാവസ്ഥകള്‍ക്കനുസരിച്ച് നമുക്ക് വെള്ളം ഉപയോഗിക്കാവുന്നതാണ്.

ഡോ. അപര്‍ണ്ണ എ. എസ്