മഞ്ഞള്‍ കൃഷിപാഠം

Turmeric-cultivation-in-Kerala-Ayurveda-agriculture

ലോകരാഷ്ട്രങ്ങളില്‍ മഞ്ഞള്‍കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ ഭാരതമാണ്. ദൈവദത്തമായ പ്രകൃതിയുടെ സവിശേഷതയാണ് കാരണം. ചൂടുളളതും, അന്തരീക്ഷ ഈര്‍പ്പവും, മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം. വിത്ത് നടുന്ന സമയത്ത് മിതമായും, വളരുന്ന സമയത്ത് സമൃദ്ധമായും മഴ വേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളംകെട്ടി നില്‍ക്കുന്നത് മഞ്ഞളിന് ഹാനികരമാണ്. തനി വിളയായും, ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. എന്നാല്‍ ഇടവിളയായി മഞ്ഞള്‍ കൃഷി ചെയ്യുമ്പോള്‍ ആ കൃഷിയിടത്തില്‍ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്.

മഞ്ഞളിന്‍റെ പ്രകന്ദങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്. കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പി ച്ചെടുത്തതുമായ വിത്താണ് നടാനായി തെരെഞ്ഞെടുക്കേണ്ടത്. ജൈവ കൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിച്ച വിത്ത് ലഭിക്കാത്ത പക്ഷം സാധാരണ കൃഷിയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം. വിത്തില്‍ മുളകള്‍ കുറവാണെങ്കില്‍ നനഞ്ഞ വൈക്കോല്‍ കൊണ്ടു മുടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന് ശേഷം നടുന്നതായിരിക്കും ഉത്തമം.

ഒരു മീറ്റര്‍ വീതിയിലും, 15 സെന്‍റീമീറ്റര്‍ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങള്‍ തയ്യാറാക്കണം. വാരങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് അര മീറ്റര്‍ അകലമുണ്ടായിരിക്കണം. ഇത് നീര്‍വാര്‍ചയ്ക്ക് അത്യാവശ്യമാണ്. മൂന്നു മീററര്‍ നീളവും, ഒരു മീററര്‍ വീതിയുമുളള ഒരു വാരം നടാന്‍ ഏകദേശം 750 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ നടീല്‍ വസ്തു വേണ്ടി വരും.

ഹെക്ടറൊന്നിന് നാല്‍പ്പത് ടണ്ണെന്ന തോതില്‍ കാലിവളമോ, കമ്പോസ്റേറാ അടിവളമായി ചേര്‍ത്തു കൊടുക്കണം. വാരങ്ങളില്‍ 25*25 സെന്‍റീമീററര്‍ അകലത്തില്‍ ചെറുകുഴികളെടുത്ത് മഞ്ഞള്‍ വിത്ത് നടണം. ഈ സമയത്ത് 25 ഗ്രാം പൊടിച്ച വേപ്പിന്‍ പിണ്ണാക്ക് ഓരോ കുഴിയിലുമിട്ട്, തുടര്‍ന്ന് മണ്ണുമായി കൂട്ടിക്കലര്‍ത്തണം. അതിന് ശേഷമാണ് വിത്ത് കുഴിയില്‍ നടേണ്ടത്. നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന് 15 ടണ്‍ എന്ന തോതില്‍ പച്ചിലയോ കരിയിലയോ ഉപയോഗിച്ച് വാരങ്ങളില്‍ പുതയിടണം. മഞ്ഞള്‍ നല്ലതു പോലെ കിളിര്‍ത്തു വരുന്നതിനും, മഴ സമയത്ത് മണ്ണൊലിപ്പ് തടയുന്നതിനും പുതയിടുന്നത് സഹായിക്കും. 50 ദിവസത്തിന ്ശേഷം ഒരു ഹെക്ടറിന് 15 ടണ്‍ എന്നതോതില്‍ വീണ്ടും പുതയുടണം. ഓരോ പുതയിടലിന ്ശേഷവും വാരങ്ങളില്‍ ചാണക കുഴമ്പ് ഒഴിക്കണം, ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുകയും,പോഷക ലഭ്യത കൂടുകയും ചെയ്യും. കളകള്‍ വരുന്നതിന് അനുസരിച്ച് അവ നീക്കം ചെയ്യണം .ഇങ്ങനെ നീക്കം ചെയ്ത കളകള്‍ പുതയിടുന്നതിനായി ഉപയോഗിക്കാം.

ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍ പാടില്ല. തണ്ടു തുരപ്പന്‍റെ ആക്രമണം ഉണ്ടെങ്കില്‍ ആ ചെടികള്‍ മുറിച്ച് പുഴുവിനെ എടുത്തു മാററി നശിപ്പിക്കണം. ആവശ്യമെങ്കില്‍ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ തളിച്ചു കൊടുക്കണം. മഞ്ഞളിന്‍റെ ഇനമനുസരിച്ച് ഏഴു മുതല്‍ ഒന്‍പത് മാസം വരെയുളള കാലയളവില്‍ വിളവെടുക്കാം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാല്‍ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും,വേരും നീക്കി സംഭരിച്ചുവെക്കാവുന്നതാണ്.

മഞ്ഞള്‍ സംസ്കരിക്കുന്നതിനായി യാതൊരു രാസവസ്തുക്കളും ചേര്‍ക്കാന്‍ പാടില്ല. ശുദ്ധജലമാണ് മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കേണ്ടത്. ചെമ്പോ, നാക തകിടോ കൊണ്ടുളള പാത്രമോ, മണ്‍പാത്രമോ മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കാം. മഞ്ഞള്‍ മൂടുന്നതു വരെ വെളളമൊഴിച്ച് 45 മുതല്‍ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞള്‍ പറിച്ചെടുത്ത ശേഷം 23 ദിവസത്തിനുളളില്‍ തന്നെ വാട്ടിയെടുക്കേണ്ടതാണ്. ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞള്‍ അഞ്ചു മുതല്‍ ഏഴ് സെന്‍റീ മീററര്‍ കനത്തില്‍ സിമന്‍റ് തറയില്‍ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത് മഞ്ഞള്‍ കൂനക്കൂട്ടി വെക്കണം. 10 മുതല്‍ 15 ദിവസത്തിനുളളില്‍ മഞ്ഞള്‍ ഉണങ്ങിക്കിട്ടും.
ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞള്‍ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും.

യന്ത്രമുപയോഗിച്ചോ അല്ലെങ്കില്‍ കൈ കൊണ്ടോ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്. പത്ത് കിലോഗ്രാം പച്ചമഞ്ഞള്‍ സംസ്കരിക്കുമ്പോള്‍ ഏതാണ്ട് രണ്ട്,രണ്ടേ കാല്‍ കിലോഗ്രാം മഞ്ഞള്‍ ലഭിക്കും.

ഡോ. ഐ. ഉണ്ണികൃഷ്ണന്‍, അഡീ. ചീഫ് ഫിസിഷ്യന്‍, ഇടൂഴി നമ്പൂതിരീസ് ആയുര്‍വേദ നഴ്സിംഗ്ഹോം & ഇടൂഴി നേത്രാലയം