ജീവിതം തന്നെ ലഹരി

drug-addicition-in-children

ലഹരി ബോധവല്‍ക്കരണം

എന്‍സിസിയുമായി സഹകരിച്ച് സ്കൂളുകളില്‍ ബോധവല്‍ക്കരണം നടത്താറുണ്ട്. ലഹരി എന്നത് തെറ്റാണ് എന്നൊരു ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തിരിച്ചറിവ് എന്നതിലേക്ക് കുട്ടികള്‍ വന്നുകഴിഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുമ്പോള്‍ ഓട്ടോമാറ്റിക് ആയി തന്നെ ലഹരി എന്നത് ശരിയല്ല എന്ന ബോധം കുട്ടികളില്‍ ഉണ്ടാകുന്നുണ്ട്. ലഹരി ഉപയോഗിച്ച് ശീലിച്ചവരാണ് പലപ്പോഴും ക്ലാസ് റൂമില്‍ പ്രശ്നമാകുന്നത്. ക്ലാസ്സ് റൂമിലെ ഒരു സ്ഥിരം തലവേദനയായിരിക്കും അവര്‍. പലപ്പോഴും അധ്യാപകരെ അവര്‍ ചോദ്യം ചെയ്യുന്ന രീതി, സ്ഥിരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന, ക്ലാസ്സില്‍ ഉറക്കം തൂങ്ങല്‍, പഠനത്തില്‍ അശ്രദ്ധ എന്ന രീതികളിലേക്ക് കുട്ടികള്‍ മാറുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ മുന്‍കൈയെടുത്തും നടത്താറുണ്ട്. കുട്ടികളുമായി ഇന്‍ട്രാക്ട് ചെയ്യുമ്പോള്‍ അതില്‍ നിന്ന് പല വിവരങ്ങളും ലഭിക്കാറുണ്ട്. എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറിവിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പുകള്‍ നടത്താറുണ്ട്.

ലഹരിക്കെതിരെ

ലഹരിക്കെതിരെ ‘വരല്ലേ ഈ വഴി’ എന്ന പേരില്‍ നാടകം ഒരുക്കിയിരുന്നു. പല വേദികളിലും അത് അവതരിപ്പിച്ചു. ‘രസതന്ത്രം’ എന്ന പേരിലും ഏകപാത്ര നാടകം ഒരുക്കി. എക്സൈസ് വകുപ്പിന് ജീവനക്കാര്‍ തന്നെയാണ് അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും. നല്ല പ്രതികരണമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. സ്കൂളുകള്‍, ക്ലബ്ബ്, വായനശാല എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളില്‍ , ലഹരി ബോധവല്‍ക്കരണം നടത്താന്‍ വകുപ്പിനെ സമീപിക്കാറുണ്ട്. ഉത്സവം, പെരുന്നാള്‍ എന്നിവയോട് അനുബന്ധിച്ചും ബോധവല്‍ക്കരണം നടത്താറുണ്ട്. ലഹരി ബോധവല്‍ക്കരണം നടത്താനായി പൊതുജനങ്ങള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ലഹരിക്കെതിരെയുള്ള ചിന്തകളിലേക്ക് ആളുകളെ നയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

കായികത്തിലേക്കുള്ള തിരിച്ചുവിടല്‍

കുട്ടികളെ കായികലോകത്തേക്ക് തിരിച്ചുവിടാന്‍ യുവത്വത്തിന്‍റെ കര്‍മശേഷി കായിക രംഗത്തേക്ക് എന്നത് മുന്‍നിര്‍ത്തി ഫുട്ബോള്‍, കബഡി, വോളിബോള്‍ മത്സരങ്ങള്‍ അവര്‍ക്കായി സംഘടിപ്പിച്ചു. ട്രൈബ്സ് മേഖലയിലുള്ളവരെ കായിക രംഗത്തേക്കും വിദ്യാഭ്യാസരംഗത്തേക്കും തിരിച്ചുവിടാന്‍ എക്സൈസ് വകുപ്പിനായി. അതിനായി വകുപ്പ് നേരിട്ട് തന്നെ സാഹചര്യങ്ങളും സൗകര്യങ്ങളും അവര്‍ക്ക് നല്‍കി. കായികമേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കി. ലഹരി ഉപയോഗിക്കാന്‍ രഹസ്യമായി പ്രേരിപ്പിക്കുന്ന ഒരു വിങ്ങും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എക്സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഓരോ കുട്ടിയും പരിചിതമല്ലാത്ത സംഭവങ്ങളോ, കാര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് സ്കൂളില്‍ അറിയിക്കുന്നുണ്ട് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. കുട്ടികള്‍ ലഹരിലേക്ക് ഒരു ചെറുപ്രായത്തില്‍ ആണ് അടിമപ്പെടുന്നത് എങ്കില്‍ അവരെ എളുപ്പത്തില്‍ രക്ഷിക്കാനാവും. പ്രായം കൂടുമ്പോള്‍ തിരിച്ചുപിടിക്കാന്‍ എളുപ്പമായിരിക്കില്ല. സ്വഭാവ വൈകൃതങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതില്‍ ലഹരിമാഫിയക്ക് വലിയ പങ്കുണ്ട്. പല അസ്വാഭാവികമായ സംഭവങ്ങള്‍ക്കും പിന്നില്‍ ലഹരി തന്നെയാണ് വില്ലന്‍.

അന്യസംസ്ഥാന ലഹരി

അന്യസംസ്ഥാനത്ത് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ലഹരിക്ക് അടിമപ്പെടാറുണ്ട്. കേരളത്തില്‍ ലഭിക്കാത്ത ലഹരിവസ്തുക്കള്‍ അന്യസംസ്ഥാനത്ത് സുലഭം. അര്‍ബുദം പോലുള്ളവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും ലഹരിയായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടിലായിരിക്കുമ്പോള്‍ അടിച്ചമര്‍ത്തപ്പെടുന്ന, സ്വതന്ത്രമല്ലാത്ത ജീവിതരീതി എന്ന് ചിന്തിക്കുന്ന കുട്ടികള്‍ മറ്റൊരിടത്ത് എത്തുമ്പോള്‍ സ്വതന്ത്രരാണ് എന്ന ഒരു തോന്നല്‍ വരുന്നു. സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ലഹരിയും അവര്‍ തേടിപ്പോകുന്നു. നാട്ടില്‍ നന്നായി പഠിച്ച് വളര്‍ന്ന കുട്ടി അമിത സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വഴിമാറിപ്പോകുന്നു. പലപ്പോഴും ഇങ്ങനെയുള്ളവര്‍ പിടിക്കപ്പെടുമ്പോള്‍ അറിയാതെ പെട്ടു പോയി എന്നാണ് പറയുന്നത്. പലപ്പോഴും രക്ഷിതാക്കളെ കണ്ടാണ് കുട്ടി വളരുന്നത്. അവര്‍ക്കുമുമ്പില്‍ നല്ല മാതൃക തീര്‍ക്കാന്‍ രക്ഷിതാക്കള്‍ക്ക് ആവണം. ഒരു കാര്യം കുട്ടിയോട് ചെയ്യാന്‍ പാടില്ല എന്നു പറയുക മാത്രമല്ല ചെയ്യേണ്ടത്, ചെയ്യാതിരിക്കാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണം. കുട്ടികള്‍ തെറ്റ് ചെയ്താല്‍ അവരെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയല്ല വേണ്ടത്. അവരുടെ തെറ്റ് മനസ്സിലാക്കി കൊടുത്ത് നേര്‍വഴിക്ക് നയിക്കാന്‍ രക്ഷിതാക്കള്‍ക്കാവണം.

പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന മാതാപിതാക്കളെ ആണ് ഓരോ കുട്ടിയും ആഗ്രഹിക്കുക. മക്കള്‍ക്ക് തണലായി രക്ഷിതാക്കള്‍ കൂടെ വേണം. ലഹരിയാണ് തനിക്ക് ആശ്വാസം എന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയാകരുത്. ലഹരിമാഫിയക്ക് അടിമപ്പെട്ടാല്‍ അവരുടെ ക്യാരിയര്‍മാരായി വരെ കുട്ടികള്‍ മാറിയേക്കാം. രസം എന്ന രീതിയില്‍ തുടങ്ങുന്ന പ്രവര്‍ത്തികള്‍ പിന്നീട് വലിയ വലിയ തെറ്റുകളിലേക്ക് അവരെ നയിക്കുന്നു. ലഹരിക്ക് വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറാവുന്നു. പിന്നീടൊരിക്കല്‍ തിരിഞ്ഞുനടക്കണം എന്ന് വിചാരിച്ചാല്‍ പോലും ലഹരി മാഫിയയുടെ ഭീഷണിയിലും ട്രാപ്പിലും കുട്ടികള്‍ പെട്ടുപോവും.