വ്യാധേസ്തത്വ പരിജ്ഞാനംവേദനായാശ്ച നിഗ്രഹഃ
ഏതദ് വൈദ്യസ്യ വൈദ്യത്വം ന വൈദ്യഃ പ്രഭുരായുഷഃ’
എന്ന് ഒരു സുഭാഷിതമുണ്ട്. രോഗത്തിന്‍റെ യഥാര്‍ത്ഥമായ കാരണവും സ്വഭാവവും എന്താണെന്നു മനസ്സിലാക്കി വേദനയെ അകറ്റുന്നതിലാണ് ചികിത്സകന്‍റെ വൈദ്യത്വം – ചികിത്സകന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാവുക. ആയുസ്സിന്‍റെ കാര്യത്തില്‍ വൈദ്യന് ഒന്നും ചെയ്യാന്‍ ശക്തിയില്ല എന്നാണ് ഈ ശ്ലോകത്തിന്‍റെ സാരം. രോഗത്തിന്‍റെ ഹേതു – ലിംഗ-ശമനങ്ങളു, വീണ്ടും വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളുമേ ഭിഷഗ്വരന് ചെയ്യാനാവൂ. വേദനയുടെ നിഗ്രഹം എന്നൊരു പ്രയോഗം ഈ ശ്ലോകത്തിലുണ്ട്. തന്‍റെ മുന്നില്‍ വരുന്ന രോഗിയുടെ വേദന തന്‍റെ കൂടി വേദനയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു രോഗികളെ സമീപിക്കുക, അവരെ സ്വന്തം മക്കളെപ്പോലെ കരുതി രക്ഷിക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുക – ഇതാണ് വൈദ്യധര്‍മ്മം.
ഈ വൈദ്യധര്‍മ്മപരിപാലനത്തിന് തന്‍റെ ജന്മം എന്തിനാണെന്നുള്ള തിരിച്ചറിവ് ഓരോ ചികിത്സകനും ഉണ്ടാവണം. ചികിത്സാശാസ്ത്രത്തിന്‍റെ മര്‍മ്മമായ ഈ ധര്‍മ്മം വ്യാവസായികമായ ഒരു കാഴ്ചപ്പാടു മാത്രമായിത്തീര്‍ന്ന പുതിയ കാലഘട്ടത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ആരോഗ്യത്തിന്‍റെ പരമമായ മൂല്യത്തെക്കുറിച്ചുള്ള അവബോധത്തെ വൈദ്യവൃത്തിയുടെ മര്‍മ്മമായ ധര്‍മ്മത്തെ ജനഗണങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഒരു മഹിത ചിന്തയുടെ പ്രതിഫലനമാണ് ഡോ.പി.എം.മധുവിന്‍റെ ‘ഉയിരറിവ്’ എന്ന നോവല്‍.
‘ഉയിരറിവ്’ ആരോഗ്യത്തിന്‍റെ കൈപ്പുസ്തകമാണ്. ചരിത്രത്തില്‍രേഖപ്പെടുത്താന്‍ ഒരു സൂചിപ്പഴുതുപോലും നല്‍കാതെ എത്രയോ വര്‍ഷങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അസാമാന്യധൈര്യത്തോടെ നേരിട്ട്, കഷ്ടനഷ്ടങ്ങള്‍ സഹിച്ച്, ത്യാഗമെന്നതേനേട്ടം എന്ന ആദര്‍ശത്തോടെ മഹത്തും ബൃഹത്തുമായ ഭാരതീയവൈദ്യശാസ്ത്രത്തിന് രൂപം നല്‍കിയവരുടെ മുന്നില്‍ വിനയാദരങ്ങളോടെ നിൽക്കുകയാണ് ഡോ.പി.എം.മധു.
‘മനുഷ്യസ്നേഹത്തിന്‍റെ ഉദാത്തമായ ഉള്‍പ്രേരണകള്‍ കൊളുത്തിയ തിരിവിളക്കുമായി സമൂഹത്തിലൂടെ നടന്നവര്‍. വേദനകള്‍ക്ക് പരിഹാരമന്വേഷിച്ച് പ്രകൃതിയുടെ ഖനികളിലേക്കിറങ്ങിയവര്‍, എണ്ണമറ്റ പരീക്ഷണങ്ങള്‍ ഇടയില്‍ ജീവന്‍ തന്നെ ബലികൊടുത്തവര്‍. ഇവരുടെയൊക്കെ സഹനങ്ങളിലൂടെ ഉരുത്തിരിയുന്ന ജീവനശാസ്ത്രം’ എന്നാണു നോവലിസ്റ്റ് പിന്‍മൊഴിയില്‍ (പു.171) കുറിച്ചിട്ടുള്ളത്. വ്യവസായബുദ്ധിമാത്രം നിറഞ്ഞ ആധുനികകാലത്തെ ആരോഗ്യമേഖലയുടെ ‘നടുവില്‍’ നിന്നുകൊണ്ട് ഒരു സാക്ഷി, അവശ്യം പങ്കുവെക്കേണ്ടതായ പല വികാരങ്ങളും വിചാരങ്ങളുമുണ്ട്’ എന്ന തിരിച്ചറിവാണ് ‘ഉയരറിവിന്‍റെ’ ഊര്‍ജ്ജം. “ഭരദ്വജാന്‍ തിരിഞ്ഞുനോക്കി” എന്ന വാക്യത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്.
ഡോ.പി.എം.മധു തിരിഞ്ഞുനോക്കുകയാണ് – അനാദിയായ ഒരു കാലഘട്ടത്തിലേക്കും ഒരന്ത്യവുമില്ലാതെ അര്‍ദ്ധചക്രചുറ്റില്‍ മാത്രം കിടന്നുതിരിയുന്ന കാലഘട്ടത്തിലേക്കും പ്രത്യാശകളോടെ ഭവിഷ്യദ്കാലഘട്ടത്തിലേക്കുള്ള കൈത്തിരികള്‍ നോവലിസ്റ്റില്‍ നിന്ന് ഏറ്റുവാങ്ങി ധര്‍മ്മചക്രച്ചുറ്റിനായി യത്നിക്കേണ്ടത് മാനുഷ്യകത്തെ സ്നേഹിക്കുന്നവരാണ്. ഏത് ഉത്തമ സാഹിത്യകൃതിയും നമ്മെ ഉണര്‍ന്നെഴുന്നേറ്റ്, ബോധവന്മാരായി, ജനഗണമനസ്സുകളെ ഉണർത്താനാണ് പ്രേരിപ്പിക്കുന്നത്. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത’ 170 പുറങ്ങളുള്ള ഒരുനോവലില്‍ കൂടി ഇത് സാധിക്കുന്നു എന്നതാണ് ‘ഉയരറിവിന്‍റെ’ നമ്മുടെ ഭാഷാസാഹിതിയിലെവേറിട്ട ഒരു രചനയാക്കിത്തീര്‍ക്കുന്നത്.
പതിനാലു പര്‍വ്വങ്ങളും അത്രതന്നെ അദ്ധ്യായങ്ങളും (അദ്ധ്യായം എന്ന് നോവലിസ്റ്റ് പറഞ്ഞിട്ടില്ല, സൗകര്യത്തിനായി അങ്ങിനെ പറയുന്നു എന്നു മാത്രം) ഉള്ള ഈ നോവല്‍ പര്‍വ്വതങ്ങളിലൂടെ പ്രാചീനവൈദ്യശാസ്ത്രമേഖലകളിലേക്കും അദ്ധ്യായങ്ങളിലൂടെ സമകാലികമേഖലകളിലേക്കും മാറി മാറി വായനക്കാരെ കൂട്ടിക്കൊണ്ട്പോവുന്നു. സമന്വയത്തിന്‍റെ, സമവായത്തിന്‍റെ പാതയിലാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ആരോഗ്യത്തിന് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് സ്വാഭാവികമായും ആളാംശത്തിന്‍റെ സ്ഫുരണങ്ങളും നോവലിലുണ്ട്. ഈ ആളാംശം നോവലിസ്റ്റിന്‍റെ ധാര്‍മ്മികമായ നിലപാടുതറയിലേക്ക് വായനക്കാരെ കൊണ്ട് ചെല്ലുന്നുമുണ്ട്. ഇതിന്‍റെയെല്ലാം അന്തര്‍ധാരയായി ഒരു തെളിനീര്‍ ‘ഉറവ’ പ്രവഹിക്കുന്നുണ്ട്. ആ ഉറവയാണ് ആരോഗ്യത്തിന്‍റെ, ഉയിരറിവിന്‍റെ, ഉറവിടമായി ഉയര്‍ന്നുവരുന്നത്. ആ പരിസരങ്ങളിലാണ്നോവല്‍ ആദ്യമായി മുനിയാര്‍ ആദിയ്ക്കു നല്‍കി പ്രകാശനം ചെയ്യുന്നത്, എന്ന ആഖ്യാനഗതിയും പരാമര്‍ശമര്‍ഹിക്കുന്നു.
പര്‍വ്വങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ തീവ്രവേദനയില്‍ പിടയ്ക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍വേണ്ടിയുള്ള യാത്രയുടെ തുടക്കങ്ങളും ഭരദ്വാജനെ ആ യാത്രയില്‍ ബൃഹസ്പതി അനുഗ്രഹിക്കുന്നതും, ദിശാബോധമില്ലാത്ത യാത്രകളും, അന്ധവിശ്വാസത്തിലമര്‍ന്നഗോത്രവര്‍ഗ്ഗജീവിതങ്ങളും, ബൈഗയുടെ ഐതിഹാസികമായ തീരുമാനവും, ചെലികന്‍റെ വലിയ ത്യാഗവുമെല്ലാം ഉദ്വേഗങ്ങളുണര്‍ത്തി വലിയൊരു ആരോഗ്യശാസ്ത്രം ഉരുത്തിരിഞ്ഞുവന്നത് എങ്ങനെയെന്നു നോവലിസ്റ്റ് ബോധ്യപ്പെടുത്തിത്തരുന്നത് നാം അറിയുന്നു. അതിന്‍റെ ഒടുവിലത്തെ കണ്ണി അതുവരെ ആയുര്‍വേദത്തെ പാലൂട്ടി വളര്‍ത്തിയ എല്ലാ മുനിവൈര്യന്മാരുടേയും സാകല്യമായ മുനിയാറാണ്. ആ മുനിയാറിനെ വശപ്പെടുത്താനുള്ള വിപണനതന്ത്രങ്ങളെ അതിജീവനം ചെയ്ത് ഉയിരറിവ് മുന്നേറുകയും ആരോഗ്യബോധമാണ്രോഗബോധത്തേക്കാള്‍ ഏതു വൈദ്യശാസ്ത്രത്തിന്‍റേയും മര്‍മ്മമായ ധര്‍മ്മമെന്ന തത്വശാസ്ത്രത്തിന്‍റെ ഉദ്ബോധനം വായനക്കാരിലേക്ക് പകര്‍ന്ന്തരാന്‍ നോവലിസ്റ്റിന്‍റെ ആഖ്യാനതന്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആദിശങ്കരാചാര്യരുടെ പിന്‍തലമുറയില്‍ പിന്നെ, ആദിവാസിയായി മുദ്രകുത്തപ്പെട്ട ആദിനാരായണന്‍ തളര്‍ന്ന ശരീരത്തെ കൂസാതെ ചക്രക്കസേരയിലിരുന്ന് ഈ മഹിതമായ ധര്‍മ്മത്തെ ജനബോധത്തിലേക്ക് എത്തിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വായനക്കാരുടെ മനസ്സില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണ്.
ആധുനികകാലത്തെ വ്യവസായവല്‍ക്കൃതമായ ആരോഗ്യരംഗത്തിന്‍റെനേര്‍മുഖങ്ങളാണ് പര്‍വ്വങ്ങള്‍ എന്നുപേരു നല്‍കിയിട്ടില്ലാത്ത അദ്ധ്യായങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ആനന്ദ് എന്ന കഥാപാത്രം പുത്തന്‍ചേരിയെ പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആദിനാരായണനുമായുള്ള സംവാദങ്ങളിലൂടെ ആനന്ദ് മാറുന്ന കാഴ്ച വൈദ്യശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്നവരെല്ലാം ഗൗരവബുദ്ധ്യാ കാണേണ്ടതാണ്.
ഒരു ഡോക്ടര്‍ക്കുവേണ്ട പ്രധാനഗുണം തോറോവിനെ ഉദ്ധരിച്ചുകൊണ്ട് ആനന്ദിന് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ആദി (പു.92) ഉദാത്തമായ വൈദ്യസങ്കല്പത്തെ സാരമാക്കാത്ത ആനന്ദിനോട് ആദി പറയുന്നു:- ‘എംപതിയും വിശ്വാസവും ദയയും കാരുണ്യവുമൊക്കെച്ചേര്‍ന്ന പ്രേരണകളാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്കു ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടാക്കേണ്ടത്. അല്ലാതെ പാരന്‍റസിന്‍റെ നിര്‍ബന്ധമോ പണമുണ്ടാക്കാനുള്ള ആര്‍ത്തിയോ ഒന്നുമല്ല’ (പു.93)
ചരകന്‍ പറഞ്ഞിട്ടുള്ളത് ഇന്നും നാം അനുവര്‍ത്തിക്കപ്പെടേണ്ടതാണെന്ന് ആദി വ്യക്തമാക്കിക്കൊടുക്കുന്നുത് നോക്കുക:
ഒരു കരിയറിനുവേണ്ടി ശ്രമിക്കും മുമ്പ് മൂന്ന് കാര്യങ്ങള്‍ ആലോചിക്കാനുണ്ടെന്ന് ചരകന്‍ പറഞ്ഞിട്ടുള്ളത് ഇന്നും പ്രസക്തമാണ്.
ആ ജോലിയില്‍ നിന്ന് ആവശ്യത്തിനുള്ള പണമുണ്ടാക്കാന്‍ കഴിയുമോ?
അതെത്രമാത്രം നീതിപരമാണ് ?
അതെത്രമാത്രം ആരോഗ്യപരമാണ് ? (പു.93)
ആനന്ദിന് ധര്‍മ്മത്തെക്കുറിച്ചും കര്‍മ്മത്തെക്കുറിച്ചും ജന്മവാസനയെക്കുറിച്ചുള്ള ചെറിയ കേട്ടറിവുകള്‍ക്ക് ജീവിതമായുള്ള വലിയ ബന്ധത്തെക്കുറിച്ച് ബോധോദയമുണ്ടാകുന്ന – നാലുതരം ഡോക്ടര്‍മാരുടെ ചിത്രം കൂടി ആദിനാരായണന്‍ വ്യക്തമാക്കുമ്പോള്‍ വൈദ്യവൃത്തി എങ്ങിനെ അത്യുദാത്തമാവുന്നു എന്നു ജ്ഞാനോദയം ആനന്ദില്‍ ഉണ്ടാവുന്നു. ആത്മീയമായ ഒരു സന്തുലിതാവസ്ഥ ഭാരതീയവൈദ്യശാസ്ത്രത്തിന്‍റെ കാതലാണെന്ന, സര്‍വ്വജനാനന്ദത്തിന് യഥാര്‍ത്ഥമാനവികതയുടെ വികാസമാണ്വേണ്ടത് എന്ന നേരറിവ് ഈ നോവലിലൂടെ വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്കു നോവലിസ്റ്റ് പകര്‍ന്ന് കൊടുക്കുന്നു.
സാധാരണ ഒരു നോവലിന്‍റെ ചേരുവകള്‍ ആരോഗ്യത്തിന്‍റെ ഈ നോവലില്‍ ചേര്‍ത്ത് പ്രമേയത്തിന്‍റെ ഗൗരവത്തിന് ഊനം വരുത്താതെ, വില്പനചരക്കായി മാത്രം തന്‍റെ കൃതിയെ കാണാതെ രചനയുമായി മുന്നോട്ടുപോയി എന്നത് നോവലിസ്റ്റിന്‍റെ തിളക്കം ഒന്നുകൂടി കൂട്ടാന്‍ സാഹായകമായിട്ടുണ്ട്. അതിഭാവുകത്വത്തിന്‍റെ ഭാഷയെ തികച്ചും ഉപേക്ഷിച്ച്, സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ കാഥാപാത്രങ്ങള്‍ക്ക് ഉയിരും ഉണര്‍വ്വും നല്കി നമ്മുടെ മുമ്പിലെത്തിക്കാന്‍ വലിയ കയ്യൊതുക്കമാണ് നോവലിസ്റ്റ് കാണിച്ചിട്ടുള്ളത്. പുതിയലോകത്തെ കഥാപാത്രങ്ങള്‍ നമ്മോടൊപ്പം ജീവിക്കുന്നവവരും ഭാഷാശൈലിയില്‍ ഡോ.മധു കാണിച്ചിരിക്കുന്ന നൈപുണ്യം ഏറെ എഴുതി ത്തെളിഞ്ഞ ഒരു സര്‍ഗ്ഗാത്മകസാഹിത്യകാരന്‍റേതാണ്.
ഷാനവാസും നാരായണനും സ്വജീവിതങ്ങളിലൂടെ മഹനീയമാതൃകകളായി നോവലിനൊടുവില്‍ ഉയര്‍ന്നുനില്ക്കുന്നു. തന്‍റെ ഈ സര്‍ഗ്ഗാത്മകകൃതി എന്തിനാണെന്ന് ‘പിന്‍മൊഴി’ യില്‍ നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്- (പു.173-74)
ഇത്തരമൊരാഖ്യാനം മലയാളനോവല്‍ ശാഖയിലെ വലിയൊരു പുതുമയായത്. ‘ഉയിരറിവിന്’ വലിയ തിളക്കം നല്‍കുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം തന്നെ ‘ഉയിരറിവ്’ ഉള്ളങ്ങളില്‍ പുതിയൊരു പ്രകാശം പകരും, മാനവികതയുണരും, ധര്‍മ്മമാര്‍ഗ്ഗം തെളിയും. ആരോഗ്യത്തിന്‍റെ ഈ കൈപ്പുസ്തകം പകര്‍ന്ന് തരുന്ന ആരോഗ്യം മലയാളികളുടെയെല്ലാം മനസ്സിനെ ഉന്മിഷത്താക്കും.
– ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍