നല്ല ആരോഗ്യത്തിന് ശരിയായ ജീവിതരീതി- ആയുര്‍വേദ കാഴ്ചപ്പാടുകള്‍

Ayurveda Life Style

ലോകത്ത് ജനിക്കുന്ന ഓരോ വ്യക്തിയും തന്‍റെ ശരീരത്തിന് വേദനകള്‍ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാകാലത്തും സുഖാനുഭൂതി അനുഭവിക്കാന്‍ സന്നദ്ധമായ ശരീരവും, മനസ്സുമാണ് ലോകത്തെവിടേയുമുള്ള മനുഷ്യന്‍റെ പ്രകൃതിദത്തമായ സ്വഭാവം. എന്നാല്‍ ഏതൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാലാണ് ‘ആരോഗ്യം’ എന്ന അവസ്ഥ നിലനിര്‍ത്താന്‍ കഴിയുക എന്നത് ഓരോ കാലത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട തുടര്‍കാര്യമായി നിലനില്‍ക്കുന്നു. അതായത് ശാസ്ത്രസാങ്കേതിക പുരോഗതി സമൂഹത്തിലും പ്രകൃതിയിലും വരുത്തിയേക്കാവുന്ന എല്ലാ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയുക മാത്രമല്ല അവയോടുള്ള മനുഷ്യ ശരീരത്തിന്‍റെയും ചുറ്റുമുള്ള ജീവജാലങ്ങളുടെ ശരീരമടക്കമുള്ള പ്രകൃതിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ നിതാന്തജാഗ്രതയോടെ വീക്ഷിച്ചുവെങ്കില്‍ മാത്രമേ കാലാകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ശരീരത്തിന്‍റെ ഇത്തരം അവസ്ഥകളോടുള്ള സ്വയം പ്രതിരോധ ശേഷിയെക്കുറിച്ചും വൈദ്യശാസ്ത്രമേഖലക്ക് കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കാന്‍ കഴിയൂ.

ആയുര്‍വേദ വൈദ്യശാസ്ത്രം ജീവിതത്തിന്‍റെ സമസ്തമേഖലകളേയും സ്പര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങളാണ് ആഹാരത്തെക്കുറിച്ചും പ്രകൃതിയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ശരീരത്തെ ചിട്ടപ്പെടുത്തേണ്ട ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഋതുചര്യ എന്ന കാലാവസ്ഥാനുസൃത ശരീരസംരക്ഷണക്രമങ്ങളെ പ്രാധാന്യേന പറയുന്നതും, ഒരു ദിവസം ആരംഭിക്കുമ്പോള്‍ മുതല്‍ ഒരു വ്യക്തി എങ്ങിനെ ചിന്തിച്ചും പ്രവര്‍ത്തിച്ചും കഴിയണമെന്ന് വ്യക്തമായി ചിട്ടപ്പെടുത്തിയിട്ടുള്ള ‘ദിനചര്യ’ എന്ന ഭാഗവും, ഒരു വ്യക്തിയുടെ ശീലങ്ങളേയും ശീലക്കേടുകളേയും അവരവരുടെ ആരോഗ്യത്തിന്‍റേയും രോഗത്തിന്‍റേയും അവസ്ഥകളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള’ദ്രവദ്രവ്യവിഞ്ജാനീയവും’ അന്നരക്ഷാവിധികള്‍ എന്ന പേരില്‍ ഭക്ഷണങ്ങളില്‍കൂടി മനുഷ്യശരീരത്തില്‍ എത്തിച്ചേരാവുന്ന വിഷാംശങ്ങളെക്കുറിച്ചും അവയുടെ വിഷാംശം എങ്ങിനെ കണ്ടെത്താം എന്നതിന്‍റെ പ്രത്യക്ഷലക്ഷണങ്ങളെക്കുറിച്ചും അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ‘അന്നരക്ഷാവിധി’ യിലൂടെ ആയുര്‍വേദം അനുശാസിക്കുന്നു. പരിസ്ഥിതി മലിനീകരണം പകര്‍ച്ചവ്യാധികള്‍ക്കും പുതുരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നും അതുവഴി പ്രദേശവും (ഭൂമിയും), കാലാവസ്ഥാവ്യതിയാനവും, വായുവും വെള്ളവും മലിനീകരിക്കപ്പെടുന്നത് മനുഷ്യന്‍റെ തെറ്റായ വികസന സങ്കല്പത്തിന്‍റെ ഭാഗമാണെന്ന് ‘ജനപദോധ്വംസനിയം’ എന്നീ അധ്യായങ്ങളിലൂടെ ആയുര്‍വ്വേദ ആചാര്യനായ ചരകന്‍ ‘വൈദ്യശാസ്ത്രത്തിന്’ ആരോഗ്യ സംരക്ഷണത്തിന്‍റെ പുതിയ ഉള്‍ക്കാഴ്ച നല്‍കി.

ആയുര്‍വേദത്തിന്‍റെപരിസ്ഥിതി ദര്‍ശനം- വ്യക്തിയുടേയും സമൂഹത്തിന്‍റെയും പ്രകൃതിയുടെയും ആരോഗ്യ സങ്കല്‍പ്പത്തിന്‍റെ ഒരു സമഗ്ര ദര്‍ശനമാണ്.

നിങ്ങള്‍ ‘സ്വസ്ഥ’ നാണോ?
ആയുര്‍വ്വേദം പ്രാധാന്യം കല്പിക്കുന്നത് ശരീരത്തിന്‍റേയും മനസ്സിന്‍റേയും സ്വസ്ഥാവസ്ഥയ്ക്കാണ്. അസ്വസ്ഥത പലവിധത്തിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. വ്യാവഹാരിക അര്‍ത്ഥത്തില്‍ ഒരാള്‍ക്ക് അസ്വസ്ഥത എന്നത്കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ആയുര്‍വ്വേദത്തിന്‍റെ പരിധിയിലും വരുന്നു.
‘ഈ അസ്വസ്ഥത’ ക്കുള്ള കാരണങ്ങളെ മനസ്സിലാക്കിക്കൊണ്ട് അനുവര്‍ത്തിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സ്വസ്ഥരാവാം. അതായത് ആരോഗ്യം സമ്പാദിക്കാം എന്നര്‍ത്ഥം ‘അരവയറുണ്ടാല്‍ ആരോഗ്യമുണ്ടാവും’ എന്നൊരു പഴമൊഴിയുണ്ട്. ആരോഗ്യാവസ്ഥ നിലനിര്‍ത്താന്‍ ഭക്ഷണം എത്ര അളവില്‍ കഴിക്കണമെന്ന് ആയുര്‍വ്വേദത്തില്‍ വിധിയുണ്ട്. അത് അവനവന്‍റെ വയര്‍ നിറയാനുള്ളതിന്‍റെ പകുതിയോളം കട്ടി ആഹാരവും നാലിലൊരുഭാഗം ജലാംശമായും ഭക്ഷിക്കണമെന്നും ഒരു ഭാഗം ഒഴിച്ചിടണമെന്നുമാണ്. ഈ ശാസ്ത്രീയ അറിവിന്‍റെ ജനകീയവല്‍കൃത ഭാഷ്യമാണ് മേല്‍ പഴമൊഴിയെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഭക്ഷണത്തെപ്പോലെ തന്നെ ജീവിതചര്യകളിലും മറ്റ് വിഹാരങ്ങളിലും, എന്തിന് ചിന്തകളില്‍ പോലും ചില ബോധപൂര്‍വ്വമായ ക്രമപ്പെടുത്തലുകള്‍ ആരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് ആയുര്‍വ്വേദം സിദ്ധാന്തിക്കുന്നു. അതുപോലെ പ്രകൃതിയില്‍ സ്വാഭാവികമായി വരുന്ന പരിവര്‍ത്തനങ്ങള്‍; ഒരു മാസത്തില്‍ നിന്നും അടുത്ത മാസത്തിലേക്ക്; ചൂടില്‍ നിന്നും മഴക്കാലത്തേക്കും, മഞ്ഞില്‍ നിന്ന് കാറ്റ് വീശുന്ന തണുപ്പുള്ള കാലാവസ്ഥയിലേക്കും; മാസങ്ങളിലേക്കുമുള്ള സ്വാഭാവികമായ ഗതിമാറ്റം മനുഷ്യന്‍റെ ദേഹപ്രകൃതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നും അതിനെ നേരിടാന്‍ ഓരോ ഋതുക്കളിലുമുള്ള ആയുര്‍വ്വേദത്തില്‍ പറഞ്ഞിട്ടുള്ള ജീവിതക്രമീകരണം (ഋതുചര്യകള്‍) വരുത്തുന്നത് വഴി രോഗ പ്രതിരോധാവസ്ഥ സൃഷ്ടിച്ച് ആരോഗ്യാവസ്ഥകളെ നിലനിര്‍ത്തുന്നതും മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ ഏറെയൊന്നും ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്.

രോഗപ്രതിരോധം – ആയുര്‍വ്വേദ കാഴ്ചപ്പാട്

രോഗപ്രതിരോധത്തിന് കുഞ്ഞ് ജനിച്ചശേഷമോ ഗര്‍ഭകാലത്തോ മുതല്‍ ശ്രദ്ധിച്ചാല്‍ പോര, മറിച്ച് വിവാഹകാര്യം മുതല്‍ ശ്രദ്ധിക്കണമെന്നാണ് ആയുര്‍വ്വേദ കാഴ്ചപ്പാട്. വ്യത്യസ്ത ഗോത്രത്തില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹംകഴിക്കണമെന്നും വിവാഹപ്രായത്തിന്‍റെ കാര്യത്തില്‍ സ്ത്രീപുരുഷന്മാര്‍ ശ്രദ്ധിക്കണമെന്നും പറയുന്നത് ശരീരശാസ്ത്രത്തിന്‍റെ ആടിസ്ഥാനത്തില്‍ തന്നെയാണ്. രക്തത്തിലെ ഞവ ഘടകങ്ങളുടെ പ്രത്യേകതകൊണ്ട് ഉണ്ടാവുന്ന എറിത്രോബ്ലാസ്റ്റോസിസ് ഫിറ്റാലിസ് എന്ന രോഗത്തിന് കാരണം മാതാവിന്‍റേയും പിതാവിന്‍റേയും രക്തത്തിലെ ഞവ ഘടകങ്ങളുടെ സാമ്യമാണ്. ഇവിടെ നേര്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ദാമ്പത്യം ഇത്തരം അവസ്ഥക്ക് പ്രധാന കാരണമാണ്. എന്നുകൂടി മനസ്സിലാക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആയുര്‍വ്വേദം എത്ര മുന്നോട്ട് പോയി എന്ന് നമ്മുക്ക് അദ്ഭുതം തോന്നാം.

കൂടാതെ രോഗപ്രതിരോധ ശക്തിയുള്ള സല്‍സന്താനങ്ങള്‍ ഉണ്ടാവാന്‍ പറഞ്ഞിരിക്കുന്ന വാജീകരണവിധികളും ഗര്‍ഭമുണ്ടായിക്കഴിഞ്ഞാല്‍ ഗര്‍ഭിണികള്‍ ആചരിക്കേണ്ടുന്ന ഗര്‍ഭിണിചര്യകളും (ഇതില്‍ ഗര്‍ഭിണിയുടെ ചിന്തകള്‍, ആഹാരം, പ്രവര്‍ത്തികള്‍, ഗര്‍ഭിണി സേവിക്കേണ്ട പാല്‍കഷായങ്ങള്‍, 5-ാം മാസത്തിലെ നെയ്യ്സേവ തുടങ്ങിയവ ഓരോന്നും കുഞ്ഞിന്‍റെ പൂര്‍ണ്ണവും ആരോഗ്യവത്തുമായ ശരീരമനോ വികാസത്തിനും ഉതകുന്നവയാണ്.) കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ രോഗപ്രതിരോധത്തിന് ചെയ്യുന്ന ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളുകള്‍ പോലുമുണ്ട്ആ യുര്‍വ്വേദത്തില്‍. രക്ഷോഘ്ന കര്‍മ്മങ്ങള്‍, പ്രകാരയോഗങ്ങള്‍ മുതലായ പേരുകളില്‍ ഇവ അറിയപ്പെടുന്നു. ഇവയില്‍ ചിലതെങ്കിലും ഇന്നും മിക്കവാറും കുടുംബങ്ങളില്‍ പിന്തുടര്‍ന്ന് വരുന്നുണ്ട്. ഉദാ:- സ്വര്‍ണ്ണപ്രാശനം, തേനും വയമ്പും നല്‍കല്‍ വിവിധങ്ങളായ തൊടുതൈലങ്ങള്‍ മൂര്‍ദ്ധാവിലും സന്ധികളിലും തൊട്ട് പുരട്ടുന്നത് രോഗപ്രതിരോധത്തിന് വേണ്ടിയാണ്.ബാല്യാവസ്ഥയില്‍ ആര്‍ജിച്ചെടുക്കുന്ന രോഗപ്രതിരോധ ശക്തി നിലനിര്‍ത്തി പോകാന്‍ വേണ്ടുന്ന കാര്യങ്ങളാണ് ദിനചര്യ (ദൈനംദിനകാര്യങ്ങളില്‍ ആരോഗ്യത്തിനായി അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍) ഋതുചര്യ (വ്യത്യസ്ത കാലാവസ്ഥക്ക് അനുസരിച്ച് ആരോഗ്യത്തിനായി അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍) എന്ന പേരുകളില്‍ പ്രചാരം നേടിയിട്ടുള്ളത്. ഇതില്‍ പുലര്‍ച്ചെ ബ്രാഹ്മമുഹുര്‍ത്തത്തില്‍ ഉണരുന്ന വ്യക്തി തലേ ദിവസം താന്‍ കഴിച്ച ഭക്ഷണം ദഹിച്ചുവോ എന്ന് വിലയിരുത്തിയശേഷം വേണം കിടക്കയില്‍ നിന്ന് എഴുന്നേല്ക്കേണ്ടത്. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.

എന്നാല്‍ മലം, മൂത്രം മുതലായ വേഗപ്രവര്‍ത്തികള്‍ (റിഫ്ളക്സ് പ്രവര്‍ത്തനങ്ങള്‍) പോകണമെന്ന തോന്നലുളവാക്കുന്നു എങ്കില്‍ താമസം കൂടാതെ അതിനുള്ള സൗകര്യം ഉണ്ടാക്കണമെന്നും വേഗപ്രവര്‍ത്തികള്‍ക്കുള്ള തോന്നല്‍ ഇല്ല എങ്കില്‍ ശക്തി പ്രയോഗം വഴി അത് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ആയുര്‍വ്വേദ ശാസ്ത്രത്തില്‍ പറയുന്നു. വേഗരോധങ്ങള്‍ രോഗം ഉണ്ടാക്കുമെന്നും കൃത്യമായ വേഗപ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ടായാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായും അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. ആഹാരക്രമീകരണവും സ്ഥിരവും അനുയോജ്യവുമായ ചെറു വ്യായാമവും ശരീരത്തിന് ഹാനികരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിച്ചു നിര്‍ത്തുന്നതും ശരിയായ ഉറക്കവും മിതവും യുക്തി സഹവുമായ ലൈഗികബന്ധവും ആരോഗ്യത്തെയും രോഗപ്രതിരോധ സംവിധാനത്തേയും നിലനിര്‍ത്തുന്നതില്‍ പ്രധാനഘടകങ്ങളാണ്.

ആഹാരത്തെക്കുറിച്ച്

ഹിതമായും മിതമായും ആഹാരം കഴിക്കുന്നവന്‍ ആരോഗ്യമുള്ളവനാവും എന്ന് ആയുര്‍വേദം. വ്യത്യസ്തരീതിയില്‍ പാചകം ചെയ്തിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിക്കേണ്ടി വരുമ്പോള്‍ അവദഹനത്തെ ബാധിക്കാതിരിക്കാന്‍ ചുക്ക്, മഞ്ഞള്‍ പോലുള്ള ഘടകങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് പാചകശൈലി പോലെ നല്ല ആരോഗ്യശൈലിക്കും അനിവാര്യമാണ്. അതുപോലെ വിരുദ്ധമായ ആഹാരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കരുത് എന്ന വിധിനിഷേധങ്ങള്‍, ഉദാഹരണമായി മോരും മുതിരയും ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണയായി ‘വാതരക്തം’ എന്ന ഒരു രോഗാവസ്ഥക്ക് കാരണമാകുന്നതായി ചികിത്സാനുഭവങ്ങളില്‍ കാണുന്നു. നാം കുടിക്കുന്ന വെള്ളവും ഇതുപോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ പെട്ടെന്ന് കുടിക്കാനുള്ള വ്യാഗ്രതയില്‍ പച്ചവെള്ളം യോജിപ്പിച്ച് ഉടന്‍ കുടിക്കുന്നത് ഹോട്ടലുകളിലും മറ്റും നിത്യസംഭവമാണ്. ഇതുവഴി വ്യക്തിയുടെ ദഹനതോത് കുറഞ്ഞ് അഗ്നിമാന്ദ്യം സംഭവിക്കുന്നതും അത് നിമിത്തമായി വ്യത്യസ്തമായ അലര്‍ജികളും മറ്റും ശരീരത്തില്‍ സംജാതമാകുന്നതും രോഗികളില്‍ കണ്ടുവരാറുണ്ട്.

അവിടെയാണ് ആഹാരത്തോടൊപ്പം ജീരകവെള്ളവും,ചുക്കുവെള്ളവും മറ്റും അനുപാനമായി കുടിക്കുന്ന മലയാളികളുടെ ആയുര്‍വേദ ആരോഗ്യസങ്കല്പം കൂടുതല്‍ പ്രസക്തമാകുന്നത്. നിരവധി അസുഖങ്ങള്‍ ഹെപ്പാറ്റൈറ്റിസ് മുതലായ ജലജന്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്ന രോഗപ്പകര്‍ച്ചകളാണെന്ന് നാം മനസിലാക്കുമ്പോള്‍ ‘ചുക്ക്വെള്ളത്തിലെ’ ആരോഗ്യസംരക്ഷണ മാതൃക ജീവിതശൈലിയാക്കി മാറ്റിയതിന്‍റെ കാരണവും എളുപ്പത്തില്‍ നമുക്ക് മനസിലാക്കാന്‍ കഴിയും.

അതാത് കാലാവസ്ഥകളില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളെ ഉപയോഗിച്ച് ആരോഗ്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാക്കുന്ന വ്യക്തമായ മാതൃകകള്‍ നമ്മുടെ ആരോഗ്യഭക്ഷ്യസംസ്ക്കാരങ്ങളില്‍ നിലനിന്നിരുന്നു. ഇതില്‍ നിന്നും ഇപ്പേള്‍ നാം അകന്നിട്ടുണ്ട്. അതിന്‍റെ ഫലമോ ഭക്ഷ്യവസ്തുക്കളിലൂടെയുള്ള വിഷാംശസംക്രമണം കൂടുകയും രോഗാവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ചക്കയും മാങ്ങയുംകൊണ്ട് വേനല്‍ക്കാല ഭക്ഷ്യവിഭവങ്ങള്‍ രുചികരമായും ആരോഗ്യപ്രദമായും ഉണ്ടാക്കി ഉപയോഗിച്ച് സമൂഹത്തിന് ഒരു പക്ഷേ ഇന്ന് ആ അറിവ് ബോധപൂര്‍വ്വം മറന്നിട്ടുണ്ട്. താളും തകരയും അടങ്ങുന്ന ഇലക്കറികള്‍ മഴക്കാലത്ത് ഉപയോഗിച്ച് വരുന്നതും കായയും ചേനയും അടങ്ങുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍കൊണ്ട് വര്‍ഷത്തിലെ 3 മാസങ്ങള്‍ ഫലപ്രദമായി പിന്നിട്ടതുമായ സമൂഹം ഈ ആയുര്‍വേദ ആരോഗ്യമാതൃകകളെ ശ്രദ്ധാപൂര്‍വ്വം തിരിഞ്ഞുനോക്കുക. മനുഷ്യന്‍റെ ദഹനേന്ദ്രിയവ്യവസ്ഥ സംരക്ഷിച്ച് രോഗപ്രതിരോധസംവിധാനം ഉയര്‍ത്തുന്നതോടപ്പം പ്രകൃതി തരുന്ന വിഭവങ്ങള്‍ക്ക് അനുസൃതമായ ഭക്ഷ്യസംസ്ക്കാരവിധികളും ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു.

മാറുന്ന കാഴ്ചപ്പാടുകളും ജീവിതരീതിയും, താളം തെറ്റുന്ന ആരോഗ്യവും

ശാസ്ത്രരംഗത്തെ പുരോഗതികള്‍ മിതമായ രീതിയില്‍ ഉപയോഗപ്പെട്ടിട്ടില്ലെങ്കില്‍ ഉണ്ടാവുന്ന അനര്‍ത്ഥങ്ങള്‍ അനവധിയാണ് ഇലക്ട്രോണിക് രംഗത്ത് കുതിച്ച് ചാട്ടത്തിന്‍റെ ഭാഗമായി ഇന്ന് ഓരോ കുട്ടിയുടെ കൈയ്യില്‍പ്പോലും മൊബൈല്‍ ഫോണ്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ്. ഇത്തരം ആധുനിക സങ്കേതങ്ങള്‍ ബൗദ്ധിക വളര്‍ച്ച നല്‍കുന്നെങ്കിലും ഇതിന്‍റെ തെറ്റായ ഉപയോഗം മാനസിക വൈകല്യങ്ങള്‍ക്കും, പഠനവൈകല്യങ്ങള്‍ക്കും കാരണമാകുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ന് വ്യാപകമായികൊണ്ടിരിക്കുന്ന ജീവിതശൈലീജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ദൈനംദിന ജീവിതക്രമീകരണങ്ങള്‍ അത്യാവശ്യമാണ് അത് ഭക്ഷണമായാലും, ടി.വി, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവയുടെ അമിതമോ, തെറ്റായരീതിയിലുള്ളതോ ആയ ഉപയോഗം, വ്യായാമകുറവ് സൃഷ്ടിക്കുന്ന ശരീര മാനസിക പ്രശ്നങ്ങള്‍ ഇവക്കെല്ലാം ആയുര്‍വേദം അനുശാസിക്കുന്ന ജീവിത ശൈലിക്രമീകരണങ്ങള്‍ ഏറെ ഫലപ്രദമായി കണ്ടു വരുന്നുണ്ട്.

പൂവാംകുരുന്നിലയും തുളസിനീരും ചേര്‍ത്ത് വീടുകളില്‍ തയ്യാറാക്കിയിരുന്ന കണ്‍മഷി ദിവസവും കണ്ണിലെഴുതുമ്പോള്‍ കണ്ണിന്‍റെ പ്രായജന്യരോഗങ്ങളെ അകറ്റാന്‍ സാധിക്കുന്നു. കൂടാതെ വ്യക്തതയാര്‍ന്ന കാഴ്ച ഉറപ്പ് വരുത്തുകയും പരിസ്ഥിതി മലിനീകരണമടക്കമുള്ള രോഗകാരണങ്ങള്‍ക്കെതിരായി കണ്ണുകള്‍ക്ക് പ്രതിരോധശേഷി കൈവരുകയും ചെയ്യുന്നു. തലയില്‍ എണ്ണതേച്ച് കുളിക്കുന്ന ഒരു പാരമ്പര്യം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ഇങ്ങനെ എണ്ണ തേക്കുമ്പോള്‍ ചെവിയിലും പാദങ്ങളുടെ അടിയിലും എണ്ണ പുരട്ടുമായിരുന്നു. ഇവയുടെ പ്രയോജനം എല്ലാ പഞ്ചേന്ദ്രിയങ്ങള്‍ക്കും സ്വസ്ഥമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്. കൂടാതെ ദേഹം മുഴുവന്‍ എണ്ണതേച്ച് ചെറുപയര്‍പൊടിയോ, കടലപൊടിയോ ഉപയോഗിച്ച് ശരീരത്തില്‍ ‘മെഴുകിളക്കുന്ന’ സമ്പ്രദായം ത്വക് രോഗങ്ങള്‍ മുതല്‍ പല ശരീരവ്യവസ്ഥകളുടെ രോഗങ്ങളേയും ചെറുക്കാന്‍ സഹായിക്കുന്നതാണ്.

‘ഭക്ഷണം കഴിച്ചശേഷം കുളിക്കാന്‍ പോകുന്നവനെ കണ്ടാല്‍ കുളിക്കണം’ എന്ന് പഴമൊഴി. ഇതില്‍ ആരോഗ്യസംരക്ഷണത്തിന്‍റേതായ ചില സന്ദേശങ്ങള്‍ ഉണ്ട്. ആയുര്‍വേദശാസ്ത്രപ്രകാരം കുളി അഥവാ സ്നാനം ഊര്‍ജദായകവും ബലപ്രദവുമാണ്. പക്ഷേ വിവിധശരീരപ്രകൃതികളും രോഗാവസ്ഥകളും ഋതുവ്യത്യാസങ്ങളും അനുസരിച്ച് ‘കുളി’ ശരീരത്തില്‍ വ്യത്യസ്തമായ ഫലങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും. പൊതുവെ ‘കുളി’ ദഹനശേഷി വര്‍ദ്ധിപ്പിക്കുമെങ്കിലും ഭക്ഷണ ശേഷം ഉടന്‍ കുളിക്കുന്നത് അജീര്‍ണ്ണത്തിന് കാരണമാകും. അജീര്‍ണ്ണം നിരവധി മാരകമായ അനുബന്ധരോഗങ്ങള്‍ക്ക് കാരണമാവും. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം കുളിക്കുന്ന ശീലം ക്രമേണ രോഗത്തെ ഉല്പാദിപ്പിക്കുന്നു. വിശേഷാവസരങ്ങളിലും വിവാഹസല്‍ക്കാരങ്ങളിലും ചിക്കന്‍ബിരിയാണി സര്‍വ്വസാധാരണമായിരിക്കുന്നു. കൂടാതെ മൈദ ഉപയോഗിച്ചുള്ള പൊറോട്ട ഇന്ന് മലയാളിയുടെ ജനകീയ ഭക്ഷണമായിരിക്കുന്നു. വ്യത്യസ്ത ദഹനശേഷിയുള്ളവര്‍ ഒരേ ഭക്ഷണം അതും ദഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളവ ഒരു നിരന്തര ഭക്ഷണ ശൈലിയാക്കി മാറ്റിയിരിക്കുന്നു. ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നിരന്തരം ചര്‍ച്ച നടക്കുന്നു. ഇത് മറികടക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക മാത്രമേ രക്ഷയുള്ളു. സ്വന്തം ശരീരപ്രകൃതി തിരിച്ചറിഞ്ഞ് അതിനുതകുന്ന രീതിയില്‍ തന്‍റെ ചുറ്റിലുമുള്ള പ്രകൃതി വിഭവങ്ങളെ ഹിതമായും മിതമായും ഉപയോഗപ്പെടുത്തി ആലസ്യം വെടിഞ്ഞ് നല്ല ചിന്തകളും നല്ല പ്രവര്‍ത്തികളും വ്യായാമത്തോടുകൂടി ജീവിക്കുന്നവര്‍ ആരോഗ്യവാനാകും എന്ന ആയുര്‍വേദ തത്ത്വത്തിന് കാലം കൊണ്ട് ഏറെ പ്രസക്തി കൂടുകയാണ്.

നിത്യം ഹിതാഹാരവിഹാരസേവി
സമീക്ഷ്യകാരീ വിഷയേഷ്വസക്തഃ
ധാതാസമസത്യപര ക്ഷമാവാന്‍

ആരോഗ്യസംരക്ഷണത്തിന് പരിസ്ഥിതി ദര്‍ശ്ശനം

ഒരു മനുഷ്യന്‍റെ ചിന്താഗതി എങ്ങിനെ ഒരു സമൂഹത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു എന്നുള്ളതിന്‍റെ തെളിവുകളാണ് ഇന്ന് നാം കണ്ടുവരുന്നത്. പല പകര്‍ച്ചവ്യാധികളും രോഗാവസ്ഥകളും. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ നാം അറിയാതെ നമ്മുടെ ആരോഗ്യചിന്താഗതിയും കേവലം വ്യക്ത്യധിഷ്ടിതമായിക്കൊണ്ടിരിക്കുകയായിരുന്നു ഒരു സമൂഹത്തിന്‍റെ ആരോഗ്യം എന്നതിലുപരി എന്‍റെ ആരോഗ്യം എന്ന സങ്കുചിതമായ ചിന്ത മനുഷ്യനെ പരിസ്ഥിതിചൂഷണത്തിലേക്കും പരിസരമലിനീകരണത്തിലേക്കും വഴി തിരിച്ചുവിടുകയും അത് ഇന്ന് ഈ കാണുന്ന പലവിധ രോഗങ്ങള്‍ക്കും അടിസ്ഥാനകാരണമാവുകയും ചെയ്തു.

എന്നാല്‍ നമ്മുടെ ആരോഗ്യനയരൂപീകരണവേളയില്‍ ഇത്തരം പ്രധാന ഘടകങ്ങളെ ആരോഗ്യമേഖല ഗൗരവകരമായി കാണാറില്ലയെന്നുള്ളത് ദുഖകരമായ ഒരു വാസ്തവമാണ്. ആരോഗ്യമേഖലയിലെ ഈ വന്‍ കുതിച്ചുചാട്ടത്തിനിടയില്‍പ്പോലും നമ്മുടെ പരിസരം ജീവിതശൈലിരോഗങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് നിറഞ്ഞിരിക്കയാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയാണ് ഏറ്റവും വലിയ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തനമെന്ന വലിയ തിരിച്ചറിവിലേക്കാണ് ഇത്തരം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രകൃതിക്ക് മനുഷ്യനുമായുള്ള അഭേദ്യമായബന്ധവും വായുവും, ജലവും, മണ്ണും, മരങ്ങളും എങ്ങിനെ സാമൂഹ്യാരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നുള്ളതിനെ കുറിച്ച് ഓരോ വ്യക്തിയും ബോധവാനാകേണ്ട നമ്മുടെ ആരോഗ്യ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനഘടകമായി മാറേണ്ടതുണ്ട്.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ പരിസ്ഥിതി ചൂഷണം ഇത്ര തീഷ്ണമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പോലും പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും അത് സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു മഹാവിപത്തായി മാറുന്നതിനെക്കുറിച്ചും ദീര്‍ഘവീക്ഷണത്തോടുകൂടി വേദ ആചാര്യന്മാര്‍ വിവരിച്ചത്. ആരോഗ്യരംഗത്ത് ആയുര്‍വേദത്തിന്‍റെ പ്രായോഗിക സമീപനത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു വൈദ്യശാസ്ത്രം ആരോഗ്യമേഖലയില്‍ നിന്ന് വേറിട്ട വഴികളിലൂടെ എങ്ങിനെ ചിന്തിക്കണമെന്നും, ഒരു സമൂഹത്തില്‍ പരിസ്ഥിതി ബോധത്തിന്‍റെ ആവശ്യകത എന്തെന്നും വളരെ വിശദമായി പ്രതിപാദിക്കുന്ന ഭാഗമാണ് ചരകസംഹിതയിലെ ‘ജനപദോദ്ധ്വംസനം’ എന്ന അധ്യായം. ഒരു പക്ഷെ ആ കാലഘട്ടത്തില്‍ ഇത് അത്രത്തോളം പ്രാധാന്യമല്ലെങ്കില്‍ കൂടിയും ഇന്ന് അതിന്‍റെ അനിവാര്യത നാം അനുഭവിക്കുകയാണ്. ഒരു കാലഘട്ടം വരെ പ്രകൃതിയുടെ ഓരോ വ്യതിയാനങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാനും അതിന് വേണ്ട മുന്‍കരുതലുകളെടുക്കാനും മനുഷ്യന് കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഓരോ നിമിഷവും നാം പ്രകൃതിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടുകയാണ്. ഇത് മനുഷ്യന്‍റെ പരിസ്ഥിതി ബോധത്തിന്‍റെ അപചയമായി നാം കണക്കാക്കേണ്ടിയിരിക്കുന്നു. ജനപദോദ്ധ്വംസനത്തിന്‍റെ പ്രധാന കാരണമായി ആയുര്‍വേദാചാര്യന്‍ പറയുന്നത് പ്രജ്ഞാപരാധമാണ് (അറിഞ്ഞുകൊണ്ട് ചെയ്യുന്ന അപരാധങ്ങള്‍) മലിമസമായ മനസ്സും സുരന്ധപൂരിതമായ വസ്ത്രങ്ങളുമായി അണിഞ്ഞൊരുങ്ങി, കേവലം സങ്കുചിതമായ ആരോഗ്യബോധം കൊണ്ട് നമ്മുടെ പുഴകളേയും കുളങ്ങളേയും മാലിന്യകൂമ്പാരങ്ങളാക്കുകയും, നമ്മുടെ പച്ചപ്പുകളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇന്നത്തെ ഈ ചിന്താഗതിയെ തന്നെയാണ് ആയുര്‍വേദാചാര്യന്മാര്‍ പ്രജ്ഞാപരാധം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കിയത്.

കേവലം ഒരു ചുക്ക് കഷായം കൊണ്ട് പനി മാറ്റിയിരുന്ന കേരളം ഇന്ന് പനിച്ച് വിറക്കുകയാണ്. പനികള്‍ കൊണ്ട് ജനങ്ങള്‍ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നമ്മുടെ തെറ്റായ ജീവിതശൈലിയുടേയും, ഭക്ഷ്യസംസ്ക്കാരത്തിന്‍റേയും, ആരോഗ്യദര്‍ശ്ശനത്തിന്‍റേയും ബാക്കി പത്രമാണ് ഇത്. കൃഷിയെ കുറിച്ചും ഭക്ഷ്യരീതിയെക്കുറിച്ചും, ആരോഗ്യത്തെക്കുറിച്ചുമുള്ള നാട്ടറിവുകള്‍ സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ആരോഗ്യസംരക്ഷണത്തെ എങ്ങിനെ ബാധിക്കുന്നു എന്നുള്ളത് നാം മനസ്സിലാക്കുന്നില്ല.

നമ്മുടെ ആരോഗ്യചിന്തകള്‍ ഇത്തരം വിഷയങ്ങളിലേക്കെത്തേണ്ട അവശ്യകത അതിക്രമിച്ചിരിക്കയാണ്. മനുഷ്യമനസ്സുകളുടെ സമഗ്രമായ പരിവര്‍ത്തനത്തിലൂടെയല്ലാതെ സാമൂഹ്യാരോഗ്യത്തിന് അടിത്തറയുണ്ടാവില്ല.

ഡോ. ഐ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
BAMS, PG Dipl. in Clinical Research
അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍
ഇടൂഴി നേത്രചികിത്സാലയം
മയ്യില്‍, കണ്ണൂര്‍