ലോകം കണ്ടതില്‍ വച്ച് ഏറ്റവും ധീക്ഷണശാലിയായ ചിന്തകന്മാരിലൊരാളായ മഹാത്മാഗാന്ധിയുടെ വാക്കുകളാണ് ഇത്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനി എന്നതിലുപരി വ്യക്തിയേയും സമൂഹത്തേയും ആരോഗ്യത്തേയും കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ഒരു സ്വതന്ത്ര്യചിന്തകന്‍കൂടിയാണ് . ഇതില്‍ പ്രാധാനപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ കാഴ്ചപ്പാടുകള്‍.
‘കീ ടു ഹെല്‍ത്ത്‘ എന്ന പേരില്‍ അദ്ദേഹം രചിച്ച ആരോഗ്യചിന്തകള്‍ അടങ്ങിയ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം വിഭാവനം ചെയ്ത സമരമാര്‍ഗ്ഗങ്ങളെല്ലാം തന്നെ ഉരിത്തിരിഞ്ഞത് ഈ ആരോഗ്യചിന്തകളില്‍ നിന്നാണെന്നത് വളരേ ശ്രദ്ധേയമാണ്.
നാം നമ്മുടെ ശരീരത്തേയും അതിന്‍റെ രോഗപ്രതിരോധശേഷിയേയും മാനിക്കുക എന്നത് ഗാന്ധിജി ഉയര്‍ത്തിയ പ്രധാന ആശയമാണ്. ആരോഗ്യത്തോടെ ജീവിക്കുക എന്നത് രോഗങ്ങളില്ലാതെ തന്‍റെ പ്രവര്‍ത്തികളും കടമകളും ഊര്‍ജ്ജ്വസ്വലതയോടെയും മാനശ്ശാന്തിയോടെയും ചെയ്യുവാന്‍ പറ്റുക എന്നതാണ്. അതിനാല്‍ തന്നെ നാം നമ്മുടെ ശരീരത്തെ കുറിച്ച് മനസ്സിലാക്കണം. ശരീരത്തിന് നല്ലതും ചീത്തയും ഏതെന്ന് മനസ്സിലാക്കുന്നയിടത്താണ് ആരോഗ്യം നിലനില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ് . നല്ല ആരോഗ്യത്തിനായി ശുദ്ധമായ വായു, വെള്ളം, പരിസ്ഥിതി, ഉറക്കം എന്നിവ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഇവയെ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടേയും ബാധ്യതയാണ്.
നമ്മുടെ വികാരവിക്ഷോഭങ്ങളുടെ നിയന്ത്രണമാണ് നല്ല ആരോഗ്യത്തിനായുള്ള മറ്റൊരു വഴി. അതുവഴി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുവാനും യുക്തമായ തീരുമാനങ്ങളെടുക്കുവാനും നമ്മുക്ക് സാധിക്കും.
ആഹാരത്തെ ഒരു ജീവിതോപാധിയായാണ് ഗാന്ധിജി കണ്ടിരുന്നത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് “ആഹാരം നാം കഴിക്കേണ്ടത് ജീവന്‍ നിലനിര്‍ത്താനായാണ്, അല്ലാതെ നമ്മുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താനാകരുത്“. സസ്യാഹാരശീലത്തെ ഏറ്റവും ഉന്നതമായും അദ്ദേഹം കാണുന്നു. അതുപോലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.
വ്യക്തിശുചിത്വത്തെ കുറിച്ച് ഏറെ ബോധവാനായ ഗാന്ധിജി മിക്കരോഗങ്ങള്‍ക്കുമുള്ള പ്രധാനകാരണമായി കണ്ടിരുന്നത് പരിസരമലിനീകരണത്തെയാണ്. പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുക, വീടുകളിലേയും മറ്റും മലിനജലങ്ങള്‍ പൊതുനിരത്തുകളിലേക്ക് ഒഴുക്കുക തുടങ്ങിയവയെ അദ്ദേഹം ശക്തമായി എതിര്‍ക്കുകയും ശൗചാലയങ്ങളുടേയും മറ്റും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ സമരമാര്‍ഗ്ഗങ്ങളായ അഹിംസ, ഉപവാസം, കാല്‍നടയാത്ര, എന്നിവയൊക്കെയും അദ്ദേഹം വിഭാവനം ചെയ്തത് ഈ ആരോഗ്യനയത്തില്‍ നിന്നാണ്. മറ്റൊന്നിനെ നോവിക്കാതിരിക്കുക എന്നത് നല്ല മനസ്സിന്‍റെ ലക്ഷണമാണ്. നല്ല മാനസിക നിയന്ത്രണമുള്ള ഒരാള്‍ക്കേ അതിന് സാധിക്കൂ. അഹിംസയാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനായുള്ള പ്രധാന സമരമാര്‍ഗ്ഗമായി തിരഞ്ഞെടുത്തത്, അത് കോടിക്കണക്കിന് ജനങ്ങളുടെ ആവേശമായി മാറി. അദ്ദേഹം കേവലം ഒരു സമരമാര്‍ഗ്ഗമല്ല വിഭാവനം ചെയ്തത്. ആരോഗ്യമുള്ള സമൂഹത്തെക്കൂടിയാണ്. ഇതുപോലെത്തന്നെയാണ് അദ്ദേഹം നടത്തിയ സത്യാഗ്രഹം, ഉപവാസം, ദണ്ഡിയാത്ര പോലുള്ള സമരമുറകള്‍.
ഉറച്ച മനസ്സും നല്ല ശാരീരിക ആരോഗ്യവുമുണ്ടെങ്കില്‍ ഏത് ലക്ഷ്യവും മിറകടക്കാനാവുമെന്ന് നമ്മെ പഠിപ്പിച്ച ഉത്തമനായ യോഗിവര്യനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മ ഗാന്ധി. അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ സര്‍വ്വകാലികമാണ്. ഏത് കാലത്തും അതിന് പ്രാധാന്യമുണ്ട്. നാം ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പുതുതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് മാഹാത്മഗാന്ധിയുടേത്.
ശരീരത്തെ ദേവാലയം പോലെ കണ്ട് അതിനെ ശ്രദ്ധയോടെ പരിപാലിക്കണമെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതയാത്രകളില്‍ നാം ഓര്‍ക്കേണ്ടതാണ്. ഓര്‍ക്കാതിരിക്കുന്നതാണ് ഇന്നത്തെ പലരോഗാതുരതകള്‍ക്കും കാരണമാകുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്‍റെ പാതകള്‍ നമുക്ക് പിന്തുടരാം. ഒരു ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ കെട്ടിപ്പെടുത്താം.
– ഡോ. ഐ. ഉമേഷ് നമ്പൂതിരി
മെഡിക്കല്‍ ഓഫീസര്‍
INS സമോറിന്‍
ആയുര്‍വേദ സെന്‍റര്‍