നല്ല ബുദ്ധിക്ക് നല്ല മനസ്സ്

Good-Intellect-Good-Mind-Ayurveda

ബുദ്ധി എന്ന ഒരൊറ്റ വാക്കിന് നിര്‍വചനം നല്‍കാന്‍ പ്രയാസമാണ്. കാര്യങ്ങളെ ശരിയായരീതിയില്‍ മനസ്സിലാക്കുവാനും വിശകലനം ചെയ്യുവാനുമുള്ള പാടവത്തെയാണ് ബുദ്ധിശക്തി എന്ന വാക്കുകൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നത്. ഓരോ മേഖലയിലും ബുദ്ധിപരമായ കഴിവ് പുലര്‍ത്തുന്നവര്‍ക്ക് അതാത് മേഖലയില്‍ ഉന്നതസ്ഥാനങ്ങളിലെത്താന്‍ കഴിയുന്നു. ഇന്നത്തെ മത്സരാധിഷ്ഠിതലോകത്ത് ബുദ്ധിശക്തി ഒരു പ്രധാന ആകര്‍ഷണമാകാനുള്ള കാരണവും മറ്റൊന്നല്ല.

നമ്മുടെ പഞ്ചജ്ഞാനേന്ദ്രിയങ്ങളിലൂടെ നാം അനുഭവിക്കുന്ന അറിവുകളും അനുഭവങ്ങളുമാണ് ബുദ്ധിശക്തിയായി പരിണമിക്കുന്നത്. പഞ്ചജ്ഞാനേന്ദ്രിയങ്ങളാണ് ഒരു വ്യക്തിയെ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കുന്നത്. മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി എന്നിവയാണ് ഈ പഞ്ചേന്ദ്രീയങ്ങള്‍. ഇവയില്‍നിന്നുള്ള വിവരസൂചികകളെ ബുദ്ധിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് മനസ്സാണ്. ഇങ്ങനെ ഒരു വ്യക്തിയെ ചുറ്റുപാടുമായി ബന്ധിപ്പിക്കുന്നതിനും അതുവഴി അറിവ് നേടുന്നതിനും ഏറ്റവും നിര്‍ണ്ണായകമായ കണ്ണിയായി മനസ്സ് പ്രവര്‍ത്തിക്കുന്നു. എന്ത് ചെയ്യുമ്പോഴും മനസ്സ് കൊടുത്ത് ചെയ്യുക എന്ന് പറയുന്നതും ഈ അടിസ്ഥാനത്തിലാണ്. ഇന്ദ്രിയങ്ങളെല്ലാം ഉണര്‍ന്നിരുന്നാലും മനസ്സ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതില്‍ നിന്നുള്ള സൂചനകളൊന്നും ബുദ്ധിയെ ഉണര്‍ത്തുന്നില്ല. അതായത് ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും എല്ലാം പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ നമുക്ക് അറിവ് നേടുവാന്‍ സാധിക്കുകയുള്ളൂ.

ഇന്ന് പരീക്ഷാക്കാലമാകുമ്പോഴക്കും നമ്മുടെ അമ്മമാര്‍ കുട്ടികളെക്കുറിച്ച് വ്യാകുലപ്പെടാറുണ്ട്. തന്‍റെ കുട്ടിക്ക് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കുറവാണ് എന്നതാണ് മിക്കവരുടേയും പരാതി. അതിന് അവര്‍ ആധാരമാക്കുന്നത് തന്‍റെ അയല്‍വാസിയുടെ കുട്ടിയേയോ, തന്‍റെ മകന്‍റെ ക്ലാസിലെ മറ്റൊരു കുട്ടിയേയോ ആണ്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ വിശകലനമാണ്. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വിലയിരുത്തേണ്ടത് കേവലം പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലല്ല. ഓരോ കുട്ടിയും ഓരോ പാഠഭാഗവും മനസ്സിലാക്കുന്നത് വ്യത്യസ്തതോതിലാണ്. അതിന് ഒരു പ്രധാനഘടകം മനസ്സിന്‍റെ ഏകാഗ്രതയാണ്. എത്രത്തോളം ഏകാഗ്രമായി നമ്മുടെ മനസ്സിനെ ഒരു വിഷയത്തിലേക്ക് ശ്രദ്ധപതിപ്പിക്കുവാന്‍ പറ്റുമോ അത്രത്തോളം ആ വിഷയത്തെക്കുറിച്ചുള്ള അറിവുകള്‍ നമ്മുക്ക് ലഭിക്കുകയും ചെയ്യും. മനസ്സിനെ ഏകാഗ്രമാക്കാനുള്ള ഈ കഴിവ് പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതില്‍ ഒരു പ്രധാനഘടകം കുടുംബാന്തരീക്ഷം തന്നെയാണ്. കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ ഒരു കുട്ടിക്കും മനസ്സിനെ ഏകാഗ്രമാക്കി പഠനത്തിന് ശ്രദ്ധകൊടുക്കുവാന്‍ സാധിക്കുകയില്ല. മറ്റൊന്ന് അമിതമായ മാനസികസമ്മര്‍ദ്ദമാണ്. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ കുട്ടികളെ സ്വഛമായ രീതിയില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അവര്‍ക്ക് ഉന്നത വിജയം കൈവരിക്കുവാന്‍ സാധിക്കും. അല്ലാതെ കേവലം പരസ്യവിപണിയില്‍ കാണുന്ന ഔഷധങ്ങളെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടത്.

ശരീരപ്രകൃതിയും ബുദ്ധിശക്തിയും

ഒരു വ്യക്തിയുടെ ശാരീരികഭാവങ്ങളില്‍ വാതപിത്തകഫ ദോഷങ്ങളുടെ മേല്‍ക്കൈ അനുസരിച്ച് ഒരോ പ്രകൃതികളായി തിരിച്ചിട്ടുണ്ട്. വാതപ്രകൃതി, പിത്തപ്രകൃതി, കഫപ്രകൃതി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ഈ ശാരീരികപ്രകൃതി അവനില്‍ ജന്മനാ ഉള്ളതാണ്. അത് മാറ്റുവാന്‍ സാധിക്കുന്നതല്ല. നമ്മുടെ ഒരോ വ്യക്തിയുടേയും ബുദ്ധിശക്തിയുടേയും ഓര്‍മ്മശക്തിയുടേയും സ്വഭാവം ഈ പ്രകൃതിക്കനുസരിച്ച് വ്യത്യാസപ്പെട്ടതാണ്. സാധാരണരീതിയില്‍ പറഞ്ഞാല്‍ ഒരു വാതപ്രകൃതിക്കാരന് ബുദ്ധിയും ഓര്‍മ്മയും സ്ഥായിയായ ഭാവം കാണിക്കുകയില്ല. എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുമെങ്കിലും പെട്ടെന്ന് മറന്നുപോകാം. ഈ അസ്ഥരിരത അയാളുടെ എല്ലാ സ്വഭാവത്തിലുമുണ്ടാകും. പിത്തപ്രകൃതിക്കാര്‍ പൊതുവെ തീക്ഷ്ണ ബുദ്ധികളായിരിക്കും. അവര്‍ക്ക് പെട്ടെന്നു തന്നെ തന്‍റെ അറിവുകളെ പുനരാവിഷ്ക്കരിക്കാന്‍ സാധിക്കും. കഫപ്രകൃതിക്കാര്‍ ബുദ്ധിയുടെ കാര്യത്തില്‍ കൂടുതല്‍ വിശാലമായിരിക്കും. മികച്ച ഓര്‍മ്മശക്തിയും തീരുമാനങ്ങളില്‍ ഉറപ്പും സ്ഥിരതയും ഉണ്ടായിരിക്കും. ഇത്തരം പ്രകൃത്യാലുള്ള ചട്ടക്കൂടുകളുണ്ടെങ്കിലും മനസ്സിന്‍റെ ഏകാഗ്രതയും പ്രവര്‍ത്തനശേഷിയും വര്‍ദ്ധിപ്പിച്ച്കൊണ്ട് ബുദ്ധിശക്തിയുടെ പരമാവധിയും നമുക്ക് പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കും.

ബുദ്ധിശക്തികൂട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന നിരവധി ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ബ്രഹ്മി, വയമ്പ്, മുത്തിള്‍, ഇരട്ടിമധുരം, ശംഖുപുഷ്പം തുടങ്ങിയവ. ശുദ്ധമായ പശുവിന്‍ നെയ്യ് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് ഇളംപ്രായത്തില്‍ തന്നെ നെയ്യ് ചേര്‍ത്ത് ആഹാരങ്ങള്‍ പഴമക്കാര്‍ നല്‍കുന്നത്. നമ്മുടെ ആചാരത്തിന്‍റെ ഭാഗമായ തേനും വയമ്പും നല്‍കല്‍ കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ സാരസ്വതാരിഷ്ടം, സാരസ്വതചൂര്‍ണ്ണം, ബ്രഹ്മിഘൃതം, കല്യാണഘൃതം, മഹാകല്യാണഘൃതം തുടങ്ങിയ ഒട്ടേറെ കൂട്ടുകളും ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ആയുര്‍വേദം ഉപദേശിക്കുന്നതാണ്. ഇതേ ഔഷധങ്ങള്‍ തന്നെയാണ് പലവിധ മാനസികവ്യഥകള്‍ക്കും ആയുര്‍വേദാചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളത് എന്നത് മനസ്സും ബുദ്ധിയും എത്രത്തോളം പരസ്പരപൂരകങ്ങളാണ് എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു.

ബുദ്ധിയുടെ പ്രയോജനം പരമാവധിയാക്കുന്നതിന് മനസ്സിന്‍റെ ശരിയായ പിന്തുണ കൂടിയേ തൂരൂ. തുടര്‍ച്ചയായ പഠനം, പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുവാന്‍ ശ്രമിക്കല്‍. പഠിച്ചകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യല്‍ എന്നിവ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. മനസ്സിനെ നിര്‍മ്മലമാക്കുന്നതിന് ഉപകരിക്കുന്ന സംഗീതം, ധ്യാനം, യോഗ മറ്റ് കളികള്‍, നല്ല സുഹൃത് ബന്ധങ്ങള്‍, നല്ല കുടുംബാന്തരീക്ഷം, നല്ല ഭക്ഷണക്രമം, ജീവിതചിട്ടകള്‍ എന്നിവ പരിപാലിക്കുവാന്‍ സാധിച്ചാല്‍ നമുക്ക് നല്ല ബുദ്ധിശക്തിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും.

– ഡോ. ഐ. ഉമേഷ് നമ്പൂതിരി
മെഡിക്കല്‍ ഓഫീസര്‍
ഐ. എന്‍. എസ് സമോറിന്‍
ഏഴിമല