ആരോഗ്യരംഗത്ത് ഇന്ന് ഏറെ മുന്നില്‍ നില്ക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ഓരോ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ സ്ഥാനം കേരളത്തില്‍ ലഭിച്ചുവരുന്നു. അതില്‍ തന്നെ ആയുര്‍വേദം ഇന്ന് ഒരു വൈദ്യസമ്പ്രദായം എന്ന രീതിയില്‍ തന്നെ ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആയുര്‍വേദത്തിന്റെ ഈറ്റില്ലം എന്ന് പറയുന്ന കേരളത്തില്‍ അതിനാല്‍ തന്നെ ഹെല്‍ത്ത് ടൂറിസം എന്ന മേഖല വളര്‍ന്ന് പന്തലിക്കുകയാണ്. ആയുര്‍വേദ മേഖലയില്‍ മാത്രമല്ല ഇതര വൈദ്യസമ്പ്രദായങ്ങളിലേക്കും കേരളത്തില്‍ ഹെല്‍ത്ത് ടൂറിസം വ്യാപിക്കുന്നു. ഇത് ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് ഒരു ഉദാഹരണമാണ്.
എന്തുകൊണ്ട് ഹെല്‍ത്ത് ടൂറിസം
മെഡിക്കല്‍ ടൂറിസം (രോഗചികിത്സ) വെല്‍നെസ് ടൂറിസം (ആരോഗ്യപരിപാലനം) എന്ന രീതിയില്‍ ഹെല്‍ത്ത് ടൂറിസം വളര്‍ന്നുകഴിഞ്ഞു.വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്. മറ്റൊരു കാരണമായി കണ്ടുവരുന്നത് തങ്ങളുടെ രാജ്യത്ത് ഗുണമേന്മയുള്ള ചികിത്സ ലഭിക്കാനെടുക്കുന്ന കാലതാമസമാണ്. മറ്റൊന്ന് ചില ചികിത്സാ സമ്പ്രദായങ്ങള്‍ക്കും ചികിത്സാ രീതികള്‍ക്കും തങ്ങളുടെ രാജ്യത്ത് നിയമപരമായ സാധുതക്കുറവാണ്. കൂടാതെ ആയുര്‍വേദം പോലുള്ള വൈദ്യശാസ്ത്രമേഖലയെ കൂടതല്‍ അറിയുന്നതിനും പഠിക്കുന്നതിനുവേണ്ടിയും വിദേശികള്‍ ഹെല്‍ത്ത് ടൂറിസത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഹെല്‍ത്ത് ടൂറിസവും കേരളവും
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം അതിന്റെ ഭൂപ്രകൃതികൊണ്ടും ഇവിടെ വളരുന്ന ഔഷധസസ്യങ്ങള്‍കൊണ്ടും അനുഗ്രഹീതമാണ്. കൂടാതെ കേരളത്തില്‍ പരിണിതപ്രജ്ഞരായ ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫുകളും, അത്യാധുനിക ചികിത്സാരീതികളും ഏറെ ലഭ്യമാണ്. വിദേശികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള ഗതാഗതസംവിധാനങ്ങളും, വിദേശ ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ ഹെല്‍ത്ത് ടൂറിസം മേഖലയില്‍ മുന്നില്‍ നിര്‍ത്തുന്നു. പ്രധാനമായും അലോപ്പതി, ആയുര്‍വേദം, ദന്തരോഗചികിത്സ എന്നിവക്കായാണ് വിദേശികള്‍ കേരളത്തെ ആശ്രയിക്കുന്നത്. പ്രധാനമായും അറേബ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദേശികള്‍ ചികിത്സക്കായെത്തുന്നത്.
ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം അര്‍ജന്റീന, ബ്രസീല്‍, ദുബായ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ന് ഹെല്‍ത്ത് ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. മെഡിക്കല്‍ ടൂറിസം കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് നല്കുന്ന ഭദ്രത ചെറുതല്ല. കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറെ ഗുണകരമായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന മേഖലയാണ് ഇത്. നല്ല ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ നല്കുകയാണെങ്കില് വിദേശികള്‍ തന്നെ കേരളത്തിന്റെ ഹെല്‍ത്ത് അംബാസിഡര്‍മാരായി മാറും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍സ്റ്റാഫുകള്‍, ആശുപത്രി മാനേജുമെന്റുകള്‍ എന്നിവരുടെ സൗഹൃദപരമായ സമീപനങ്ങളും, നല്ല ശുചിത്വമാര്ന്ന പരിസരങ്ങളും വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗങ്ങളും നമുക്ക് നല്ല ചികിത്സാരീതികളോടൊപ്പം നല്കാന് കഴിഞ്ഞാല്‍ കേരളം ലോകത്തിന്റെ മെഡിക്കല്‍ ഹബ്ബ് ആയി മാറുന്ന കാഴ്ച അതിവിദൂരമല്ല .
– ഡോ.അനീഷ്.എം.എന്‍



