രാസ്നാദി ചൂര്‍ണ്ണത്തിന്‍റെ രസതന്ത്രം

Rasnadi-powder

കുളികഴിഞ്ഞ് ഒരുനുള്ള് രാസ്നാദിപ്പൊടി മൂര്‍ദ്ധാവില്‍ തിരുമ്മുന്നത് മലയാളിയുടെ ഗൃഹാതുരത്വത്തിന്‍റെ നല്ല ഓര്‍മ്മകളില്‍പെടുന്നതാണ്. അമ്മയുടെ നിര്‍ബന്ധം മൂലം നമ്മള്‍ തിരുമ്മിയ രാസ്നാദി ചൂര്‍ണ്ണത്തിലൂടെ ഒട്ടേറെ രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് ഒരു പക്ഷെ നാം മനസ്സിലാക്കിയിട്ടുണ്ടാവില്ല. എന്നിരുന്നാലും ഇന്നും നമ്മുടെ അടുത്ത തലമുറകളിലേക്ക് പകര്‍ന്നുനല്‍കുന്ന ഒരു നല്ല ദിനചര്യയായി രാസ്നാദിപ്പൊടി തിരുമ്മല്‍ നാം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ആയുര്‍വേദ ചികിത്സാരീതിയില്‍പ്പെട്ട ബഹിര്‍പരിമാര്‍ജ്ജന ചികിത്സാവിധിയിലാണ് രാസ്നാദി ചൂര്‍ണ്ണം പ്രയോഗിക്കുന്നത്. കേരളീയമായ ആയുര്‍വേദ ചികിത്സാശൈലി യിലാണ് രാസ്നാദി ചൂര്‍ണ്ണം കൂടുതലായി പ്രയോഗിക്കുന്നത്. കേരളത്തിന്‍റെ തനതായ ആയുര്‍വേദ ഗ്രന്ഥമായ സഹസ്രയോഗത്തിലാണ് ഈ ഔഷധം പ്രതിപാദിക്കുന്നത്. നമുക്ക്ചുറ്റും വളരെ സാധാരണമായ ജലദോഷപ്പനിമുതല്‍ ശരീരത്തെത്തന്നെ തളര്‍ച്ചയിലാക്കുന്ന പക്ഷാഘാതം വരെയുള്ള ചികിത്സകളില്‍ രാസ്നാദിചൂര്‍ണ്ണം പലരൂപത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. ചിറ്റരത്ത, അമുക്കുരം, ദേവതാരം, വയമ്പ്, കൊട്ടം തുടങ്ങിയ ആയുര്‍വേദ മൂലികകള്‍ അടങ്ങിയ രാസ്നാദി ചൂര്‍ണ്ണം ഒരു രോഗത്തിനുള്ള ഔഷധം എന്നതിലും ഉപരി ഒരു രോഗപ്രതിരോധശേഷിപ്രദാനം ചെയ്യുന്ന അമൂല്യ ഔഷധക്കൂട്ടും കൂടിയാണ.്

ഒരുവ്യക്തിയുടെ ജനനം മുതല്‍ വാര്‍ദ്ധക്യകാലം വരെയുള്ള ഘട്ടങ്ങളില്‍ ഉപയോഗിക്കാം എന്നുള്ളതും രാസ്നാദി ചൂര്‍ണ്ണത്തിന്‍റെ പ്രത്യേകതയാണ്. കുട്ടികളുടെ രോഗങ്ങളില്‍ പ്രത്യേകിച്ചും കഫകെട്ട്, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ തുടക്കം മുതല്‍ തന്നെ ഇത് ശീലിക്കാവുന്നതാണ്. ദിവസങ്ങള്‍ മാത്രം പ്രായമുള്ളകുട്ടികളില്‍ പലഅസ്വസ്ഥതകള്‍ക്കുമുള്ള ദിവ്യ ഔഷധമായി രാസ്നാദി ചൂര്‍ണ്ണം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രത്യേകിച്ച് വര്‍ഷക്കാലങ്ങളില്‍ അനുഭവപ്പെടുന്ന തലനീരിറക്കവും അതോടനുബന്ധിച്ച് വരുന്ന ശാരീരിക വിഷമതകള്‍ക്ക് രാസ്നാദി പ്രയോഗം വളരെ ഫലപ്രദമാണ്. മൈഗ്രൈന്‍ ഉള്‍പ്പെയെയുള്ള തലവേദനകള്‍ സൈനസൈറ്റിസ്, എന്നിവയിലും ഉപയോഗിച്ച് വരുന്നു.

മൂര്‍ദ്ധാവില്‍ ഇടുന്നത് കൂടാതെ ചില വാതസംബന്ധമായ നീര്‍ക്കെട്ടോടുകൂടിയ വേദനകള്‍ കുറയുന്നതിനും രാസ്നാദി അരച്ചുപുരട്ടുന്നത് ഫലം ചെയ്യാറുണ്ട്. കൂടാതെ ചെറുനാരങ്ങാ നീരില്‍ രാസ്നാദി കുഴച്ച് നെറ്റിമേല്‍ പുരട്ടുന്നത് നീരിറക്കം തലവേദന എന്നിവയുടെ ശമനത്തിന് ഉത്തമമാണ്. കൂടാതെരാസ്നാദി ചൂര്‍ണ്ണം കൊണ്ടുള്ള പലവിധ മാറ്റങ്ങള്‍ പക്ഷാഘാതം പോലുള്ള ദാരുണമായ രോഗാവസ്ഥകളിലും അതിവേഗം ഫലം ചെയ്യാറുണ്ട്. എന്നാലിത്തരം പ്രയോഗങ്ങള്‍ വ്യക്തമായ വൈദ്യ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാന്‍ പാടുള്ളു.

ഒരു പക്ഷെ വായുവും ജലവും മണ്ണും ഒക്കെ കൂടുതല്‍ മലിനമാക്കപ്പെടുന്ന ഈയൊരു കാലഘട്ടത്തിലാണ് രാസ്നാദി ചൂര്‍ണ്ണത്തിന് മുമ്പത്തെക്കാള്‍ പ്രസക്തി വരുന്നത് എന്ന് പറയേണ്ടിവരും. ഇന്ന് കൊച്ചുകുട്ടികള്‍ പോലും അലര്‍ജ്ജി,ആസ്ത്മ, മൈഗ്രൈന്‍ തുടങ്ങിയ വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. എന്നാല്‍ ഒരു കാലഘട്ടം വരെ ഇത്തരം അസുഖങ്ങളെ പിടിച്ചുകെട്ടാന്‍ രാസ്നാദി ചൂര്‍ണ്ണം പോലുള്ള ഔഷധക്കൂട്ടുകള്‍ക്ക് സാധിച്ചു എന്നത് നാം പുനര്‍ചിന്തനം ചെയ്യേണ്ടതുണ്ട്. ഇത്തരം ശീലങ്ങളെ നമ്മുടെ പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ നാം ശ്രദ്ധാലുക്കളാകണം. അതുവഴി അവരുടെ ആരോഗ്യവും സംരക്ഷിക്കപ്പെടാന്‍ കഴിയട്ടെ.