തണ്ണിമത്തന്‍ കൃഷി കേരളത്തില്‍ സജീവമാകുന്നു

Watermelon-cultivation-Kerala

അന്തരീക്ഷ ഊഷ്മാവ് ഉയരുകയും മഴ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യാപകമായി കൃഷി ചെയ്യാവുന്ന വിളയാണ് തണ്ണിമത്തന്‍. നവംബര്‍മുതല്‍ ഏപ്രില്‍വരെ തണ്ണിമത്തന്‍ക്കൃഷിക്ക് ഏറെ യോജ്യമാണ്. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ഈ കൃഷി അടുത്തകാലത്ത് കേരളത്തില്‍ സജീവമായിട്ടുണ്ട്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഭൂമിയില്‍, മണ്ണിളക്കമുള്ള എല്ലാ പ്രദേശത്തും തണ്ണിമത്തന്‍ വളരും. അമ്ലരസം കൂടുതലുള്ള മണ്ണില്‍പ്പോലും തണ്ണിമത്തന്‍ നന്നായിവളരും.

നടീല്‍ രീതി

ഭൂമി കിളച്ച് നടീല്‍പരുവമാക്കി മാറ്റണം. പ്രസ്തുത ഭൂമിയില്‍ 50 സെ. മീ. നീളത്തിലും 50 സെ. മീ. വീതിയിലും 40 സെ. മീ. താഴ്ചയിലുമായി കുഴിയെടുക്കണം. കുഴിയില്‍ ചാണകവളം (4 കിലോ) 200 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, കരിയിലകള്‍ എന്നിവ ഇട്ട് ഇളക്കിക്കൊടുത്ത് മണ്ണിട്ടുമൂടണം. പ്രസ്തുത കുഴിയുടെ മുകളില്‍ തടംകോരി അഞ്ചോ പത്തോ തണ്ണിമത്തന്‍വിത്ത് നടണം. നനച്ചുകൊടുത്താല്‍ മൂന്നോ നാലോ ദിവസംകൊണ്ട് മുളവരും. ആരോഗ്യമുള്ള മൂന്ന്/നാല് തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ പിഴുതുകളയണം.ചെടിക്ക് മൂന്നോ നാലോ ഇല വരുമ്പോള്‍ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്, 2 കിലോ മണ്ണിരവളം എന്നിവ ചേര്‍ത്തുകൊടുക്കണം.
ചെടി പടര്‍ന്നുവളരാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ തെങ്ങോലകളോ വൃക്ഷചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട് തണ്ണിമത്തന്‍ വള്ളികള്‍ക്ക് നേരിട്ട് ബാധിക്കാതിരിക്കാന്‍ ഇതു സഹായകമാകും.

വിത്തുനട്ട് 35 – 40 ദിവസം കഴിയുമ്പോഴേക്കും പൂക്കള്‍ വിരിഞ്ഞുതുടങ്ങും. ആണ്‍പൂക്കളാണ് ആദ്യം വിരിയുക. അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും. ഒരാഴ്ചയ്ക്കകം പെണ്‍പ്പൂക്കള്‍ വിരയും. കീടശല്യം തടയാന്‍ കീടകെണി ഉപയോഗിക്കാവുന്നതാണ്. ശക്തമായ കീടാക്രമണം ഉണ്ടാവുകയാണെങ്കില്‍ കാര്‍ബറില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി ഉപയോഗിക്കാവുന്നതാണ്.

ഇനങ്ങള്‍

നാടന്‍ ഇനങ്ങള്‍ പക്കീസ്, നാമദാരി ഇവ പ്രാദേശികമായി ഇപ്പോള്‍ ലഭ്യമാണ്. ഇറാനിയന്‍ ഇനമായ കിരണ്‍ (സിന്‍ഗദ) രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകള്‍ വികസിപ്പിച്ച മധുമിലന്‍, ജഗങ 1, ഷുഗര്‍ബേബി, ദുര്‍ഗാപുര മീഠ, അര്‍ക്കാമാനിക്ക് എന്നിവ വിപണിയില്‍ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ വിത്തുവിതരണ കേന്ദ്രങ്ങളില്‍ തണ്ണിമത്തന്‍വിത്തുകള്‍ ലഭ്യമാണ്.