വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നതു ചിലര്‍
കുങ്കുമത്തിന്‍റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെഗര്‍ദഭംڈ
സര്‍വ്വജ്ഞ ഭാവത്തോടെ അഹങ്കരിച്ചു നടക്കുന്നവരുടെ കരണത്തുകൊടുക്കുന്ന പ്രഹരമാണ് പൂന്താനത്തിന്‍റെ വരികള്‍.
പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ഉത്തരാദ്ധത്തിലും പതിനാറാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തിലുമായി ജീവിച്ച മഹാകവി പൂന്താനത്തിന്‍റെ കൃതികള്‍ പൊതുവിലും ‘ജ്ഞാനപ്പാന’ വിശേഷിച്ചും വര്‍ത്തമാനകാലത്ത് എത്രമാത്രം പ്രസക്തമാണ്!. തല്‍ക്കാലത്തെ രചന, പില്‍ക്കാലത്തേക്ക് സര്‍വാതിശയമായി തലപ്പൊക്കത്തില്‍ വിരാജിക്കുന്നതിന്‍റെ രഹസ്യമെന്താണ്? നൈസര്‍ഗികമായ പ്രതിഭ. മറ്റെന്തൊക്കെ കാവ്യഹേതുക്കള്‍ ഉണ്ടെങ്കിലും ‘പ്രതിഭ’ ഇല്ലാത്ത കവികര്‍മം സചേതനമാവില്ല. പാണ്ഡിത്യപ്രകടനമോ, ശബ്ദഘോഷമോ, കല്പനകളിലെ ദുരൂഹതയോ, ഒരു വിധമായ സങ്കീര്‍ണതകളോ കൂടാതെ ജീവിതത്തെ അതിന്‍റെ ത്രിമാനക്കാഴ്ചകളാക്കി അനുവാചകമനസ്സിലെത്തിക്കുകയാണ് പൂന്താനം ചെയ്തത്. ജ്ഞാനപ്പാന, സന്താനഗോപാലംപാന, ഭഷാ കര്‍ണാമൃതം മറ്റു സ്ത്രോത്ര കൃതികള്‍ തുടങ്ങിയവ മുഴുവന്‍ കൃതികളിലും ലളിതകോമളമായ ഭാഷാശൈലിയുടെ വേദാന്തചിന്തയുടെ സാരസത്വം പകര്‍ന്നുകൊടുക്കുകയായിരുന്നു പൂന്താനം.
ڇസ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മതമത്സരം ചിന്തിച്ചുചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍ڈ
അടിമഉടമവ്യവസ്ഥയിലും ജന്മിനാടുവാഴിവ്യവസ്ഥയിലും രാജാധിപത്യത്തിലും ജനാധിപത്യത്തിലും അധികാരഗര്‍വ് മൂത്ത് മതികെട്ടു നടക്കുന്നതിനെ, ക്രാന്തദര്‍ശിയായ കവി വാക്കുകള്‍ കൊണ്ട് പരിഹസിക്കുന്നു. ജീവിതം നശ്വരമാണ്, ഭൗതിക നേട്ടങ്ങള്‍ നശ്വരമാണ്. ജീവിതത്തിനിടയില്‍ നാം പുലര്‍ത്തുന്ന സാഹോദര്യവും, പാരസ്പര്യവും സ്നേഹവിശ്വാസങ്ങളും അതില്‍ നിന്നുമുയിരെടുക്കുന്ന അനുഭൂതികളുമാണ് കാമ്യമായിട്ടുള്ളത്. മനുഷ്യന്‍റെ നന്മയ്ക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ നമ്മളുണ്ടാക്കിയചിന്താപദ്ധതികളും, കാഴ്ചപ്പാടുകളും ഒരുമയുടെ പെരുമഘോഷിക്കാനാണ്. വിഭാഗീയതയും, അസഹിഷ്ണുതയും സാംസ്കാരികജീവിതത്തിലെ വിഷധൂളികളാണ്. ഇക്കാലത്ത് ആധുനികമനുഷ്യന്‍ പരിഷ്കൃത സമൂഹം എന്നൊക്കെ പറയുന്നതില്‍ അല്പം എന്നല്ല വലിയ പിശകു തന്നെ ഉണ്ടെന്ന് കാണണം. സ്വന്തം മാതാപിതാക്കളെ സൗകര്യങ്ങളുണ്ടായിട്ടും അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പുതിയ കാലത്തോട് ജ്ഞാനപ്പാന ഉറക്കെ ഉറക്കെ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു.
ڇഅമ്മക്കും പുനരച്ഛനും ഭാര്യക്കും
ഉണ്ണാന്‍ പോലും കൊടുക്കുന്നില്ല ചിലര്‍
അഗ്നിസാക്ഷിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍ڈ
താന്‍ കഴിയുന്ന സമുദായത്തിലെ അധഃപതനവും ജീര്‍ണ്ണതയും തന്‍റെ സര്‍ഗാത്മക രചനയ്ക്ക് വിഷയമാക്കിയത് നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എത്രയധികം കാലിക പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. പൂന്താനത്തിന്‍റെ കാവ്യങ്ങളെ ‘ഭക്തിസാഹിത്യം’ എന്നു പറഞ്ഞത് ഗുണപരതയില്‍ ഒരു മാനം കുറച്ചു കാണുന്നവരോട് സ്വന്തം അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങള്‍ പരിഷ്ക്കരിക്കുക എന്നു മാത്രമേ പറയേണ്ടതുള്ളൂ.
ഭക്തി എന്നത് പൂന്താനത്തെ സംബന്ധിച്ച് പരമമായ ജ്ഞാനമാണ്. നമ്മുടെ ഇതിഹാസപുരാണങ്ങളും വേദോപനിഷത്തുക്കളും ഉദ്ഘോചിച്ച അദ്വൈതചിന്ത പൂന്താനത്തിന്‍റെ കൃതികളില്‍ തെളിഞ്ഞ് നില്‍പ്പുണ്ട്. അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാത്ത മനുഷ്യനോട് കവി നേരെ ചൊവ്വേ പറഞ്ഞുകൊടുക്കുന്ന ഒരു കാര്യമുണ്ട്.’കൂടെയല്ലാ പിറക്കുന്ന നേരത്തും കൂടെയല്ലാ മരിക്കുന്ന നേരത്തും ‘അല്ലയൊ സഹജാതരെ, ജനനമരണങ്ങളില്‍ ആരും ഒന്നിച്ചായിരുന്നില്ല അതുകൊണ്ട് നാം വെറുതെ എന്തിനു മത്സരിക്കുന്നു?’ എന്ന ചോദ്യം ഉത്തരം പ്രതീക്ഷിച്ചില്ല. അനിഷേധ്യമായ സര്‍വകാലിക പ്രസക്തിയുള്ള ഒരു ദര്‍ശനത്തെ മുന്നോട്ടു വയ്ക്കുകയാണ്.
ജ്ഞാനപ്പാനയില്‍ പുനര്‍ജന്മ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നു എന്നും നാമ സങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നു എന്നും മറ്റും അക്ഷേപിക്കുന്നവരോട് ഒരൊറ്റ മറുചോദ്യമേയുള്ളൂ. പൂന്താനം ഒരു കവിയും ജ്ഞാനപ്പാനപോലുള്ള കൃതികള്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായ സാഹിത്യവും ആണ്. കവിക്ക് പറയാനും പങ്കു വെക്കാനും ഒരു കാര്യമുണ്ടാവുക, അതു സ്വന്തം കവനകലാചാതുരിയില്‍ അവതരിപ്പിക്കുക. പിന്നീട് അനുവാചകന് ഒരു ധര്‍മമുണ്ട്. താന്താങ്ങളുടെ മനോവ്യാപാരത്തിനും പ്രതിഭക്കുമനുസരിച്ച് അവയെ സമീപിച്ച് കാവ്യരസം നുകരുക, വെച്ചുണ്ടാക്കിയത് മുഴുവന്‍ കഴിക്കണമെന്നല്ല, വേണ്ടുന്നത്ര നമുക്കതില്‍ നിന്ന് എടുത്ത് കഴിക്കുക. കവി കല്പനകളുടെ ശക്തി സൗന്ദര്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ കളങ്കലേശമില്ലാത്ത സ്ഫടിക സമാനമായ മനോനിലയോടെ ഭാവകന്‍ കൃതിയെ സമീപിക്കണം. വാക്കുകളുടെ കേവലാര്‍ത്ഥത്തെ കൈവിട്ട് അവയില്‍ നിന്ന് ലഭിക്കുന്ന അന്യാര്‍ത്ഥമോ വ്യംഗ്യാര്‍ത്ഥമോ ആയിരിക്കും കവിതയുടെ ചൈതന്യമായി നിലകൊള്ളുന്നത്. അവിടേക്ക് എത്തിച്ചേരാന്‍ ആസ്വാദകന് സാധിക്കുമ്പോഴാണ് കവി സഹൃദയസംവാദം നടക്കുന്നത്.
പൂന്താനത്തിന്‍റെ കാവ്യങ്ങള്‍ ഉദാത്തമായ ജീവിതദര്‍ശനത്തെ മാനവികതയുടെ ഉണ്മയെ അനുവാചകലോകത്തിന് പാടികേള്‍പ്പിക്കാനുള്ളതാണ് ഞാനെന്നും എന്‍റെ ധനമെന്നും. എനിക്കുള്ള സ്ഥാനമാനങ്ങളെന്നും ചിന്തിച്ച് തന്നിലേക്ക് ചുരുങ്ങുന്നവരുടെ അകക്കണ്ണ് തുറപ്പിക്കാനുള്ളതാണ്. ഭൗതികമായ സുഖാന്വേഷണത്തിലും ധനസമ്പാദനത്തിലും മുഴുകി ജീവിതത്തിന്‍റെ ആത്യന്തികമായ നന്മയെ കളഞ്ഞുകുളിക്കരുത്. പൂന്താനം കൃതികളുടെ ഭാവഭംഗി ആസ്വദിക്കാന്‍ പാണ്ഡിത്യമല്ല, നിര്‍ലോപമായ മനോനില ഒന്നുമാത്രമാണ്.
ڇഇന്നലെയോളമെന്തന്നറിഞ്ഞീല
ഇന്നി നാളെയുമെന്തന്നറിഞ്ഞീലڈ
എന്ന് ജീവിതത്തിന്‍റെ അജ്ഞതയെ വ്യക്തമാക്കുമ്പോഴും മനുഷ്യാവസ്ഥയുടെ ക്ഷണികതയെക്കുറിച്ച് കൃത്യമായ പാഠങ്ങള്‍ പഠിപ്പിക്കുകയാണ്.
ڇനീര്‍പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തിരിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമിതെന്നേ പറയാവൂڈ
ഇതില്‍പ്പരം ലളിതമായി ജീവിതത്തിന്‍റെ ക്ഷണിതയെ എങ്ങനെ പറയാനാവും? തനിക്കു പങ്കുവെക്കാനുള്ള പരമജ്ഞാനം സമര്‍ത്ഥിക്കുമ്പോഴും ഇതിനുപയോഗിക്കുന്ന ഭാഷയുടെ സാരള്യവും അകൃത്രിമത്വവും ചേതോഹരമാണ്. ജ്ഞാനപ്പാനയുടെ പാരായണാനുഭവം അതല്ലെങ്കില്‍ ശ്രവണാനുഭവം വ്യക്തിയുടെ ചിത്തവൃത്തിയില്‍ വിമലിനീകരണം നടത്തുന്നു.ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വേലിയേറ്റം തന്നെ നടത്തുന്ന ഇക്കാലത്ത് മനുഷ്യ ജീവിതത്തില്‍ പുത്തന്‍ സമസ്യകളും തിരതള്ളി വന്നുകൊണ്ടിരിക്കുന്നു. നരജീവിതത്തിലെ വേദനയുടെ ഔഷധം തേടിയുള്ള പ്രയാണത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യന്‍.
പുതിയ ദര്‍ശനങ്ങളും പുത്തന്‍ പദ്ധതികളും നൂതനസംരഭങ്ങളുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ വേദനാനിര്‍മാര്‍ജനത്തിന്‍റെ ഭാഗമായാണ്. ‘ബ്രഹ്മസത്യം ജഗന്മിഥ്യ’ എന്ന അദ്വൈതദര്‍ശനത്തിന്‍റെ സത്താപരമായ പ്രതിഫലനം ജ്ഞാനപ്പാനയില്‍ ഉടനീളം നിഴലിക്കുന്നു. ആനന്ദംപൂണ്ടു ബ്രഹ്മത്തില്‍ ചേരുവിന്‍ എന്നു തന്നെ പൂന്താനം ആവശ്യപ്പെടുന്നു. മനസ്വാസ്ഥ്യമാണ് ചികിത്സ എന്നു ആയുര്‍വേദം പറഞ്ഞതിന്‍റെ സാരവും ഇതാണ്. ശാസ്ത്രീയമായ പഠന ഗവേഷണങ്ങള്‍ മനസ്സിന്‍റെ അപാരശക്തിയെക്കുറിച്ച് വലിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നു. മനസ്സിനെ അനന്ദമായി അലയാന്‍ വിടുകയല്ല മറിച്ച് മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലാണ് വിജയരഹസ്യമുള്ളത്. ‘പ്രസാദേ സര്‍വ്വദുഃഖാനാം ഹാനി’ എന്നു ഗീത പറയുന്നതിന്‍റെ താത്പര്യം ഇതു തന്നെ ലോകഗതി ഉള്‍ക്കൊണ്ട മനുഷ്യന് ആത്മശക്തിയില്‍ അഭയം കണ്ടെത്താന്‍ കഴിയും. ചിത്തശുദ്ധിര്‍വിനാമുക്തി- മനശുദ്ധിയിലാണ് ദു:ഖനിവൃത്തി കൈവരിക. മനസ്സിനെ വിമലീകരിക്കാന്‍ ജ്ഞാനപ്പാനയെന്ന ലഘുകൃതിക്കുള്ള ശക്തിവിശേഷം അനാദൃശ്യമാണ്. ഭാഷയില്‍ യാതൊരു ആര്‍ഭാടങ്ങള്‍ക്കും ഇടകൊടുക്കാതെ മനുഷ്യപറ്റിന്‍റെയും മഹത്വസങ്കല്പത്തിന്‍റെയും ഗാഥയാണ് ജ്ഞാനപ്പാന. സാധാരണക്കാരന്‍റെ ദാര്‍ശനികകാവ്യം. ‘മതിയുണ്ടങ്കിലൊക്കെ മതിയിത്’ എന്നു പറയാന്‍ കൂടി കാവ്യത്തിന്നൊടുവില്‍ കവി പരിശ്രമിച്ചു.
തനിക്കുള്ള ബോധവും തന്‍റെ ബോദ്ധ്യവും കാവ്യത്തില്‍ പ്രഖ്യാപിച്ചതിനുശേഷം മതിയുള്ളവര്‍ക്കിത്രയും മതി എന്ന ക്രോഡീകരണത്തോടെ ചരുക്കുന്നു. മനുഷ്യനെ സദാചാരവഴിയില്‍ കൈപിടിച്ചു നടത്താന്‍ മുക്തിയുടെ പാതകാട്ടിക്കൊടുക്കാന്‍ ‘ഭക്തി’യാണ് നല്ലത് എന്ന നിരീക്ഷണമായിരുന്നു ഭക്തിപ്രസ്ഥാനത്തിന്‍റെ ഹേതു. ഇരുള്‍ മൂടിയ വഴിയിലൂടെ അപഥസഞ്ചാരത്തിലേര്‍പ്പെട്ട ജനതയെ സദാചാരനിഷ്ഠരാക്കാനും സച്ചിന്തയിലേക്ക് നയിക്കാനുമായിരുന്നു കവിയുടെ സാഹിത്യസപര്യ. ‘ചക്ഷുശ്രവണഗളസ്ഥമാംദര്‍ദൂരം’ ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെയാണ് ക്ഷണഭംഗുരമായ ജീവിതത്തില്‍ വീണ്ടും വീണ്ടും സുഖം തേടുന്നത്. എന്നും എഴുത്തച്ഛന്‍ പറഞ്ഞു.പൂന്താനം ഇതേ കാര്യം വേറൊരു മട്ടില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഓണം, വിഷു, പിറന്നാള്‍, ഉണ്ണി, നിലം തുടങ്ങിയ ആശംസകളാകുന്ന പാശങ്ങള്‍ നീണ്ടുനീണ്ടു പോകവേ എല്ലാം ആകസ്മികമായി അവസാനിക്കുന്നു.
ڇഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ ശിവڈ
മനുഷ്യ മനസ്സുകളെ ആയിരത്താണ്ടു വര്‍ഷങ്ങളായി ഈ മനോഹരകാവ്യത്തിലൂടെ നവീകരിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും നല്ല പടയാളിക്ക് ഏറ്റവും നല്ല കുതിര വേണം എന്നും പറയാറുണ്ട്. സര്‍ഗധനനായ ഭാവനാസമ്പന്നനായ പൂന്താനത്തിന്‍റെ കാവ്യഭാഷ അനുകരണീയമാണ്. സാമാന്യജനങ്ങളുടെ സാംസ്കാരിക നിലവാരം വളര്‍ത്താനും ഉയര്‍ത്താനും കുഞ്ചന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടിയതുപോലെ ‘ചാരുകേരളഭാഷയാണുചിതം’ എന്നു പൂന്താനം ദീര്‍ഘദര്‍ശനം നടത്തി. കാളിദാസന്‍ വിക്രമോര്‍വശീയം നാടകത്തില്‍ ഇങ്ങനെ പറയുന്നു.
ڇപുരാണമിത്യേവ ന സാധു സര്‍വം
ന ചാപി കാവ്യം നവ മിത്യവദ്യം
സന്ത: പരീക്ഷ്യന്യതരന്‍ ഭജന്തെ
മൂഢ: പര പ്രത്യയനേയ ബുദ്ധിڈ
പഴയതെല്ലാം മോശം, പുതിയതെല്ലാം നല്ലത് എന്ന മട്ടില്‍ തീരുമാനിക്കുന്നത് യുക്തി സഹമല്ല. വിവേകശാലികള്‍ കാര്യങ്ങള്‍ പഴയതും പുതിയതുമെല്ലാം വിവേചിച്ചറിയണം. ജ്ഞാനപ്പാന എന്ന കാവ്യ കൃതി പ്രസരിപ്പിക്കുന്ന നന്മയുടെ ഊര്‍ജം സഹൃദയസമൂഹത്തിന് എന്നും കരുത്തും പകരും.