പുറത്ത് ഇടതടമില്ലാതെ മഴ പെയ്തു തകര്‍ക്കുമ്പോള്‍ പഥ്യത്തിലും ചിട്ടകളിലും ശ്രദ്ധിച്ചുകൊണ്ട് ദേഹരക്ഷയ്ക്കുവേണ്ട ആയുര്‍വേദ ചികിത്സയ്ക്കു വിധേയരാകുന്നവരുടെ എണ്ണം മുമ്പെന്നത്തേക്കാളും കൂടുതലാണിന്ന്. സാമ്പത്തിക നിലവാരമനുസരിച്ച് ആളുകള്‍ എത്തിച്ചേരുന്ന ചെറിയ വൈദ്യശാലകള്‍ മുതല്‍ മുന്തിയ അഡംബരആയുര്‍വേദ റിസോര്‍ട്ടുകള്‍ വരെ സുഖചികിത്സാസൗകര്യങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു.
ടൂറിസം വികസനത്തിന്‍റെ കേരളീയചിത്രങ്ങളിലൂടെയാണ് ഇന്ന് ആയുര്‍വേദം ഏറ്റവും കൂടുതലായി പ്രചരിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തി പ്രകൃതിയുടെ നിര്‍മ്മലതയില്‍ കനിഞ്ഞിറങ്ങുന്ന ഔഷധങ്ങളിലൂടെ ആരോഗ്യം ആവോളം ശേഖരിച്ച് ഒരു പുനര്‍ജ്ജനിയുമായി തിരിച്ചുപോവുകയെന്നത് ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരമാണ്. പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്‍റെ വരവ് ഉയര്‍ത്താനും ഒട്ടേറെപ്പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും ആയുര്‍വേദത്തിന് പ്രചാരം ലഭിക്കാനുമൊക്കെ ഇത് വളരെ ഫലപ്രദമാണെങ്കിലും ഈ അവസരം ചൂഷണം ചെയ്യാനായി മത്സരിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍, നിയമസാധുതയോ ശാസ്ത്രീയമാനദണ്ഡമോ ഇല്ലാതെ പെരുകി വരുന്ന സാഹചര്യം ആയുര്‍വേദത്തിനു തന്നെ പേരുദോഷം വരുത്തുന്നത് ദു:ഖകരമാണ്.
ആയുര്‍വേദമെന്നാല്‍ പതഞ്ഞുനിറയുന്ന സോപ്പും അര്‍ദ്ധനഗ്നയായ മദാമ്മയുടെ നെറ്റിയിലൂടെ ഒലിഞ്ഞിറങ്ങുന്ന തൈലവും ഒരു മാസത്തെ പിഴിച്ചിലില്‍ പാക്കേജും കര്‍ക്കിടത്തിലെ ദിവ്യൗഷധമായ കഞ്ഞിയുമാണെന്ന് ധരിച്ചുവശായ ജനങ്ങളെ, ഇതിന്‍റെ തത്ത്വശാസ്ത്രപശ്ചാത്തലവും ലാളിത്യവും സമഗ്രചികിത്സാസമീപനവുമൊക്കെ ബോധവല്‍ക്കരിക്കുകയെന്നത് വലിയൊരു കടമ്പ തന്നെയായി മാറിയിരിക്കുന്നു.
പരസ്യത്തിന്‍റെ അതിപ്രസരം
നിയമത്തിന്‍റെയും ധാര്‍മ്മികതയുടെയും എല്ലാ അതിരുകളും വിട്ട് മാധ്യമങ്ങളില്‍ ആയുര്‍വേദ പരസ്യങ്ങള്‍. ചികിത്സകന്‍റെ പേരുവെച്ചുകൊണ്ടും, പൂര്‍ണ്ണമായും ചികിത്സിച്ചുമാറ്റാമെന്ന വാഗ്ദാനം നല്‍കിയും അത്ഭുതമരുന്നുകളുടെ സിദ്ധി പറഞ്ഞും പരസ്യം കൊടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും പല പ്രസിദ്ധീകരണങ്ങളുടെയും ഭൂരിഭാഗം കയ്യടക്കുന്നത് ഇത്തരം ആയുര്‍വേദ പരസ്യങ്ങളാണ്. രോഗശാന്തിക്കായി ഏറ്റവും യോജിച്ച വഴിയന്വേഷിച്ചുകൊണ്ടിരിക്കുന്നവരുടെ തളര്‍ന്ന മനസ്സിനെ ഏറ്റവും നന്നായി ആകര്‍ഷിക്കുന്ന ചിത്രങ്ങളും പരസ്യങ്ങളും ആരു കൊടുക്കുന്നുവോ അവരാണ് വിപണിയിലെ രാജാക്കന്മാര്‍. ‘രോഗം’ എന്ന ദു:ഖകരമായ അവസ്ഥയെ മികച്ച ഒരു കച്ചവടചരക്കാക്കുന്ന വ്യവസായത്തില്‍ ആയുര്‍വേദവും പങ്കുചേര്‍ന്നിരിയ്ക്കുന്നു. അന്യന്‍റെ ദു:ഖം പോലും തന്‍റെ ദു:ഖമായി കണ്ട് പ്രതിഫലേഛ കൂടാതെ ചികിത്സിക്കാന്‍ ഉപദേശിച്ച ആര്‍ഷപൈതൃകം വിസ്മൃതിയാവുകയാണ്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെയും കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വന്‍ വ്യവസായ ശ്രേണിയിലേക്ക് എളിയ കാല്‍വെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് നാം.
ജോലിയുടെ സ്വാഭാവവും ഭക്ഷണക്രമവും മാറ്റാതെ തന്നെ, ചില പ്രത്യേക കാലങ്ങളില്‍ നിങ്ങള്‍ ആയുര്‍വേദ പാക്കേജുകള്‍ക്ക് വിധേയരാവുകയാണെങ്കില്‍ ആരോഗ്യം സംരക്ഷിക്കപ്പെടുമെന്ന ബോധവല്‍ക്കരണമാണ് ആയുര്‍വേദത്തിന്‍റേതായി പ്രചരിക്കുന്നത്. എത്ര ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്കും വര്‍ഷത്തില്‍ ഒരു മാസം കൊണ്ട് ഉഴിഞ്ഞും പിഴിഞ്ഞും കളയാവുന്നതേയുള്ളൂ. രോഗസാധ്യതകള്‍ എന്ന സന്ദേശമാണിത് നല്‍കുന്നത്.
‘ജീവിതം ആസ്വദിക്കൂ…(ഒരു ഗുളിക) ശീലമാക്കൂ’ എന്നാണ് ഇന്ന് വിപണിയില്‍ നന്നായി വിറ്റഴിയുന്ന ആയുര്‍വേദ ഗുളികകളുടെ പരസ്യത്തില്‍ പറയുന്നത്. മദ്യവും മയക്കുമരുന്നുമെല്ലാം ആവോളം ആസ്വദിക്കുന്നതില്‍ തെറ്റില്ലെന്നും ആയുര്‍വേദ മരുന്ന് ശീലമാക്കിയാല്‍ മതിയെന്നുമാണ് ഉദ്ദേശിക്കുന്നത്. ഇതിലടങ്ങിയ സംസ്കാരം തന്നെയാണ് ഇന്നത്തെ ആയുര്‍വേദ പരസ്യങ്ങളുടെ മൊത്തത്തിലുള്ള മുഖംമൂടി.
ഇതോടനുബന്ധമായി കണേണ്ട മറ്റൊരു കാഴ്ച, യോഗ്യതയില്ലാത്ത ചികിത്സകരുടേയും ഉത്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ ക്രമാതീതമായ കടന്നുകയറ്റമാണ് മറ്റു ജോലികളൊന്നും കിട്ടാതെ വരമ്പോള്‍ കുറച്ച് നമ്പറുകളും മരുന്നുകളുമായി വന്‍ പരസ്യവും നല്‍കി ആയുര്‍വേദ ചികിത്സകരാവുന്നവര്‍ നിരവധിയാണ്. നിയമവ്യവസ്ഥയുടെയും സര്‍ക്കാറിന്‍റെയും നിയന്ത്രണങ്ങളെ വക വെക്കാതെ ആയുര്‍വേദത്തിന്‍റെ ലേബലില്‍ ഇത്തരക്കാര്‍ കാട്ടുന്ന പേക്കൂത്തുകള്‍ ശാസ്ത്രത്തിനു തന്നെ പേരു ദോഷം വരുത്തി വെക്കും.
സുഖ ചികിത്സയുടെ കാലം
കര്‍ക്കിടകക്കഞ്ഞിയുടെയും തൈലത്തോണിയുടെയും കാലമാണിത്. പരമ്പരാഗതമായി പ്രചരിച്ചുവന്ന ആരോഗ്യരക്ഷാ പദ്ധതികളില്‍ സുഖചികിത്സ പ്രസക്തമാണെങ്കിലും ഇന്ന് പ്രചരിയ്ക്കുന്ന ദീര്‍ഘകാല ഉഴിച്ചിലില്‍ പാക്കേജോ ധാരയോ അല്ല ഇതിന്‍റെ ശാസ്ത്രീയ മുഖം. ആയുര്‍വേദത്തിലെ ചില തത്വങ്ങള്‍ പ്രയോജനപ്പെടുത്തി, ശരീരത്തിന്‍റെ ഊര്‍ജ്ജസംരക്ഷണത്തിനായി ചെയ്യുന്ന ജീവിത ക്രമങ്ങളും ചികിത്സകളുമൊക്കെയടങ്ങിയതാണ് സുഖചികിത്സയെന്ന് പറയാം. വര്‍ഷകാലം പൊതുവെ പിത്തചയത്തിനും വാതകോപത്തിനും സാധ്യത കൂടിയ കാലമായതുകൊണ്ട് ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് അവയെ നിയന്ത്രിച്ചു നിര്‍ത്താനായി എണ്ണതേച്ചു വിയര്‍പ്പിക്കുന്നതും നന്നായി ശോധന വരുത്തുന്നതും ആവശ്യമാണ്. ദഹനശേഷി സംരക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗ പ്രതിരോധശേഷിയുയര്‍ത്താനും ധാതുക്കളെ ഊര്‍ജ്ജവത്താക്കാനുമൊക്കെയുള്ള ഔഷധങ്ങള്‍ നന്നായി ആഗിരണം ചെയ്യപ്പെടാനും ഈ കാലം അനുകൂലമാണ്. ശാരീരികവും മാനസീകവുമായ ശുചിത്വം ജീവിതക്രമത്തിലെല്ലാം കൂടിയേതീരൂ. ഇത്തരം ആയുര്‍വേദ തത്ത്വങ്ങള്‍ പ്രാവര്‍ത്തികതലത്തിലെത്തിക്കുമ്പോള്‍ ഓരോ സമൂഹത്തിലും അതിന് വെവ്വേറെ രൂപവും ഭാവവും പകര്‍ന്നു നല്‍കേണ്ടത്, അത് കൈകാര്യം ചെയ്യുന്നവരാണ്. ഇത് ഏറ്റവും രാജകീയമാക്കി, ചെലവേറിയ ചികിത്സാ പാക്കേജിന്‍റെ രൂപത്തിലും, മറിച്ച് ലളിതവും നിയന്ത്രിതവുമായ ചില ജീവിതക്രമങ്ങളുടെ രൂപത്തിലും നടത്താവുന്നതാണ് എന്നര്‍ത്ഥം. അനാവശ്യവും അശാസ്ത്രീയവുമായ തിരുമ്മല്‍ ചികിത്സകള്‍ ഗുണത്തിലേറെ ദോഷം ചെയ്യുന്ന അനുഭവങ്ങളുമുണ്ട്. ഹോട്ടലില്‍ ചെന്ന് ഭക്ഷണ മെനു തെരഞ്ഞെടുക്കും പോലെ വ്യക്തികള്‍ക്ക് സ്വയം തെരഞ്ഞെടുക്കാവുന്ന സുഖ ചികിത്സാ പേക്കേജുകള്‍ റിസോര്‍ട്ടുകളിലും മറ്റും സുലഭമാണ്. ഓരോ ശരീരപ്രകൃതിക്കും പറ്റിയ രീതികള്‍ വ്യത്യസ്തമാണെന്നോ പലതും പലര്‍ക്കും ആവശ്യമില്ലാത്തതാണെന്നോ ഉള്ള വിവേകം പോലും ഇവിടങ്ങളില്‍ കാണിക്കാറില്ല.
തെറ്റായ ചികിത്സകള്‍ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചവിട്ടുപടികള്‍ കൂടിയാണെന്ന കാര്യം എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്ന്.