കാളിദാസന്‍റെ നാടകത്രയത്തിലെ അഭിജ്ഞാനശാകുന്തളത്തെക്കുറിച്ച് അല്പം പറഞ്ഞ് നാടക ചര്‍ച്ച അവസാനിപ്പിക്കാം. ഇതിലെ കഥ സര്‍വ്വവ്യാപിയാണ്. ഗാന്ധര്‍വ്വ വിവാഹം എല്ലാവരും കേട്ടിട്ടുണ്ട്. പരിത്യക്തയാകുന്ന ശകുന്തള തന്‍റെ കൈവശമുള്ള അടയാളമോതിരത്തെക്കുറിച്ചുപറഞ്ഞതും അതു ദുര്‍വ്വാസാവിന്‍റെ ശാപം കാരണം നഷ്ടമായതും ഈ സമയം അശരീരിയായി ഇത് ദുഷ്യന്തന്‍റെ മകനും ഭാര്യയുമാണെന്ന് ബോധ്യപ്പെടുത്തുകയും ശകുന്തളയെ മകനോടുകൂടി ദുഷ്യന്ത്യന്‍ സ്വീകരിക്കുന്നിടത്ത്നാടകത്തിന്‍റെ പരിസമാപ്തിയും എല്ലാവര്‍ക്കും കേട്ടുകേള്‍വിയുണ്ട്.
ഇതിലെ ഓരോ അങ്കങ്ങളും ഓരോ തരത്തില്‍ പ്രധാനപ്പെട്ടതാണ്. ആദ്യം ദുഷ്യന്തന്‍റെ ആശ്രമപ്രവേശം. അന്നേരം ശകുന്തളയും തോഴിമാരും മരങ്ങളെയും ചെടികളെയും നനക്കുകയും കേടുവന്ന ഇലകളെ ഇല്ലാതാക്കുകയും അവയോടു സംസാരിക്കുന്നതുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഉദാത്തപ്രതീകമല്ലേ?
ശകുന്തള കണ്വമഹര്‍ഷിയുടെ വളര്‍ത്തുമകളാണെന്നും ചക്രവര്‍ത്തിയായ വിശ്വമിത്രന്‍റെയും മേനകയുടെ മകളാണെന്നും മനസ്സിലാക്കുന്ന രാജാവ് ഇവള്‍ രാജകുമാരിയാണെന്നും തനിക്കനുയോജ്യയാണെന്നും കരുതി എട്ടു വിവാഹരീതിയില്‍ ഒന്നായ ഗാന്ധര്‍വ്വവിധിപ്രകാരം വിവാഹം കഴിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അടയാളമായി രാജചിഹ്നമുള്ള മോതിരം ശകുന്തളക്ക് നല്കി ദുഷ്യന്തന്‍ തിരിച്ചുപോകുന്നു. ഉടനെ പരിവാരങ്ങളുമായി വന്ന് തന്‍റെ ഭാര്യയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകാമെന്ന വ്യവസ്ഥയോടെ. തിരിച്ച് ആശ്രമത്തിലെത്തിയ കണ്വമഹര്‍ഷി നടന്നതെന്തെന്ന് മനസ്സിലാക്കുകയും അനുഗ്രഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇവിടെ വാത്സല്യനിധിയായ ഒരച്ഛന്‍റെ മനസ് നമുക്ക് കാണാം. മകള്‍ അവര്‍ ഇഷ്ടപ്പെടുന്ന അവര്‍ക്ക് ചേര്‍ന്ന ഇണയെ കണ്ടത്തട്ടെ എന്ന വ്യംഗ്യമായ മനസ്സും ഇവിടെ കാണാം.
രാജധാനിയിലെത്തിയ ദുഷ്യന്തന്‍ ശകുന്തളയെ അന്വേഷിച്ച് വന്നില്ല. എന്നാല്‍ മകളെയും ദൗഹിത്രനേയും അവരുടെ രക്ഷാകര്‍ത്താവായ ഭര്‍ത്താവും അച്ഛനുനായ ദുഷ്യന്തനെ ഏല്പിക്കേണ്ടത് തന്‍റെ കര്‍ത്തവ്യമാണെന്നു മനസ്സിലാക്കിതന്നെയാണ് മുനികുമാരന്മാരെക്കൂട്ടി രാജധാനിയിലേക്കയക്കുന്നത്. സാധരണയായി അമ്മമാര്‍ പെണ്‍മക്കളെ ഭര്‍ത്താവിന്‍റെ വീട്ടിലേക്കയക്കുമ്പോള്‍ ഭര്‍ത്തഗൃഹത്തില്‍ പെരുമാറേണ്ട രീതി എങ്ങിനെയെന്ന് പറഞ്ഞുകൊടുക്കും. ഇവിടെ അമ്മയുടെ സ്ഥാനത്തുനിന്ന് കണ്വന്‍ അത് നിര്‍വ്വഹിക്കുന്നു. യാത്രക്കൊരുങ്ങുന്ന നാലാമങ്കത്തില്‍ നാലു ശ്ലോകങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് പണ്ഡിതമതം.
യാസ്യത്യഭ്യ ശകുന്തളേതി ഹൃദയം സംമ്പുഷ്ട മുത്കണ്വയാ
കണ്വ സ്തംഭിത ബാഷ്പവൃത്തികലുഷം ചിന്താജഡം ദര്‍ശനം
വൈക്ലബ്യം മമ താവതീദൃശമഹോസ്നേഹാഭരണണ്യഗ്രകസഃ
പിസ്യന്തേ ഗൃഹണിതം കഥംനു തനയാ വിശ്ലേഷ ദഖൈര്‍നവൈഃ
ഭര്‍ത്തൃഗൃത്തിലേക്കു പോകുന്ന ശകുന്തളയെ കാണുമ്പോള്‍ എന്‍റെ ഹൃദയം ഉത്കണ്ഠകൊണ്ട് തുടിക്കുകയും ഗദ്ഗദമുണ്ടാവുകയും ചെയ്യുന്നു. താപസിയായ എന്‍റെ ഹൃദയത്തിന് ഇങ്ങനെ നീറ്റല്‍ ഉണ്ടാകുമ്പോള്‍ ഓമനിച്ചുവളര്‍ത്തിയ മകളെ ഭര്‍ത്തൃഗൃഹത്തിലെക്കയക്കുമ്പോള്‍ ഗൃഹസ്തനായ ഒരു പിതാവിന്‍റെ അവസ്ഥ എന്തായിരിക്കും എന്ന് അദ്ദേഹം ചിന്തിക്കുന്നു.
രണ്ടാമതായി ആശ്രമപരിസരത്തുള്ള വൃക്ഷലതാതികളേയും പക്ഷിമൃഗാദികളെയും ശകുന്തള സംരക്ഷിച്ചതെങ്ങനെയെന്നു പറയുന്നതുകാണാം.
പാതും നപ്രഥമം വ്യവസ്യതി ജലം കലഷ്മാസ്വ പീതേഷ്ഠയാ
നാഭത്തേ പ്രിയമണ്ഡനാപി ഭവതാസ്നേഹേനയാ പല്ലവം
ആദ്യേവഃ കുസുമപ്രസൂതി സമയേ യസ്യാഭവത്യുത്സവഃ
മ്പ്യേയം യാതി ശകുന്തളാ പതിഗൃഹം സര്‍വ്വൈരനുജ്ഞായതാം.
ആശ്രമവാസികളായ മരങ്ങളേ, ചെടികളേ, പക്ഷികളേ, മൃഗങ്ങളേ, ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് വെള്ളം തരാതെ അവള്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാറില്ല. ഏതെങ്കിലും ഒരു ചെടിയിലോ വള്ളിയിലോ ആദ്യത്തെ പൂമൊട്ടുകള്‍ കണ്ടാല്‍ തുള്ളിച്ചാടി ഉത്സവപ്രതീതിയുണ്ടാക്കും. ഒരു പൂവുപോലും ഇറുക്കുകയില്ല. അങ്ങനെ സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ചുപരിപാലിച്ച ശകുന്തള ഭര്‍ത്തൃഗൃഹത്തിലേക്കു യാത്രയാകുന്ന അവളെ നിങ്ങള്‍ അനുഗ്രഹിച്ചാലും.
മൂന്നാമതായി മകള്‍ ഭര്‍ത്തൃഗൃഹത്തില്‍ എങ്ങനെ പെരുമാറണം എന്നാണ്.
ശുശ്രൂഷസ്വഗുരൂന്‍ ക്കുരുപ്രിയസഖീവൃത്തിംസപത്തീജനേ
ഭര്‍ത്തുര്‍ വിപ്രകൃതാഭിഃ രോഷണതയാ മാസ്മ പ്രദീപം ഗമഃ
ഭൂയിഷ്ടം ഭവ ദക്ഷിണാ പരിജനേ ഭാഗ്യേഷ്യനുത്സേകിനീ
യാന്ത്യേവം ഗൃഹിണീ പഭേയുവതയോ വാമാകുലസ്യാധയഃ
ഗുരുജനങ്ങളെ (ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ, മറ്റു ബന്ധുക്കള്‍ ഗുരുജനങ്ങള്‍ തുടങ്ങിയവരെ) ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷിക്കും. രാജാവിന് മറ്റു ഭാര്യമാരുണ്ടാകും അവരെ സപന്തികളെ സഖികളോടെന്നതുപോലെ സ്നേഹത്തോടെ പെരുമാറണം. ഭൃത്യജനങ്ങളില്‍ ദയയുണ്ടാകണം. ഇങ്ങനെയൊക്കെ ജീവിക്കുന്നവളാണ് വീടിന്‍റെ ഐശ്വര്യമായ ഗൃഹണിയാകുന്നത്. അല്ലാത്ത പക്ഷം വീടിനു ബാധിച്ച ദുര്‍ബാധപോലെ എല്ലാവരും നിന്ദിക്കും.
നാലാമത്തേത് തന്‍റെ ജാമാതാവിനോടുള്ളതാണ്. ഒരാള്‍ രാജാവായാലും അല്ലെങ്കിലും എങ്ങിനെയൊക്കെയായിരിക്കണം എന്നു സൂചിപ്പിക്കുന്നു.
അസ്മാന്‍ സാധു വിചിന്ത്യസംയമധനാന്യുച്ചൈഃ കുലംചാത്മനഃ
ത്വയ്യസ്യാഃ കഥമപ്യബാന്ധവകൃതാം സ്നേഹപ്രവര്‍ത്തിം ചതാം
സാമാന്യപ്രതിപത്തിപൂര്‍വ്വകമിയം ദാരേഷു ദൃശ്യാത്വയാ
ഭാഗ്യായത്ത മതഃ പരം നഖലു തദ്വാച്യം വധൂബന്ധുഭിഃ
തന്നത്താനറിയുക തന്‍റെ കുലത്തെക്കുറിച്ചറിയുക,തന്‍റെ സ്ഥാനവലുപ്പത്തെക്കുറിച്ചറിയുക. തപോവന വാസികളെക്കുറിച്ചറിയുക. ഭാര്യയെ സ്നേഹിക്കുക. ബഹുമാനിക്കുക. എന്നാല്‍ എല്ലാം ഭാഗ്യമായികലാശിക്കും. പിന്നെ എന്തുകാര്യമാണ് വധുവിന്‍റെ ബന്ധുക്കള്‍ പറഞ്ഞുതരേണ്ടതായിട്ടുള്ളത്.?
ഈ നാലു ശ്ലോകങ്ങളുടെയും മഹത്വം കണ്ടതുകൊണ്ടാണ് പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞത്.
കാവ്യേഷു നാടകം രമ്യം തത്രരമ്യാശകുന്തളാ
ശാകുന്തളേ ചതുര്‍ത്ഥോംഗഃ തരൂശ്ലോകചതുഷ്ടയം.
മഹാഭാരതത്തിലെ ചെറിയ ഒരു കഥാഭാഗം, നാടകീയ മുഹുര്‍ത്തങ്ങളും ഭാവനയും ചേര്‍ത്ത് കണ്ടെടുത്ത് ലോകപ്രശസ്തമാക്കിയ ശാകുന്തളം വായിക്കുന്നവര്‍ക്കു മനസ്സിലാകും. അതിലെ ഓരോ വരികളിലുമുള്ള ഭാഷാനൈപുണിയം വര്‍ണനാപാടവവും കാളിദാസന്‍റെ കഥാപാത്രങ്ങള്‍ മനുഷ്യമനസ്സുകളില്‍ നിറഞ്ഞു ജീവിക്കുകയാണ്.
അതുപോലെ എടുത്തുപറയേണ്ട ഒന്നാണ് അദ്ദേഹത്തിന്‍റെ ഉപമാലങ്കാരപ്രയോഗം. ശകുന്തയുടെ യാത്രാസമയത്ത്
ഉദ്ഗീര്‍ണ്ണഭര്‍ഭകവലാ മുഗീ പരിത്യക്തനര്‍ത്തനാം മയൂരി.
അപസരണപാണ്ടുപത്രാ മുഞ്ജത്യത്രൂണിവ ലേതാഃ
പേടമാന്‍ വായിലുള്ള ദര്‍ഭപുല്ല് ചവക്കാതെ അനങ്ങാതെ നില്ക്കുന്നു. പെണ്‍മയില്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തി ലതകള്‍ തന്‍റെ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരുന്നു; കണ്ണീര്‍ തൂകുന്നതുപോലെ ശകുന്തള യാത്രയാകുമ്പോള്‍ തോഴിമാരും ആശ്രമവാസികളും കണ്ണീരുപൊഴിക്കുന്നത് സ്വാഭാവികം. ലതക്ക് കണ്ണീരില്ലാത്തതിനാല്‍ ഇലകള്‍ പൊഴിക്കുന്നു. കണ്ണീരൊഴുക്കുന്നതുപോലെ. എത്ര മനോഹരമായ ഉപമ.
ബലദേവഉപാധ്യായ മഹാപണ്ഡിതന്‍ ശാകുന്തളത്തെക്കിറിച്ചു പറയുന്നതിങ്ങനെ.
വാസന്തം കുസുമം ഫലം ചകയുഹവത് ഗ്രീഷ്മസ്യ സര്‍വ്വംചയത്
യച്ചാന്യന്മനസോ രസായനമത: സന്തര്‍പ്പണം മോഹനം
ഏകീഭൂത മഭൂത പൂര്‍വ്വമഥവാ സ്വര്‍ലോകഭൂലോകായോഃ
ഐശ്വര്യം യഭി വാഞ്ചരസി പ്രിയസഖേ ശാകുന്തളം സേവ്യതാം.
പ്രിയസുഹൃത്തേ, വസന്തവും ഗ്രീഷ്മവും ഒരുമിച്ചനുഭവിക്കണമെങ്കില്‍ പൂവും കായയും ഒരേ സമയത്തുണ്ടാകുന്നത് കാണണമെങ്കില്‍ മനസ്സിനെ ഒരേ സമയംമോഹിപ്പിക്കയും രസിപ്പിക്കുകയും ചെയ്യണമെങ്കില്‍ സ്വര്‍ഗലോകവും ഭൂമിയും ഒരോപോലെ ഏകീകൃതമായി കാണണമെങ്കില്‍ അവിടങ്ങളിലുള്ള ഐശ്വര്യങ്ങള്‍ അനുഭവിക്കണമെങ്കില്‍ ശാകുന്തളത്തെ പഠിച്ചുകൊള്ളുക.
സാഹിത്യലോകവും സഹൃദയരും ഉള്ളിടത്തോളം കാലം കാളിദാസന്‍ എന്ന മഹാപ്രതിഭയും അദ്ദേഹത്തിന്‍റെ രചനകളും നിലനില്ക്കണമെന്നകാര്യത്തില്‍ സംശയലേശമില്ലതന്നെ.