വിദ്യാലയങ്ങളില്‍ നടക്കുന്നത് സോഷ്യല്‍ എന്‍ജിനീയറിംഗാണെന്നും അധ്യാപകര്‍ സോഷ്യല്‍ എന്‍ജിനീയര്‍മാരാണെന്നും സാധാരണ പറയാറുണ്ട്. ഭാവിസമൂഹത്തെ കരുത്തുറ്റതാക്കാനുള്ള വലിയ ലക്ഷ്യം വച്ചുകൊണ്ട് മനുഷ്യവിഭവശേഷീവികസന പ്രവര്‍ത്തനം നടക്കുന്ന കേന്ദ്രമായിട്ടാണ് വിദ്യാലയങ്ങളെ ഇവിടെ വിഭാവനം ചെയ്യുന്നത്.
ഭാവിസമൂഹവളര്‍ച്ചയ്ക്ക് കരുത്തു പകരുന്ന പൗരന്മാരായി കുട്ടികളെ പോഷിപ്പിച്ചെടുക്കാന്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കണമെന്നര്‍ഥം. എന്നാല്‍ ആളുകളുടെ വിദ്യാഭ്യാസയോഗ്യതയും അതുവഴി സമൂഹത്തില്‍ പ്രകടമാകേണ്ട മികവുകളും തമ്മില്‍ കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നത് വലിയ വൈരുധ്യമാണ്. ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തിലെ വിദ്യാലയങ്ങളില്‍ മുന്‍പറഞ്ഞ സോഷ്യല്‍ എന്‍ജിനീയറിങ്ങ് നടക്കുന്നതിന്‍റെ ഗുണതക്കുറവിലേക്കാണ്. അറിവിനപ്പുറം പ്രായോഗികജ്ഞാനത്തിലേക്കും സാമൂഹ്യതലത്തിലുള്ള മനോഭാവങ്ങളിലേക്കും വിദ്യാഭ്യാസം വേണ്ടത്ര വളരുന്നില്ല എന്ന ആശങ്കയാണ് ഇതുളവാക്കുന്നത്.
തൊണ്ണൂറുകളുടെ ഒടുവില്‍ ആരംഭിച്ച പാഠ്യപദ്ധതിപരിഷ്കരണം മുന്‍പറഞ്ഞ ലക്ഷ്യത്തിലേക്ക് വലിയ സാധ്യതകള്‍ തുറന്നിട്ടുണ്ട്. പാഠ്യപദ്ധതിലക്ഷ്യങ്ങളും പഠനനേട്ടപ്രസ്താവനകളും പഠനപ്രവര്‍ത്തനങ്ങളുമെല്ലാം ഏറെക്കുറെ ഇത്തരം ലക്ഷ്യങ്ങള്‍ക്കനുഗുണമാണെന്ന് പൊതുവെ നിരീക്ഷിക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ തരത്തില്‍ പ്രയോഗിക മനോഭാവതലങ്ങളില്‍ രൂപപ്പെടേണ്ട കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ് ശുചിത്വ – ആരോഗ്യശീലങ്ങള്‍. കേരളം ഇന്നു നേരിടുന്ന പരിസ്ഥിതി – ആരോഗ്യപ്രശ്നങ്ങളുടെ സാഹചര്യത്തില്‍ വിശേഷിച്ചും.
പാഠ്യപദ്ധതിയിലെ സാധ്യതകള്‍
ശരിയായ ശീലങ്ങളുണ്ടാകുന്നതിന്‍റെ ആദ്യപടി അതുമായി ബന്ധപ്പെട്ട ശരിയായ ജ്ഞാനം ഉണ്ടാകലാണ്. ശരിയും തെറ്റും ചെയ്യാവുന്നതും ചെയ്യരുതാത്തതും ആഴത്തില്‍ തിരിച്ചറിയലാണ്. ഇത്തരം ജ്ഞാനം വിദ്യാര്‍ഥികളിലുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിവിധ വിഷയങ്ങളുടെ ഭാഗമായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവ ചെയ്യിക്കാനുള്ള നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇവയെല്ലാം ചിട്ടയായും പ്രയോഗതലത്തിലും നിര്‍വഹിക്കപ്പെടലാണ് ആത്യന്തികമായി നടക്കേണ്ടത്. ഇങ്ങനെ ചെയ്യുകയും കുട്ടികളില്‍ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്ന കുറേ അധ്യാപകരും വിദ്യാലയങ്ങളും ഉണ്ട്. ശുചിത്വം മുഖമുദ്രയായി മാറിയ ഇത്തരം വിദ്യാലയങ്ങള്‍ സാമൂഹ്യശ്രദ്ധയാകര്‍ഷിച്ചു വരുന്നുണ്ട്. ഹരിത-വിമലവിദ്യാലയങ്ങളായി അറിയപ്പെടുന്ന ഈ വിദ്യാലയങ്ങള്‍ കുട്ടികളുടെ മനോഭാവമാറ്റത്തെ പോഷിപ്പിക്കുകയും കുട്ടികളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ വഴി സ്വയം പോഷിപ്പിക്കപ്പെടുകയും ചെയ്തുവരുന്നതായി കാണാം.
വ്യാപനവും ഫലപ്രാപ്തിയുറപ്പാക്കലും
ഇത്തരം മുന്നേറ്റങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ബാക്കിയുള്ള എല്ലാ മേഖലകളിലും മുന്നേറ്റങ്ങള്‍ ഉണ്ടാക്കുകയും വേണം. ഇതു വഴി മാത്രമേ ശുചിത്വ-ആരോഗ്യശീലങ്ങളില്‍ ഏറ്റവും മികവുറ്റ ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ.പ്രയോഗികജ്ഞാനമുണ്ടാക്കാന്‍ കഴിയുംവിധം പ്രവര്‍ത്തന-പ്രക്രിയകള്‍ നടത്താനാവശ്യമായ സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കലാണ് ഇതിന് അനിവാര്യമായ ഒരു കാര്യം. ഒപ്പം കുട്ടികളുടെ സജീവപങ്കാളിത്തത്തോടെ ഇവയുപയോഗിച്ചു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കലും.
ക്ലാസ്മുറികളും ശുചിമുറികളും
ദിവസേന അഞ്ചോ ആറോ മണിക്കൂറുകള്‍ കുട്ടികള്‍ ചെലവഴിക്കുന്നയിടമാണ് വിദ്യാലയം. വീട്ടിലെന്നപോലെ സ്കൂളിലും കുട്ടിക്ക് ആരോഗ്യപ്രദമായ അവസ്ഥ ലഭിക്കണം. ആവശ്യമുള്ളത്ര വലിപ്പവും അടച്ചുറപ്പുമുള്ളവയാകണം ക്ലാസ്മുറികള്‍. സ്വാഭാവികമായ വായുപ്രവാഹവും, വെളിച്ചവും ലഭ്യമാകണം. ഇതിനനുയോജ്യമായ ജനലുകള്‍, വാതിലുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയവയുണ്ടാകണം. സ്വാഭാവികമായി ഇവ ലഭിക്കാന്‍ സൗകര്യമില്ലെങ്കില്‍ മാത്രമേ ഫാനുകളും വൈദ്യുതദീപങ്ങളും ഉപയോഗിക്കാവൂ. മേല്‍ക്കൂരയുടെ ചൂട് താഴേക്കുപകരുന്ന തരത്തില്‍ പിടിപ്പിച്ച സീലിംഗ്ഫാനുകളെക്കാള്‍ ചൂടായ വായുവിനെ പുറന്തള്ളി ശുദ്ധവായു അകത്തേക്കു പകരുന്ന എക്സോസ്റ്റ് ഫാനുകളാണ് അഭികാമ്യം. ശുദ്ധവായു വേണ്ടത്ര ലഭിക്കുമ്പോള്‍ മാത്രമേ കുട്ടികളുടെ ബൗദ്ധികവ്യാപാരം നന്നായി നടക്കുകയുള്ളു.വൃത്തിയാക്കി വെക്കാന്‍ എളുപ്പമുള്ള തരത്തില്‍ മിനുസമുള്ളതായിരിക്കണം തറ. ചെരിപ്പ് ഉപയോഗിക്കുന്നില്ലെങ്കില്‍ ദീര്‍ഘനേരം തണുപ്പില്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടിവരുന്നതിനാല്‍ തറയില്‍ കാര്‍പ്പെറ്റു വിരിക്കുന്നത് നന്നായിരിക്കും.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളും ഉണ്ടാകണം. നിശ്ചിത സമയത്തിനകം എല്ലാ കുട്ടികള്‍ക്കും മൂത്രമൊഴിച്ചുവരാന്‍ വേണ്ടത്ര മുറികള്‍ എന്നതായിരിക്കണം ഇതിന്‍റെ അളവുകോല്‍. ഇവയും വെള്ള-വെളിച്ച സൗകര്യങ്ങളുള്ളതും തൃപ്തികരമായി ഉപയോഗിക്കാനും എളുപ്പം ശുചിയാക്കിവെക്കാനും പറ്റിയതുമാകണം. ശുചീകരിക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഉപകരണങ്ങളും എല്ലാ മുറികളിലും ശുചിമുറികളിലുമുണ്ടാകണം.
ക്ലാസ്മുറികളുടെയും തങ്ങളുടെ ക്ലാസിനനുവദിച്ച ശുചിമുറികളുടെയും ശുചിത്വപാലനം കുട്ടികളുടെ ഗ്രൂപ്പുകള്‍ക്ക് ഊഴം പ്രകാരം വിഭജിച്ചു നല്‍കണം. ഇതിന്‍റെ കൃത്യമായ മേല്‍നോട്ടവുമുണ്ടാകണം.താനുപയോഗിക്കുന്നയിടം വൃത്തിയാക്കിവെക്കാനുള്ള ഉത്തരവാദിത്തബോധം ചിട്ടയായി രൂപപ്പെടാന്‍ ഇതു സഹായകമാകും. കുട്ടികളുടെ അധിക ഊര്‍ജം ഗുണപരമായി ചെലവഴിക്കാനുള്ള അവസരവും ഇതു പ്രദാനം ചെയ്യും.
മാലിന്യശേഖരണവും സംസ്കരണവും
പൊതു ഇടങ്ങള്‍ മലിനമാക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള മലയാളികള്‍ക്ക് ഒരു മടിയുമില്ലെന്നതാണ് വര്‍ത്തമാന കേരളത്തിലെ ഒരു പ്രധാന പരിസ്ഥിതിപ്രശ്നം. ‘സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്നത്’ ഒരു കേവലമുദ്രാവാക്യത്തിനപ്പുറം ജീവിതശൈലിയായി മാറ്റാന്‍ വിദ്യാഭ്യാസകാലത്തുതന്നെ സാധിക്കണം. ഇതില്‍ ഏറ്റവും പ്രധാനം മാലിന്യങ്ങളെ തരംതിരിക്കുന്നതിനുള്ള ശാസ്ത്രീയബോധവും അവ സംസ്കരിക്കാനോ സംസ്കരിക്കാനായി നല്‍കാനോ ഉള്ള മനോഭാവവും ശേഷിയുമാണ്.
എല്ലാ ക്ലാസ്മുറികളിലും ജൈവ-അജൈവ പാഴ്വസ്തുക്കളെ വേര്‍തിരിച്ചു ശേഖരിക്കാനുള്ള ചവറ്റുകൊട്ടകള്‍, സ്കൂളില്‍ പൊതുവായി പാഴ്വസ്തുക്കളെ തരം തിരിച്ചു നിക്ഷേപിക്കാനുള്ള വീപ്പകള്‍, കമ്പോസ്റ്റുകുഴികള്‍ എന്നിവ ഒരുക്കണം. പ്ലാസ്റ്റിക്ക് കവറുകളും കടലാസുകളും, പുനരുപയോഗിക്കാവുന്ന കടലാസ്, ഇരുമ്പുപാഴ്വസ്തുക്കള്‍, ഖരപ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, സ്ഫടികാവശിഷ്ടങ്ങള്‍ തുടങ്ങി പരമാവധി തരംതിരിവുകളോടെ വീപ്പകള്‍ ഒരുക്കാം. ഓരോ ക്ലാസിലെയും പാഴ്വസ്തുക്കള്‍ ശുചിത്വച്ചുമതലയുള്ള ഗ്രൂപ്പുകള്‍ ഈ പൊതുശേഖരണസംവിധാനത്തില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്ന ശീലം നിര്‍ബന്ധമാക്കണം.
പൊതുസ്ഥലങ്ങളില്‍ കാണുന്നവയും ഇങ്ങനെ ശേഖരിക്കപ്പെടണം. വര്‍ധിക്കുന്ന മുറയ്ക്ക് ഓരോ വീപ്പയിലെയും പാഴ്വസ്തുക്കള്‍ ആക്രിക്കടയില്‍ നല്‍കാം. ഇത് ചെറിയ ഒരു വരുമാനമാര്‍ഗവുമാകും. ഇതിലൊന്നും ഉള്‍പ്പെടാത്ത ജൈവപാഴ്വസ്തുക്കള്‍ (ഭക്ഷണാവശിഷ്ടങ്ങള്‍, തീര്‍ത്തും മോശമായകടലാസ്, കോട്ടണ്‍പാഴ്ത്തുണികള്‍ തുടങ്ങിയവ) മണ്ണില്‍ അഴുകിച്ചേരാന്‍ പാകത്തില്‍ നിക്ഷേപിക്കാനായി കമ്പോസ്റ്റുകുഴി പ്രത്യേകമായി തയാറാക്കണം. അരികുകള്‍ ആകര്‍ഷകമായി കല്ലുകെട്ടി വേണം ഇതു നിര്‍മിക്കാന്‍. വീപ്പകളിലും കമ്പോസ്റ്റുകുഴിയിലും എന്തൊക്കെ നിക്ഷേപിക്കണമെന്ന ബോര്‍ഡുപ്രദര്‍ശിപ്പിക്കണം. സുസ്ഥിര ശീലമായി വരുന്നതുവരെ നിക്ഷേപിക്കുന്നത് കൃത്യമായി മോണിറ്റര്‍ ചെയ്യപ്പെടണം.
ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാഴ്വസ്തുശേഖരണവും സംസ്കരണവും കുട്ടികളുടെ പങ്കാളിത്തത്തോടെ മുടങ്ങാതെ ചെയ്തുവന്നാല്‍ സ്കൂള്‍വിദ്യാഭ്യാസം കഴിയുമ്പോഴേക്ക് കുട്ടികളില്‍ ശുചിത്വം ഒരു സംസ്കാരമായിത്തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
മറ്റൊരുകാര്യം ചെയ്തുകൂടാത്ത കാര്യങ്ങള്‍ സ്കൂളില്‍ നടക്കാന്‍ പാടില്ലെന്നതാണ്. ക്ലാസ്മുറിയില്‍ പഠിക്കുന്നതിനു തീര്‍ത്തും വിപരീതമായ കാര്യം സ്കൂളില്‍ നിത്യേന നടക്കുന്നതു കാണുന്ന കുട്ടിയില്‍ പഠിക്കുന്ന കാര്യം പരീക്ഷയ്ക്കു വേണ്ടി മാത്രമാണെന്നും ജീവിതത്തില്‍ ഇതു പ്രയോഗിക്കേണ്ടതില്ലെന്നബോധമാവും രൂഢമൂലമാവുക.പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്‍റെ ദൂഷ്യം ക്ലാസില്‍ പഠിക്കുന്ന കുട്ടി എല്ലാ ദിവസവും വൈകുന്നേരം കാണുന്നത് പ്ലാസ്റ്റിക്ക് അടക്കം അടിച്ചുവാരി തീയിട്ടു പുകയിക്കുന്നതാണെങ്കിലോ! നാം വിഭാവനം ചെയ്യുന്ന ആദര്‍ശാത്മകസമൂഹത്തിന്‍റെ പരിഛേദമായി വിദ്യാല യം മാറേണ്ടതുണ്ട്. അതില്‍ കുറേ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകവഴി ആദര്‍ശാത്മകമായ ജീവിതചര്യകള്‍ സാധ്യമാണെന്ന ആത്മവിശ്വാസം കുട്ടികളിലുണ്ടാവുകയും അങ്ങനെ ജീവിക്കാനുള്ള മനോഭാവം വളരുകയും വേണം.
ശാസ്ത്രീയ ഭക്ഷണ ശീലങ്ങള്‍
കുട്ടികള്‍ക്ക് ഉച്ചയ്ക്കു വിശപ്പിനു ഭക്ഷണം നല്‍കുന്ന ലളിതമായ പരിപാടി മാത്രമായിട്ടാണ് സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയെ പലരും കാണുന്നത്. വാസ്തവത്തില്‍ മികച്ച രീതിയിലുള്ള ഭക്ഷണശീലങ്ങളും അവബോധവും സൃഷ്ടിക്കാനുള്ള പ്രയോഗികാവസരമായിട്ടുകൂടി ഇതിനെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സമീകൃതമായ ഭക്ഷണം, ഭക്ഷണം ചവച്ചരച്ചു കഴിക്കല്‍, വെള്ളം വേണ്ടത്ര അളവില്‍ അനുയോജ്യമായ സമയങ്ങളില്‍ കുടിക്കല്‍, സ്വന്തം പാത്രം കഴുകി വെക്കല്‍, ഭക്ഷണം പാഴാക്കാതിരിക്കല്‍ തുടങ്ങി നിരവധി നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ വേണ്ടിയുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി ഉണ്ടാകണം.
ശുദ്ധമായ കുടിവെള്ളവും മൂത്രമൊഴിക്കാന്‍ വൃത്തിയുള്ള ശുചിമുറികളും വേണ്ടപോലെ ലഭ്യമാക്കി സ്കൂള്‍ കുട്ടികളില്‍-പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍-വര്‍ധിച്ചുവരുന്ന മൂത്രാശയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ സാധിക്കണം. വേണ്ട അളവില്‍ വെള്ളം കുടിച്ചാല്‍ മാത്രമേ ശരീരത്തിന് ഉണര്‍വും ഉന്മേഷവും ഉണ്ടാവുകയുള്ളു.
വ്യായാമം സ്വാഭാവികരീതിയില്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കായികശേഷി പോസിറ്റീവായി പ്രയോഗിക്കാനുള്ള അവസരങ്ങളും സാധ്യതകളും ഇല്ലാതാവുന്നത് പലനശീകരണ പ്രവര്‍ത്തന ങ്ങള്‍ക്കും വഴിവെക്കുന്നതായി നിരീക്ഷിക്കാന്‍ കഴിയും. സ്കൂള്‍ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും വേണ്ടപോലെ ചിട്ടപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് സ്വാഭാവികമായി വ്യായാമം ലഭിക്കുന്നതുറപ്പാക്കാന്‍ കഴിയും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കളികള്‍, പ്രകൃതിനടത്തം, കാര്‍ഷികവൃത്തികള്‍, പൂന്തോട്ടപരിപാലനം, ഔഷധോദ്യാനനിര്‍മ്മാണവും പരിപാലനവും, യോഗ, നീന്തല്‍, സൈക്ലിംഗ്, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിനു സഹായകരമാണ്. എന്നാല്‍ ഇവയെല്ലാം ചെയ്യുന്നതിന് കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും സ്കൂളില്‍ ഒരുക്കേണ്ടതുണ്ട്. ഇന്ന് ഇവയില്‍ പലതും ‘ഏട്ടിലെ പശുക്കള്‍’മാത്രമാണ്.
വര്‍ഷത്തില്‍ ഒരു തവണ മേളകള്‍ക്കായി മാത്രം നടത്തുന്ന കായിക, പ്രവൃത്തി പരിചയ പരിശീലനങ്ങള്‍ അതും ഏതാനും കുട്ടികള്‍ക്കുമാത്രം – ഈ ദിശയില്‍ ഒരു പ്രയോജനവും ചെയ്യില്ല. തുടര്‍ച്ചയും സ്ഥിരതയും എല്ലാവര്‍ക്കും ലഭ്യതയും ഉറപ്പാക്കുന്നതാവണം ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍. നാടന്‍കളികള്‍ ചെലവുകുറഞ്ഞ രീതിയില്‍ കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ കഴിയുന്ന മികച്ച വ്യായാമാവസരങ്ങളാണ്. മുന്‍കാലങ്ങളില്‍ വിദ്യാലയപ്പറമ്പില്‍ സജീവമായിരുന്ന ‘കോഴിയും കുറുക്കനും’ പോലുള്ള നിരവധികളികള്‍ തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു. വീടുമുതല്‍ വിദ്യാലയം വരെ നിത്യേന രണ്ടു നേരം ലഭിക്കുന്ന പ്രകൃതിനടത്തം ഒഴിവാക്കി ബസ്സില്‍ വിദ്യാലയപ്പടിവരെ നിലം തൊടാതെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട കുട്ടികളെ സംബന്ധിച്ച് വ്യായാമാവസരങ്ങളുടെ പ്രാധാന്യം വളരെ കൂടുതലാണ്.
എന്നാല്‍ ഇങ്ങനെയുള്ള ശുചിത്വ – ആരോഗ്യശീലങ്ങളും മനോഭാവങ്ങളും വളര്‍ത്തുന്നതില്‍ അധ്യാപകര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണമെങ്കില്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും അവബോധത്തിലും സ്കൂള്‍ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തത്തിലും നല്ല മാറ്റം ഉണ്ടാകണം. ഒപ്പം അധ്യാപകരുടെ മനോഭാവവും ആത്മാര്‍ഥതയും നല്ല നിലയില്‍ വര്‍ധിക്കുകയും വേണം.
ഒന്നാമതായി ധാരാളം അറിവുകള്‍ തലയില്‍ നിറക്കാന്‍ മാത്രമാണ് കുട്ടികളെ വിദ്യാലയത്തില്‍ അയക്കുന്നതെന്ന തെറ്റിദ്ധാരണ മാറ്റി ആദ്യം പറഞ്ഞ സാമൂഹ്യലക്ഷ്യം സ്വീകരിക്കപ്പെടണം. രണ്ടാമതായി ഇപ്പോള്‍ വിദ്യാലയങ്ങളിലില്ലാത്തതും മേല്‍ ചര്‍ച്ച ചെയ്തതുമായ സംവിധാനങ്ങള്‍ സമൂഹപങ്കാളിത്തത്തോടെ പടിപടിയായി ഒരുക്കണം. ഇതിനുവേണ്ടി ചെലവാക്കുന്ന തുക എത്ര വലുതായാലും ഭാവിസമൂഹനിര്‍മ്മിതി എന്ന ലക്ഷ്യം പരിഗണിക്കുമ്പോള്‍ അത് ഒരു നഷ്ടമേ അല്ല, മറിച്ച് വലിയ ലാഭംതന്നെയാണ്. മൂന്നാമതായി ഇത്തരം ശീലങ്ങളും സംസ്കാരവും കൂടി പഠനത്തിന്‍റെ ഭാഗമായി വിലയിരുത്തപ്പെടുകയും അത് വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യണം. അതുവഴി മാത്രമേ സ്ഥായിയായ ശുചിത്വ – ആരോഗ്യശീലങ്ങളുടെ വിളനിലമായി വിദ്യാലയങ്ങളെ മാറ്റുന്ന പ്രക്രിയയ്ക്ക് ശക്തി പകരാന്‍ കഴിയൂ.