ശല്യതന്ത്രത്തിന് ഒരു ആമുഖം

An-Introduction-to-Shalya-Tantra-in-Ayurveda-Ayushyam-Magazine

ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദം. ആയുസ്സിന്‍റെ വേദം എന്ന് അറിയപ്പെടുന്ന ഈ ശാസ്ത്രരീതി അഥര്‍വ്വവേദത്തിന്‍റെ ഒരു ഭാഗമാണെന്ന് പറയപ്പെടുന്നു. ഒരു മനുഷ്യായുസ്സിലെ ആരോഗ്യപരിപാലനം എങ്ങിനെയായിരിക്കണമെന്നും അത് അനുവര്‍ത്തിക്കേണ്ട ക്രമം എങ്ങിനെയാണെന്നും വളരെ ശാസ്ത്രീയമായ രീതിയില്‍ ആയുര്‍വേദം പ്രദിപാതിച്ചിട്ടുണ്ട്.ആയുര്‍വേദം 8 ശാഖകളായിട്ട് തിരിക്കുകയും അതിനോരോന്നിനും പ്രത്യേകം നിര്‍വ്വചനം നല്‍കിയിട്ടുമുണ്ട്. സംഹിതാകാലം(BC -500 മാണ്ട്) മുതല്‍ 8 ശാഖകളായിട്ടുതന്നെയാണ് ആയുര്‍വേദം പ്രചരിക്കപ്പെട്ടത്, അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും സമകാലീന സമൂഹം വളരെയേറെ ചര്‍ച്ച ചെയ്തതുമായ ശാഖയാണ് ശല്യതന്ത്രം.(ആയുര്‍വേദത്തില്‍ സര്‍ജ്ജറിയെക്കുറിച്ച് പ്രദിപാതിച്ചിട്ടുള്ള മേഖല), ആയുര്‍വേദത്തിന്‍റെ പ്രാരംഭത്തില്‍ തന്നെ ശല്യകര്‍മ്മ ചികിത്സ ഉണ്ടായിരുന്നു എന്നാണ്.

ഇതിഹാസപുരണങ്ങളില്‍ നിന്നും,വേദങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.ദേവാസുരയുദ്ധത്തില്‍ ശസ്ത്രാസ്ത്രങ്ങള്‍ ഉപയോഗിച്ചുട്ടുള്ളതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അനേകം വിധത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാവുകയും അതില്‍ ചില ശല്യതന്ത്രചികിത്സാരീതികള്‍ പ്രയോഗിച്ചിരുന്നു. അപ്പോള്‍ ദോഷവൈഷമ്യം കൊണ്ടുണ്ടാകുന്ന ശാരീരികരോഗചികിത്സക്ക് മുമ്പ് തന്നെ വ്രണപ്രഭൃതി ശല്യതന്ത്രീയരോഗചികിത്സ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു.വേദകാലത്ത് മുഖ്യശല്യചികിത്സകന്മാരായി അറിയപ്പെടുന്നത് അശ്വനികുമാരന്മാരെയാണ്. BC 500ാം ആണ്ടിനു മുമ്പെയാണ് ധന്വന്തരിയന്മാരും ആത്രേയന്മാരും ഉണ്ടായിട്ടുള്ളത് എന്ന് പലരും പലദിക്കിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതേകാലഘട്ടത്തില്‍ തന്നെയാണ് മേല്‍പ്പറഞ്ഞ രണ്ട് മതക്കാരും തന്‍റെ പ്രാവീണ്യത്തിനനുസരിച്ച് ഓരോരോ വിഷയത്തെ പുരസ്കരിച്ച് അനേകം സംഹിതാഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്.ഈ കാലയളവില്‍ തന്നെയാണ് ശല്യം, ശാലാക്യം, കായചികിത്സ, ഭൂതവിദ്യ, കൗമാരഭൃത്യം,അഗദതന്ത്രം, രസായാനതന്ത്രം, വാജീകരണം എന്നീ ക്രമത്തില്‍ ആയുര്‍വേദതത്തെ എട്ടായി വിഭജിക്കപ്പെട്ടതെന്ന് കാണാം.ഇതിനു പുറമെ ഹസ്ത്യായുര്‍വേദം, വൃക്ഷായുര്‍വേദം മുതലായവയെ സംബന്ധിച്ചും രണ്ട് പരമ്പരയില്‍പ്പെട്ടവരും ആ കാലത്ത് അനേകം സംഹിതകള്‍ രചിച്ചിട്ടുണ്ട്.പക്ഷെ ഇന്ന് ലഭിക്കാവുന്നതില്‍ പൂര്‍ത്തിയായിട്ടുള്ളതും മൗലികമായി പിന്തുടരുന്നതും ധന്വന്തരി പരമ്പരയിലെ ശല്യചികിത്സാപ്രധാനമായ സുശ്രുതസംഹിതയും ആത്രേയപരമ്പരയില്‍പ്പെട്ട കായചികിത്സാ പ്രധാനമായ ചരക സംഹിതയും മാത്രമാണ്.

അപ്പോള്‍ ഈ രണ്ടു പരമ്പരക്കാരും മിക്കവാറും സമകാലീനരാണ്.ഈ സംഹിതാകാലം മുതല്‍ ബുദ്ധന്‍റെ കാലം വരെയുള്ള കാലഘട്ടത്തില്‍ ആധുനിക സര്‍ജ്ജറിയോട് കിടനില്‍ക്കുന്ന തരത്തിലുള്ള ഒരു ശല്യചികിത്സാവിഭാഗം ഇവിടെ ഏറ്റവും വികാസം പ്രാപിച്ചും പ്രചരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവെന്ന് ഭാരതീയ വൈദ്യശാസ്ത്രത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.

ശല്യതന്ത്രത്തെക്കുറിച്ച് ഏറ്റവും അധികം പ്രദിപാതിച്ചിട്ടുള്ള ഗ്രന്ഥമാണ് സുശ്രുതസംഹിത. അതുകൊണ്ടു തന്നെ സുശ്രുതാചാര്യന്‍ ശസ്ത്രക്രിയയുടെ പിതാവായി അറിയപ്പെടുന്നു.

സുശ്രുതന്‍ ശസ്ത്രക്രിയയെ എട്ട് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു:
ഛേദ്യ (excision)
ലേഖ്യ(scarification,)
വേധ്യ(puncturing)
ഏഷണം(Exploration)
ആഹാര്യ(Extraction)
വിസ്രാവ്യ(Evacuation)
സീവ്യ(suturing)

കൂടാതെ അറുപതില്‍ പരം ചികിത്സാരീതികള്‍ വ്രണത്തില്‍ തന്നെ അദ്ദേഹം വിവരിക്കുന്നു.120-ല്‍പ്പരം ശസ്ത്രക്രിയ ഉപകരണങ്ങളും 300-ല്‍ പ്പരം ശസ്ത്രക്രിയാരീതികളും സുശ്രുതന്‍ വിവരിച്ചിട്ടുണ്ട്. അന്നത്തെക്കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത നാസാസന്താനം (Rhinoplasty),ഓഷ്ഠസന്താനം(lobuloplasty),കര്‍ണ്ണ സന്താന(otoplasty),എന്നീ ശസ്ത്രക്രിയകള്‍ ധാരാളം പ്രയോഗത്തില്‍ വരുത്തിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അന്ന് സുശ്രുതന്‍ നടത്തിയിരുന്ന നാസാസന്താനത്തിന്‍റെ ഒരു നവീകരിച്ച രൂപമാണ് ഇന്നത്തെ റൈനോപ്ലാസ്റ്റി. ഇത് തന്നെയാണ് ഇന്നത്തെ പ്ലാസ്റ്റിക്ക് സര്‍ജറിയുടെ അടിസ്ഥാന പ്രമാണം.

സുശ്രുത സംഹിത AD- 5ാം നൂറ്റാണ്ടു വരെ സംസ്കൃതത്തില്‍ മാത്രമാണ്പ്രചാരമുണ്ടായിരുന്നത്.അതിനുശേഷം അതിനു ശേഷം അറബി ഭഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ഏകദാശം 19ാം നൂറ്റാണ്ടോടുകൂടി യൂറോപ്പില്‍ പ്രചരിക്കപ്പെട്ടു.ജര്‍മ്മിനിയില്‍ മുള്ളറും, ലാറ്റിനില്‍ ഹെസ്ലറും ഈ സംഹിതയെ അധികരിച്ച് ഗ്രന്ഥങ്ങള്‍ എഴുതി. പൂര്‍ണ്ണമായിട്ടുള്ള ഇംഗ്ലീഷ് തര്‍ജ്ജമ 1907-ല്‍ ഡോ.കതിരവന്‍ ഭിഷക് രത്ന 3- വ്യോളിയങ്ങളായി പ്രസിദ്ധീകരിച്ചു.19ാം നൂറ്റാണ്ടോടുകൂടിയാണ് ആധുനിക സര്‍ജറി ഉദ്ഭവിച്ചതും വിവിധ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതും.അലോപ്പതി സര്‍ജറി എന്നത് ഒരു അവസാനവാക്കായാണ് കരുതിക്കാണുന്നത്. അതായത് ഔഷധങ്ങള്‍കൊണ്ട് മാറാത്തതും തീര്‍ത്തും ഗുരുതരമായ രോഗാവസ്ഥ ഉള്ളവര്‍ക്കുമാണ് ശസ്ത്രക്രിയ നടത്തിയിരുന്നത് 19ാം-നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആധുനിക സര്‍ജറി അനസ്തേഷ്യ എന്ന വിഭാഗം രൂപം കൊള്ളുകയും ശസ്ത്രക്രിയക്ക് പുതിയ മാനങ്ങള്‍ കൈവരികയും ചെയ്തു.എന്തു തന്നെയായാലും ഇപ്പോള്‍ കണ്ടുവരുന്ന പൂര്‍ണ്ണ വികാസം പ്രാപിച്ച ശസ്ത്രക്രിയ മേഖല തികച്ചും ആയുര്‍വേദത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതമാണെന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ബുദ്ധകാലഘട്ടത്തിന്‍റെ ഉദ്ഭവം മുതലാണ് ഭാരതീയ ശല്യതന്ത്രശാഖ തീര്‍ത്തും ശോചനീയമാക്കപ്പെട്ടത്. ബുദ്ധധര്‍മ്മത്തിന്‍റെ ഭാഗമായി ജന്തു ഹിംസ തടയുകയും ദയയും, അഹിംസയും ഉപദേശിക്കാന്‍ തുടങ്ങിയത്. ആ കാലം മുതല്‍ ശല്യ ചികിത്സ ചെയ്യുന്ന വൈദ്യന്മാരെയും.രോഗികളെയും നിയന്ത്രിക്കുവാന്‍ തുടങ്ങി.അങ്ങിനെ വൈദ്യന്മാര്‍ ശല്യ ചികിത്സ ഉപേക്ഷിക്കുകയും ഔഷധങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു. രാജ്യം മുഴുവന്‍ ബുദ്ധധര്‍മ്മം തീവ്രമായി പ്രചരിക്കുകയും ശല്യതന്ത്രം ചികിത്സ നിലച്ചുപോകുകയും ചെയ്തു, അങ്ങിനെ ഒരു കാലത്ത് വികാസം പ്രാപിച്ചു വന്നിരുന്ന ആയുര്‍വേദത്തിലെ അഷ്ടാംഗങ്ങളില്‍ മുഖ്യമായ ശല്യതന്ത്രം ഭരതീയ വൈദ്യശാസ്ത്രത്തിന് നഷ്ടപ്പെട്ടുവെന്ന് പറയാം.

ഇന്ന് പാശ്ചാത്യലോകം കയ്യാളിക്കൊണ്ടിരിക്കുന്ന സര്‍ജറി എന്ന വിഭാഗം ആയുര്‍വേദത്തിന്‍റെ അടിവേരുകളില്‍ നിന്ന് രൂപം കൊണ്ടതാണെന്ന് നമുക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വെച്ച് വ്യക്തമാകുന്നതാണ്.അതുകൊണ്ടു തന്നെ ആയുര്‍വേദസമൂഹം ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന ശല്യതന്ത്ര ചികിത്സയെ പുനരുജ്ജീവിപ്പിക്കുകയും അത് ഭാരതീയ സംസ്കാരത്തിന്‍റെ ഒരു ഭാഗമാക്കി മാറ്റുകയും ചെയ്യേണ്ടത് ഒരു ഉത്തരവാദിത്വമാണെന്ന് ഈ സാഹചര്യത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. പില്‍ക്കാലത്ത് ഭാരതീയ ചികിത്സാരീതിയില്‍ ശല്യതന്ത്രത്തെ മുഖ്യഘടകമാക്കി മാറ്റാന്‍ പുതു തലമുറയിലെ വൈദ്യന്മാര്‍ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

– ഡോ.ദിലീപന്‍.കെ.ജെ
ഇടൂഴി നമ്പൂതിരീസ് ആയുര്‍വേദ നഴ്സിംഗ് ഹോം, മയ്യില്‍

Dr-Dileepan-KJ-Itoozhi-Ayurveda

About Dr Dileepan K J

Dr Dileepan KJ is the Clinical Co-ordinator at Itoozhi Namboothiri's Ayurveda Nursing Home, Mayyil Kannur.