വേനലില്‍ തളരാതിരിക്കാന്‍

Summer-season-diet

അന്തരീക്ഷത്തിന്‍റെ അതികഠിനമായ ചൂട് നിമിത്തം ശരീരം അത്യധികം ക്ഷീണിക്കുകയും അതുവഴി പലവിധരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന കാലമാണ് വേനല്‍ക്കാലം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യുന്ന അപഥ്യആഹാരവിഹാരങ്ങള്‍ എളുപ്പത്തില്‍ രോഗകാരണങ്ങളായ് മാറിയേക്കാം. അതിനാല്‍ തന്നെ വേനലിനെ പ്രതിരോധിക്കാന്‍ തക്കവണ്ണമുള്ള ആഹാരങ്ങളും പഥ്യങ്ങളും ശീലിക്കേണ്ടത് അനിവാര്യതയാണ്.

മധുരരസ പ്രധാനമുള്ളതും കയ്പ്പ്, ചവര്‍പ്പ്, രുചികളുള്ളതും തണുത്തതും ശരീരോഷ്മാവിനെ കുറക്കുന്നതുമായ ആഹാരരീതികളാണ് ഏറെ ഉത്തമം. അതില്‍ തന്നെ ദ്രവരൂപത്തിലുള്ള പഴച്ചാറുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. വേനല്‍ക്കാലത്ത് അധികം വിയര്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രം അല്പം ഉപ്പ് ചേര്‍ത്ത പാനീയങ്ങള്‍ കഴിച്ച് നിര്‍ജ്ജലീകരണം തടയാം. ചൂടും പുകച്ചിലും തോന്നുന്നവര്‍ക്ക് ഉപ്പും പുളിയും നല്ലതല്ല. മധുരമുള്ള പഴങ്ങള്‍ (ഓറഞ്ചും മുന്തിരിയുമായാലും മധുരമുള്ളതുമാത്രം) കുമ്പളങ്ങ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക, നെല്ലിക്ക, വാഴപിണ്ടി, പടവലങ്ങ, വാഴക്കൂമ്പ്, നറുനീണ്ടി (നന്നാറി), ചേര്‍ത്ത പാനീയങ്ങള്‍, ചൂടാറ്റിയ പാല്‍, നെയ്യ്, പുളിയില്ലാത്ത മോര്, സസ്യാഹാരം, തുടങ്ങിയവയാണ് വേനല്‍ക്കാലത്ത് ഉത്തമം. ഇവയില്‍ പലതും പച്ചയായും, ജ്യൂസ് ആയും പാകപ്പെടുത്തിയും ഉപയോഗിക്കാം. അപ്പോഴും എരിവും പുളിയും ഉപ്പും, ചൂടും ആകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഏറ്റവും എളുപ്പം ദഹിക്കുന്ന വിധത്തിലുമായിരിക്കണം. ആവിയില്‍ പാകം ചെയ്യുന്ന പുട്ട്, ഇടിയപ്പം എന്നിവയും ഉത്തമമാണ്.

തണുപ്പിനെ ആഗ്രഹിക്കുന്നവര്‍ ചൂടാക്കിതണുപ്പിച്ചതും, എരിവുവേണ്ടവര്‍ ഇഞ്ചിയോ, കരുരനീക്കിയ പച്ചമുളകോ ചേര്‍ത്തതും ഉപയോഗിച്ച് തൃപ്തിപ്പെടുവാന്‍ ശ്രദ്ധിക്കണം.

ഭക്ഷണം അസമയത്തും അനവസരത്തിലും അധികം ആകാതെയും ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നതും അധികമാകരുത്.

ഒരേ സമയത്ത് തന്നെ ഗ്ലാസ്സ് കണക്കിന് വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഭക്ഷണത്തോടൊപ്പം ദഹനത്തെ സഹായിക്കുന്ന പാനീയം അല്പം അളവിലും അല്ലാത്തപ്പോള്‍ ശരീരത്തെ തണുപ്പിക്കുന്ന പതിമുഖം, രാമച്ചം, നറുനീണ്ടി, എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം മൂന്ന് കവിള്‍ അളവിലും (ഏകദേശം നൂറ് മില്ലി) കുടിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുക. ആവശ്യമായത്രയും അളവില്‍ പലതവണകളിലായി വേണമെന്നുമാത്രം. കൂജയില്‍ വെച്ച ശുദ്ധജലവും സിറപ്പ് രൂപത്തില്‍ തയ്യാറാക്കി വച്ചിട്ടുള്ളവ നന്നായി നേര്‍പ്പിച്ചും പുളിക്കാത്ത മോര് വെണ്ണ മാറ്റി ഇരട്ടി വെള്ളവും ചേര്‍ത്തും ഉപയോഗിക്കാം. പ്രകൃതി ദത്ത പാനീയങ്ങള്‍ മാത്രം കുടിക്കുക. കരിക്കിന്‍ വെള്ളമോ മധുരം ചേര്‍ത്ത നാരങ്ങവെള്ളമോ ജ്യൂസുകളോ ഇടയ്ക്കിടെ കുടിക്കണം. മവെറും വയറ്റില്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുക.

കുളിക്കുവാന്‍ തണുത്ത വെള്ളം തന്നെയാണ് നല്ലത്. വെയില്‍ കൊള്ളാതെയും വിയര്‍ക്കാതെയുമിരിക്കണം. വിയര്‍ത്താലുടനെ ഫാനിന്‍റെ നേരെയിരിക്കുന്നതും എ.സിയില്‍ നിന്നും ഇടയ്ക്കിടെ വെളിയിലേക്കും പിന്നെയും എ.സിയിലേക്കും മാറുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

തുമ്മല്‍, ചുമ, ശ്വാസംമുട്ട്, തുടങ്ങിയ അലര്‍ജി രോഗങ്ങളും പ്രമേഹരോഗിയുടെ ഷുഗര്‍ നിലയും, ദുര്‍മേദസ്സുമുള്ളവര്‍ക്ക് കുരുക്കളും രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഉറക്കക്കുവും പലരിലും ചിക്കന്‍പോക്സും, ചെങ്കണ്ണും, മഞ്ഞപിത്തവും, വയറിളക്കവും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കാലമാണ് വേനല്‍ക്കാലം.
വെള്ളത്തിന്‍റെ ദൗര്‍ലഭ്യതയും കിട്ടുന്ന വെള്ളത്തിലെ മാലിന്യവും രോഗാണുക്കളുടെ സാന്നിദ്ധ്യവും രോഗവ്യാപനത്തിന് കാരണമാകും.

ശതാവരിക്കിഴങ്ങ് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതും, കൊത്തമല്ലി (മല്ലി) യിട്ട് ഒരു രാത്രി വെച്ചിരുന്ന കഞ്ഞിവെള്ളം കുടിക്കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഏലക്ക ചതച്ചു ചേര്‍ത്തു കഴിക്കുന്നതും ചില ലേഹ്യങ്ങളും ചിലതരം അരിഷ്ടങ്ങളും എണ്ണ തേക്കലും വയറിളക്കുന്ന തരത്തിലുള്ള ചികിത്സകളും ശരീരത്തെ വേഗം തണുപ്പിക്കുന്നതിനായി പ്രയോഗിക്കാറുണ്ട്.

ഇറുക്കമുള്ളതല്ലാത്ത പരുത്തി വസ്ത്രങ്ങള്‍ ധരിച്ച് ചൂട് കുറയ്ക്കാം, വസ്ത്രങ്ങള്‍ കഠുത്തനിറത്തിലുള്ളതാകാതിരിക്കുകയും വേണം. ഒരിക്കല്‍ ഉപയോഗിച്ച് വിയര്‍പ്പായ വസ്ത്രങ്ങള്‍ ശരിയായി കഴുകി ഉണക്കാതെ വീണ്ടും ഉപയോഗിക്കരുത്.

രാവിലെ 11 മണിക്കു ശേഷം വൈകിട്ട് 3 മണിവരെയുള്ള വെയിലേല്ക്കുകയും ചെയ്യരുത്.