വിദ്യാരംഭവുമായി ബന്ധപ്പെട്ട് കളരിയില്‍ നടക്കുന്ന പ്രാരംഭചടങ്ങുകള്‍

Kalari-payattu

കളരിയിലെ കന്നിമൂലയില്‍ സ്ഥതിചെയ്യുന്ന ഏഴ് തട്ടുള്ള കൈലാസപ്രസന്ത്യരനായ പൂത്തറയിലെ ഏഴാംപടിക്ക് മുകളിലെ കൂമ്പ് പ്രതിഷ്ഠയാണ് കളരിയുടെ മൂലപരമ്പരദേവതകളായ ശിവശക്തിമാന്‍ കാലഭൈരവനായും, കാലഭാരവിയായും കുടിയിരിക്കുന്നത് എന്ന് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. പൂത്തറക്ക് ചുവട്ടില്‍ ഇടത്തോട്ടായാണ് ഗണപതിത്തറയും, ഗുരുപീഠങ്ങളും സ്ഥിതിചെയ്യുന്നത്. പൂത്തറക്ക് മുന്‍പിലായി കാലഭൈരവനെയും കാലഭൈരവിയെയും കണക്കാക്കി രണ്ട് നിലവിളക്കും, ഗണപതിത്തറയ്ക്ക് മുന്‍പില്‍ ഒരു നിലവിളക്കും, ഗുരുപീഠങ്ങള്‍ക്ക് മുന്‍പില്‍ ഓരോ നിലവിളക്ക് വീതവും വച്ച് തിരിതെളിയിക്കണം. പൂത്തറ തുമ്പക്കളത്തുകൊണ്ടും, മുകളിലെ കൂമ്പ് പ്രതിഷ്ഠയില്‍ തുമ്പമാലകൊണ്ടും അലങ്കരിക്കണം. ശിവപൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങളേയും അലങ്കാരത്തിന് ഉപയോഗിക്കാറുണ്ട് തുമ്പയാണ് ഏറെ വിശേഷം എന്ന് ശ്രദ്ധേയമാണ്. കന്നിമൂലയില്‍ തന്നെ ഗണപതിത്തറക്കും ഗുരുപീഠങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന നാഗഭഗവതിയെ സങ്കല്പ്പിച്ച സ്ഥാനത്തും, മീനത്തോണിയിലെ ഭദ്രകാളിസങ്കല്പസ്ഥാനത്തും, മിഥുന, (അഗ്നി) കോണിലെ വേട്ടക്കൊരുമകനെ സങ്കല്പിച്ച സ്ഥാനത്തും പുഷ്പങ്ങള്‍ സമര്‍പ്പിച്ച് അലങ്കരിക്കണം.

ശേഷം പൂത്തറക്ക ് മുന്‍പിലായി 3 വീതം വെറ്റിലയും 5 കഷ്ണം അടക്കയും വീതം 3 സ്ഥലങ്ങളിലായി സമര്‍പ്പിക്കണം.കൂടെ ഒരു തളിയില്‍ വെള്ളരിയും, നിറനാഴിയും ഒരു കിണ്ടിയില്‍ ശുദ്ധജലം നാളികേരം, വെറ്റില, അടക്ക, അവല്‍, മലര്‍, ശര്‍ക്കര, പഴം മുതലായ നിവേദ്യങ്ങള്‍ ഒരു നാക്കില (കൊടിയില)യുമായി പൂത്തറയ്ക്ക് മുന്‍പില്‍ നിവേദിക്കും ഗണപതിത്തറയ്ക്ക് മുന്‍പിലെ കത്തിച്ച നിലവിളക്കിന് മുന്‍പിലും ഇതേപോലെ നിവേദ്യങ്ങള്‍ സമര്‍പ്പിക്കണം.ഗുരുപീഠങ്ങളിലെ കത്തിച്ച നിലവിളക്കിന് മുന്‍പില്‍ ഒരു വെള്ളക്കോടി വസ്ത്രം നാലായി മടക്കി നിലത്ത് വിരിക്കണം. അതിലാണ് മുകളില്‍ പറഞ്ഞപോലെ നിവേദ്യങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാറ്. കൂടെ ഇളനീരും വെട്ടി സമര്‍പ്പിക്കാറുണ്ട്.

ഇങ്ങനെ പൂജയ്ക്കുള്ള സമര്‍പ്പണം കഴിഞ്ഞാല്‍, കളരിഗുരുക്കള്‍ ഗുരുപീഠങ്ങള്‍ക്കടുത്തു വന്ന് വണങ്ങി, മുന്‍പിലുള്ള തളികയില്‍ നിന്ന് അരിയും പൂവും എടുത്ത്, പൂത്തറയ്ക്ക് മുന്‍പിലുള്ള വിളക്കുകളിലും, പൂത്തറക്കുമ്പിളിലും, പൂത്തറപടികളിലും അരി നുരിച്ച് (ചാര്‍ത്തി) ശിവശക്തിയേയും പരിവാരങ്ങളെയും വന്ദിക്കുന്നു. തുടര്‍ന്ന് ഗണപതിത്തറയിലും, ഗുരുപീഠങ്ങളിലും അരി ചാര്‍ത്തി, നാലു മൂലകളിലും കുടിയിരിക്കുന്ന സങ്കല്പ ദേവതകളെയും നമിച്ച് കിഴക്കോട്ട് തിരിഞ്ഞുനിന്ന്, കൈയ്യില്‍ ബാക്കിയുള്ള അരിയും പുഷ്പങ്ങളും കളരിത്തറയിലേക്ക് നീട്ടിവിതറും. അതിന് ശേഷമാണ് കളരിയില്‍ വിദ്യ അഭ്യസിക്കാനായി എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഓരോന്നായി ആചാരപ്രകാരം കളരിയിലിറങ്ങി, ഗുരുക്കള്‍ക്ക് ദക്ഷിണ നല്‍കി, ഗുരുപാദം തൊട്ട് വന്ദിച്ച് പൂത്തറ, ഗണപതി, ഗുരുപീഠങ്ങള്‍ എന്നിവയ്ക്ക് മുന്‍പില്‍ കുമ്പിട്ട് വണങ്ങി, നാലുമൂലകളില്‍ കുടിയിരിക്കുന്ന സങ്കല്പദൈവങ്ങളെയും വണങ്ങി, വിദ്യഅഭ്യസിക്കാനായി (വിദ്യാരംഭത്തിനായി) ഒരുങ്ങി നില്‍ക്കണം. വിദ്യാര്‍ത്ഥികള്‍ നല്‍കിയ ദക്ഷിണ, ഗുരുപീഠത്തിന് മുന്‍പില്‍ വിരിച്ച വെള്ളക്കൊടിയിലാണ് സമര്‍പ്പിക്കാറ്. അവസാനം വെള്ള വസ്ത്രത്തോടൊത്ത് കിഴിയാക്കിക്കെട്ടിയാണ് ഗുരുക്കള്‍ സ്വീകരിക്കാറ്
മുകളില്‍ക്കാണിച്ച പ്രകാരമുള്ള വിപുലമായ പൂജാനിവേദ്യസമര്‍പ്പണങ്ങളൊന്നും എല്ലാ ദിവസവും കളരിയില്‍ ആചരിച്ചുകാണാറില്ല. സാധാരണ ദിവസങ്ങളില്‍ വിളക്ക് കൊളുത്തലും പൂക്കള്‍ സമര്‍പ്പിക്കലും,വണക്കങ്ങളും മാത്രമേ പതിവുണ്ടാകാറുള്ളൂ. വിദ്യാരംഭസമയത്ത് ഗുരുക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഗുരുദക്ഷിണസമര്‍പ്പിക്കാറുള്ളതുപോലെ പ്രത്യേകമുറകള്‍ പുതുതായി പഠിപ്പിക്കുന്ന വേളയിലും, കളരിയില്‍ ഒരു ഘട്ടം പഠനം പൂര്‍ത്തിയാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച വിദ്യകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കാറ് പതിവുണ്ട്.ഈ ചടങ്ങിനെയാണ് ചുവട് മാറ്റം എന്ന് പറയാറ്. സാധാരണനിലയില്‍ ചുവടുമാറ്റത്തിന് ശേഷം കളരി കുറച്ച് ദിവസവും അടച്ചിടാറുണ്ട്. ചുവടുമാറ്റ സമയത്തും ഗുരുക്കള്‍ക്ക് ദക്ഷിണകൊടുത്ത് ശിഷ്യര്‍ അനുഗ്രഹം വാങ്ങാറുണ്ട്. കളരി അഭ്യാസം പൂര്‍ത്തിയാക്കിയാല്‍ ശിഷ്യന്‍ ഗുരുക്കള്‍ക്ക് യഥാശക്തി സമര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ്, ദക്ഷിണയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

പഴയ കാലത്ത് ഏഴു വയസ്സ് മുതലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് കളരി പഠിക്കാന്‍ സജ്ജരാകാറാണ് പതിവ്. യുവത്വം വിടാത്ത പ്രായത്തിലേ കളരി ശരീരത്തിന് വഴങ്ങൂ. ചെറുപ്രായത്തിലാണെങ്കില്‍ പരിശീലനം എളുപ്പമായിരിക്കും. കളരിയിലിറങ്ങുന്നതിന് മുന്‍പ് എല്ലാവരും ആദ്യം കിഴക്ക് നോക്കി സൂര്യദേവനെ വണങ്ങണം. തുടര്‍ന്ന് വല പുറെ തിരിഞ്ഞ് വേണം പടിയിലൂടെ കളരിയിലേക്ക് ഇറങ്ങാന്‍. കളരിത്തട്ടിലേക്ക് വലതുകാല്‍ വച്ചേ ഇറങ്ങാവൂ എന്നാണ് കളരിയിലെ നിയമം. കളരിത്തറയില്‍ വലതുകാല്‍ വച്ചിറങ്ങി, കുനിഞ്ഞ് വലതുകൈകൊണ്ട് കളരിത്തറയില്‍ തൊട്ട് മൂര്‍ദ്ദാവില്‍ വച്ച് വണങ്ങണം. അതിനുശേഷം പൂത്തറ, ഗണപതിത്തറ, ഗുരുപീഠങ്ങള്‍, നാലുദിക്കിലെ സങ്കല്പ പ്രതിഷ്ഠകളെ വന്ദിച്ച് വണങ്ങണം. അതിന് ശേഷമാണ് ശരീരത്തില്‍ നല്ലെണ്ണ നല്ലവണ്ണം തേച്ച് പിടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ അഭ്യാസം ഗ്രഹിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്.

ചുവട് മായ്ക്കല്‍

ഓരോ ദിവസവും അവസാനിക്കുന്നതോട് കൂടി, വിദ്യാര്‍ത്ഥികളെകൊണ്ട് പരമ്പരാഗതവരണങ്ങളും വണക്കങ്ങളും ചെയ്യിച്ച്, കളരിയില്‍ നിന്നും യഥാവിധി പറഞ്ഞയക്കും തുടര്‍ന്ന് ഗുരിക്കള്‍ വിളക്കുകളിലെ ഒറ്റത്തിരി മാത്രം തെളിയിച്ച്, ബാക്കി തിരികളെല്ലാം കെടുത്തും. ഒരു ചെറുവടി (പെരുകോല്‍) കയ്യിലെടുത്ത് പൂത്തറയ്ക്ക് മുന്‍പില്‍ പന്തിയിട്ടിരുന്ന് (പ്രത്യേകതതരം അമര്‍ത്തിത്തിരുത്തം) വലത്തേകൈകള്‍കൊണ്ട് കളരിത്തറയില്‍ ചില മന്ത്രങ്ങള്‍ എഴുതി (ഗുരുമുഖത്ത്നിന്നും ഉപദേശം വാങ്ങിയവ) മൂന്ന് വട്ടം തൊട്ട് വന്ദിച്ച്, നിവര്‍ന്ന് ചെറുകോല്‍ക്കൊണ്ട് തറയില്‍ മൂന്ന് വട്ടം അടിച്ച്, സ്വയം ഒന്ന് തിരിഞ്ഞുകൊണ്ട് ചെറുവടിയാല്‍ നിലത്ത് ഒരു വൃത്താകാരം വരച്ച്, പടിഞ്ഞാറോട്ട് അഭിമുഖമായി നിന്ന്, ചെറുവടിത്തല നിലത്തുരസിക്കൊണ്ട് പിന്നോട്ട് നീങ്ങി നീങ്ങ, കിഴക്കുള്ള പടിയുടെ താഴെവരെ വരണം.പടിക്ക് കിഴക്ക് എത്തിയാല്‍ അവിടെ നിന്ന് വലത്തു ചവുട്ടി, ഇടത്തു ചവുട്ടി, വലത്തു നേരെയെടുത്ത്, താഴുമ്പോള്‍, ചെറുവടി പൂത്തറയ്ക്ക് താഴെ വന്ന് പതിക്കുന്ന രീതിയില്‍ സാവധാനം മുന്നോട്ട് എറിയണം. വടി വീഴുന്നത് നോക്കാതെ, പൂത്തറയ്ക്ക് അഭിമുഖമായി നിന്ന്, പുറത്തേക്കേള്ള പടികളില്‍കൂടി പിന്നോക്കം കയറി, പുറത്ത് വന്ന് വാതില്‍ അടയ്ക്കണം. ദിവസവും കളരികളില്‍ നടക്കുന്ന ഈ അവസാന ചടങ്ങിനാണ് ‘ചുവട് മായ്ക്കല്‍’ എന്ന് പറയുന്നത്.

ചുവട് മായ്ക്കല്‍ കഴിഞ്ഞ് പ്രധാന ഗുരിക്കള്‍ കളരിയുടെ വാതില്‍ അടച്ച് പോയാല്‍,അന്നേ ദിവസം പിന്നെയാരും ആ കളരിയില്‍ പ്രവേശിക്കരുത് എന്നാണ് പ്രമാണം.
പിറ്റേ ദിവസം രാവിലെ പ്രധാന ഗുരിക്കള്‍കളരി വാതില്‍ തുറന്ന്, വിധിപ്രകാരമുള്ള വന്ദനങ്ങളും വണക്കങ്ങളോടും കൂടി കളരിയില്‍ പ്രവേശിച്ച്,തലേദിവസത്തെ പൂജാപുഷ്പങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാല്യങ്ങള്‍ നീക്കം ചെയ്ത്, പൂജാസ്ഥാനങ്ങള്‍ വൃത്തിയാക്കി, കളരിവിധാനത്തിലുള്ള തേവാരങ്ങള്‍ അനുഷ്ഠിച്ചതിനുശേഷം, വിദ്യാര്‍ത്ഥികളെ ചിട്ടപ്രകാരം കളരിയിലിറക്കി പതിവുപോലെ അഭ്യസിപ്പിക്കല്‍ തുടരുന്നു. ഇന്നും കളരിയില്‍ നാമമാത്രമായ ചില അനുഷ്ഠാനലോപങ്ങളോടെ, ഏറെകൂറെ പഴയരീതിയില്‍ തന്നെ ഈ ചടങ്ങുകള്‍ നടന്നുവരുന്നുണ്ട്.

സമ്പ്രദായം (പൂജാസമയത്ത്)

ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:
സൂര്യാദി നവഗ്രഹഭ്യോ നമ:
ശ്രീ വേദവ്യാസായ നമ:
ശ്രീ ശങ്കരായ നമ:
ശ്രീ ഗുരുദേവ ബ്രഹ്മദേവായനമ:

ڇനാല്പത്തീരടിയില്‍ വസിക്കും ഗുരുദേവതകള്‍ സത്യപരാക്രമത്താല്‍ നിന്ന് നമസ്കാരമേ നിവൃത്തി. മൂവേഴിരുപത്തൊന്ന് ഗുരുക്കന്മാരെയും, സപ്തഋഷികളെയും, അഷ്ടമൂര്‍ത്തികളെയും, ബ്രഹ്മന്‍വിഷ്ണു മഹേശ്വരന്മാരെയും, നാല്പത്തുക്കോടി ദേവന്മാരെയും, അതില്‍ പറ്റിയ നാലു സമ്പ്രദായത്തെയും, സമ്പ്രദായസ്ഥാനഭൂതത്തെയും, തന്നില്‍പറ്റിയ സമ്പ്രദായത്തെയും, ഉഗ്രംവെള്ളി, ദ്രോണംവെള്ളി, ഘോരംവെള്ളി, ഉള്ളുത്തുരുത്തിയോട് തന്‍ ഗുരുവായും, ഇങ്ങിനെ ഇരിക്കുന്ന അഷ്ടദേവതകളെയും, ദേവന്മാരെയും ഗുരുക്കന്മാരെയും, അതില്‍ പറ്റിയ മൂര്‍ത്തിസ്ഥാനത്തെയും മനസ്സില്‍ ധ്യാനമേ, നിത്യംڈ

മന്ത്രം

‘ ഓം ഹര ഹര കാലഭൈരവായ
നമ്മോടെതിര്‍ത്ത് വന്ന മാറ്റാന്‍റെ സകല
ദുഷ്ട ശത്രൂന്‍ നഷ്ടായ നഷ്ടായ ഓം
ജ ജ നമ: ശിവായ ഓം ഫള്‍ ളീം
സ്വാഹ: ‘ (ഓം ഫള്‍ ഹ്രീംസ്വാഹ എന്നും പറയുന്നണ്ട്) മന്ത്രങ്ങളും അതുമായി ബന്ധപ്പെട്ടതെല്ലാം ഗുരുമുഖത്ത് നിന്നും നേരിട്ട് ഉപദേശം വാങ്ങി ഉറപ്പുവരുത്തേണ്ടതാണ്. ഈ മത്രം ജപിച്ച് പൂത്തറയ്ക്ക് മുന്‍പില്‍ മൂന്ന് വട്ടം നമസ്കരിക്കണമെന്നാണ് ചിട്ട.

അഭ്യസിപ്പിക്കാനുള്ള ശിഷ്യന്മാര്‍ എത്രപേരുണ്ടായാലും, അവരുടെയെല്ലാം ഹൃദയം സൂക്ഷിയ്ക്ക, ഗുരുത്വം സൂക്ഷിയ്ക്ക, ഭക്തി സൂക്ഷ്യയ്ക്ക,എന്നീ മൂന്ന് കൂട്ടവും സൂക്ഷിച്ച് തന്‍റെ ശിഷ്യന്‍റെ ശിക്ഷയും സൂക്ഷിയ്ക്ക. അപ്പോള്‍ ആത്മത്തോട് ഉദയം വരുന്ന ശിഷ്യനേ ഗുരിക്കള്‍ മുഴുവന്‍ ഉപദേശിച്ചു കൊടുക്കൂ. ശിഷ്യരില്‍ ഏറ്റവും വിശ്വസിക്കാന്‍ പറ്റിയ ആത്മബലമുള്ളവനേ ഗുരു ഗൂഢവിദ്യകള്‍ ഉപദേശിച്ചുകൊടുക്കാറുള്ളൂ എന്ന് ചുരുക്കം. ആത്മബലമുള്ളവനേ ഗുരു ഗൂഢവിദ്യകള്‍ ഉപദേശിച്ചുകൊടുക്കാറുള്ളൂ എന്ന് ചുരുക്കം. ആത്മബന്ധമുള്ള ശിഷ്യനെയും കൂട്ടി കളരിയില്‍ പ്രവേശിച്ച്, കളരിയുടെ വാതിലടച്ച്, ദേവരക്കല്‍ മൂന്ന് പ്രാവശ്യംനമസ്ക്കരിച്ച്, നാലുദിക്കിലും ദണ്ഡനമസ്ക്കാരം ചെയ്ത്, നാലുദിക്കിലും പൂജകളും നമസ്ക്കാരങ്ങളും വിധിപൂര്‍വ്വം നടത്തിയേ ഗുരുക്കള്‍ ശിഷ്യന് ഗൂഢവിദ്യകതള്‍ഉപദേശിച്ചു നല്‍കാറുള്ളൂ. ചടങ്ങുകളും മന്ത്രപ്രയോഗങ്ങളെല്ലാം ഗുരുമുഖത്ത് നിന്ന് ഗ്രഹിക്കേണ്ട ഗോപ്യങ്ങളായതിനാല്‍ വിസ്താരഭയത്താല്‍ മുഴുവന്‍ വ്യക്തമായി എഴുതി ചേര്‍ക്കാന്‍ സാധ്യമല്ല. കൂടാതെ പഴയ ഗുഢമായ വിദ്യകളും അനുഷ്ഠാനങ്ങളും കൈമോശം വന്നു എന്നതും മറ്റൊരു സത്യം. എല്ലാം ക്രോഢീകരിച്ചു കിട്ടാന്‍ ഭാവിയില്‍ ഒരു മഹാതപസ്സിന്‍റെ ത്രോം അനിവാര്യമാകാം.

പ്രാദേശികമായി വെത്യാസപ്പെടുന്ന ആയോധനമുറകള്‍

കേരളത്തിലെ തനതായ ആയോധനവിദ്യയായ കളരി, മറ്റ് ദേശങ്ങളിലെയും, മറ്റ് രാജ്യങ്ങളിലെയും ആയോധനപരിശീലനപദ്ധതികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന പരിശീലനക്രമമാണ്. ഭാരതത്തില്‍ കേരളത്തിന് പുറത്ത് പലയിടങ്ങളിലും ചതുരംഗപ്പടയെപ്പോലെ ക്രമീകരിച്ച വിശാലമായ സൈനീകനീക്കങ്ങള്‍ക്ക് ഉതകുന്ന പരിശീലനപദ്ധതികള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്. അതുപോലെ ഭാരതത്തിന് പുറത്ത് പ്രാചീന ഗ്രീക്ക്, റോമന്‍, ഈജിപ്ഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം, ഗുരുവിന്‍റെ കവചങ്ങളും തലപ്പാവുകളും ധരിച്ച്, വലിയ വിപുലമായ തോതിലുള്ള സൈനീകനീക്കള്‍ക്കുള്ള പരിശാലനക്രമങ്ങളായിരുന്നു നിലനിന്നിരുന്നത്. അത്തരത്തില്‍ വിശാലമായ, ധ്രുതഗതിയിലുള്ള സൈനീകനീക്കങ്ങള്‍ക്ക് പറ്റിയ ഭൂപ്രകൃതിയല്ല നമ്മുടെ കേരളത്തിന്‍റേത്. ഇവിടെ നിറഞ്ഞുനില്‍ക്കുന്ന വനങ്ങള്‍, മലകള്‍, കുന്നുകള്‍, വയലുകള്‍, പുഴകള്‍, കായലുകള്‍ എല്ലാം വിശാലമായ സൈനീകനീക്കത്തിനും അനുയോജ്യമായിരുന്നില്ല. ഈ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയ ആയോധനസമ്പ്രദായമാണ് നമ്മുടെ കളരി. ലാഘവമായ ആയുധങ്ങള്‍ പ്രയോജനകരമായി പ്രയോഗിക്കാന്‍ ദേഹത്തിന്‍റെ സ്വാധീനത വര്‍ദ്ധിപ്പിച്ച്, കാലുകളുടെ വേഗത, കണ്ണുകളുടെ സൂക്ഷമത, കൈകളുടെ ലാഘവം എന്നിവയെല്ലാം ആത്മരക്ഷയ്ക്കായി ആയുധമാക്കിമാറ്റുന്ന പരിശീനലംകൂടിയാണിത്. ശരിക്ക് പറഞ്ഞാല്‍ തനതായ ഒരു ഗറില്ലായുദ്ധമുറയ്ക്ക് അനുയോജ്യമായത് എന്ന് സാരം. അതിവിശിഷ്ടമായ ഈ പരിശീലനം വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കത്തിലും, ഉറച്ച ഗുരുഭക്തിയിലും അധിഷ്ഠിതമാണ് താനും.

പ്രാചീന കേരളചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് കേരളത്തില്‍ നിര്‍ബന്ധിത സൈനികസേവനത്തിന്‍റെ ഭാഗമായും ആത്മരക്ഷാര്‍ത്ഥവും കളരിപരിശീലനം നിര്‍ബന്ധമായിരുന്നു. അക്ഷരാഭ്യാസത്തിന് അക്ഷര(കൈയ്യെഴുത്ത്) കളരിയും, ആയുധപരിശീലനത്തിന് ആയോധനകളരിയും അനിവാര്യമാണെന്ന നിര്‍ബന്ധം അന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്നു. 18ാം നൂറ്റാണ്ടിലുള്ള മൈസൂര്‍ഭരണവും 18,19,20ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലവുമാണ് ഈ ആയോധനപരിശീലനത്തെ നിയമപരമായി നിര്‍ത്തലാക്കി സമ്പൂര്‍ണ്ണമായും നശിപ്പിച്ചത്. പ്രാചീനകേരളം വേണാട്, മലനാട്, തുളുനാട് എന്നീ മൂന്ന് ഖണ്ഡങ്ങളായാണ് വേര്‍തിരിക്കപ്പെട്ടിരുന്നത്. ഈ മൂന്ന് സ്ഥലത്തും പ്രാദേശികമായി,ആയുധാഭ്യാസം വ്യത്യസ്തരീതികളിലും,ഗുരുക്കന്മാര്‍ ആവിഷ്ക്കരിച്ച വ്യത്യസ്ഥ ശൈലികളിലുമായിരുന്നു. കളരിയില്‍ ഇതിനെ തുളുനാന്‍ശൈലി, (മുറി) മലനാടന്‍ശൈലി(മുറി), വേണാടന്‍ശൈലി (മുറി) എന്നിങ്ങനെ വിളിച്ചിരുന്നു, കേരളത്തിലെ എല്ലാ ആയോധനമുറകളിലെയും അടിസ്ഥാനതത്വം ഒന്നുതന്നെയാണ്., ചില ശൈളികളിലെ വ്യത്യാസം മാത്രമാണ് മുകളില്‍ സൂചിപ്പിത്.

പഴുതില്ലാതെ ആയുധപ്രയോഗങ്ങള്‍ കൂടുതല്‍ മെച്ചമായ രീതിയില്‍ അഭ്യസിച്ചിരുന്നു എന്നതാണ് തുളുനാടന്‍ ശൈലിയുടെ പ്രത്യേകത. മലനാട് ഉള്‍പ്പെട്ട ഉത്തരകേരളത്തില്‍ മെയ്യ് പയറ്റിനാണ് വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. മെയ്യ് പയറ്റില്‍ തഴക്കം വന്നതിനുശേഷമാണ് കോല്‍ത്തരിപയറ്റ്, വാള്‍ത്താരികപയറ്റ്, വെറും കൈപ്രയോഗങ്ങള്‍ എന്നിവ പരിശീലിക്കുന്നത് വടക്കന്‍കേരളത്തില്‍ പ്രത്യേകമായി കണ്ടുവരുന്ന സമ്പ്രദായങ്ങളാണ്. വാള്‍വീശല്‍, വാള്‍വലി, കാഴ്ചവെട്ട് മുതലായവ. മെയ്യ് പയറ്റ് പരിശാലിക്കുന്നതിനൊപ്പമോ, അതിന് മുന്‍പോ ദേഹാസകലം പ്രത്യേകം തൈലം ഉപയോഗിച്ച് ചവിട്ടി ഉഴിച്ചല്‍ നടത്താറുണ്ട്. കൈക്ക് പുറമേ പാദങ്ങള്‍ ഉപയോഗിച്ചാണ് ചവിട്ടി ഉഴിച്ചല്‍ നടത്താറ്. വളരെ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ചവരേ ഈ ഉഴിച്ചല്‍ നടത്താവൂ എന്നാണ് ചിട്ട. മലനാടന്‍ സമ്പ്രദായവും, തുളുനാടന്‍ സമ്പ്രദായവും ഏകദേശം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോയി കൂടിക്കലര്‍ന്നാണ് പഠിപ്പിച്ചിരുന്നത്. ഈ രണ്ട് സമ്പ്രദായങ്ങളും കൂടിക്കലര്‍ന്ന് ഒന്നായ രീതിതന്നെയാണ് , മലനാട്ടില്‍ (ഉത്തരകേരളത്തില്‍) നിന്നുള്ള കളരിയഭ്യാസികള്‍ പ്രത്യേകിച്ച് തുളുനാട്ടിലും കൂടാതെ വേണാട്ടിലും പോയി പ്രത്യേകമുറകള്‍ പരിശീലിക്കുന്നത് ശ്രദ്ധിച്ചിരുന്നതിനാല്‍ മലനാട്ടിലെ കളരി കൂടുതല്‍ നല്ല നല്ല മുറകളാല്‍ സമ്പന്നമായിരുന്നു.

‘അടിതട’ അല്ലെങ്കില്‍ ‘അടിമുറ’ എന്ന പേരിലാണ് വേണാടന്‍ ശൈലിപ്രസിദ്ധി നേടിയത്. പലതരം കൈപ്രയോഗങ്ങള്‍, കുറുവടി, കുന്തവടി, ചെരമം, ചുരുട്ടുവാള്‍, കത്തിപ്രയോഗങ്ങള്‍ തുടങ്ങിയ അഭ്യാസമുറകളാണ് വേണാടന്‍ശൈലിയില്‍ മികച്ചു നില്ക്കുന്നത്. അഗസ്ത്യമുനിയാണ് ഈ സമ്പ്രദായത്തിന്‍റെ ഉപജ്ഞാതാവ് എന്നാണ് കരുതുന്നത്. ശിനാടി, ശൈലത്ത്, അങ്കച്ചുവട്, മര്‍മ്മച്ചുവട്, എന്നിങ്ങനെ നാലായി ഈ അഭ്യാസമ്പ്രദായത്തെ വിഭജിച്ചിട്ടുണ്ട്. കൈകള്‍കൊണ്ട് പലതരം വെട്ടുകള്‍ ഉള്ള ഈ സമ്പദായത്തില്‍ നിന്നാണ് ജപ്പാനിലെ ‘കരാട്ടേ’ എന്ന സമ്പ്രദായം ഉടലെടുത്തതെന്ന് പറയുന്നു. ബുദ്ധഭിക്ഷുക്കള്‍ ഋഷീശ്വരന്‍മാരില്‍ നിന്നും ഈ വിദ്യ സ്വായത്തമാക്കി പ്രചരിപ്പിച്ചു എന്നാണ് വിശ്വാസം. ഈ സമ്പ്രദായങ്ങളിലെ ആയുധപ്രയോഗങ്ങളെല്ലാം പലരീതിയിലും വ്യത്യാസം പുലര്‍ത്തുന്നുണ്ട്. അതെല്ലാം വിശദമായി ഇവിടെ പ്രതിപാദിക്കുക എന്നത് അസാദ്ധ്യമാണ്. ഇവിടെയൊന്ന് ചെറുതായി പ്രതിപാദിച്ചു എന്നതാണ് സത്യം.

ധനുര്‍വേദവിധിപ്രകാരം ഒരു കാലം ഭാരതം മുഴുവന്‍ നിറഞ്ഞുനിന്ന ഒരായുധാഭ്യാസപ്രയോഗമായിരുന്നു അസ്ത്രവിദ്യ. അസ്ത്രവിദ്യയില്‍ അത്ഭുതങ്ങള്‍ രചിച്ച പുരാണായോദ്ധാക്കള്‍ മുതല്‍ ചരിത്രയോദ്ധാക്കള്‍ വരെ നമുക്ക് മുന്‍പ് അനവധിയുണ്ടായിരുന്നു. ശത്രുക്കളെ അപ്രാപ്തമാക്കിയ ശബ്ദഭേദി, നിഴല്‍ നോക്കി ലക്ഷ്യം ഭേദിക്കല്‍, ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം വസ്തുക്കളെ ഒരസ്ത്രത്താല്‍ ഭേദിക്കുന്ന വിദ്യ തുടങ്ങി അനേകരഹസ്യപ്രയോഗങ്ങള്‍ അസ്ത്രാഭ്യാസത്തില്‍ നിലനിന്നിരുന്നു. വല്ലഭന് പുല്ലും ആയുധം എന്നാണ് പ്രമാണം. നല്ല അസ്ത്രാഭ്യാസിക്ക് ഒരു പുല്ല് കൈയ്യില്‍ കിട്ടിയാലും അത് ശത്രുസംഹാരത്തിന് ഉപയോഗപ്പെടുത്തും എന്ന് സാരം. അസ്ത്രാഭ്യാസത്തിന് പുറമേ മറ്റു ശാസ്ത്രങ്ങളായ വാള്‍, കുന്തം, കഠാര, ചുരിക, ഉറുമി, ഗദ, വടി മുതലായവയില്‍ അത്ഭുതം സൃഷ്ടിക്കുന്ന പ്രയോഗരീതികള്‍ അഭ്യസിപ്പിക്കുന്ന സമ്പ്രദായമാണ് നമ്മുടെ സ്വന്തം കളരി. ഇവിടെ ആയുധങ്ങള്‍ക്ക് പുറമേ കണ്ണും കൈയ്യും, കാലും, മെയ്യ് മുഴുവനും ആയുധമായിമാറ്റപ്പെടുന്നതാണ് മറ്റൊരു പ്രത്യേകത. ശരീരത്തിലെ ഓരോ കോശങ്ങളും കണ്ണിയായി മാറ്റപ്പെടുന്ന അത്ഭുതസിദ്ധി കളരിയില്‍ നിന്നും സ്വായത്തമാക്കാന്‍ സാധിക്കും. മെയ്യ് കണ്ണാകുക എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ശരീരം സദാ പ്രതിരോധത്തിന് സജ്ജമായിരിക്കും എന്ന് ചുരുക്കം.