രാജമലയില്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും നീലക്കുറിഞ്ഞി പൂത്തുലഞ്ഞു. 12 വര്‍ഷത്തിനു ശേഷം വന്ന വസന്തത്തോടൊപ്പം കൂട്ടുകൂടാനും ആ ദൃശ്യചാരുത ഒപ്പിയെടുക്കാനും സഞ്ചാരികള്‍ ഇടുക്കിയിലേക്ക് ഒഴുകി. ഏകദേശം 3600 ഹെക്ടര്‍ സ്ഥലത്ത് പൂത്തു നില്‍ക്കുന്ന കുറിഞ്ഞി ആളുകളുടെ പ്രിയ അതിഥിയാണ്. ചോലവനങ്ങള്‍ കലര്‍ന്നു നില്‍ക്കുന്ന ഇവിടങ്ങളില്‍ ഇടയ്ക്കിടെ ഓടി മറയുന്ന വരയാടുകളെ കാണാം.
66-ഓളം ഇനത്തില്‍പെട്ട കുറിഞ്ഞികള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലകുറിഞ്ഞി തന്നെയാണ് കേമന്‍.
ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഒന്‍പത് കുറിഞ്ഞിപ്പൂക്കാലങ്ങള്‍ ഇത് വരെ രേഖപെടുത്തിയിട്ടുണ്ട്. കുറിഞ്ഞി പൂക്കുന്ന ഇടം യുനെസ്കൊയുടെ പൈതൃക പട്ടികയിലും ഇടംനേടി. കുറിഞ്ഞിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ച ജര്‍മന്‍ ശാസ്ത്രജ്ഞരില്‍ ഒരാളായ കുന്തന്‍റെ പേരിലാണ് നീലക്കുറിഞ്ഞി അറിയപ്പെടുന്നത്-സ്ട്രോബാലാന്തന്‍സ് കുന്തന്‍. 2006-ലാണ് മുമ്പ് കുറിഞ്ഞി പൂത്തത്. 10 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ അന്ന് നീല പുതച്ച മലനിരകളെ കാണാന്‍ എത്തിയിരുന്നു.
ഇത്തവണ സഞ്ചാരികള്‍ ഇരട്ടി ആവുമെന്ന് കരുതിയെങ്കിലും പ്രളയം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പ്രളയം കൂടുതല്‍ നാശം വിതച്ച ഇടത്തില്‍ ഒന്നായി ഇടുക്കി മാറി. പലരും ഇവിടേക്കുള്ള യാത്ര റദ്ദാക്കി. രാജമലയിലേക്കുള്ള പ്രധാന പാതയായ പെരിയവാരപാലം തകര്‍ന്നത് കുറിഞ്ഞിയെ ആളുകളില്‍ നിന്നും അകറ്റി.
‘നീലക്കുറിഞ്ഞികള്‍ നമ്മുടെതല്ല. നമ്മുടെ മക്കള്‍ക്ക് വേണ്ടി അതിനെ സംരക്ഷിക്കുക’ രാജമലയിലെ ഒരു ബോര്‍ഡിലെ വാചകങ്ങള്‍ ആണിത്. പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകത വിളിച്ചോതുന്ന ഒന്ന്. അടുത്ത തവണ വീണ്ടും കാണാമെന്ന മൗനവാഗ്ദാനവുമായി നീലക്കുറിഞ്ഞി യാത്ര പറഞ്ഞു.
കാഴ്ചയുടെ വിരുന്ന് ഇനി 12 വര്‍ഷത്തിന് ശേഷം…