ജീവിതത്തിലെ സുഖദുഃഖങ്ങളെ അനുഭവയോഗ്യമാക്കുന്നതിന് മനസ്സ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മനസ്സ് അസ്വസ്ഥമായിരിക്കുന്ന അവസരത്തില്‍ നമുക്കുണ്ടാകുന്ന സുഖവും സന്തോഷവും ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍ മനസ്സ് പ്രസന്നമാണെങ്കില്‍ നമ്മുടെ ഏത് ശാരീരിക അസ്വസ്ഥതകളെയും ദുഃഖകരമായ സാഹചര്യങ്ങളേയും അതിജീവിക്കാന്‍ സാധിക്കുന്നതുമാണ്. അവിടെയാണ് മാനസികാരോഗ്യം എന്ന കാഴ്ചപ്പാടിന്‍റെ പ്രാധാന്യവും.
മറ്റ് ശാരീരിക അസുഖങ്ങള്‍ പോലെ ഒരു ലാബ് പരിശോധനയോ മറ്റ് രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ ഉപയോഗിച്ചോ മനോരോഗനിര്‍ണ്ണയം നൂറ് ശതമാനം സാധ്യമല്ല. രോഗിയുടെ പെരുമാറ്റവും, സംസാരവും നിരീക്ഷണവും സാഹചര്യങ്ങളോടുള്ള ആ വ്യക്തിയുടെ പ്രതികരണവും, ഓര്‍മ്മശക്തി, ബുദ്ധിശക്തി തുടങ്ങിയ മാനസിക തലങ്ങള്‍ വിലയിരുത്തിയും കുടുംബാഗങ്ങളോട് സംസാരിച്ചുമാണ് നിഗമനത്തിലേക്ക് എത്തിച്ചേരുക. അസാധരണമായ പെരുമാറ്റമോ സംസാരമോ തുടര്‍ച്ചയായി ഉണ്ടാവുക, അനാവശ്യമായി സംശയങ്ങള്‍, അനാവശ്യമായ ഉത്കണ്ഠകള്‍, ഭയം, നിരാശ, കുറ്റബോധം, ഉറക്കക്കുറവ്, ഒന്നിലും താത്പര്യമില്ലാതിരിക്കുക. തുടങ്ങിയവയില്‍ ഒന്നിലേറെ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടുകയാണെങ്കില്‍ ഒരു മനോഗവിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്.
മനസ്സും ശരീരവും
മനസ്സും ശരീരവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് ആയുര്‍വേദം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്‍റെ ശാരീരികരോഗങ്ങളുടെ കൂടെ ചില മാനസികലക്ഷണങ്ങളും നേരെ തിരിച്ചും രോഗികളില്‍ കാണാന്‍ സാധിക്കും. ദുഃഖം, ആകുലത, ഭയം തുടങ്ങിയ മാനസികവികാരങ്ങള്‍ ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളെ ദുഷിപ്പിച്ച് ശാരീരികരോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു. അതേരീതിയില്‍ ശാരീരികവ്യഥകള്‍ മനോഗുണങ്ങളായ സത്വ,രജോ,തമോഗുണങ്ങളെ ദുഷിപ്പിച്ച് മാനസികരോഗങ്ങള്‍ക്ക് കാരണമാകുന്നു.
എന്താണ് മാനസികാരോഗ്യം
മാനസികാരോഗ്യം എന്നത് മാനസികരോഗം ഇല്ലാത്ത ഒരവസ്ഥമാത്രമല്ല. ഓരോ വ്യക്തിക്കും അവനവനില്‍ തന്നെ വിശ്വാസ്യത ഉണ്ടായിരിക്കുകയും, അവന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ താല്‍പര്യമുണ്ടാവുകയും, അവന്‍റെ വികാരവിക്ഷോഭങ്ങളെ അവന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നതും കൂടിയാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസംതന്നെ മനുഷ്യന് ഒരുപാട് വികാരങ്ങള്‍ മനസ്സിലാക്കുവാനും പ്രകടിപ്പിക്കുവാനും കഴിയുന്നു എന്നതാണ്.
ദുഃഖം, ഭയം, ചിന്ത, തുടങ്ങിയ ഇത്തരം വികാരങ്ങള്‍ അനിയന്ത്രിതവും അകാരണമാകുമ്പോഴുമാണ് നാം അതിന്‍റെ മാനസികരോഗമായി കണക്കാക്കുന്നത്. ചിട്ടയായ ഒരു ജീവിതശൈലി പരിപാലിക്കുന്നത് ഒരു നല്ല മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ആത്മവിശ്വാസമുണ്ടാവുക, മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുക, നിര്‍ണ്ണായകസമയത്ത് തീരുമാനം എടുക്കാന്‍ പറ്റുക, വ്യക്തിശുചിത്വം പാലിക്കുക. എപ്പോഴും ഒറ്റപ്പെട്ടിരിക്കതെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നല്ലവണ്ണം ഇടപെടുക എത് കാര്യത്തിന്‍റേയും ചീത്തവശം മാത്രം കാണാതെ നല്ലതും ചീത്തയും വിശകലനം ചെയ്യാന്‍ പറ്റുക, നല്ല ഭക്ഷണം കഴിക്കുക, നല്ലവണ്ണം ഉറങ്ങുക ഇവയൊക്കെ മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണങ്ങളായി കണക്കാക്കാം.
മാനസികരോഗങ്ങളും ആയുര്‍വേദവും
ആയുര്‍വേദ വീക്ഷണത്തില്‍ രോഗങ്ങളെ ശരീരത്തെ പ്രധാനമായി ബാധിക്കുന്നത്, മനസ്സിനെ പ്രധാനമായി ബാധിക്കുന്നത്, ശരീരത്തേയും മനസ്സിനേയും ഒരുപോലെ ബാധിക്കുന്നത് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അഷ്ടാംഗഹൃദയം ആരംഭിക്കുന്നത് തന്നെ രാഗാദിരോഗാന്‍ എന്നു പറഞ്ഞുകൊണ്ടാണ്. അതായത് രോഗം എന്നാല്‍ ഒന്നിനോട് അമിതമായി തോന്നുന്ന ആഗ്രഹമാണ്. അതിനെപോലും രോഗമായി നമുക്ക് കാണേണ്ടിവരും. രാഗം, ദ്വേഷം, ദുഃഖം തുടങ്ങിയ മാനസികവികാരങ്ങളുടെ അനിയന്ത്രീതമായ അവസ്ഥയെ മാനസികരോഗങ്ങളായി തന്നെ അയുര്‍വേദം കണ്ടിരുന്നു. കൂടാതെ ശരീരത്തേയും മനസ്സിനേയും ഒരുപോലെ ബാധിക്കുന്ന രോഗങ്ങളാണ് ഉന്മാദം, അപസ്മാരം തുടങ്ങിയവ. മനോരോഗ ചികിത്സയിലേക്ക് എത്തുന്നതിനു മുമ്പേതന്നെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചെയ്യുന്നതെന്തെന്ന് ആയുര്‍വേദം വിശദീകരിക്കുന്നുണ്ട്. “ധീ ധൈര്യാത്മാദിജ്ഞാനം മനോദോഷൗഷധം പരം” എന്നാണ് ആയുര്‍വേദത്തിന്‍റെ കാഴ്ചപ്പാട്. നല്ല ബുദ്ധിശക്തിയും ധൈര്യവും, അവനവനെക്കുറിച്ചുള്ള അവന്‍റെ ചുറ്റുപാടുകളെ കുറിച്ചുള്ള ശരിയായ ബോധ്യവും വളര്‍ത്തിയെടുക്കാല്‍ നല്ല മാനസികാരോഗ്യത്തെ നിലനിര്‍ത്താന്‍ സാധിക്കും.
ആയുര്‍വേദ പ്രതിവിധികള്‍
ശരീരവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മാനസികാരോഗ്യചികിത്സകളും ശരീരത്തിനും മനസ്സിനും ഒരുപോലെ നല്‍കേണ്ടതാണ്. ശരീരശുദ്ധിവരുത്തുന്നതിനായി ആയുര്‍വേദം ഉപദേശിക്കുക പഞ്ചകര്‍മ്മചികിത്സ ഉള്‍പ്പടെ അവസ്ഥാനുസരണവും വൈദ്യനിര്‍ദ്ദേശപ്രകാരവും മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. ബ്രഹ്മി, വയമ്പ്, ശംഖ്പുഷ്പം, ജഡാമാഞ്ചി തുടങ്ങിയ നിരവധി ഔഷധങ്ങളുടെ വിവിധങ്ങളായ പ്രയോഗങ്ങളും നസ്യം, അഞ്ജനം, തലപൊതിച്ചില്‍, ശിരോധാര, തക്രധാര, ധൂമപാനം തുടങ്ങിയ ചികിത്സാവിധികളും ഇത്തരം അവസ്ഥകളില്‍ ഏറെ ഫലപ്രദമാണ്. ചികിത്സയോടൊപ്പം ചിട്ടയായ ആഹാരീതി പിന്തുടരേണ്ടതും അനിവാര്യമാണ്. കൂടാതെ നല്ല കുടുംബാന്തരീക്ഷവും, നല്ല സുഹത്തുക്കളുടെ സാമിപ്യവും, മാനസികോല്ലാസത്തിനായി യാത്രകളും മറ്റും നടത്തുന്നതും മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഏറെ പ്രയോജനം ചെയ്യും.
ഡോ. ഐ. ഭവദാസന്‍ നമ്പൂതിരി
ചീഫ് ഫിസിഷ്യന്‍, ഇടൂഴി നമ്പൂതിരീസ് ആയുര്‍വേദ നഴ്സിംഗ് ഹോം