മര്‍മ്മവിജ്ഞാനം : ആയുര്‍വ്വേദ ചികിത്സയിലെ വഴികാട്ടി

Marmam-Kerala-Acupressure-tradition

നമുക്കു മാത്രം അവകാശപ്പെടാനും, അഭിമാനിക്കാനും അര്‍ഹമാണ് വൈവിധ്യങ്ങളില്‍ ഒന്നാകുന്ന ഭാരതീയ സംസ്കൃതി. ഇതിന്‍റെ തനിമയും, ആരോഗ്യവും, സമൃദ്ധിയും ചൂണ്ടിക്കാണിക്കുന്ന വിഭാഗമാണ് ആയുര്‍വേദം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഉദ്ഭവിക്കപ്പെട്ട ഈ ശാസ്ത്രം, ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ആയുര്‍വേദമെന്ന വാക്കില്‍ നിന്നുതന്നെ അതിന്‍റെ പദത്തിന്‍റെ അര്‍ത്ഥ വ്യാപ്തി വ്യക്തമാണ്. ആയുസ്സിനെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന ശാസ്ത്രമേതോ അതാണ് ആയുര്‍വേദം.

സായിപ്പിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “The gold mine of Indian Health Tradition”. ആയുര്‍വേദത്തിന് കേരളത്തിലുള്ള സ്വാധീനം വലുതാണ്. അതുകൊണ്ടു തന്നെ ഈ സമ്പ്രദായം പല രീതിയിലാണ് കേരളത്തില്‍ പാലിച്ചുകൊണ്ടു വരുന്നത്. പാരമ്പര്യ വൈദ്യം, കളരി ചികിത്സ എന്നിങ്ങനെ പല പേരില്‍ തുടര്‍ന്നു വരുന്നു. ഇവയില്‍ വലിയൊരു സ്ഥാനം വഹിക്കുന്നത് മര്‍മ്മ ചികിത്സയാണ്. ആയുര്‍വേദത്തില്‍ മര്‍മ്മത്തിനു പ്രത്യേകസ്ഥാനം നല്‍കിയിരിക്കുന്നു. ഒരു ചികിത്സാ വിഭാഗമായി ഇത് വളര്‍ന്നിരിക്കുന്നു. വ്യക്തമായി മര്‍മ്മത്തിന് ശരീരത്തിലുള്ള പ്രാവീണ്യം ഒരു വൈദ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു സ്വത്താണ്. ആയുര്‍വേദ ചികിത്സയുടെ അടിസ്ഥാനം സ്വസ്ഥന്‍റെ സ്വാസ്ഥ പരിപാലനവും, ആതുരന്‍റെ വികാരശമനവുമാണ്. മര്‍മ്മത്തിനെക്കുറിച്ചുള്ള ജ്ഞാനം ഇവ പരിപാലിക്കാന്‍ സഹായിക്കുന്നു. മര്‍മ്മത്തിനെക്കുറിച്ചുള്ള ജ്ഞാനം ജീവഘടകമായ ത്രിദോഷത്തെക്കുറിച്ചുള്ള അവബോധംപോലെത്തന്നെ പ്രധാനമായുള്ളതാണ്.

നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ ആചാര്യന്മാരുടെ നിരീക്ഷണ വീക്ഷണത്തില്‍ നിന്നും ഉടലെടുത്ത മര്‍മ്മം എന്ന അതുല്യമായ ആശയം പിന്‍തുടര്‍ന്നു വന്ന തലമുറ അനുഗമിക്കാന്‍ മടിച്ചില്ല. അതുകൊണ്ടു തന്നെ ശാസ്ത്രത്തിന്‍റെ ഉജ്ജ്വലതയും പരിശുദ്ധിയും ആഴവും കോട്ടവും തട്ടാതെ ഇന്നും നിലനില്‍ക്കുന്നു. ഭാരതത്തിന്‍റെ വിലമതിക്കാനാവാത്ത സ്വത്തും ഭാവശുദ്ധിയും കവരുമ്പോള്‍ വിദേശ മുതലാളികള്‍ ആയുര്‍വേദത്തേയും കവരാന്‍ മറന്നില്ല. അതുകൊണ്ടു തന്നെ പാശ്ചാത്യ ആരോഗ്യശാസ്ത്രത്തില്‍ നമുക്ക് മര്‍മ്മ ശാസ്ത്രത്തിന്‍റെ തെളിവുകള്‍ കാണാവുന്നതാണ്.

മര്‍മ്മമെന്ന ബൃഹത്തായ ആശയത്തെ Sports Medicine എന്ന അങ്കലേയ നാമധേയത്തോടുകൂടി മുഖഛായ മാറ്റി അവര്‍ അവരുടെ ശാസ്ത്രത്തിനെ തകര്‍ക്കാനും മര്‍മ്മ ചികിത്സയുടെ പൂര്‍ണ്ണ പ്രാവീണ്യവും കരസ്ഥമാക്കാനവര്‍ക്ക് എന്നൊരു ശാഖ തന്നെ മര്‍മ്മത്തിന്‍റെ മറ്റൊരു മുഖമായി വരുന്നുണ്ട്.

എന്നാലും Acupunture പോലുള്ള ആധുനിക ചികിത്സാരീതികളുടെയും അടിസ്ഥാനം മര്‍മ്മം തന്നെ.

എന്താണ് മര്‍മ്മം?

‘മാരയന്തിതി മര്‍മ്മ’ എന്നശ്ലോകം വ്യാഖ്യാനിക്കുന്നത്, ഏതിനുണ്ടാകുന്ന അഭിഘാതം മരണത്തിനു കാരണമാവുന്നോ അതാണ് മര്‍മ്മം എന്നാണ് . ‘ജീവസ്ഥാനം തു മര്‍മ്മം’ എന്നാല്‍ ജീവന്‍റെ സ്ഥാനം പ്രാണന്‍റെ സ്ഥാനമെന്നര്‍ത്ഥമാവുന്നു. ആയുര്‍വേദ ശാസ്ത്ര പ്രകാരം മര്‍മ്മങ്ങള്‍ 107എണ്ണം. മാംസ, സിരാ, സ്നായു, അസ്ഥി എന്നിവകളുടെ കൂട്ടം എന്നും മര്‍മ്മത്തിനെ വിശേഷിപ്പിക്കുന്നു. ശസ്ത്രക്രിയയുടെ പിതാവെന്നു വിശേഷിപ്പിക്കുന്ന സുസ്രുതാചാര്യന്‍ മര്‍മ്മങ്ങളെ സ്ഥാനത്തിന്‍റെയും, മറ്റു പല സവിശേഷതയുടെ പേരിലും, പല വിധത്തില്‍ തരം തിരിക്കുന്നു. പരിണാമാനുസാരം തരം തിരിച്ചിരിയ്ക്കുന്നവ:

1) സദ്യപ്രാണഹരം
2) കാലന്തരപ്രാണഹരം
3) വിശല്യഘ്നം
4) വൈകല്യഹരം
5) രുജാകരം

ഇവയെ പരിചയപ്പെടുത്തിയാല്‍

സദ്യ പ്രാണഹരമര്‍മ്മം:- അഗ്നി, മഹാഭൂതപ്രധാനമായവയാണ്. അതുകൊണ്ടുതന്നെ ഇതിനുണ്ടാകുന്ന അഭിഘാതം ഞൊടിയിടയിലോ, ഏഴു ദിവസത്തിനിടയിലോ, മരണത്തിലേക്ക് നയിക്കും. ഇവ ശാസ്ത്രപ്രകാരം, ഹൃദയം, നാഭി തുടങ്ങിയ 19 എണ്ണം ഉണ്ട്. കാല ക്രമേണ മരണ കാരിയാകുന്നതും, അഗ്നി, സൗമ്യഗുണ പ്രധാനമായ കാലാന്തര പ്രാണഹര മര്‍മ്മങ്ങള്‍ ക്ഷിപ്രം, ബൃഹതി തുടങ്ങി 33 എണ്ണം ഉണ്ട്.
വിശല്യഘ്നം:- വായു മഹാ ഭൂത പ്രധാനമായ മൂന്ന് മര്‍മ്മങ്ങളാണിവ. ഏതെങ്കിലും ശല്യം അതായത് അന്യദ്രവ്യം കൊണ്ട് മര്‍മ്മത്തിന് അഭിഘാതമുണ്ടാവുന്നതാണിത്. ഉത്ക്ഷേപം, സ്ഥാപനി തുടങ്ങി ഈ മൂന്ന് മര്‍മ്മങ്ങളാണ് വിശല്യഘ്നം.
വൈകല്യഹരം:- ഈപേരില്‍ നിന്നും പ്രതിഫലിയ്ക്കുന്നതാണ് ഇതിന്‍റെ സവിശേഷതയും. 44 എണ്ണം മര്‍മ്മാദിഘാതം വൈകല്യങ്ങളിലേക്ക് നയിക്കുന്നു. ജാനു, ഗുല്‍ഫ എന്നിവയാണ് ഉദാഹരണങ്ങള്‍.
രുജാകരാണി:- അഭിഘാതം മൂലം അസഹനീയ വേദനയുണ്ടാക്കുന്നതാണിവ. ഇത് എട്ട് എണ്ണം. കൂര്‍ച്ചശിരസ്സ്, മണിബന്ധം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിനു പുറമേ ശിരോമര്‍മ്മം, ത്രിമര്‍മ്മം എന്നൊക്കെ പറഞ്ഞ് ഒട്ടേറെ വര്‍ഗ്ഗീകരണങ്ങുണ്ട്.

ശിരോമര്‍മ്മാദിഘാതങ്ങള്‍ക്ക്, ആചാര്യന്‍ വിധിച്ചിട്ടുള്ള ചികിത്സകളാണ് നസ്യം. ശിരോധാര, തലപൊതിച്ചില്‍, ശിരോവസ്തി എന്നിങ്ങനെയുള്ളത്. പക്ഷെ ശിരോമര്‍മ്മ അഭിഘാതത്തിന് മാത്രം വിധിച്ചതുമില്ല എന്നത് പ്ര ത്യേകം പ്രസ്ഥാവ്യവുമാണ്.

ത്രിമര്‍മ്മം എന്ന ആശയം ചരകാചാര്യനാണ് കൂടുതലായും ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ത്രിമര്‍മ്മം എന്നാല്‍ ഹൃദയം, നാഭി, വസ്തി എന്നിങ്ങനെയാകുന്നു. കേരളത്തിലെയും മറ്റു പരമ്പരാഗത ചികിത്സാകാരകന്‍മാര്‍ മര്‍മ്മ ചികിത്സയെ രണ്ടു വിധത്തിലാണ് പറഞ്ഞുവരുന്നത്. തൊടുമര്‍മ്മം (12), പടുമര്‍മ്മം (96) എന്നിവയാണവ.

മനുഷ്യശരീരത്തിന്‍റെ എല്ലാ ഘടകങ്ങളും പരിശോധിച്ചാല്‍ ഒട്ടേറെ വിശേഷതകള്‍ നിറഞ്ഞതാണ് മര്‍മ്മങ്ങള്‍, മനുഷ്യശരീരത്തിലെ വ്യാധികള്‍ക്കുള്ള പ്രതിവിധി. ശരീരത്തില്‍ തന്നെ ഉണ്ടാകുന്ന ആചാര്യ വചനങ്ങളില്‍ നിന്നും പ്രതിഫലിക്കുന്നു. മര്‍മ്മമറിഞ്ഞുള്ള വൈദ്യന്‍റെ പ്രയോഗം ഉടനടി രോഗശമനം ഉണ്ടാക്കുന്ന കാഴ്ച ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമായി കാണുന്നതാണ്. ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സകളും തികച്ചും മര്‍മ്മസ്ഥാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ. ശസ്ത്രക്രിയപോലുള്ള മനുഷ്യന്‍റെ വിജയകരമായ കണ്ടുപിടുത്തങ്ങളും മര്‍മ്മസ്ഥാനത്തിനെക്കുറിച്ചുള്ള പൂര്‍ണ്ണബോധം ഉള്‍ക്കൊണ്ടശേഷം മാത്രം ചെയ്യാവുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ മര്‍മ്മത്തെക്കുറിച്ചുള്ള വിജ്ഞാനം ആചാര്യന്‍റെ കണ്ടുപിടുത്തങ്ങളില്‍ വെച്ച് ഉജ്വലമായ ഒരാശയം തന്നെ. അജയ്യമായ ആയുര്‍വേദ ശാസ്ത്രം തന്‍റെ വിജയയാത്രയില്‍ കുതിക്കുന്നതിനുള്ള ഒരു കാരണവും ഇതുതന്നെ.