പാതിരിക്കുന്നത്തെ നാഗചൈതന്യം

Pathirikunnathu Mana

ഉഗ്ര വിഷം നിറഞ്ഞ ഇന്‍റലാന്‍ഡ് തായിപാനടക്കം പാമ്പുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയും ഇനവ്യത്യാസത്തില്‍ മുമ്പില്‍ നില്‍ക്കുന്ന ബ്രസീലും നാഗാരാധനയില്‍ മുമ്പിലുള്ള ആഫ്രിക്കയും നാഗങ്ങളെ നാഗ ദൈവമായി ആരാധിക്കുന്ന കേരളവും പറയുന്നത് നാഗങ്ങളുടെ വേറിട്ട കഥകള്‍.
സര്‍പ്പദോഷപരിഹാരത്തിനും സന്താനഭാഗ്യത്തിനും വിശ്വാസികള്‍ ആശ്രയിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ പാമ്പുമേക്കാട് മനയും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാഗപ്രതിമകളുള്ളതും ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്നതുമായ ഹരിപ്പാടിലെ മണ്ണാറശാലയും അവയില്‍ ചിലത് മാത്രം. ഇവയില്‍ നിന്നും വേറിട്ട ചരിത്രവും വര്‍ത്തമാനവുമാണ് പാതിരികുന്നത്ത് മനയ്ക്കുള്ളത.് ഇവിടെ ജീവിത ചുറ്റുപാടുകള്‍ നാഗവും നാഗ പൈതൃകവുമായി ഇഴചേര്‍ന്നിരിക്കുന്നു.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് സ്ഥിതിചെയ്യുന്ന പാതിരിക്കുന്നത്ത് മന… പേരിലെ പഴമയും സൗന്ദര്യവും അത് പോലെ തന്നെ വിളിച്ചോതുന്ന ഭൂമിക. നാഗാരാധനക്ക് പ്രാധാന്യമുള്ള ഒരിടം. ചുറ്റുപാടുകള്‍ ആചാര അനുഷ്ടാനങ്ങളുമായി കൂടിച്ചേരുന്നു. ഇത് ഒരു അമ്പലം അല്ല. നാഗ ചൈതന്യം കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബ്രാഹ്മണ മനയാണ്. പുല്‍ക്കാടുകളെ കോണ്‍ക്രീറ്റ് കാടുകള്‍ ആക്കാതെ പ്രകൃതിയെ ഒരല്‍പം പോലും കുത്തിനോവിക്കാതെ പൈതൃകത്തേയും ആവാസ്ഥ വ്യവസ്ഥയേയും സ്വസ്ഥമായി വിഹരിക്കാന്‍ വിട്ടിരിക്കുന്ന ഒരിടം.

വര്‍ഷത്തില്‍ ഏതുദിവസവും ഇവിടെ കടന്നുചെല്ലാം.. നാഗ രാജാവാണ് പ്രധാന പ്രതിഷ്ഠ. മനയുടെ ചുറ്റുപ്പാടുമായി നിരവധി നാഗ രൂപങ്ങളും പ്രതിമകളും കാണാം. നാഗ ശാപത്തില്‍ നിന്നും മുക്തി നേടാനാണ് പലരും ഇവിടെ വരുന്നത്. വൃശ്ചിക മാസത്തിലെ മണ്ഡലകാലത്തും കന്നിമാസത്തിലെ ആയില്യം നാളിലും ഇവിടെ തിരക്കേറും. ദിവസവും 5000 ത്തില്‍ പരം ആളുകള്‍ എത്താറുണ്ട് എന്ന് മനയിലെ പഴയ തലമുറയിലെ രമണി അമ്മ പറയുന്നു. സര്‍പ്പഹോമം ആണ് പ്രധാനം. ഇവിടുത്തെ പ്രസാദം വീടിനുചുറ്റും ഇട്ടാല്‍ ഷുദ്രജീവികള്‍ ആക്രമിക്കില്ല എന്നൊരു വിശ്വാസവും കാലാ കാലങ്ങളായി നിലനില്‍ക്കുന്നു.

എഴുതപ്പെട്ട ചരിത്രവും വിശ്വാസവുമല്ല പാതിരികുന്നത്തിന്‍റേത്..വിശ്വാസികളുടെ വാമൊഴികളിലൂടെ നാടും നഗരവും കടന്ന് മറ്റ് രാജ്യങ്ങളില്‍ വരെ എത്തിനില്‍ക്കുന്നു മനയുടെ വിശേഷങ്ങള്‍.. ചരിത്രത്തോടും പഴമയോടും കെട്ടുപിണഞ്ഞു കിടക്കുന്നു മനയുടെ ഐതിഹ്യവും വിശ്വാസങ്ങളും.. ഷൊര്‍ണൂരില്‍ നഗര തിരക്കില്‍ നിന്നും അല്പം മാറി ഗ്രാമത്തിന്‍റെ പച്ചപ്പില്‍ സ്ഥിതിചെയ്യുന്ന മന ഒരു ആരാധനകേന്ദ്രമായി വളര്‍ന്നത് തികച്ചും യാദൃശ്ചികയിലൂന്നിയായിരുന്നു. ആ കഥ ഇങ്ങനെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മനയിലെ ഒരു കുടുംബം മക്കളില്ലാത്തതിനാല്‍ ദുഃഖം അനുഭവിച്ചിരുന്നു. തങ്ങളുടെ കാലശേഷം ഒരു പിന്തുടര്‍ച്ചാവകാശി ഇല്ലാത്തത് അവരെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ നാളുകള്‍ കടന്നു പോയി. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. അത്ഭുതം എന്ന് പറയട്ടെ, കുഞ്ഞിനൊപ്പം ഒരു ചെറിയ നാഗവും പിറവിയെടുത്തു. കുഞ്ഞിനൊപ്പം നാഗത്തേയും അവര്‍ സംരക്ഷിച്ചു പോന്നു. കുഞ്ഞ് സദാ സമയവും നാഗത്തിനൊപ്പം കളിച്ചുനടന്നു. നാഗം കുട്ടിയുടെ കളിച്ചങ്ങാതിയായി. കുഞ്ഞ് വളരുന്നതിനൊപ്പം നാഗവും വളര്‍ന്നു. കുട്ടി നാഗത്തോടൊപ്പം ചെലവഴിക്കുന്നത് നാട്ടുകാരില്‍ കൗതുകം ഉണര്‍ത്തി. അവര്‍ കാഴ്ചക്കാരായി. ഇത് വീട്ടുകാരില്‍ ഭീതിപരത്തി. ‘നീ വലിയ കുട്ടിയായി ഇനി നാഗത്തിനൊപ്പം കളിച്ചു നടക്കരുത്’ അവര്‍ കുഞ്ഞിന് താക്കീത് നല്‍കി. അതുപോലെ തങ്ങളില്‍ വളര്‍ന്ന ഭയം അവര്‍ നാഗത്തേയും അറിയിച്ചു. അത്ഭുതമെന്ന് പറയട്ടെ ആ നാഗം അവിടെതന്നെ അന്തര്‍ധാനം ചെയ്തു. പിന്നീട് ആരും ആ നാഗത്തിനെ കണ്ടിട്ടില്ല.

പക്ഷെ താന്‍ ജനിച്ച മനയിലും പരിസരങ്ങളിലും ആ നാഗം തന്‍റെ ചൈതന്യം നിലനിര്‍ത്തി എന്നാണ് വിശ്വാസികളും മനയിലുള്ളവരും വിശ്വസിക്കുന്നത്. മനയിലും പരിസരത്തും ആ നാഗത്തിന്‍റെ ദൈവീക ചൈതന്യം ഇന്നും പരന്നൊഴുകുന്നുവെന്ന് അവിടെയുള്ളവരും അവിടേക്ക് എത്തിച്ചേരുന്നവരും വിശ്വസിക്കുന്നു. മനയിലേക്ക് കയറി ചെല്ലുമ്പോള്‍, മനയിലെ ചുറ്റുപാടും സഞ്ചരിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടുന്നത് കൊണ്ടാവും ഇങ്ങനെ ഒരു വിശ്വാസം എന്നാണ് ചിലരുടെ നിലപാട്.

വിശ്വാസത്തില്‍ ഊന്നിയാണ് മന ജനങ്ങള്‍ക്കിടയില്‍ ഇടം നേടിയത്. സര്‍പ്പബലി, സര്‍പ്പഹോമം എന്നിവയാണ് ഇവിടുത്തെ പ്രധാനവഴിപാടുകള്‍. കളംപാട്ടും നടക്കാറുണ്ട്. വൃശ്ചിക മാസത്തിലും കന്നിമാസത്തിലെ ആയില്യം നാളിലും മനയില്‍ എത്തുന്നവര്‍ക്ക് പ്രസാദത്തിനൊപ്പം വിഭവ സമൃദ്ധമായ സദ്യയും നല്‍കുന്നു. തദ്ദേശ വാസികളും വിശ്വാസികളും ഉത്സവമായ് ഈ നാളുകള്‍ കൊണ്ടാടുന്നു. വീട്ടുകാരുടേയും നാട്ടുകാരുടേയും കൂട്ടായ്മയാണ് ആഘോഷങ്ങളുടെ കാതല്‍. വേദങ്ങളിലും ഗ്രന്ഥങ്ങളിലും മികച്ച അറിവുള്ള ആളുകളെ തിരഞ്ഞെടുത്ത് കന്നിമാസത്തിലെ ആയില്യം നാളില്‍ പുരസ്കാരം നല്‍കുന്നു. ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മനയിലെ അമ്പതോളം കുടുംബങ്ങള്‍ ഒത്തുചേരും. ഉത്സവത്തിനെന്നപോലെ നരവധി കച്ചവടക്കാരും ഈ നാളുകളില്‍ ഇവിടെ എത്തിച്ചേരുന്നു.

ആധുനികതയുടെ ചിറകേറുമ്പോള്‍, നഗരതിരക്കില്‍ മുഷിയുമ്പോള്‍, പ്രകൃതിയോട് ചേര്‍ന്ന് ഇരിക്കണം എന്ന് തോന്നുമ്പോള്‍, അതല്ല വിശ്വാസങ്ങളോടും പഴമയോടും കൂട്ടുകൂടണമെന്ന് ഉണ്ടെങ്കില്‍ പാതിരാകുന്നില്‍ എത്താം…നാഗ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്ക്.