പഠനം പ്രകൃതിയോടൊപ്പം

പച്ചക്കറിയും പൂന്തോട്ടവും മികച്ച പഠനവും നടക്കുന്ന വെള്ളാട് ഗവ.യു.പി.സ്കൂളിനെക്കുറിച്ച്.

വൈതല്‍ മലയുടെ ചെരിവിലാണ് വെള്ളാട് ഗവ.യു.പി.സ്കൂള്‍. സ്കൂള്‍ മുറ്റത്ത് നിന്നാല്‍ വിനോദ സഞ്ചാരകേന്ദ്രമായ പാലക്കയംതട്ടും കാണാം. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പിറവി കൊണ്ട് ഒഴുകിയെത്തുന്ന കുപ്പം പുഴയുടെ ഒരു കൈവഴി സ്കൂളിന് അതിരിട്ടാണ് കടന്നു പോകുന്നത്.നടുവില്‍ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവഞ്ചാലിലെത്തിയാല്‍ സ്കൂളിലേക്കുള്ള വാഹനങ്ങള്‍കിട്ടും. ഒരു സാധാരണ സ്കൂളിന്‍റെ പകിട്ട് മാത്രമായിരുന്നു അടുത്ത കാലം വരെ. പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ മാത്രമായി ചുരുങ്ങി അടച്ചു പൂട്ടലിന്‍റെ വഴിയിലേക്കായിരുന്നു ഈ വിദ്യാലയത്തിന്‍റെയും പോക്ക്.

മാറുന്ന മുഖച്ഛായ

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലയിലെ മികച്ച സകൂളിന്‍റെ പട്ടികയിലേക്ക് നടന്നു കയറി.തരിശായും കാടു കയറിയും കിടന്നിരുന്ന സ്കൂള്‍ പറമ്പിനെ പൊന്നുവിളയിക്കുന്ന മണ്ണാക്കി മാറ്റിക്കൊണ്ടാണ് ഈ നേട്ടങ്ങളിലേക്കെത്തിയത്.മണ്ണും പ്രകൃതിയും അറിവും ചേര്‍ന്നാല്‍ മറ്റൊന്നു പകരം വയ്ക്കാനല്ലെന്ന വലിയ പാഠം സമൂഹത്തിന് നല്‍കുകയാണ് അറുപത് വയസ്സ് പിന്നിട്ട വിദ്യാലയം. ജീവനം, അക്ഷരം സുഭിക്ഷം,അക്ഷരം അന്നം അറിവ്,അറിവ് അന്നം നന്മ തുടങ്ങിയ പേരുകളിലൂടെ ഓരോ വര്‍ഷവും ജൈവ കൃഷിയേയും ഉദ്യാനത്തെയും പഠന പ്രവര്‍ത്തനങ്ങളെയും ഒരുമിപ്പിച്ചു.

ജൈവ പച്ചക്കറിക്കൃഷി

കാലാവസ്ഥ അനുകൂലമായതിനാല്‍ ശീതകാല പച്ചക്കറി കൃഷിക്ക് പറ്റിയ മണ്ണാണ് വെള്ളാട് സ്കൂളിന്‍റേത്.തക്കാളി, കാബേജ്, കോളി ഫ്ളവര്‍,കാരറ്റ്,ചീര,പടവലം,,വെള്ളരി, കക്കിരി,മത്തന്‍,പയര്‍ തുടങ്ങിയവയൊക്കെ നന്നായി വിളയും.അര ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചക്കറികള്‍ കഴിഞ്ഞവര്‍ഷം മാത്രം വിളയിച്ചെടുത്തിരുന്നു.ഇതിനു പുറമേ വാഴത്തോട്ടം,കപ്പ,ചേന,ചേമ്പ്, കാച്ചില്‍,ഇഞ്ചി,മഞ്ഞള്‍ തുടങ്ങിയവയും കൃഷി ചെയ്തു വരുന്നുണ്ട്. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും മാത്രമാണ് വളമായി നല്‍കുന്നത്.കീടനാശിനി പ്രയോഗവും ഇല്ല.ജൈവിക നിയന്ത്രണം മാത്രമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. പാതയോരത്ത് കപ്പ കൃഷി ചെയ്ത് 4 ക്വിന്‍റലോളം കപ്പയാണ് ഇത്തവണ കിട്ടിയത്.അത് കപ്പ വാട്ടുത്സവമെന്ന പേരില്‍ വാട്ടി ഉണക്കിയെടുത്ത് പ്രഭാത ഭക്ഷണമായി കുട്ടികള്‍ക്ക് നല്‍കി.തുലാക്കപ്പ,ഏത്തന്‍,ആമ്പക്കാടന്‍,സിലോണ്‍,കട്ടന്‍,വെള്ള തുടങ്ങിയ കപ്പ വിത്തുകളും കൃഷി ചെയ്ത് സംരക്ഷിച്ചു വരുന്നു. വാഴത്തോട്ടത്തില്‍ നേന്ത്രവാഴയും പൂവനും,മണ്ണനും,മൈസൂര്‍ വാഴയും ഞാലിപ്പൂവനും ചുണ്ടില്ലാ പൂവനും ഒക്കെ സുരക്ഷിതരാണ്.നെല്ലും, ചാമയും, തിനയും മുത്താറിയും ചോളവും മേമ്പൊടിയായി കൃഷി ചെയ്തു വരുന്നു.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം

ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് പത്തു വര്‍ഷമായി പ്രഭാത ഭക്ഷണം എല്ലാ കുട്ടികള്‍ക്കും നല്‍കുന്നു. ഉച്ചഭക്ഷണത്തിന് നല്‍കുന്ന മൂന്ന് കറികളില്‍ രണ്ടെണ്ണം സ്കൂളില്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറി കൊണ്ടുള്ളതാണ്.ദിവസവും ഒരു ഇലക്കറി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഉദ്യാന ഭംഗി

വിദ്യാലയ മുറ്റം ഉദ്യാനമാക്കി തുറന്ന പുസ്തകമായി രൂപകല്പന ചെയ്തിട്ടുണ്ട്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പൂക്കളും ചെടികളും കാണാം.കൊക്കെഡാമ,ബോണ്‍സായ് രൂപത്തിലാക്കിയ ചെടികളുമുണ്ട്. സ്വദേശിയും വിദേശിയും നാടനുമായ ഒട്ടേറെ ചെടികള്‍ കൂട്ടത്തില്‍ കാണാം. പത്തുമണി,നാലുമണി,ആമ്പല്‍,തിരുഹൃദയം, ചെണ്ടുമല്ലി,സൂര്യകാന്തി,വാടാമല്ലി തുടങ്ങി എണ്ണിയാലൊടുങ്ങില്ല ചെടികളുടെ പേരുകള്‍. ഓരോന്നിന്‍റെയും അഞ്ചിലധികം വൈവിധ്യങ്ങളുമുണ്ട്.ജലസസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് മൂന്ന് ആമ്പല്‍ക്കുളങ്ങള്‍ നിര്‍മിച്ചു.കൂടാതെ ബക്കറ്റുകളിലും ഇവയെ വളര്‍ത്തുന്നു.നാലിനം ആമ്പല്‍, മെക്സിക്കന്‍ സ്വാഡ്,പെന്നിവര്‍ട്ട്,പിസ്റ്റിയ,കുളവാഴ, കരിമ്പായല്‍, വാട്ടര്‍ ബാംമ്പു തുടങ്ങിയ ജല സസ്യങ്ങളും ഉണ്ട്. ചെമ്പരത്തി,റോസ് എന്നിവയുടെ ഇരുപതോളം ഇനങ്ങള്‍ ഉദ്യാനത്തില്‍ കാണാം.ഹാങ്ങിങ് ചെടികളും വരാന്തകളിലും മരക്കൊമ്പുകളിലുമൊക്കെ കൗതുകം വിരിയിച്ച് തൂങ്ങി നില്‍ക്കുന്നു. റോഡരികും പൂച്ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഔഷധത്തോട്ടം

നൂറിലധികം ഔഷധച്ചെടികള്‍ വിദ്യാലയത്തില്‍ വളരുന്നു. ചിത്തിരപ്പാല, കീഴാര്‍നെല്ലി, കല്ലുരുക്കി, മുയല്‍ചെവിയന്‍, തിരുതാളി, മുക്കുറ്റി, തൊട്ടാവാടി, ചെറു പനച്ചി, കയ്യെണ്ണി, ശതാവരി, ഈശ്വരമുല്ല, കണ്ടകാരി, മേന്തോന്നി, മുത്തങ്ങ,നിലപ്പന, പുളിയാറില, മലയിഞ്ചി,ആവണക്ക്,വാതക്കൊടി, കുന്നി, ആടലോടകം, മുറികൂട്ടി, ഇഞ്ച, ചപ്പാരം, കല്ലുവാഴ, കാട്ടുകോവല്‍,അച്ചപ്പന്‍ പഴം, മന്ദാരം, കൃഷ്ണതുളസി, രാമനാമപ്പച്ച തുടങ്ങിയവയൊക്കെ വന്യമായി വളരുന്നുണ്ട്. ഇതിനുപുറമെ നീലയമരി, കരിങ്കണ്ണിപ്പച്ച, പുകയില, തിരുമുണ്ടാന്‍ തുളസി, കറ്റാര്‍വാഴ, തിപ്പലി, തഴുതാമ, ഉഴിഞ്ഞ, മിണ്ടാ മിണ്ടി, മൊട്ടാമ്പുളി, ഓരില, മൂവില, ഓരിലത്താമര, വെള്ളമുക്കുറ്റി, അല്‍പ്പം, അയ്യപ്പാന എന്നിങ്ങനെയുള്ള അപൂര്‍വ ഇനങ്ങളും ഗ്രോബാഗുകളില്‍ വളര്‍ത്തുന്നു. വിദ്യാലയത്തോട് ചേര്‍ന്ന് കുഞ്ഞ് വനവും സംരക്ഷിക്കുന്നുണ്ട്. പല തരം താളുകള്‍, ഇഞ്ച,പുല്ലാഞ്ഞി,മുള,ചപ്പാരം,കാട്ടു പ്ലാവ്, കല്‍ത്താള് എന്നിവ ഇതിലുണ്ട്.

പുഴ സംരക്ഷണം

മുളയും തഴയും നട്ട് പുഴയോരം സംരക്ഷിക്കാനുള്ള ശ്രമവും കുട്ടികളും അധ്യാപകരും ചെയ്തു വരുന്നു. മുഷി, നെടുഞ്ചല്‍, മുള്ളിക്കോട്ടി, ആരല്‍, മലഞ്ഞീന്‍,കമ്മ്,കല്ലേ മുട്ടി, നടുവരയന്‍, ചൂരപ്പൊട്ടന്‍ തുടങ്ങിയ മീനുകളെ തോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.കാട്ടുമണാട്ടി, ഇളിത്തേമ്പന്‍(പറക്കും തവള)തവളകളും ഉണ്ട്.ഇവയുടെ സംരക്ഷവും ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നു.

അംഗീകാരങ്ങള്‍

കഴിഞ്ഞ 4 വര്‍ഷമായി കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി വെള്ളാട് ഗവ.യു.പി.സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.ജൈവ വൈവിധ്യ ഉദ്യാനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ വര്‍ഷം സ്കൂളിനെത്തേടിയെത്തി.

മനസ്സു വച്ചാല്‍ മാറാം

മനസ്സു വച്ചാല്‍ നമ്മുടെ വിദ്യാലയങ്ങളുടെയെല്ലാം മുഖച്ഛായ മാറ്റിയെടുക്കാവുന്നതേയുള്ളു. ക്ലാസ് മുറികള്‍ക്കുള്ളില്‍ കുട്ടികളെ തളച്ചിട്ട് തളര്‍ത്തുന്നതിനു പകരം തുറന്ന പ്രകൃതി നല്‍കുന്ന പാഠങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്.ആരോഗ്യവും ചിരിക്കുന്ന മുഖങ്ങളുമുള്ള നൂറ് പൂക്കള്‍ അത്തരം വിദ്യാലയങ്ങളില്‍ വിരിയും.അതിനെക്കാള്‍ ശുദ്ധവായു ശ്വസിക്കാനുള്ള ഇടമെങ്കിലും ഭാവി തലമുറക്ക് വേണ്ടി ഒരുക്കാനുള്ള മനസ്സ് നാം കാട്ടേണ്ടതില്ലേ?

Image Rights & Source