തൈറോയ്ഡ് രോഗം വരാതിരിക്കാന്‍

Thyroid-disease-management

തൈറോയ്ഡ് രോഗത്തിന് മരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. രോഗം ഉള്ളവര്‍ മരുന്ന് കഴിച്ചല്ലെ പറ്റൂ .എന്നാല്‍ എത്ര നാള്‍ കഴിച്ചിട്ടും മരുന്നിന്‍റെ അളവും ബുദ്ധിമുട്ടുകളും കൂടുന്നതല്ലാതെ കുറയുന്നില്ല.തൈറോയ്ഡ് രോഗികളെ നിരീക്ഷിച്ചാല്‍ രോഗം ഉണ്ടാകാനിടയുള്ള വരെയും ചികിത്സിച്ചിട്ടും ഭേദമാകാത്ത വരെയും ചില പ്രത്യേക ഗ്രൂപ്പില്‍ പെടുത്തുവാന്‍ സാധിക്കുന്നതായി കാണുന്നു .

1) ശരിയായ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ദഹന പചന ആഗീരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ) ഇല്ലാത്തവര്‍
2) നല്ല ശീലങ്ങള്‍ ഇല്ലാത്തവര്‍
3) ശരിയായ ഭക്ഷണരീതി പാലിക്കാത്തവര്‍

തൈറോയിഡിനെ ആശ്രയിച്ച് പല രോഗങ്ങള്‍ ഉണ്ടാകാം. അവയുടെ ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിലൂടെ ഇവയെ പരിഹരിക്കുവാന്‍ സാധിക്കുമെന്ന് മനസ്സിലാക്കാം. മരുന്ന് കഴിക്കുന്നതിലൂടെ മാത്രം ഇവയൊക്കെ പരിഹരിച്ചു കളയാമെന്നത് വെറും മിഥ്യാധാരണയാണ്. എന്നാല്‍ മരുന്നും കൂടി കഴിച്ചു മാത്രമേ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകു എന്നതും പരിഗണിക്കണം.

ചിലരില്‍ ഉന്മേഷക്കുറവും മറ്റുചിലര്‍ക്ക് ഉന്മേഷം കൂടുതലും, ഉറങ്ങാന്‍ തോന്നുക എന്നാല്‍ പലപ്പോഴും നല്ല ഉറക്കം കിട്ടാതെ വരിക, മറവി, ശരീരമാകെ പെരുത്തും വിങ്ങുന്നപോലെയും തോന്നുക, വിശപ്പ് കൂടുകയോ കുറയുകയോ ചെയ്യുക, ചിലര്‍ക്ക് ശരീരം തടിച്ചു വരും മറ്റുചിലര്‍ക്ക് മേലിച്ചിലുണ്ടാകും, മലബന്ധം, ഇടക്കിടെ കക്കൂസില്‍ പോകണമെന്ന തോന്നല്‍, മുടികൊഴിച്ചില്‍, ശബ്ദവ്യത്യാസം,സന്ധികള്‍ക്കും പേശികള്‍ക്കും വേദന, മാനസികപ്രശ്നങ്ങളും അകാരണമായ ഭയവും, ആര്‍ത്തവ തകരാറുകള്‍, വന്ധ്യത തുടങ്ങി പല ബുദ്ധിമുട്ടുകളാണ് തൈറോയ്ഡ് രോഗികളില്‍ അനുഭവപ്പെടുന്നത്. ഏതുതരം തൈറോയിഡ് രോഗമാണെന്ന് മനസിലാക്കിയശേഷം മാത്രമേ മരുന്ന് നിര്‍ണയിക്കുവാന്‍ പാടുള്ളൂ.

എന്നാല്‍ ഏതുതരം തൈറോയ്ഡ് രോഗമായാലും പാലിക്കേണ്ട മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജീവിതചര്യ ക്രമപ്പെടുത്തുക തന്നെയാണ് ഇതില്‍ പ്രധാനം.രാവിലെ അഞ്ചുമണിക്ക് എങ്കിലും ഉണരുന്നതും, വെറുംവയറ്റില്‍ തന്നെ കുളിക്കുന്നതും, കുളിക്കുന്നതിനു മുമ്പ് ചായ, ബിസ്കറ്റ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതും, സമയത്തുള്ള ഭക്ഷണവും, പകലുറക്കം ഒഴിവാക്കലും, രാത്രി നേരത്തെ ഉറങ്ങുന്നതും, അതിനും ഒന്നര മണിക്കൂറെങ്കിലും മുമ്പ് എളുപ്പം ദഹിക്കുന്ന രാത്രി ഭക്ഷണം കഴിക്കുന്നതുമെല്ലാം ശരിയായ ചര്യകളില്‍ പെടുന്നു.

ദഹനസംബന്ധമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ ഭക്ഷണം ക്രമീകരിച്ചാല്‍ അഥവാ അഗ്നിബലത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിച്ചാല്‍ തന്നെ ഇത്തരം പല രോഗങ്ങളില്‍ നിന്നും ഒഴിവാകാന്‍ സാധിക്കും.ഇന്ന് സാധാരണ കാണുന്ന അസിഡിറ്റി, ഗ്യാസ്, വായ്പ്പുണ്ണ്, മലബന്ധം, അര്‍ശസ്സ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ശരിയായ ദഹനം നോക്കുന്നവരല്ലെന്ന് നിസ്സംശയം പറയാം.

ശരിയായ വ്യായാമമില്ലായ്മയും, വളരെ താമസിച്ചു മാത്രം ഉണര്‍ന്നെഴന്നേല്‍ക്കുന്നതും, അധികനേരവും ആലസ്യത്തോടെയുള്ള ഇരിപ്പും, അത്തരം ജോലികളും തൈറോയ്ഡ് രോഗത്തിന് കാരണമാകും എന്നതിനാല്‍ ചെയ്യുന്ന തൊഴിലിന്‍റെ സ്വഭാവം അനുസരിച്ചുള്ള ലഘുവായ വ്യായാമക്രമങ്ങള്‍ ശീലിക്കുക തന്നെ വേണം.
ശക്തിയേറിയ ചില മരുന്നുകളും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും.

മുമ്പ് സൂചിപ്പിച്ച മെറ്റബോളിസം ശരിയായിരിക്കുന്നവരില്‍ ശരീരഭാരവും നിയന്ത്രിതമായിരിക്കും. ശരീരഭാരം നിയന്ത്രിതമല്ലാത്തവര്‍ക്ക് തൈറോയ്ഡ് രോഗം വരികയും ചെയ്യാം.പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തൈറോയിഡ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സിച്ചിട്ടും കൊളസ്ട്രോള്‍ വര്‍ ദ്ധി ച്ചുതന്നെ നില്‍ക്കുന്നവരും, ചീത്ത കൊളസ്ട്രോള്‍ കൂടി ഇരിക്കുന്നവരും, ചെറിയപ്രായത്തില്‍ത്തന്നെ കൊളസ്ട്രോള്‍ രോഗം പിടിപെട്ടവരും തൈറോയ്ഡ് പരിശോധിപ്പിക്കണം. പാരമ്പര്യവും ഒരു ഘടകമാണ്.

മരുന്ന് കഴിക്കുന്നവര്‍

രാവിലെ ആഹാരത്തിനു മുമ്പ് തൈറോക്സിന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉടനെ പാല്‍, ബിസ്കറ്റ്, മറ്റ് ആഹാരങ്ങള്‍ എന്നിവ കഴിക്കരുത്. മരുന്നിന്‍റെ ആഗിരണം കുറയും. സോയ, പാലുല്‍പന്നങ്ങള്‍,കാല്‍സ്യം, അയണ്‍, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയും തൈറോക്സിന്‍ ആഗിരണത്തെ കുറയ്ക്കും. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് കഴിക്കുന്ന മരുന്നിന്‍റെ ശരിയായ പ്രയോജനം കിട്ടില്ല എന്ന് സാരം. പതിവായി ഉയര്‍ന്ന അളവില്‍ തൈറോക്സിന്‍ കഴിക്കുന്നവരില്‍ എല്ലുകള്‍ക്ക് തേയ്മാനം, നെഞ്ചിടിപ്പ്, ശരീരഭാരം കുറയുക, പ്രമേഹം തുടങ്ങിയവയും ഉണ്ടാകാം.

എന്തൊക്കെ ശ്രദ്ധിക്കണം?

അയഡിന്‍റെ ഉപയോഗം വര്‍ധിപ്പിക്കണം. മത്സ്യവും മറ്റു കടല്‍ വിഭവങ്ങളും അയഡിന്‍ സമൃദ്ധമാണ്.ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കടല്‍മത്സ്യങ്ങള്‍ കഴിക്കണം. കല്ലുപ്പ് ഉപയോഗിക്കണം. എന്നാല്‍ മത്സ്യം ഭക്ഷിക്കാത്തവര്‍ക്ക് അയഡിന്‍ ഉപ്പ് തന്നെ വേണ്ടിവരും .ഏതു ഉപ്പ് ആയാലും അത് തുറന്നു വെച്ചാലോ സൂര്യപ്രകാശം തട്ടിയാലോ ഉപ്പിലുള്ള അയഡിന്‍റെ സാന്നിധ്യം കുറഞ്ഞപോകും.ഉപ്പ് ഇരുണ്ടനിറമുള്ള പ്ലാസ്റ്റിക് ടിന്നുകള്‍,മണ്‍പാത്രങ്ങള്‍ തടി പാത്രങ്ങള്‍ എന്നിവയിലോ ഇട്ടു മുറുക്കമുള്ള അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം.നാലോ അഞ്ചോ ത വണയായുള്ള ഭക്ഷണവും സമീകൃത ആഹാരവും ആരോഗ്യമുള്ള തൈറോയിഡിനെ നല്‍കും. പച്ചക്കറികള്‍ പ്രത്യേകിച്ചും അയഡിന്‍ സമ്പുഷ്ടമായ മണ്ണില്‍ വിളഞ്ഞത്, പഴം, ചിക്കന്‍, മത്തി, ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ചെമ്മീന്‍, ഞണ്ട്, ക്യാരറ്റ്, അണ്ടിപ്പരിപ്പുകള്‍, സ്ട്രോബറി, അരി, ഗോതമ്പ്, ബാര്‍ലി, കടല, ആട്ടിറച്ചി തുടങ്ങിയവ അയഡിന്‍ സമ്പുഷ്ടമായ ഭക്ഷണം ആയതിനാല്‍ തൈറോയിഡ് രോഗം ഒഴിവാക്കാനായി കഴിക്കാം.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഖകരമാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. പ്രായമായവരില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയും എന്നതിനാല്‍ അത് മെച്ചപ്പെടുത്തുവാന്‍ വ്യായാമ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പഞ്ചസാരയും ,കൃത്രിമ മധുരവും ,നിറങ്ങളും, കൃത്രിമ രുചിയും ചേര്‍ത്ത ഭക്ഷണം, ഫാറ്റ് ഫ്രീ, ഷുഗര്‍ ഫ്രീ , ലോഫാറ്റ് ഫുഡ് എന്നിങ്ങനെ ലേബലുള്ള ഭക്ഷണങ്ങള്‍, കടുക്, ചോളം ,മധുരക്കിഴങ്ങ്, മരച്ചീനി, ക്യാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതല്ല. എന്നാല്‍ നന്നായി വേവിച്ചാല്‍ കാബേജും കോളിഫ്ളവറും കഴിക്കാം. കപ്പ അഥവാ മരച്ചീനി നന്നായി വേവിച്ചത് കടല്‍ മത്സ്യം ചേര്‍ത്താണ് കഴിക്കുന്നതെങ്കില്‍ കുഴപ്പമില്ല.അയഡിന്‍റെ ആഗീരണത്തെ തടയുവാനുള്ള കപ്പയുടെ കഴിവിനെ പ്രതിരോധിക്കുവാന്‍ കടല്‍ മത്സ്യത്തിന് സാധിക്കും.