“തിരിച്ചറിവിന്‍റെ” മധുരവുമായി ദേവിക

സിനിമാമോഹവുമായി കോടമ്പാക്കത്തെ തെരുവുകളില്‍ അലഞ്ഞ നിരവധി പേരുടെ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധി. പലരുടെയും ഉറക്കം കെടുത്തുന്ന സ്വപ്നമായി സിനിമ മാറിയത് വളരെ വേഗത്തിലായിരുന്നു.

പ്രതീക്ഷകളും സ്വപ്നങ്ങളും നിറച്ച് സിനിമ ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. ആ മായികലോകത്തേക്ക് നടന്നുകയറാന്‍ ഇന്നും ആളുകള്‍ മോഹിച്ചുകൊണ്ടേയിരിക്കുന്നു.

കോറിയിട്ട കൗതുകങ്ങള്‍

കലകള്‍ ഉറങ്ങുന്ന കണ്ണൂരിലെ മണ്ണില്‍ നിന്ന് ദേവിക എസ് ദേവ് എന്ന കലാകാരി സിനിമയിലേക്ക് നടന്നുകയറുകയാണ്, തിരിച്ചറിവ് എന്ന കഥയിലൂടെ. കയരളം കിളിയളം ബാലന്‍ മാസ്റ്റര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സഹദേവന്‍ വെളിച്ചപ്പാടിന്‍റെയും കെ ഷീബയുടെയും മകളായ ദേവിക ഇന്ന് ഒരു നാടിന്‍റെ സ്വപ്നം കൂടിയാണ്. ഗോഡ് ഫാദറോ, എടുത്തുപറയാന്‍ സിനിമാ പാരമ്പര്യമോ കൈമുതലായി ഇല്ല. എന്നാല്‍ തന്‍റെ 15 വയസ്സിനിടയില്‍ തേടിയെത്തിയ ജീവിതാനുഭവങ്ങള്‍, നടന്നുനീങ്ങിയ വഴികളില്‍ നിന്ന് അരിച്ചെടുത്ത കാഴ്ചകള്‍, അവയെല്ലാം മഞ്ചാടിക്കുരു പോലെ കൂട്ടിവെച്ച് ദേവിക പേപ്പറിലേക്ക് പകര്‍ത്തി. അങ്ങനെയാണ് തിരിച്ചറിവ് എന്ന കഥയുടെ ജനനം.

വെളുത്ത മധുരത്തിലേക്ക്

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജീവിതം പ്രമേയമാക്കി ദേവിക എഴുതിയ തിരിച്ചറിവ് എന്ന കഥ ദേവികയുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്. മയ്യില്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവികയ്ക്ക് തന്‍റെ കഥ സിനിമയാക്കുന്നു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നാട്ടുകാരന്‍ കൂടിയായ കലാ പ്രവര്‍ത്തകന്‍ ജിജു ഒറപ്പടി തിരിച്ചറിവ് വായിക്കാനിടയായതോടെയാണ് സിനിമ ദേവികക്കുമുന്നില്‍ തെളിഞ്ഞത്. കഥ വായിച്ച ജിജു അത് സിനിമാ മേഖലയിലുള്ള ചിലരുമായി പങ്കുവെച്ചു. തുടര്‍ന്നാണ് സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ തിരിച്ചറിവ് എന്ന കഥ വെളുത്ത മധുരം എന്ന പേരില്‍ തിയേറ്ററില്‍ വെളിച്ചം കാണാന്‍ ഒരുങ്ങുന്നു. ജിജു ഒറപ്പടി തന്നെയാണ് സംവിധാനംചെയ്യുന്നത്. വൈഖരി ക്രിയേഷന്‍സ് നിര്‍മ്മാണം. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ സിനിമയില്‍ എത്തും. ജി എസ് അനില്‍ ആണ് തിരക്കഥയും സംഭാഷണവും. ശ്രീക്കുട്ടന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ ആക്കും.

കുട്ടിത്തത്തില്‍ നിന്ന് കലയിലേക്ക്

പഠനത്തിരക്കിനിടയിലും കല ദേവിക ശ്രദ്ധിച്ചു. പത്താം ക്ലാസ് എന്ന് പറഞ്ഞ് ഭീതിപ്പെടുത്താതെ പഠനത്തോടൊപ്പം കലയും കൊണ്ടുപോകാന്‍ അച്ഛനും അമ്മയും അനിയന്‍ ദേവനന്ദനും അടങ്ങുന്ന കുടുംബം ദേവികക്കൊപ്പംനിന്നു. പ്രാദേശിക കലാകൂട്ടായ്മയായ ഒറപ്പടി കലാകൂട്ടായ്മയുടെ ഭാഗമായതോടെ എഴുത്ത് കൂടുതല്‍ ശക്തമായി ദേവികയിലേക്ക് കടന്നുവന്നു. കലയുടെ അന്തരീക്ഷം നിറഞ്ഞ നേരങ്ങള്‍ ദേവികയുടെ മനസ്സിലെ കലാകാരിയെ ഉണര്‍ത്തി എന്നുവേണം പറയാന്‍. ദേവികയുടെ ഒഴിവുസമയങ്ങള്‍ ആ കൂട്ടായ്മയുടെ ഒപ്പമായിരുന്നു. കൂട്ടായ്മയുടെ പുസ്തകപ്പുരയുടെ ലൈബ്രേറിയന്‍ ആണ് ദേവിക. നാട്ടുത്സവം നാടന്‍പാട്ട് മേളയിലെ അവതാരികയും പാട്ടുകാരിയും കൂടിയായ ഈ കലാകാരി കഥയും തിരക്കഥയും ഒരുക്കിയ കൃഷ്ണനും ബഷീറും എന്ന ഹ്രസ്വചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഒറപ്പടി കലയുടെ ലോകം

അഞ്ച് വര്‍ഷത്തിലധികമായി ദേവിക ഒറപ്പടി കൂട്ടായ്മയില്‍ ഉണ്ട്. വ്യത്യസ്ത അഭിരുചികളുള്ള കുട്ടികളാണ് ഈ കൂട്ടായ്മയില്‍ അംഗങ്ങള്‍. അഞ്ചാം തരം മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്. എല്ലാ ഒഴിവു ദിവസങ്ങളിലും ഇവര്‍ അവിടെ എത്തിച്ചേരും. വിദ്യാഭ്യാസത്തോടൊപ്പം അവരുടെ സര്‍ഗവാസനകളും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും ഇവിടെ നടക്കുന്നു. 25 ഓളം കുട്ടികള്‍ ഇവിടെ അംഗങ്ങളാണ്. ഇവര്‍ക്കായി കൂട്ടായ്മകളും സാഹിത്യ ക്യാമ്പുകളും ക്ലാസുകളും ഫിലിം ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ ഒരു സാഹിത്യ ക്യാമ്പില്‍ വച്ചാണ് ദേവിക ആദ്യമായി കഥ എഴുതിത്തുടങ്ങിയതെന്ന് ജിജു ഒറപ്പടി ഓര്‍ക്കുന്നു. എഴുതിയ സൃഷ്ടികള്‍ ജിജുവിനെ ദേവിക കാണിച്ച് അഭിപ്രായം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഒരു അഭിപ്രായം തേടലാണ് ഇന്ന് വെളുത്ത മധുരത്തില്‍ എത്തിനില്‍ക്കുന്നത്.

മഞ്ഞുവീഴുന്ന ഡിസംബറിലെ തണുത്ത ദിനങ്ങളിലൊന്നില്‍ ചിത്രം തിയേറ്ററിലെത്തും. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ വെളുത്ത മധുരം പ്രേക്ഷകര്‍ക്ക് രസിക്കുമെന്ന വിശ്വാസത്തിലാണ് ദേവിക.