കേരളീയ ക്ഷേത്രാചാരങ്ങളുടെ ശൈലി ഇതര പ്രദേശങ്ങളില്‍ നിന്നും പ്രത്യേകത അര്‍ഹിക്കുന്നതാകയാല്‍ എക്കാലത്തും തദ്ദേശീയര്‍ക്കും വിദേശീയര്‍ക്കും ഇത് പഠനവിഷയമാക്കുന്നതില്‍ എപ്പോഴും പ്രചോദനം നല്‍കിയിട്ടുണ്ട്. വാസ്തുശില്‍പ്പമായാലും വിവിധ ചടങ്ങുകളായാലും അതിന്‍റെ ശാസ്ത്രീയത എന്നും ചര്‍ച്ചക്ക് പാത്രീഭവിക്കാറുണ്ട്. ഉത്തരദേശമാകട്ടെ ഇത്തരത്തിലുള്ള കലാസംസ്കൃതിയുടെ ഈറ്റില്ലമാണുതാനും. ഭരതമുനിയുടെ ‘നാട്യശാസ്ത്ര’മാണ് നൃത്തകലയുടെ ഉറവിടം. ക്രിസ്തുവിന് മുന്‍പ് നാലാം നൂറ്റാണ്ടില്‍ ഉദയംകൊ
ണ്ട ഈ നൃത്ത പാരമ്പര്യം ഭാരതമെങ്ങും വ്യാപിച്ചിരുന്നു.
ഇതില്‍ ഏറ്റവുമധികം വിഷയീഭവിക്കാത്ത ഉത്തര മലബാറിലെ തിടമ്പ് നൃത്തമാണ് ഇവിടെ പ്രതിപാദ്യം. ആയിരത്തോളം വര്‍ഷം പഴക്കമാര്‍ന്നതും നമ്പൂതിരിമാര്‍ മാത്രം ചെയ്യുന്ന ഈ നൃത്തവിശേഷം അന്യം നിന്നുപോകുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍ ഇതിനെ ചര്‍ച്ചാവിഷയമാക്കുന്നത്. നാടന്‍ കലാകേന്ദ്രത്തിനോ ക്ഷേത്രപരിപാലകര്‍ക്കോ ഇപ്പോഴും ഇതിന്‍റെ ഉല്‍ഭവമോ ആരൂഢമോ കണ്ടെത്താനായിട്ടില്ല. ആദ്യമായിട്ടാണ് 2015ല്‍ കേരള സംഗീത നാടക അക്കാദമി തിടമ്പ് നൃത്താചാര്യനായ കഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ പുതുമന ഗോവിന്ദന്‍ നമ്പൂതിരിയെ ആദരിച്ചത്. അതുപോലെ ഫോക്ലോര്‍ അക്കാദമി നര്‍ത്തകാചാര്യന്‍ ശ്രീരാമ അങ്കിത്തായയെയും ആദരിച്ചു. വെതിരമന ശ്രീധരന്‍ നമ്പൂതിരി, ആദിമന കൃഷ്ണന്‍ നമ്പൂതിരി, മാടമന ശങ്കരന്‍ എമ്പ്രാതിരി എന്നിവര്‍ പ്രശസ്തരാണ്. ഇന്നേവരെ ഇതൊരു പൂജാസമ്പ്രായത്തിന്‍റെ ഭാഗം മാത്രമാണെന്നിരിക്കെ ഈ ക്ഷേത്രാനുഷ്ഠാനകലയെ അവാര്‍ഡിലൂടെ ആരും ആദരിച്ചിരുന്നില്ല. ആചാരാനുഷ്ഠാനങ്ങളെ അവാര്‍ഡ് നല്‍കുക എന്നിരുന്നാലും മൂല്യശോഷണംസംഭവിക്കാതെതന്നെ ഈ അനുഷ്ഠാനകലയെ വേണ്ടവണ്ണം അകത്തും പുറത്തും അറിയിക്കാന്‍ ശ്രമിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. തെയ്യം എന്ന അനുഷ്ഠാനകലയെ ദില്ലിയില്‍ ഏഷ്യാഡില്‍ വെച്ച് ലോകത്തെ മുഴുവന്‍ കാണിച്ചപ്പോഴും ശ്രീധരന്‍ കുട്ടമത്തിന്‍റെ ചിലമ്പിട്ട ഓര്‍മ’കളിലൂടെ കണ്ണന്‍ പെരുവണ്ണന്‍ സഹൃദയലോകത്ത് ഉറഞ്ഞാടിയപ്പോഴുമാണ് കൂടുതല്‍ കൂടുതല്‍ തെയ്യത്തിന്‍റെ ചൂട്ടുവെളിച്ചം പുറംലോകമറിഞ്ഞത്.
പിന്നീട് ഡോ.എം. വി. വിഷ്ണുനമ്പൂതിരിയിലൂടെ ചികഞ്ഞെടുത്ത ഉത്തരദേശത്തെ അനുഷ്ഠാനവിജ്ഞാനങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കപ്പെട്ടു. ഇനിയും ഒട്ടേറെ അവതരിപ്പിക്കപ്പെടാനുണ്ടെന്ന് പുറംലോകം വേവലാതിപ്പെടുന്ന അനുഷ്ഠാനകലകളുടെ ഒരു സഞ്ചയം തന്നെ ഇവിടെയുണ്ട്. ഇതില്‍ ശാസ്ത്രീയതകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ദൃശ്യകലയായ തിടമ്പ് നൃത്തം ഒരു അനുഷ്ഠാന കലയാണ്.
ഫോക്ലോര്‍ അക്കാദമികളും ഫോക്ലോര്‍ പഠനങ്ങളും ഉണ്ടായി. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രകലാ പഠനകേന്ദ്രവും ഉണ്ടായിട്ടുണ്ട്. പരേതനായ സി.എം.എസ് ചന്ദേരയെ പോലുള്ളവര്‍ വൈജ്ഞാനികരംഗത്ത് ഇതിന്‍റെ ആദ്യകാല തുടക്കക്കാരായി. മൂഷികവംശയാത്ര നടത്തി പലതും അക്കാദമിക് ലോകത്തിന് കാഴ്ചവെച്ചു. ഇന്നും ഡോ. ഇ. ഉണ്ണികൃഷ്ണന്‍,ഇശ്രീ.കെ.കെ.മാരാര്‍, ഫ്രൊ.രാഘവന്‍ പയ്യനാട്, ഡോ.വൈ.വി കണ്ണന്‍ എന്നിവര്‍ അടുക്കും ചിട്ടയോടെ ഈ അനുഷ്ഠാനകലകളുടെ അറിവ് തേടി അന്വേഷണരംഗത്തുണ്ട്. ക്ഷേത്രങ്ങളുടെ ആവിര്‍ഭാവം, തന്ത്രം, മന്ത്രം, വാസ്തു, ആരാധനക്രമങ്ങള്‍, പൂജാവിധികള്‍ എന്നിവക്കെല്ലാം കേരളീയമായ പുറംചട്ടയുണ്ടാക്കാന്‍ തദ്ദേശീയ സംസ്കൃതിക്ക് സാധിച്ചിട്ടുണ്ട്. കേരളീയ മാതൃകയിലുള്ള ക്ഷേത്രസമുച്ചയം ഉണ്ടായതോടെതന്നെ തച്ചുശാസ്ത്രനിബിഡമായ രീതികളും സമ്പ്രദായങ്ങളും ഉണ്ടായിത്തുടങ്ങി. പുറമെനിന്ന് വന്നവയായാലും കേരളീയമായ കാഴ്ചപ്പാട് ഇവിടെ നിലനിര്‍ത്തുന്നതില്‍ നമ്പൂതിരി സമുദായത്തിനും വ്യക്തമായ പങ്കുണ്ട്. ജാതിവ്യവസ്ഥ കേവലം തൊഴില്‍ വിഭജനമാണെന്ന സങ്കല്‍പം കൈകൊണ്ട ഇന്നാട്ടില്‍ ധനജനസഞ്ചയത്തിന്‍റെ ബലാബലത്തോടെ അവയ്ക്ക് ഊനം തട്ടിയതാണ് വര്‍ണ്ണാശ്രമത്തിലൂടെ അരക്കെട്ടുറപ്പിക്കാന്‍ തുനിഞ്ഞത്. അതോടെ മങ്ങലേറ്റത് തൊഴില്‍ വിഭജന സംസ്കൃതിയായിരുന്നു. എന്നിട്ടും വ്യതിരിട്ട കാഴ്ചപ്പാട് എല്ലാറ്റിനും ഉരുക്കിതീര്‍ത്തത് തൊട്ടടുത്ത അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും മാറിനിന്ന വ്യത്യസ്ഥ ആരാധനാക്രമപാലനത്തിലൂടെയായിരുന്നു.
ഇത് മേല്‍ പറഞ്ഞ എല്ലാറ്റിനുമെന്നപോലെ ക്ഷേത്രോല്‍സവത്തിലും എഴുന്നള്ളത്തിലും തിടമ്പ് നൃത്തത്തിലും കാണാന്‍ തുടങ്ങി. ഏറെകാലത്തിനു മുന്‍പൊന്നും തിടമ്പ് നൃത്തം ക്ഷേത്ര ആചാരങ്ങളില്‍ വന്നിരിക്കാന്‍ തരമില്ല. പരശുരാമന്‍റെ കഥക്ക് ആധാരമായ നമ്പൂതിരി ഗ്രാമവിഭജനവും ക്ഷത്രിയ രാജാക്കന്‍മാരെ ഭരണ ചുമതല ഏല്‍പ്പിക്കുന്നതും ഒരുപാട് തര്‍ക്കങ്ങള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ശ്രീ. ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന കൃതിയില്‍ പറയുന്ന ഉദയവര്‍മ്മ ചരിതത്തില്‍ പെരിഞ്ചല്ലൂര്‍ കോലത്തിരി തമ്പൂരാന്‍ നമ്പൂതിരിമാരായ ഗ്രാമക്കാരുമായി പിണങ്ങുകയും അവരുടെ വൈദിക സാമുദായിക പ്രഭാവം തളര്‍ത്തുന്നതിനു ഗോകര്‍ണ്ണത്തുനിന്ന് മൂന്ന് അഗ്രഹാരങ്ങളിലെ 237 ഇല്ലങ്ങള്‍ ചെറുതാഴം ദേശത്ത് കുടിയിരുത്തുകയും ചെയ്ത പുരാവൃത്തമാണ് അതിലെ കഥാവസ്തു എന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് പരദേശി ബ്രാഹ്മണരെ മലബാറില്‍ എത്തിച്ചതും അവരോടൊപ്പം ആചാരാനുഷ്ഠാനങ്ങളും വന്നു ചേര്‍ന്നുവെന്നാണ്. മഹാരാഷ്ട്രയിലെ ചത്രപതി ശിവജിയുടെ നാട്ടില്‍നിന്നും തുളുനാട്ടിലെത്തിയ ആചാരങ്ങളാണ് തെയ്യകോലങ്ങളടക്കം ഇവയെന്നും മറ്റൊരു വാദമുണ്ട്.
ഏഴിമല വാണ മൂഷിക രാജവംശമായിരിന്നുവല്ലോ കോലത്തിരി രാജവംശമായി തീര്‍ന്നത്. രാജവംശം സ്ഥാപിച്ച ആദ്യത്തെ രാമഘടമൂഷികനാവട്ടെ ഗംഗാ സമതലത്തില്‍ നിന്ന് പുറപ്പെട്ട ഗര്‍ഭിണിയായ ഒരു രാജകുമാരിയുടെ പുത്രനായിരുന്നുവെന്നും രാമന്തളി തീരത്ത് എത്തിച്ചേര്‍ന്ന് രാജധാനി രാമഘടന് പണിതെന്നുമാണ് ചരിത്രം. വാകക്കാട്ടില്‍ പ്രസവിക്കുകയും ആകയാല്‍ നെന്മേനി വാകയുടെ പൂക്കുല ചിഹ്നമായെടുത്ത് സംസ്കൃതത്തില്‍ നെന്മേനിവാകയെ മൂഷകം എന്നു പറയുന്നതിനാല്‍ മൂഷികവംശമായിതീര്‍ന്നു. മാടായി കാവിലമ്മ പരദേവതയും നാന്ദകം വാള്‍ ആരാധനാമൂര്‍ത്തിയുമായിതീര്‍ന്നു. അതുലന്‍റെ മൂഷികവംശകൃതിയാണ് മൂലകഥ പറയുന്ന ഗ്രന്ഥം. കേരളാവകാശക്രമം എന്ന പുസ്തകം ഉള്ളതായും പറയപ്പെടുന്നു. ഹൈദരാബാദിലെ മൂസി നദിക്കരയിലുള്ളളവരെന്നും മറ്റൊരു കഥ. 1617 എ.ഡി. (യുഗാബ്ദ്ധം 3894) യിലാണ് ഇത് നടന്നതായി വിശ്വസിക്കപ്പെടുന്നത്.
പയ്യന്നൂര്‍ വഴിയാണ് മലബാറില്‍ തുളു ബ്രാഹ്മണസമൂഹം വന്നുചേര്‍ന്നതെന്ന് ചിറക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍ പറയുന്നു. അവരുടെ സംഭാവനയാണ് പഠനാര്‍ഹമാക്കേണ്ടത്. ആ ജനജീവിതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗോകര്‍ണ്ണത്തിലെ മൂന്ന് ബ്രാഹ്മണ അഗ്രഹാരങ്ങള്‍ അട്ടിപേറായി കോലത്ത് നാട്ടില്‍ വന്നുചേര്‍ന്നതത്രേ. ഈ ബ്രാഹ്മണായനം ശുചീന്ദ്രത്തും പാര്‍പ്പുറപ്പിച്ചതിന് രേഖയുണ്ട്. കര്‍ണ്ണാടക, തുളു ഭാഷാപ്രയോഗങ്ങളും പദങ്ങളും മലയാളഭാഷയില്‍ സംക്രമിക്കുകയും കര്‍ണ്ണാടക തുളു സാമൂഹ്യസമ്പ്രദായങ്ങള്‍ ക്ഷേത്രാരാധന, തെയ്യക്കോലങ്ങള്‍, കെട്ടിയാടല്‍, തിടമ്പ് നൃത്തം എന്നിവയില്‍ ആവേശിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് നൂറ്റാണ്ടു മുന്‍പ് തന്നെ കോലത്ത് നാട്ടില്‍ കെട്ടിയാടിച്ചു പോന്ന മുച്ചിലോട്ടുപോതി (ഭഗവതി) യുടെ തെയ്യകോലത്തിന്‍റെ അരുളപ്പാടില്‍ പത്ത് ഗ്രാമത്തില്‍ പതിനാല് ഗോത്രത്തില്‍ മുപ്പത്താറായിരം ബ്രാഹ്മണര്‍ എന്നു ചൊല്ലിയാല്‍ 237 ഇല്ലം തന്ത്രിമാര്‍ക്ക് മുന്‍പ് ഉദയപരവും കൃഷ്ണപുരവും ഭദ്രപുരവും അറത്തിലും നാലമ്പലം മുന്‍പായിട്ട്’ എന്ന ഭാഗം എമ്പ്രാന്തിരി സമുദായത്തെ സ്മരിക്കുന്നതാണ്. മംഗലാപുരത്തുനിന്ന് ഏറെ കിഴക്കോട്ട് കിടക്കുന്ന കുടികാര്‍ കെട്ടിപാര്‍ത്ത വേലന്‍മാര്‍ അക്കാലത്ത് മലബാറില്‍ വന്ന വനദേവതമാരെ കോലം കെട്ടിയാടിച്ചിരുന്നവരത്രേ. തുളുനാടാവട്ടെ വാള്‍പയറ്റില്‍ പ്രശസ്തരാണ്. കളരിപയറ്റും ശ്രദ്ധേയമാണ്.
എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് ഗോകര്‍ണ്ണത്തെ മയൂരവര്‍മ്മരാജനോട് 237 ‘സാഗര ബ്രാഹ്മണരെ കോലത്തിരി ആവശ്യപ്പെട്ടത്. അവര്‍ ഹിരണ്യഗര്‍ഭ ചടങ്ങ് വഴി മലയാള ബ്രാഹ്മണരായി. പിന്നീട് 257 ‘സമുദ്ര’ ബ്രാഹ്മണരെയും വരുത്തി. ഇവരെല്ലാം യജുര്‍ വേദികളായ ശിവൊള്ളിമാരായിരുന്നു. ഇതില്‍ 143 കുടുംബം തിരുവല്ല (തിരുവല്ല ദേശി) യിലേക്ക് പോയിരുന്നു. ഇവര്‍ മധ്വാചാര്യ സമ്പ്രദായക്കാരായിരുന്നു. എന്നാല്‍ തൃപ്പുണിത്തുറ, പറവൂര്‍, ചോറ്റാനിക്കര ഭാഗത്ത് കുടിയേറിയ തുളു ബ്രാഹ്മണര്‍ ശങ്കരാചാര്യ സമ്പ്രദായം പിന്‍തുടര്‍ന്നു. തിരുവല്ല ദേശികള്‍ ചക്രക്ഷാളനപുരം സഭായോഗം സ്ഥാപിച്ചു. കദംബരാജ്യത്തെ മയൂരവര്‍മ്മ എന്ന ബ്രാഹ്മണനാണ് ക്ഷത്രിയനായി മയൂരവര്‍മ്മയായതെന്ന് ഡോ.എം.ജി.എസ്. പറയുന്നു.
എന്താണ് തിടമ്പ്
ദേവ വിഗ്രഹത്തിന്‍റെ പ്രതീകമായിട്ടാണ് തിടമ്പിനെ മനസ്സിലാക്കേണ്ടത്. ശീവേലിക്ക് ഉപയോഗിക്കുന്ന വിഗ്രഹം തന്നെയാവും ഇത്. ഷഡാധാരപ്രതിഷ്ഠയായ പ്രധാന മൂല പ്രതിഷ്ഠയുടെ അടുത്തുതന്നെയായിരിക്കും എഴുന്നള്ളിക്കാത്ത വേളയില്‍ ഇവ നിലയുറപ്പിക്കുക. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മൂന്നോ തവണ മാത്രം ഉപയോഗിക്കുന്നതിനാല്‍ ഇവയ്ക്ക് മൂല പ്രതിഷ്ഠപോലെ പൂജാവിധി അധികം ഉണ്ടാവാറില്ല. ഇവ വെള്ളി, സ്വര്‍ണ്ണം, ലോഹങ്ങളിലോ മറ്റോ ആവാം. ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോഴും അവ തന്നെയാണ് ഉപയോഗിക്കുന്നത്. ഉത്സവം, വിഷു, ശിവരാത്രി പ്രതിഷ്ഠാദിനം എന്നിവയൊക്കെ എഴുന്നള്ളിച്ചശേഷമാണ് തിടമ്പ് ശിരസ്സിലേറ്റി നൃത്തം ചെയ്യുക. ഇതൊരു ദൈവനടനമായി മാറുകയാണ് പതിവ്. ദൈവീകാംശം ഉറഞ്ഞുകയറുമ്പോള്‍ ദേവനും നടനാചാര്യനും ഒന്നായിതീരുകയാണ്. ശിരസ്സിലേറ്റുന്ന തിടമ്പ് അതേറ്റിയവന്‍റെ ഹൃദയസരസ്സിലൂടെ മിന്നി മറയുന്ന പ്രതീതി ഉണ്ടാവുന്നു.
മലബാറിലെ ദൈവത്തിന്‍റെ സമീകരണം പോലെ തന്നെയാണ് ദൈവക്കോലം. ചുവടുകളോരോന്നും ചടുലതയോടെ വാദ്യാഘോഷത്തോടൊപ്പം ഭക്തജനങ്ങളെ ആവേശോജ്ജ്വലമാക്കും. ദേവനെ വര്‍ഷത്തിലൊരിക്കല്‍ പുറത്ത് കാണാനുള്ള ആഗ്രഹമാണ് പൂര്‍ത്തീകരിക്കുന്നത്. എല്ലാ ചൈതന്യവും തുടിക്കുന്ന അകത്തെ ദേവസന്നിധിയില്‍ എന്നും തൊഴുകൈയ്യോടെ പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് ഉല്‍സവത്തിനാണ് ദേവനെ കാണാനുള്ള അവസരം ലഭിക്കുക. അന്ന് എല്ലാ വാദ്യങ്ങളും ദേവവാദ്യമായ തകില് തിമിലടിയടക്കം ഉണ്ടായിരിക്കും. ആനപ്പുറത്ത് എഴുന്നള്ളി ദേശം മുഴവന്‍ ചുറ്റിയ ശേഷമാണ് പൂജാരിയൊ തന്ത്രിയൊ നര്‍ത്തകാചാര്യന് ഇവ ഏല്‍പ്പിക്കുക. പിന്നീട് ചുവട് വെച്ചുള്ള നൃത്തമായി. രണ്ട് കാലുകളും നൃത്തത്തോടൊപ്പം ഇടത്തും വലത്തും കൃത്യതയോടെ താളനിബിഡമായി പെരുമാറുന്നു. തിരുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും പാണികൊട്ടിനോടൊപ്പം അലങ്കരിച്ച ശീവേലിവിഗ്രഹം തലയില്‍ വെച്ച് രണ്ടര മണിക്കൂറോളം നൃത്തം ചെയ്യുന്നത് ദേവാരാധന മാത്രമല്ല ദേവചൈതന്യത്തിന് കൊഴുപ്പുകൂട്ടുകയുമാണ്. ശാസ്ത്രീയമായ താളം ഇതിന് നിര്‍ബന്ധമാണ്. പഠിച്ചെടുത്ത ചുവടുകളും ഒഴിവാക്കാനാവാത്താണ്. തറ്റുടുത്ത മുണ്ടും പട്ടും വളയും ധരിച്ച് ദേവനെ ശിരസ്സിലേറ്റിയാല്‍ തെയ്യം കലാകാരന്‍മാര്‍ക്കുണ്ടാകാവുന്ന മുടിവെച്ച പ്രതീതിയാണത്രേ മനസ്സിലുണ്ടാവുക. അത്രക്ക് താദാത്മ്യം പ്രാപിക്കുകയാണ് ദേവനും ദേവ നര്‍ത്തകനും. ഇതാണ് കാണികളുടെ കണ്ണും കരളുമലിയിപ്പിക്കുന്ന തിടമ്പ് നൃത്തത്തിലൂടെ അനുഭൂതിയുണ്ടാക്കുന്നത്. ജനസഹസ്രങ്ങള്‍ സാക്ഷിയാകുന്ന ഗ്രാമസന്നിധിയുടെ അസുലഭമുഹൂര്‍ത്തമാണിത്. ഈയൊരു സമര്‍പ്പണബോധത്തോടെയുള്ള അനുഷ്ഠാനകലാചാതുരി വളരെ അപൂര്‍വ്വമായി ലഭിക്കുന്ന വരദാനമാണ്.
അന്യം നിന്നു പോകുന്ന ചടങ്ങ് ഇപ്പോള്‍ പല ക്ഷേത്രങ്ങളിലും അപൂര്‍വ്വമാണ്. ആയിരക്കണക്കിന് ക്ഷേത്രത്തില്‍ ഇല്‍സവത്തിന് തിടമ്പ് നൃത്തവും പൂജയും എഴുന്നള്ളിപ്പും പൂജാരി തന്നെയാണ് പണ്ട് ചെയ്തിരുന്നത്. ഇന്നത് മാറി. ശ്രീകൃഷ്ണപുരത്തെ ഉപ്പില്‍ വാദ്ധ്യാരാണ് ഇങ്ങിനെ ഇപ്പോഴും തുടരുന്ന ഒരേയൊരു നര്‍ത്തകാചാര്യന്‍. ഇപ്പോള്‍ മൂന്നും മൂന്നുപേര്‍ തന്നെയാവാമെന്നായി. തിടമ്പ് നൃത്തം വടക്കേ മലബാറിലാണല്ലോ കണ്ടു വരുന്നത്. കോലത്തില്‍ കച്ചപ്രം മാല, കണ്ണാടിമാല, ചെത്തിപ്പൂ, തുളസിയിലക്കു പുറമെ സ്വര്‍ണ്ണത്തിലും വെള്ളിയിലും പണിതെടുത്ത ലോഹപ്പൂക്കളും ഉണ്ടാവും. ഏഴൊ പത്തൊ പതിനാലൊ ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവാവസാനമൊ ദിവസം തോറുമോ പ്രതിഷ്ഠാദിനത്തിലൊ നൃത്തം ഉണ്ടാവും. പിന്നില്‍ പിണ്ടിയും കുരുത്തോലയും കൊണ്ട് സന്നിധി ചമയിച്ചിരിക്കും. കൂട്ടത്തില്‍ അഷ്ടപദി പാടി ഇടയ്ക്കയും ഉണ്ടാവും. താലപ്പൊലിയുള്ള സ്ഥലങ്ങളുമുണ്ട്. ഈശ്വരസന്നിധിയുടെ നടത്തിപ്പിന്‍റെ ശേഷിയനുസരിച്ച് ദിവസം 22 വരെയാകാം. മെയ്യ്വഴക്കത്തിന് മുക്കൂട്ട് തേച്ച നര്‍ത്തകന് താളം കിട്ടാന്‍ ഗുരുവിനോടൊപ്പവും മാരാര്‍മാര്‍ക്കൊപ്പവും പഠിക്കാം. വാദ്യം കൊട്ടുന്ന മാരാര്‍ക്ക് നടനവാദ്യം പാരമ്പര്യമായി കിട്ടിയതാണ്. എങ്കിലും നര്‍ത്തകന്‍ നമ്പൂതിരിമാരൊ എമ്പ്രാന്തിരിമാരൊ ആയിരിക്കും. ബ്രാഹ്മണരായ അങ്കിത്തായമാരും കാസര്‍കോഡ് ഇവ നടത്തുന്നുണ്ട്. സുള്ളിയവരെ നീണ്ടുകിടക്കുന്ന തുളുനാട്ടിലും ഇവ വ്യപിച്ചുകിടക്കുന്നു. ചിറക്കല്‍ രാജാവ് ശാന്തിപണിക്കായി കൊണ്ടുവന്ന മേല്‍പറഞ്ഞ സാഗര തുളു ബ്രാഹ്മണരാണ് എമ്പ്രാന്തിരിയത്രേ.
തുളുനാട്ടിലെ തിടമ്പ് നൃത്തം കാഴ്ച വരവ് പോലെയുളള അഭ്യാസപ്രകടനമായും കാണികളെ ഹരം പിടിപ്പിക്കുന്നതായിട്ടുണ്ടെങ്കിലും ഉത്തരദേശം ഇന്നും ചുവടുമാറ്റിയിട്ടില്ല. അവിടെ ബലി ദര്‍ശനമായി ഇത് രൂപാന്തരപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലബാറില്‍ മൂല്യശോഷണം സംഭവിക്കാതെ നോക്കുന്നുണ്ട്. തിടമ്പ് നൃത്തനേരം, നമ്പീശന്‍, പിഷാരടി, വാര്യര്‍, ഉണിത്തിരി എന്നിവരില്‍ ആരെങ്കിലും വിളക്ക് പിടിക്കണം. ശ്രീകോവിലില്‍ നിന്ന് പാണികൊട്ടാതെയും കുത്തുവിളക്ക് പിടിക്കാതെയും ദേവവിഗ്രഹം എഴുന്നള്ളിക്കരുത്. നൃത്തക്കാരന്‍ അലക്കിയ മുണ്ട് തറ്റുടുത്ത് പട്ടുത്തരീയം ഉപവീതമായി ധരിക്കും. കുണ്ഡലം, സ്വര്‍ണ്ണമാല, വള, എന്നിവയും ധരിക്കും. അലക്കിയ മുണ്ട് കൊണ്ട് വിഷ്ണുപീഠം അഥവാ ഉഷ്ണിപീഠം (തലപ്പാവ്) കെട്ടി അതിനു മുകളില്‍ വിഗ്രഹം വെയ്ക്കും. നെറ്റി പകുതി മറച്ച് ഉഷ്ണിപീഠം അതില്‍ ഉറപ്പിക്കും. മുന്നില്‍ കസവ് കര പിന്‍വശം ഉയര്‍ന്നു നില്‍ക്കും. ചട്ടം വെച്ച് ചാര്‍ത്തല്‍ എന്നാണ് ബിംബപ്രദര്‍ശനം അണിയിക്കുന്ന ചടങ്ങിന് പറയുക. ഒന്നരയടിവ്യാസമുള്ള വൃത്ത ചട്ടമാണിത്. മുളയില്‍ പണിത ചട്ടം നര്‍ത്തകന്‍ തന്നെ മെനഞ്ഞെടുക്കും. ശീവേലി ബിംബത്തോട് ചേര്‍ന്ന പ്രഭക്കാണ് ചട്ടം വെച്ച് പിടിപ്പിക്കുക. രണ്ട് ചട്ടമുണ്ടാകും. അകം ചട്ടവും പുറം ചട്ടവും. പുറം ചട്ടത്തിന് വെള്ളികൊണ്ടൊ സ്വര്‍ണ്ണം കൊണ്ടൊ നിര്‍മ്മിച്ച അഷ്ടാലങ്കാരം നടുക്ക് പിടിപ്പിക്കും. അതിന് ചുറ്റും തുളസി, കവുങ്ങിന്‍ പൂ, തെച്ചിമാല, അതിന് മീതെ മിന്നികള്‍ സ്വര്‍ണ്ണം വെള്ളി പൂക്കളാല്‍ അലങ്കരിക്കും. ഉറഞ്ഞാടുന്ന നൃത്തം കൊണ്ടൊന്നും കൊഴിഞ്ഞാടി വീഴാതിരിക്കാന്‍ ഈര്‍ക്കിലികൊണ്ട് തുന്നിപിടിപ്പിക്കും. ശരീരമാസകലം വിറപ്പിച്ച കലാശത്തില്‍ നില്‍ക്കുന്ന കെട്ടിയുറച്ചില്‍ എന്ന് പറയുന്ന ചടങ്ങാണ് തുടക്കം.
താളത്തോടെ ക്ഷേത്രപ്രദക്ഷിണം ഒരു തവണ നടത്തും. ഒരു കൈ തലയിലെ തിടമ്പിനെ താങ്ങി മറുകൈ ശ്രീ ചക്ര സ്ഥാനമായ നെഞ്ചില്‍ പെരുവിരല്‍ ഊന്നി ഹൃദയമുദ്രയോടെ നൃത്തമവതരിപ്പിക്കും. തീറുകലാശത്തോടെ പര്യവസാനിപ്പിക്കും. ഇലത്താളം, ചെണ്ട, കുഴല്‍, എന്നീ വാദ്യത്തോടെ നടനം. പഞ്ചവാദ്യം പലയിടത്തും ഇപ്പോഴുണ്ട്. ചെണ്ടയുടെ വലന്തലയില്‍ താളം പതിഞ്ഞകാലത്തില്‍ തുടങ്ങി മുറുകിയ കാലത്തില്‍ കലാശിക്കും. ഈയൊരു തിടമ്പ് നൃത്തമാണ് ദേവചൈതന്യത്തെ കാണികളെ വര്‍ഷത്തിലൊരിക്കല്‍ ഭക്ത്യാവേശത്തില്‍ കുളിരണിയിപ്പിക്കുന്നത്. സന്ധ്യാനേരത്താണ് പലയിടത്തും നടത്തുക. വേഷവിധാനമോ മന്ത്രങ്ങളോ ഇതിനില്ലെങ്കിലും ചുവന്ന ഉത്തരീയം പിരിച്ച് വലത്തോട്ട് കെട്ടി വിഷ്ണു പീഠം വെക്കുകയാണ് കാര്യമായ വേഷം. കവുങ്ങിന്‍ പൂ തുളുനാട്ടിലെങ്ങും ശ്രേഷ്ഠപൂവായി കണക്കാക്കുന്നു. തിടമ്പ് നൃത്തത്തിന് ഉത്തരകേരളത്തിലും ഇവയുടെ ഉപയോഗം കൂടുതലുണ്ട്. ഗോകര്‍ണ്ണ ക്ഷേത്രത്തിലെ പ്രസാദത്തില്‍ കൂവളത്തിലയോടൊപ്പം കവുങ്ങിന്‍ പൂ കാണാം. മംഗലാപുരം ഭാഗത്ത് റോഡരികിലെല്ലാം ഇവ വില്‍പ്പനക്ക് ഉണ്ടായിരിക്കും. നര്‍ത്തകന്‍ അലങ്കരിക്കുന്നതിന് മുന്നോടിയായി സ്വര്‍ണ്ണം, വെള്ളി മാല, പൂമാല, തുളസിമാല എന്നിവ ഒരുക്കിവെക്കണം. സത്യകുടയും ഉണ്ടാകും. ക്ഷേത്രങ്ങള്‍ തമ്മില്‍ ഇവ കൈമാറാറുണ്ട്. വിഗ്രഹം ശീലയെടുത്ത് തുടച്ച് ശുദ്ധിയാക്കേണ്ടത് പരികര്‍മ്മിയാണ്. വാര്യര്‍, നമ്പീശന്‍ എന്നിവര്‍ ഒരുക്കിവെച്ച തുളസി, പൂമാല, തെച്ചി എന്നിവ കൊടച്ചട്ടം അല്ലെങ്കില്‍ മരച്ചട്ടത്തില്‍ ചുറ്റുന്നതും പരികര്‍മ്മിയാണ്. മുള ചീന്തി അര ഇഞ്ച് കനത്തില്‍ വൃത്ത രൂപത്തില്‍ കള്ളികളാക്കിയെടുക്കുന്നതാണ് മരച്ചട്ടം. വിഗ്രഹം താങ്ങാനുള്ള ശേഷി ഇതിനുണ്ടാകും.
– ടി.കെ. സുധാകരന്‍