തല മറന്ന് എണ്ണ തേക്കാമോ?

Benefits-of-oil-in-hair-Ayurveda

ആയുര്‍വേദ ബിരുദധാരിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വതസിദ്ധമായ ഒരു സംശയത്തില്‍ നിന്നു തുടങ്ങാം. ക്രമം തെറ്റിയ ആര്‍ത്തവം എന്ന പ്രശ്നവുമായി, മാസങ്ങളോളം ആര്‍ത്തവം നിലച്ച നിലയില്‍ ഉള്ള ഒരു പെണ്‍കുട്ടി OP- യില്‍ വന്നിരുന്നു. ഉദ്ദേശം 23 വയസ് പ്രായം വരുന്ന ആ രോഗിയോട് ‘തലയില്‍ എണ്ണ തേച്ച് കുളിക്കാറുണ്ടോ’ എന്ന ചോദ്യം ചോദിച്ചതില്‍ നിന്നാണ് തുടക്കം. രോഗിയുടെ ഉത്തരം വല്ലപ്പോഴും എന്നായിരുന്നു. വല്ലപ്പോഴും മാത്രം എണ്ണ തേക്കും! തലയില്‍ ഒഴിക്കുന്ന വെള്ളത്തിന്‍റെ അളവോ? രണ്ടു കപ്പും……. ചികിത്സ നിര്‍ദ്ദേശിക്കുമ്പോള്‍ ആദ്യം പറഞ്ഞത് ക്ഷീരബല ആവര്‍ത്തി നെറുകയില്‍ വച്ച്, ഏറ്റവും ചുരുങ്ങിയത് പത്ത് കപ്പ് വെള്ളമെങ്കിലും തലയില്‍ ഒഴിച്ച് സമൃദ്ധമായി കുളിക്കാന്‍ ആയിരുന്നു. കൂടാതെ കുറച്ചു മരുന്നുകളും നിര്‍ദ്ദേശിച്ചു.

ഉടനെ വന്നു നമ്മുടെ മേല്‍ പറഞ്ഞ വിദ്യാര്‍ത്ഥിയുടെ സംശയം. ഡോക്ടറേ തലയില്‍ എണ്ണ തേച്ച് കുളിക്കുന്നതും ആര്‍ത്തവവും തമ്മില്‍ എന്താണ് ബന്ധം. ബന്ധം ഉണ്ടെന്ന് കുട്ടിക്ക് കൃത്യം നാലാം നാള്‍ മനസിലായി എന്നാലും……

തലയില്‍ എണ്ണ തേച്ചു കുളിക്കുന്നതും ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം?’

അഭേദ്യമായ ബന്ധം ഉണ്ട് എന്നാണ് ഉത്തരം. ആയുര്‍വേദത്തെക്കുറിച്ച് വിശദീകരിച്ച് തുടങ്ങുമ്പോള്‍ ആചാര്യന്മാര്‍ തുടങ്ങി വച്ച ഒരു കാര്യം ഉണ്ട്. രണ്ടാണ് നമ്മുടെ ലക്ഷ്യം നിര്‍ണ്ണയിക്കേണ്ടത്. സ്വസ്ഥന്‍റെ ആരോഗ്യസംരക്ഷണവും രോഗാതുരന്‍റെ വികാരപ്രശമനവും. ഈ രണ്ട് ലക്ഷ്യങ്ങളും ഒരുപോലെ നിറവേറ്റുന്ന ഒരു ചര്യയാണ് തലക്കെണ്ണ എന്ന മൂര്‍ദ്ധതൈലം.
ആയുര്‍വേദ അനുശാസനരീതികളില്‍ ഒരു രോഗിയോട് വൈദ്യന്‍ പറയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഉണ്ട്.
1. ആഹാരം
2. വിഹാരം
3. ഔഷധം
ഇതില്‍ ആദ്യത്തെ രണ്ട് കാര്യങ്ങള്‍ കൃത്യമായി അനുവര്‍ത്തിക്കുന്ന ഒരു രോഗിക്ക് ഔഷധസേവ വളരെ പരിമിതമായ അളവില്‍ മതിയാകും. ചിലപ്പോള്‍ ആവശ്യമില്ലാതെയും വരാം.

ആദ്യത്തെ ആഹാരരീതിയിലേക്കും പത്ഥ്യങ്ങളിലേക്കും കടക്കാതെ രണ്ടാമതു പറഞ്ഞ വിഹാരങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ചയാകാം.

എന്താണ് വിഹാരം.

ലളിതമായി പറഞ്ഞാല്‍ ഒരാള്‍ അനുവര്‍ത്തിക്കേണ്ട ചിട്ടയായ ജീവിതശൈലിയാണ് വിഹാരം. ഇതില്‍പെടും നമ്മുടെ ദിനചര്യ, ഋതുചര്യ തുടങ്ങി നമ്മള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍. ഇതില്‍ പ്രധാനിയാണ് തലക്കെണ്ണ അഥവാ മൂര്‍ദ്ധതൈലം. നാല് വിധത്തിലാണ് മൂര്‍ദ്ധതൈലങ്ങള്‍ പറയുന്നത്.
1.അഭ്യംഗം
2. സേകം ( ശിരോധാര)
3. ശിരോപിചു
4. ശിരോവസ്തി
ڇഅഭ്യംഗസേകപിചവോ
വസ്തിശ്ചേതി ചതുര്‍വിധം
മൂര്‍ദ്ധതൈലം………….അഷ്ടാംഗഹൃദയം സൂത്രസ്ഥാനം.

ഇതില്‍ ആദ്യത്തേതും ഏറ്റവും ലളിതവും ആയ ശിരോ അഭ്യംഗം മാത്രമേ സാധാരണക്കാരായ ജനങ്ങളോട് സ്വമേധയാ ചെയ്യാന്‍ ആചാര്യന്മാര്‍ പറയുന്നുള്ളൂ. മറ്റു മൂന്നു രീതികളും വൈദ്യന്‍റെ സാമിപ്യത്തില്‍ ചെയ്യേണ്ടതാണ്, ആദ്യത്തേതായ അഭ്യംഗം വൈദ്യനിര്‍ദ്ദേശം അനുസരിച്ചോ വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചോ ആളുകള്‍ അനുവര്‍ത്തിച്ചു വരുന്നു. എന്നാല്‍ ഇതു ചെയ്യാത്തവര്‍ ആണ് ബഹുഭൂരിപക്ഷവും.

എന്താണ് ശിരോ അഭ്യംഗം അഥവാ തലക്കെണ്ണ! ഇത് എന്തിന് ചെയ്യണം?
ഉത്തരവും ലളിതം. ആയുരാരോഗ്യം കാംക്ഷിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിര്‍ബന്ധമായും തലയില്‍ എണ്ണതേച്ച് കുളി പ്രധാനം.

ദിനചര്യ എന്ന അധ്യായത്തില്‍ ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും സാംസ്കാരികവും സാമൂഹികമായ ഉന്നമനത്തിനുവേണ്ടി ആചാര്യന്‍ നിര്‍ദ്ദേശിക്കുന്ന പല ചര്യകളില്‍ ഒന്നാണ് ഇത്.
‘അഭ്യംഗമായ്യരേത് നിത്വം സ:ജരാ ശ്രമ വാതഹാ
ദൃഷ്ടിപ്രസാദ പുഷ്ട്യായുസ്സ്വപ്ന സുത്വക്ത്വ ദാര്‍ഢ്യകത്
ശിര ശ്രവണ പാദേഷു തം വിശേഷണ ശീലയേത്’ അഷ്ടാംഗഹൃദയം സൂത്രസ്ഥാനം.

നിത്വം ശീലിക്കാന്‍ ആണ് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് മാത്രം. സ്വസ്ഥന്‍ ദിവസവും ശിരസ്, ചെവി, കാല്‍പാദം എന്നിവിടങ്ങളില്‍ എണ്ണ തേച്ചുവേണം കുളിക്കാന്‍. ഇത് ജരാനരകളേയും, ക്ഷീണത്തേയും വാതരോഗങ്ങളേയും ശമിപ്പിക്കും. ദൃഷ്ടി പ്രസാദനം തുടങ്ങി മറ്റനേകം ഗുണങ്ങളും ആചാര്യന്‍ വിവരിക്കുന്നു.
വീണ്ടും സംശയം ഉടലെടുക്കുകയുണ്ടായി. എണ്ണ തേക്കാം പക്ഷെ എന്തു തേക്കണം? നല്ലെണ്ണ തേക്കണോ? വെളിച്ചെണ്ണ തേക്കണോ? കാച്ചിയ എണ്ണ തേക്കണോ? ഇവിടെയാണ് ഓരോ വ്യക്തിയുടേയും ശരീരപ്രകൃതിക്കും, വൈദ്യനും പ്രസക്തി വരുന്നത്. സ്വസ്ഥനും ആതുരനും പ്രസക്തി വരുന്നതും ഇവിടെത്തന്നെ. ‘തലക്കെണ്ണ കണ്ണിനു നന്ന്’ എന്ന് പഴമക്കാര്‍ പറയുന്നിടത്തു നിന്നാകാം വിശകലനം. നല്ലെണ്ണ നെറുകയില്‍ കുളിര്‍ക്കെ തേച്ചു കുളിച്ചാല്‍ അതില്‍പരം ചക്ഷുഷ്യവും വാതഹരവും സര്‍വ്വരോഗഹരവും ആയി വേറൊന്നും തന്നെ ഇല്ല എന്നാണ് ആചാര്യപക്ഷം. എന്നിരുന്നാലും ചിന്തിക്കേണ്ടിയിരിക്കുന്നു. എണ്ണയുടെ തണുപ്പ് പറ്റാത്ത, നീര്‍വീഴ്ചയുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയെപ്പറ്റി. അവിടം മുതല്‍ മാറ്റിചിന്തിക്കാന്‍ തുടങ്ങണം. തലക്കെണ്ണ ആര്‍ക്കൊക്കെ? എങ്ങിനെയൊക്കെ? എപ്പോളൊക്കെ? എന്ന്.

സ്വസ്ഥന്‍ ചെയ്യുന്നതുപോലെ ഒരു രോഗി ചെയ്താല്‍ എങ്ങിനെയിരിക്കും. ഞാന്‍ പറയാതെതന്നെ പലര്‍ക്കും അറിയാമായിരിക്കും എണ്ണമാറിത്തേച്ചതിന്‍റെയോ, പറ്റാത്ത എണ്ണ തേച്ചതിന്‍റെയോ കയ്പേറിയ അനുഭവങ്ങള്‍ ,.
ഒരിക്കല്‍ ഒരു വിദ്വാന്‍ ചോദിച്ചതാണ്. ഡോക്ടറേ എണ്ണ തേക്കുന്നത് മുടി വളരാന്‍ അല്ലേ? ഇനി ഡോക്ടര്‍ തന്ന എണ്ണ ഞാന്‍ നിര്‍ത്തട്ടെ, ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും മൊട്ടയടിക്കാന്‍ പോവുകയാണ്. സത്യത്തില്‍ മുടി വളരാന്‍ മാത്രമാണ് എണ്ണകള്‍ എന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കുന്നതും, തലക്കെണ്ണയുടെ പ്രാധാന്യം മനസ്സിലാക്കുന്നതുപോലെ പ്രധാനം ആണ്.

എണ്ണിയാല്‍ തീരാത്ത രോഗവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം ചിലപ്പോള്‍ യുക്തിയോടെ ഉപയോഗിക്കപ്പെടുന്ന തലക്കെണ്ണയാകും.

ഉദാഹരണത്തിന് തലവേദന, തൊണ്ടവേദന, കാഴ്ചക്കുറവ്, ചെവിവേദന, കേള്‍വിക്കുറവ്, പല്ലുവേദന, കഴുത്തുവേദന, കൈവേദന, തൈറോയിഡ് പ്രശ്നങ്ങള്‍, ഞരമ്പുസംബന്ധമായ പ്രശ്നങ്ങള്‍, ആര്‍ത്തപ്രശ്നങ്ങള്‍, വാതരോഗങ്ങള്‍, മാനസികരോഗങ്ങള്‍, ഉറക്കക്കുറവ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പല പ്രശ്നങ്ങള്‍ക്കും യുക്തിയുക്തമായ എണ്ണ നിശ്ചയിക്കല്‍ ഒരു ശാശ്വതപരിഹാരം ആയേക്കാം.

ആചാര്യന്‍ പറയുന്നത് ഇങ്ങനെയാണ്.
ڇകയശതന സിതത്വ പിഞ്ജരത്വം
പരിപുടനംശിരസ സ്സമീര രോഗാന്‍
ജയതി, ജനയതി, ഇന്ദ്രിയ പ്രസാദം
സ്വരഹനു മൂര്‍ദ്ധബലം യ മൂര്‍ദ്ധതൈലം’چ(അഷ്ടാംഗഹൃദയം സൂത്രസ്ഥാനം.)

മുടി കൊഴിച്ചില്‍, നര, ചെമ്പന്‍മുടി, മുടി നുറുങ്ങിപോകല്‍, ശിരസിലെ സകലവാതരോഗങ്ങള്‍ എന്നിവയെ ജയിക്കുന്നു ഈ മൂര്‍ദ്ധതൈലം. ഇന്ദ്രീയങ്ങള്‍ക്ക് വിഷയഗ്രഹണശക്തിയെ പ്രദാനം ചെയ്യുന്നു. കൂടാതെ സ്വരം, ഹനു, പ്രദേശം, ശിരസ് എന്നിവക്ക് ബലത്തേയും പ്രദാനം ചെയ്യുന്നു.

ആയുര്‍വേദ ശാസ്ത്രങ്ങള്‍ അനുസരിച്ച്, വേരുകള്‍ മുകളില്‍ ആയി നിര്‍ത്തപ്പെട്ട ഒരു വൃക്ഷത്തിനു സമാനമാണ് പുരുഷന്‍. അപ്പോള്‍ അതിന്‍റെ മൂലത്തില്‍ അഥവാ ശിരസില്‍ വേണം വളം ചെയ്യാന്‍. അവിടെയാണ് മൂര്‍ദ്ധതൈലത്തിന്‍റെ പ്രസക്തി.

ڈതലമറന്നെണ്ണ തേച്ചീടില്‍
തലയെത്തന്നെ മറന്നീടാം
കൂടെ ദേഹം മറന്നീടാം
ദേഹിയേയും മറന്നീടാം
ഇഹലോകം വെടിഞ്ഞോടി
പരലോകവും പൂകീടാം
തലമറന്നെണ്ണ തേക്കാഞ്ഞാല്‍
തലയില്‍ വേരു പൊടിഞ്ഞിടും
ശാഖിയായി വളര്‍ന്നോരോ-
ദേഹിയേയും വളര്‍ത്തിടും
കായ്ഫലങ്ങള്‍ വിളഞ്ഞോരോ
കര്‍മ്മപാതയില്‍ വീണിടും
പഥികന്‍ കര്‍മ്മയോഗത്തില്‍
ഈശനേയും സ്മരിച്ചിടുംڇ (സ്വ)

എന്തായാലും ഒരു കാര്യം വ്യക്തമാണ്. തലയില്‍ തെറ്റായി നിശ്ചയിക്കപ്പെടുന്ന എണ്ണകള്‍ക്ക് രോഗാവസ്ഥ ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ നിശ്ചയമായും യുക്തിസഹജമായി, വൈദ്യനിര്‍ദ്ദേശത്തോടെ ശാരീരിക മാനസിക പ്രകൃതികള്‍ക്കനുസരിച്ചും കാലാവസ്ഥക്കും മറ്റു ഘടകങ്ങള്‍ക്കനുസരിച്ചും നിര്‍ദ്ദേശിക്കപ്പെടുന്ന എണ്ണകള്‍ക്ക് രോഗങ്ങളെ വേരോടെ പിഴുതെറിയാനും സാധിക്കും.

അങ്ങിനെ ദേഹങ്ങളും ദേഹികളും ധന്വന്തരീ ഭഗവാനേയും സ്മരിച്ച് കര്‍മ്മരംഗത്ത് വിളങ്ങുകയും ചെയ്യും എന്നത് സുനിശ്ചിതം ആണ്.