നമ്മുടെ വീടുകളില്‍ നമുക്ക് ഏറെ സുപരിചിതമായ ഒരു പാനീയമാണ് സംഭാരം. നാരകത്തിന്‍റെ ഇലയും ഇഞ്ചിയും പച്ചമുളകുമൊക്കെ ചതച്ചിട്ട സംഭാരം ഏത് പ്രായക്കാര്‍ക്കും ഹൃദ്യമായ ഒരു പാനീയമാണ്. അത് നമ്മുടെ ദഹനപ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതിനും ശരീരത്തിന്‍റെ താപനില കുറക്കുന്നതിനും ഏറെ സഹായകമാണ്. ചാസ് അല്ലെങ്കില്‍ ചാമ്പ് എന്ന് ഹിന്ദിയിലും മജ്ജീഗെ എന്ന് തെലുങ്കിലും നീര്‍മേര് എന്ന് എന്ന് തമിഴിലും മജ്ജിഗൈ ഹുളി എന്ന് കന്നഡയിലും ഛാസ എന്ന് ഗുജറാത്തിയിലും, താക്ക് എന്ന് മറാത്തിയിലും, ഘോല എന്ന് ബംഗാളിയിലും ഇത് അറിയപ്പെടുന്നു. ആയുര്‍വേദത്തില്‍ മോര് ഒരു പാനീയം എന്ന നിലയിലും ഔഷധമെന്ന നിലയിലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മോരിന്‍റെ ലഘുസ്വഭാവം കൊണ്ട് തന്നെ ഒട്ടുമിക്ക ദഹനസംമ്പന്ധമായ അസുഖങ്ങളിലും ഔഷധമായി തന്നെ ഇത് ഉപയോഗിച്ചുവരുന്നു. കൂടാതെ അരുചി, രക്തക്കുറവ്, ശരീരത്തിന്‍റെ നീര് എന്നിവയിലും മോരിന്‍റെ പ്രയോഗങ്ങള്‍ ഫലപ്രദമാകാറുണ്ട്.
മോരിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ ഏതൊരു സമീകൃതാഹാരത്തിനും സമമാണ്. ശരീരത്തിനാവശ്യമുള്ള ജലാംശം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മിതമായ കൊഴുപ്പ്, വിറ്റാമിന്‍, എന്നിവകളാല്‍ സമൃദ്ധമാണ് നമ്മുടെ സംഭാരം. കൂടാതെ ശരീരത്തിന്‍റെ അമിതമായ ഉഷ്ണത്തെ കുറക്കുന്നതിനും മോര് ഫലപ്രദമാണ്. ശരീരത്തിന്‍റെ അമിതമായ കൊഴുപ്പിനെ കുറച്ച് ശരീര ലാഘവം പ്രദാനം ചെയ്യാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ തന്നെയാണ് നമ്മുടെ സദ്യയോടൊപ്പം മോരും ഒരു പ്രധാനവിഭവമായി മാറുന്നത്. വയറ് നിറച്ച് ആഹാരം കഴിച്ചുപോയാല്‍ അതുകൊണ്ടുണ്ടാകുന്ന ദഹന ബുദ്ധിമുട്ടുകളടക്കം മോര് കൂട്ടി അവസാനം കഴിക്കുന്നതോടെ ഒരു പരിധിവരെ നമുക്ക് കുറക്കാന്‍ സാധിക്കും.
കാത്സ്യം,വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, എന്നിവയുടേയും പ്രധാനസ്രോതസ്സാണ് മോര്. കൊഴുപ്പ് വര്‍ദ്ധിക്കാതെ ഇത്തരം പോഷകാംശങ്ങള്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ മോര് പതിവായി ശീലിക്കുക വഴി സാധിക്കും. കൂടാതെ ജീവിതശൈലിരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കൊളസ്ട്രോള്‍ , അമിത വണ്ണം, എന്നിവക്കും നെഞ്ചെരിപ്പ്, മലബന്ധം തുടങ്ങിയ അസുഖങ്ങളിലും മോര് അഥവാ സംഭാരം ഒരു ദിവ്യാഷൗധം തന്നെയാണ്