സാഗരനെന്ന ചക്രവര്‍ത്തി അശ്വമേധയാഗ യജ്ഞത്തിനുള്ള കുതിരയെ അഴിച്ചുവിട്ടിരിക്കുാന്നേു. ഒപ്പം രണവീരനായ അദ്ദേഹത്തിന്‍റെ അറുപതിനായിരത്തി ഒന്നില്‍ പരം മക്കളുമുണ്ട്. ദേവ വീരന്മാര്‍ക്കൊക്കെ പേടി. സാക്ഷാല്‍ ഇന്ദ്രന് പോലും ശത്രുക്കളുടെ കോട്ടകളൊക്കെ ഒന്നൊന്നായി ഇടിച്ച് വീഴ്ത്തിയതിനാല്‍ ഇന്ദ്രന്‍ ‘പുരന്ദരന്‍’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. ആ ഇന്ദ്രന്‍ തന്നെ ഇങ്ങിനെ പേടിച്ചാലോ. ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച ഈ പുതിയ അശ്രീകരത്തെ പരമ പുച്ഛമാണ് ഇന്ദ്രന്. പക്ഷെ ചെറുക്കാന്‍ ശേഷിയില്ല.
ശേഷിയില്ലെങ്കില്‍ ഒരു യുക്തി പ്രയോഗിച്ചു കൂടെ……ഇന്ദ്രന്‍ ഒരു നിമിഷം അങ്ങിനെയും ആലോചിച്ചു. ആരും ആറിയാതെ ഇന്ദ്രന്‍ യാഗാജ്ഞത്തിനുള്ള കുതിരയെ കട്ടു. തപസ്സില്‍ മുഴുകിയിരിക്കുന്ന കപില മുനിയുടെ ആശ്രമത്തില്‍ ആരും അറിയാതെ കെട്ടിയിട്ടു.
സാഗരന്‍റെ പുത്രന്മാര്‍ കുതിരയെയും തിരഞ്ഞു എല്ലാ ദിക്കിലുമെത്തി.എവിടെയും കണ്ടില്ല. അവസാനം മുനിയുടെ ആശ്രമത്തില്‍ ആരും കാണാത്ത സ്ഥലത്ത് ഒളിപ്പിച്ചു വെച്ചതായി കണ്ടു. അവരുടെ പരിശോധനയും, തിരച്ചിലും മുനിയെ ശല്യപ്പെടുത്തി.ക്രൂദ്ധനായ മുനി തപസ്സിളക്കിയ സാഗരസന്താനങ്ങളെ ദേഷ്യത്തില്‍ ഒന്നു നോക്കിയേ ഉള്ളൂ. എല്ലാവരും എരിഞ്ഞ് ചാമ്പലായി. പിറകില്‍ വന്നവരുടെ വിശദീകരണമൊന്നും കപില മുനിയുടെ കോപം അടക്കിയില്ല.
സാഗരന്‍റെ മരുമകനായ ഭഗീരഥ ചക്രവര്‍ത്തി തന്‍റെ പിന്‍തലമുറക്കാരുടെ അവസ്ഥയില്‍ മനം നൊന്തു.അദ്ദേഹം കപിലമുനിയോട് ഒരിക്കല്‍ കൂടി താണു കേണപേക്ഷിച്ചു.
‘മഹര്‍ഷേ… എന്‍റെ പിന്‍ തലമുറയെ രക്ഷിക്കണം…
ആകാശത്തുള്ള ഗംഗാനദിയെ ഭൂമിയിലേക്ക് കൊണ്ടു വരൂ…
പ്രപിതാക്കളുടെ വെണ്ണീരില്‍ പവിത്ര ഗംഗാജലം തളിക്കൂ. അവര്‍ പിന്നെ ഉയര്‍ത്തെഴുന്നേല്‍ക്കും.’
മഹര്‍ഷിയുടെ കാല്‍ വണങ്ങി ഗംഗയെ ഭൂലോകത്തിലേക്ക് കൊണ്ടു വരാന്‍ ഭഗീരഥ ചക്രവര്‍ത്തി തപസ്സ് തുടങ്ങി. വര്‍ഷങ്ങളുടെ നീണ്ട തപസ്സ് അസഹ്യമായപ്പോള്‍ ഭൂലോകത്തിലേക്കിറങ്ങാന്‍ ഗംഗാജി തയാറായി. പക്ഷെ,,ഒരു മുടക്കം..ശക്തിശാലിയായ ഞാന്‍ എല്ലാറ്റിനെയും തട്ടിത്തകര്‍ത്തു കുത്തിയൊലിച്ച് ഭൂമിയിലേക്ക് ഇറങ്ങാന്‍ വന്നാല്‍ ഭൂമി തന്നെ പാതാളമായി മാറിപ്പോകും. എന്നെ സ്വീകരിക്കാന്‍ ശക്തനായ ആരുണ്ട് ഈ ഭൂമുഖത്തില്‍? പരമപുച്ഛവും, വെല്ലുവിളിയും കലര്‍ന്ന സ്വരത്തില്‍ ഗംഗാജി ചോദിച്ചു.
ശരിയാണ് ..അതിശക്തിയോടെ ഭൂമിയിലേക്ക് ചാടുന്ന ഗംഗയെ സ്വീകരിക്കാന്‍ ത്രാണിയുള്ളവരാരുമില്ല. അപ്പോഴാണ് ഭഗീരഥന് ഒരു ബുദ്ധി തോന്നിയത്. ഒന്നു ശിവ ഭഗവാനോട് ചോദിച്ചു കൂടെ. ശിവ പ്രീതിക്ക് വേണ്ടി ഭഗീരഥന്‍ പിന്നീടും വര്‍ഷങ്ങളോളം തപസ്സു ചെയ്തു. ശിവന്‍ പ്രസാദിച്ചു. സമ്മതിച്ചു. ഗംഗയെ ഭൂലോകത്തേക്ക് കൊണ്ടു വരുന്നത് ലോകകല്ല്യാണത്തിന് വേണ്ടിയാണ്.
ഈ കഥ പൗരാണിക അതിമനോഹരമായ രൂപത്തില്‍ തൃശിനാപള്ളി, കൊടുംബാളൂര്‍, ഗംഗയ് കൊണ്ട ചോളപുരം, കാഞ്ചീപുരത്തെ കൈലാസനാഥന്‍, മഹാരാഷ്ട്രയിലെ എലിഫന്‍റോ എന്നീ സ്ഥലങ്ങളില്‍ ഉറപ്പേറിയ പാറകളില്‍ അതിമനോഹരമായി ശില്പികള്‍ ഈ മുഹുര്‍ത്തത്തെ കൊത്തി വച്ചിട്ടുണ്ട്.
അതി ഗര്‍വ്വോടെ കുലം കുത്തിയൊഴുകി ഭൂമിയിലേക്ക് ചാടിയ ഗംഗാജിയുടെ വീമ്പടക്കാന്‍ ശിവന്‍ തന്‍റെ ജഢാമുകുടത്തിന്‍റെ ഒരല്ലിയേ പുറത്തെടുത്തുള്ളൂ. ആ അല്ലിയില്‍ കെട്ടു പിണഞ്ഞു ഗംഗാജിക്ക് പുറത്ത് കടക്കാന്‍ തന്നെ വിഷമിച്ചു. തന്നെക്കാള്‍ ശക്തരുണ്ടെന്ന് സമ്മതിച്ചതിന് ശേഷം മാത്രമാണ് ഗംഗാജിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.കൊടുംബാളൂരില്‍ അല്പം രസകരമായാണ് ഈ കഥ കൊത്തിയിരിക്കുന്നത്. ശിവന്‍റെ തലയില്‍ ഗംഗയെന്ന ഒരു അപരയെ കണ്ടപ്പോള്‍ കോപിതയായ പാര്‍വ്വതി മറ്റെങ്ങോട്ടോ നോക്കി തന്‍റെ ദ്വേഷ്യം കാണിക്കുന്നു. പാര്‍വ്വതി കോപം മണത്തറിഞ്ഞ ശിവന്‍ പാര്‍വ്വതിയെ സാന്തനപ്പെടുത്തുന്നു.
‘പ്രിയേ ആ ഗംഗാ മറ്റാരുമല്ല. നീ തന്നെയാണ് നിന്‍റെ മറ്റൊരു രൂപം അത്ര മാത്രം.’
പാര്‍വ്വതിക്ക് തൃപ്തിയായി.ഗംഗാനദിയെ ആദ്യം തടഞ്ഞു പിന്നെ മെല്ലെ ,മെല്ലെ ആകാശത്തില്‍ നിന്ന് ഹിമാലയത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് കൊണ്ടു വന്നതിലാണ് രാം മനോഹര്‍ ലോഹ്യ ശിവനെ ലോകത്തിലെ ആദ്യ എഞ്ചീനിയര്‍ എന്ന് പേരിട്ടത്.
ലോക സംസ്കാരങ്ങളെല്ലാം നൈല്‍, യൂഫ്രട്ടീസ്. ടൈഗ്രീസ്, തെംസ്, ഡാന്യൂജ്, വോള്‍ഗ, ആമസോണ്‍, മിസ്സിസിപ്പി, യംഗ്ടീസ്, എന്നീ നദീ തടങ്ങളിലാണ് വളര്‍ന്നതെങ്കിലും, ഗംഗാ നദിയെപ്പോലെ ആദരവും ബഹുമാനവും പിടിച്ചുപറ്റിയ മറ്റൊരു നദി ലോകചരിത്രത്തിലില്ല. ഹിന്ദുക്കള്‍, മാത്രമല്ല മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ഈ വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളൂ. പ്രസിദ്ധ സൂപ്പി കവി റസ്ഖാന്‍ താന്‍ മരുന്നുപയോഗിക്കാറില്ലെന്നും പകരമായി ഗംഗാജലം സേവിക്കാറുണ്ടെന്നും പറയുന്നു.