പ്രകൃതിയും പുരുഷനും ഒന്നാണെന്ന ഭാരതീയ ഉപാസനയുടെ അടിത്തറയില്‍ വേരൂന്നിയാണ് ആയുര്‍വേദത്തിന്‍റെ ചില്ലകള്‍ ഇന്നും നമുക്ക് തണലാവുന്നത്. പ്രഹര്‍ഷേണ പഞ്ചീകൃതമായ പ്രപഞ്ചത്തിന്‍റെ താളബോധം പഞ്ച ഭൂത സിദ്ധാന്തങ്ങളില്‍ ലയിച്ചു ചേരുമ്പോഴാണ് ഭൂമിയുടെ സ്ഥിരത്വവും ,ജലത്തിന്‍റെ ദ്രവത്വവും.
അഗ്നിയുടെ തീക്ഷണതയും ,വായുവിന്‍റെ ചലത്വവും, ആകാശത്തിന്‍റെ സൂക്ഷമതയും മനുഷ്യശരീരത്തിലും പ്രതിഫലിക്കുന്നത്. ഒരു സ്ഫോടനത്തില്‍ ഉരുവം കൊണ്ട ഊര്‍ജ്ജം തന്നെയാണ് ഇന്നും ഓരോ ജീവനിലും പ്രവര്‍ത്തിക്കുന്നത്. ആ ഊര്‍ജ്ജത്തെ തിരിച്ചറിയാനുള്ള വേദമാണ് ആയുര്‍വേദം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പെ പറഞ്ഞു വെച്ച കാര്യങ്ങള്‍ക്ക് നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി ശാസ്ത്രീയമായ വശങ്ങള്‍ ഉണ്ടെന്ന വസ്തുത, ശാസ്ത്രത്തിന്‍റെ ന്യൂനതയല്ല മറിച്ച് കാലത്തെ അതി ജീവിക്കാനുള്ള ആയുര്‍വേദത്തിന്‍റെ സമൃദ്ധിയാണ് എന്നറിയുക. വാണിജ്യവല്ക്കരിക്കപ്പെട്ടു കൂടാത്ത സേവനത്തിന്‍റെ മാധുര്യമാണ് ഓരോ വൈദ്യനും നെഞ്ചേറ്റേണ്ടത്. ജീവദായകമായ ഓരോ ഔഷധക്കൂട്ടും ധര്‍മ്മത്തിന്‍റെ മണ്ണിലെ വളക്കൂറാണെന്ന ഉത്തമബോധ്യമാണ് ഉണ്ടാകേണ്ടത്. നിലനില്‍ക്കുന്നതെല്ലാം മോശമാണെന്ന വൈദേശിക കടന്നു കയറ്റത്തിന്‍റെ കളകള്‍ പറിച്ചെറിയാന്‍ സമയം അതിക്രമിച്ചു കഴിഞ്ഞു. ആയുര്‍വേദം ചികിത്സാ കേന്ദ്രീകൃതം മാത്രമല്ല, ഒരു വ്യക്തി നിലനില്‍ക്കുന്ന ദേശവും കാലവും കണക്കാക്കി ഒട്ടനേകം ചര്യകളിലൂടെ മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന നന്മയാണ്.
ആധുനീകരണ കാലഘട്ടത്തില്‍ ഓരോ നിമിഷത്തിനും വില നിശ്ചയിക്കുമ്പോള്‍ ആരോഗ്യം അപ്രസക്തമാകുന്നു. അവിടെ ചുവരില്ലാതെ ചിത്രം വരയ്ക്കാന്‍ തുനിയുന്ന വിഢികളായി നാം മാറിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഒരു ഗ്രാമമാവുന്ന ആഗോളീകരണത്തിന്‍റെ വിപണിയിലെ വെറുമൊരു ഉല്‍പ്പന്നമായി ആയുര്‍വേദം മാറുന്നു, മാറ്റ പ്പെടുന്നു. മാറ്റം തുടങ്ങേണ്ടത് ഇവിടെ നിന്നു തന്നെയാണ്.
കൗമാരത്തിന്‍റെ അനന്ത സാധ്യകളെ അഞ്ചര വര്‍ഷത്തെ വൈദ്യപഠനം മുഴുവനായും ഉപയോഗപ്പെടുത്തുന്നുണ്ടോ? ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം.അങ്ങിനെയെങ്കില്‍ മാറ്റം ഉണ്ടാവേണ്ടത് പാഠ്യരീതിയിലല്ലേ എന്നൊരു ആശങ്ക പങ്കു വെക്കട്ടെ…. ത്രിദോഷവും, സപ്തധാതുക്കളും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെ ലക്ഷങ്ങള്‍ക്ക് മരുന്നു നല്‍കുന്ന ഡോക്ടര്‍മാരായാണ് പലരും പുറത്തു വരുന്നത്. ഓരോ വര്‍ഷവും വ്യത്യസ്തമായ രോഗങ്ങള്‍ ഉടലെടുക്കുമ്പോള്‍ ശാസ്ത്രത്തിലിതൊന്നും ഇല്ലെന്നു പറഞ്ഞ് കൈമലര്‍ത്തുന്നവരാണ് നമ്മള്‍. എന്നാല്‍ പഠനക്കാലത്ത് പരീക്ഷ ലക്ഷ്യമാക്കി പഠിച്ച ഓരോ ശ്ലോകത്തിലും പറയാതെ പറഞ്ഞ ചികിത്സാമാര്‍ഗങ്ങളെ തേടിയിറങ്ങി രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള കരുത്ത് നാം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. ഇത്തരം സൂത്രാര്‍ത്ഥങ്ങളിലേക്ക് സൂത്രത്തില്‍ കടക്കാനുള്ള താക്കോലാണ് സംസ്കൃതം. ശ്ലോകത്തിന്‍റെ വാച്യവും, വ്യംഗ്യവും, ധ്വനിയും മനസ്സിലാക്കുമ്പോള്‍ മാത്രമേ ആയുര്‍വേദ പഠനം പൂര്‍ണ്ണമാവുന്നുള്ളൂ.
സംസ്കൃതം സംസ്കരിച്ചെടുത്ത മൂലഭാഷയാണ്.ഒരു കൂട്ടം ഋഷിമാരുടെ ആത്മാനുഭവങ്ങളെ പ്രകാശനം ചെയ്ത, ശരീരത്തിലെ നാഡികളോരോന്നും ത്രസിപ്പിക്കാന്‍ തക്കവണ്ണം ശക്തമായ ഭാഷ.ആയുര്‍വേദത്തിന്‍റെ മുലപ്പാല്‍ സംസ്കൃതം തന്നെയെന്നതില്‍ തര്‍ക്കമില്ല. വാഗ്ഭടനും ,ചരകനും, സുശ്രുതനും ആരോഗ്യത്തിന്‍റെ രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചതും ഈ ഭാഷയില്‍ തന്നെ. ഇംഗ്ലീഷിലേക്കോ മറ്റേതെങ്കിലും ഭാഷകളിലേക്കോ ഇത് തര്‍ജ്ജമചെയ്യപ്പെടുമ്പോള്‍ തര്‍ജ്ജമ ചെയ്യുന്ന വ്യക്തിയുടെ അനുഭവങ്ങളിലേക്കും, ചിന്തകളിലേക്കും മാത്രം ശാസ്ത്രം ഒതുങ്ങിപ്പോകുന്നു. ആയുര്‍വേദത്തിന്‍റെ സ്വത്വം ഇത്തരം വ്യാഖ്യാനങ്ങളിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
ഒരു വശത്ത് ആയുര്‍വേദം വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍, മറുവശത്ത് ശാസ്ത്രത്തിന്‍റെ സാധ്യതകളെ ഏറ്റെടുക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു.ഓരോ വ്യക്തിയുടെയും ആത്മാവിന്‍റെ നോവിനെ തിരിച്ചറിയാന്‍ കഴിയുന്ന നല്ല വൈദ്യരാവാന്‍ ഉള്‍ക്കരുത്തുള്ള ഒരു തലമുറ ആവശ്യമാണ്.ഞാനടക്കമുള്ള വൈദ്യ വിദ്യാര്‍ത്ഥികളും പരിശ്രമിക്കുന്നതും ഇതിനു വേണ്ടിയാവണം.ആയുര്‍വേദം എന്നാല്‍ ധര്‍മ്മവും അര്‍ത്ഥവും കാമവും മോക്ഷമെന്ന പൂര്‍ണ്ണതയിലേക്കുള്ള പാതയാവണം എന്ന തിരിച്ചറിവാണ്.നമ്മുടെ ശാസ്ത്രത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും നാം തയ്യാറാവുമ്പോള്‍ മാത്രമാണ് സാധ്യതകളുടെ സമ്പത്തിനെക്കുറിച്ച് ബോധവാന്മാരാകുന്നത്.
പ്രാണന്‍റെ അദ്യ തുടിപ്പുമുതല്‍ അവന്‍റെ അവസാന കര്‍മ്മം വരെയുള്ള ഓരോ ഘട്ടങ്ങളും വ്യത്യസ്തമായ സംസ്കാരങ്ങളിലൂടെ ഇഴുകിച്ചേര്‍ത്തത് കരുത്തുറ്റ ഒരു തലമുറയെ സൃഷ്ടിക്കാനായിരുന്നു. അവിടെയാണ് ആയുര്‍വേദം ഒരു സമാജത്തിന്‍റെ സംരക്ഷണത്തിനു പരിഭാഷയാവുന്നത, ആഴ്ന്നിറങ്ങുന്തോറും മുത്തും പവിഴവും സ്വന്തമാക്കാന്‍ കഴിയുന്ന ശാന്തമായ ഉള്‍ക്കടലാവുന്നത്……..