കാഴ്ച പരിമിതര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരോട് സമൂഹത്തിന് പൊതുവെ ഒരവഗണനയുണ്ടെന്ന് കാണാം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരം കുഞ്ഞുങ്ങളെ കൊന്നുകളയുകയോ ഉപേക്ഷിക്കുകയോ ആണ് പഴയ സമൂഹങ്ങള്‍ ചെയ്തിരുന്നത്. പ്രാചീന നഗരങ്ങളായ സ്പോര്‍ട്ടയിലും തീപ്സിലും ഇത്തരം കുട്ടികളെ കൊണ്ടുപോകുന്നതിന് പ്രത്യേകം കുട്ടകള്‍ വിലല്‍പനനക്കുണ്ടായിരുന്നുവത്രേ.
ദൈവങ്ങള്‍ പോലും കണ്ണടക്കുകയും അവഗണിക്കുകയും ചെയ്ത അംഗപരിമിതരോടു ചില മതങ്ങള്‍ കാരുണ്യം കാട്ടിയിരുന്നു. ജൈന-ബൗദ്ധ ക്രൈസ്തവ മതങ്ങള്‍ ഉദാഹരണം. എങ്കിലും ഈ അവശര്‍ക്കു യാചനയായിരുന്നു മിക്കപ്പോഴും ഏക ആശ്രയം. സ്വര്‍ഗ്ഗത്തില്‍ സീറ്റുറപ്പിക്കാന്‍ വേണ്ടി ഭക്തര്‍ എറിഞ്ഞുകൊടുക്കുകയോ, വെച്ചുനീട്ടുകയോ ചെയ്യുന്ന നാണ്യതുട്ടുകളും ആഹാരാവശിഷ്ടങ്ങളും കൊണ്ട് മരിച്ചു ജീവിക്കുകയാണ് നമ്മുടെ നാട്ടില്‍ പലപ്പോഴും ബഹുഭൂരിപക്ഷം അംഗവിഹീനരും. സമൂഹം പുുരോഗതി പ്രാപിച്ചുവെന്നൊക്കെ അവകാശപ്പെടുമെങ്കിലും ഭിന്നശേഷിക്കാരോടുള്ള നമ്മുടെ സമീപനത്തില്‍ കാതലായ മാറ്റമുണ്ടായി എന്നു പറയാന്‍ പറ്റില്ല. ഹെലന്‍ കെല്ലര്‍ ഒരിക്കല്‍ പറയുകയുണ്ടായി-അന്ധതയെക്കാള്‍ തനിക്കു വിഷമകരമായി തോന്നുന്നതു സമൂഹം കാഴ്ച പരിമിതരോടു കാണിക്കുന്ന മനോഭാവത്തിലാണ് എന്ന്.അതിന്‍റെ വിവിധ രൂപങ്ങള്‍ ഏതൊക്കെയാണെന്നു നമുക്കൊന്നു ഓടിച്ചു നോക്കാം.
പരിമിതമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമന്യ വല്‍ക്കരണം
പൊതുവെ കണ്ടുവരുന്ന മനോഭാവമാണിത്. ഒരാള്‍ മുന്‍കോപിയായ കാഴ്ചവൈകല്യമുള്ള ഒരു വ്യക്തിയെ പരിചയപ്പെടാന്‍ ഇടയായിയെന്നിരിക്കട്ടെ. ഈ വ്യക്തി പരിചയപ്പെടുന്ന കാഴച പരിമിതിയുള്ള അടുത്ത ആളും ക്ഷിപ്രകോപിയാണെന്നിരിക്കട്ടെ. ഈ രണ്ടനുഭവങ്ങളുടെ വെളിച്ചത്തില്‍ കാഴ്ചയില്ലാത്തവരൊക്കെ പെട്ടെന്ന് ദേഷ്യം വരുന്നവരായിരിക്കും എന്ന ധാരണയിലെത്തിച്ചേരും. വേറൊരു ഉദാഹരണമെടുക്കാം. ഒരാള്‍ അന്ധനായ ഒരു വ്യക്തിയെ പലപ്പോഴായി സഹായിച്ചിട്ടുണ്ടാകാം. ഇയാള്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങളെ, അല്ലെങ്കിലും പ്രവൃത്തികളെ അന്ധനായ വ്യക്തി എതിര്‍ക്കുകയോ ഇയാളുടെ അഭിപ്രായവുമായി വിയോജിപ്പ് പ്രകടിപ്പിക്കുയോ ചെയ്തുവെന്നിരിക്കട്ടെ. കാഴ്ചയില്ലാത്തവരെല്ലാം നന്ദിയില്ലാത്തവരാണ് എന്ന ധാരണയിലായിരിക്കും അയാള്‍ എത്തിച്ചേരുക. ഈ തെറ്റിദ്ധാരണകളുടേയും മുന്‍വിധികളുടേയും അടിസ്ഥാനത്തില്‍ മാത്രമേ പിന്നീട് ഇയാല്‍ പെരുമാറുകയുള്ളൂ.
കാഴ്ച നഷ്ടപ്പെടുന്നതോടെ ഒരാളുടെ വികാരവിചാരങ്ങള്‍ നഷ്ടമാകുന്നില്ല. വ്യക്തിത്വത്തില്‍ മാറ്റമുണ്ടാകുമെങ്കിലും അയാള്‍ ഒരു വ്യക്തി അല്ലാതാകുന്നില്ല. പലപ്പോഴും അയാളെ വേറിട്ട ഒരു വ്യക്തിയായി കാണുന്നതിനു പകരം ഒരു സമൂഹമായാണ് കാണുന്നത്. അതുപോലെ അയാള്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്ന സഹായങ്ങള്‍ കണ്ടീഷ്യന്‍ ചെയ്യപ്പെട്ടിട്ടുള്ളവയായിരിക്കും. മാത്രവുമല്ല. അയാളുടെ പ്രവര്‍ത്തികളെയെല്ലാം അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളവയാകും . ഇതിനു പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ ‘വെറുതെയാണോ കുതിരക്ക് കൊമ്പുകൊടുക്കത്ത്’ എന്ന് ചിലര്‍ പറയാനും തുടങ്ങും.
സഹതാപ മനോഭാവം
ഇതു നല്ലൊരു ഗുണമാണെങ്കിലും ഇതില്‍ മാത്രം ഒതുങ്ങരുത്. കല്‍ക്കട്ടയില്‍ വെച്ചുള്ള അദ്ധ്യാപക പരിശീലന സമയത്തു മലയാളിയായ ഒരാളെ പരിചയപ്പെടാനിടയായി. എന്നെ നന്നായി സ്നേഹിച്ചിരുന്നഇദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്തു തന്നു സഹായിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇദ്ദേഹത്തിന്‍റെ വിവാഹത്തിന് എന്നെ വീട്ടില്‍ ക്ഷണിച്ചു. പോകാനിറങ്ങുമ്പോള്‍ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ ക്ഷണിച്ചുവെന്നു കരുതി വിഷമിച്ചു വരണമെന്നില്ല’ എന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതയായിരിക്കാം അദ്ദേഹം ഇതു പറയുന്നത്. എന്നാല്‍ എന്‍റെ സാന്നിദ്ധ്യം യഥാര്‍ത്ഥത്തില്‍ അയാള്‍ ആഗ്രഹിക്കുന്നില്ല എന്ന തോന്നലാണ് അത് എന്നിലുണ്ടാക്കിയത്. മറിച്ച് നീ നിശ്ചയമായും വരണം എന്നാണ് പറഞ്ഞിരുന്നെങ്കില്‍ എന്നെ അയാള്‍ എത്രമാത്രം സ്നേഹിക്കുകയു എന്‍റെ സാന്നിദ്ധ്യം ആയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് തോന്നുമായിരുന്നു. പക്ഷെ….ഇനി മറ്റൊരനുഭവം ഒരു ദിവസം ഞാന്‍ സ്കൂളിലേക്ക് പോവുകയായിരുന്നു. ഒരു സഹപ്രവര്‍ത്തകയും കൂടെ ബസ്സിറങ്ങി. ആ അധ്യാപിക എന്നോടു പറഞ്ഞു. സാറേ സ്കൂളിലേക്ക് പോകുന്ന കുട്ടികളാരുമില്ല എന്‍റെ കൂടെ വന്നോളൂ ഞാന്‍ സഹായിക്കാം. ഞാനും അവരുടെ കൂടെ നടന്നു. എന്‍റെ കൈ പിടിച്ചിരുന്നില്ല. നടക്കുമ്പോള്‍ ഇടത്ത് വലത്ത്, മുന്നോട്ട് കാല്‍ കുറച്ച് പൊക്കി വെക്കൂ കാലികളെ തെളിക്കുന്നതുപോലെയുള്ള ഈ റിമോര്‍ട്ട് കണ്‍ട്രോളിംഗ് തികച്ചും അസഹ്യമായിരുന്നു. എനിക്കിങ്ങനെ നടക്കാന്‍ കഴിയില്ല, ടീച്ചര്‍ നടന്നോളൂ എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ തനിച്ചാക്കി പോകാന്‍ അവരുടെ മനസ്സ് അവരുടെ മനസ്സ് അനുവദിക്കാത്തുകൊണ്ടാവാം സര്‍ കുടയില്‍ പിടിച്ചോളൂ എന്ന് പറഞ്ഞ് അവരുടെ കുടയുടെ അറ്റം കാണിച്ചു തന്നു. അത് ആദ്യത്തിനേക്കാള്‍ അരോചകമായിരുന്നു. ടീച്ചര്‍ സ്കൂളില്‍ പോയി ഒരു കുട്ടിയെ ഇങ്ങോട്ട് വിട്ടാല്‍ മതിയെന്ന് എന്ന് പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു. അപ്പോഴാണ് മറ്റൊരധ്യാപിക ബസ്സിറങ്ങിയതും ഒരു മടിയും കൂടാതെ എന്‍റെ കൈപിടിച്ച് സ്കൂളിലേക്ക് കൂട്ടിയതും. ഒരു ഭര്‍ത്തൃമതി പരപുരുഷന്‍റെ കരം ഗ്രഹിക്കുന്നത് തെറ്റാണെന്നതുകൊണ്ടാകാം അവര്‍ അത് ചെയ്യാതിരുന്നത്. അതിനങ്ങോട്ടാവശ്യപ്പെട്ടാല്‍ അത് അവര്‍ ഏതു രീതിയില്‍ എടുക്കുമെന്നറിയില്ല. സഹതാപമാണ് എന്നെ തനിച്ചാക്കി പോകുന്നതില്‍ നിന്ന് അവരെ തടഞ്ഞത് പക്ഷെ വ്യര്‍ത്ഥമായ ഈ സഹതാപം എന്നില്‍ ഉളവാക്കിതോ കടുത്ത വ്യഥയും അപമാനവും രണ്ടാമത്തെ അധ്യാപികയുടെ പ്രവര്‍ത്തിയില്‍ സ്നേഹവും സഹകരപണമനോഭാവവും കൂടി ഉണ്ടായിരുന്നു.
കാഴ്ച ഇല്ലാത്തൊരു വ്യക്തി മുന്നിലുള്ള കുഴി അറിയാതെ അതില്‍ വീഴുമ്പോള്‍ നോക്കി നിന്ന് അയ്യോ പാവം എന്നു പറയുന്നതിന് പകരം അതിനെപ്പറ്റി അറിയിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ, ആ അധ്യാപിക ബസ്സിറങ്ങി മിണ്ടാതെ പോയിരുന്നെങ്കില്‍ അവരുടെ സാന്നിദ്ധ്യം ഞാന്‍ അറിയുക പോലും ഇല്ലായിരുന്നു. ഇനി ആരെങ്കിലും പറഞ്ഞ് അറിഞ്ഞാല്‍ തന്നെ എനിക്കവരോട് യാതൊരു ദേഷ്യവും തോന്നുകയില്ല. എന്‍റെ കൈ പിടിക്കാന്‍ മടിയുണ്ടെങ്കില്‍ ആരോടെങ്കിലും എന്നെ സ്കൂളിലാക്കാന്‍ പറയുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്.
ഭര്‍ത്താവ് കാഴ്ചയില്ലാത്തതുകൊണ്ട് തനിക്കും ഒന്നും കണേണ്ടെന്നു കരുതി പിന്നീടുള്ള ജീവിതം മുഴുവന്‍ കണ്ണുകെട്ടിയ ഗാന്ധാരിയുടെ കഥ നമുക്കെല്ലാം സുപരിചിതമാണ്. മകന്‍റെ കാഴ്ച നഷ്ടപ്പെട്ടതു മുതല്‍ ഇനി വീട്ടിലാരും വിഷുക്കണി കാണേണ്ട എന്ന് പറഞ്ഞ് എന്‍റെ അമ്മ കണിവെക്കുന്നത് നിര്‍ത്തിവെച്ച സംഭവം ഞാനോര്‍ക്കുന്നു. ഗാന്ധാരി ഭര്‍ത്താവിന്‍റെ കണ്ണായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതം എത്രമാത്രം സുഖപ്രദമാകാന്‍ സാധിക്കുമായിരുന്നു. എന്‍റെ അമ്മ സാധാരണപോലെ കണിവെക്കുകയും എന്നെയും അതില്‍ പങ്കാളിയാക്കുകയും ചെയ്തിരുന്നെങ്കില്‍ അതെത്രയോ സന്തോഷകരമായിരുന്നേനെ! അന്ധരോട് സഹതാപമല്ല സഹബോധമാണ്.
അതീന്ദ്രീയ ജ്ഞാനം ആരോപിക്കല്‍
എത്ര കഴിഞ്ഞാലും എവിടെ ആയാലും ഒരാളുടെ ശബ്ദംകേട്ട മാത്രയില്‍ അവര്‍ക്ക് ആളെ തിരിച്ചറിയാന്‍ സാധിക്കും. ഒരാളുടെ കൈ പിടിച്ചാല്‍ അവര്‍ക്ക് ആളെ തിരിച്ചറിയാന്‍ സാധിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് ഓര്‍മ്മശക്തി കൂടുതലാണ്. ഈ വിശ്വാസം ഉറപ്പിക്കുന്നതിനായി പലരും കാഴ്ചയില്ലാത്തവര്‍ക്ക് ഒരാളുടെ അടുത്ത് പോയി തങ്ങളുടെ കൈ പിടിച്ച് ആരാണെന്ന് പറയാന്‍ ആവശ്യപ്പെടും ചിലപ്പോള്‍ ആളെ തിരിച്ചറിയാന്‍ കഴിയും. അതെത്രമാത്രം അപമാനമാണുണ്ടാക്കിയെതെന്നു ഇവര്‍ മനസ്സിലാക്കുന്നില്ല. കാഴ്ചയില്ലായ്മ മറികടക്കുന്നതിനായി ഒരാള്‍ മറ്റ് അവയവങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രമേയുള്ളൂ.
ശത്രുതാ മനോഭാവം
അന്ധത കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപത്തിന്‍റെ ഫലമാണെന്നു ഇത്തരക്കാര്‍ വിശ്വസിക്കുന്നു. കാഴ്ചയില്ലാത്തവരെ പാപികളായാണു ഇവര്‍ കാണുന്നത്. ഇവര്‍ ഇത്തരം കുട്ടികളെപ്പറ്റി കഴിയുന്നതും മറ്റുള്ളവരില്‍ നിന്നും മറച്ചു വെക്കാന്‍ ശ്രമിക്കുന്നു. തങ്ങള്‍ പാപികളുടെ രക്ഷിതാക്കളാണെന്ന കാര്യം അവരെ വല്ലാതെ അലട്ടുന്നു.
മറ്റൊരു രൂപത്തിലുള്ള തിരസ്കരണം
ഇവര്‍ കാഴ്ച പരിമിതരെ വെറുപ്പോടെ കാണുന്നു. അവരുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്നതു പോലും ഇവര്‍ക്കിഷ്ടമല്ല. ഇവരുടെ അടുക്കല്‍ എന്തെങ്കിലും ആവശ്യവുമായി കാഴ്ചയില്ലാത്തൊരു വ്യക്തി ഒരു സഹായിയെയും കൂട്ടി പോയെന്നിരിക്കട്ടെ കാഴ്ച പരിമിതനെ അടത്തുപോലും വിളിക്കാതെ ആവശ്യം പറയാന്‍ കൂടെ പോയ അളോട് ആംഗ്യം കാണിക്കുകയും സഹായിക്ക് ഇവരുടെ ആവശ്യം നിറവേറ്റാതെ തിരിച്ചുപോരേണ്ടുന്ന എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അമിതമായ സംരക്ഷണ മനോഭാവം
കുട്ടികള്‍ക്ക് അപകടം പറ്റിയാലോ എന്ന ഭയം കാരണം അവരെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനോ, ഇടപഴകുന്നതിനോ, പുറത്തു വിടില്ല. സ്വന്തമായി ഒന്നും ചെയ്യാന്‍ വിടാതെ വേണ്ടുന്നതെല്ലാം കൃത്യമായി ചെയ്തുകൊടുക്കുന്നു. ഇങ്ങനെ വളരുന്ന ഒരു വ്യക്തിക്കു സമൂഹവുമായി ബന്ധപ്പെടാന്‍ പ്രയാസം നേരിടുന്നു. പ്രഥമിക കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നു.
ഇത്തരം മനോഭാവങ്ങള്‍ ഇല്ലായ്മ ചെയ്ത് അരോഗ്യകരമായ മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് സാധ്യമാകണമെങ്കില്‍ കാഴയുള്ള സമൂഹവും സമൂഹത്തിലെ വിവധ എജന്‍സികളും ഉണര്‍ു പ്രവര്‍ത്തിക്കണം. കാഴ്ചില്ലാത്തവരും തങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതും ചില കാര്യങ്ങള്‍ സ്വയം തിരുത്താന്‍ ശ്രമിക്കേണ്ടതുമുണ്ട്. ഒരു ശിശു കണ്ടും കേട്ടും അനുഭവിച്ചാണണല്ലോ പഠിക്കുന്നത്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപ്പെടുന്ന ഒരു വ്യക്തിക്കു കണ്ടിട്ടുള്ള അറിവ് അസാധ്യമായിരിക്കും. മുതിര്‍ന്നവര്‍ ശരിയായി ഇടപെടുന്നില്ലെങ്കില്‍ അവന്‍റേതായ ശൈലിയില്‍ എല്ലാ കാര്യങ്ങളും ചെയ്യും. ഭക്ഷണം കഴിക്കുന്നതും, കുളിക്കുന്നതും മറ്റും സ്വന്തം ശൈലിയായിരിക്കും. ഇത് സമൂഹത്തില്‍ ഇടപെടുന്നതിന് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഈ വ്യത്യാസം മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ വികാരത്തിനടിമപ്പെടാതെ സ്വയം തിരുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കേള്‍വിയുടേയും സ്പര്‍ശനത്തിലൂടെയുമൊക്കെ ധാരണയിലെത്തുമ്പോള്‍ അത് ശരിയായരീതിയിലല്ലെങ്കില്‍ തെറ്റിദ്ധാരണയിലേക്ക് നീങ്ങാനിടയുണ്ട്. അന്ധവിശ്വാസം, അന്ധന്‍ ആനനയെ കാണാന്‍ പോയതുപോലെ തുടങ്ങിയ ചൊല്ലുകളുണ്ടായത് ഈ സാഹചര്യത്തിലാണ്. ഇക്കാര്യങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരും പരിശീലകരും ഏറെ ശ്രദ്ധിക്കണം. കാഴ്ച നഷ്ടമാകുന്നതോടെ ഒരു വ്യക്തിയുടെ ചനനലസ്വാതന്ത്ര്യം നഷ്ടമാകുന്നു. മാതാപിതാക്കളുടെ അമിത സംരക്ഷണം കൂടിയാവുമ്പോള്‍ അവര്‍ ശാരീരികോര്‍ജ്ജം ചെലവഴിക്കുന്നതിനായി മറ്റു പപല പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നു. വെറുതെയിരുന്ന് ആടുക, ശരീരം ചലിപ്പിച്ചുകൊണ്ടിരിക്കുക, കണ്ണില്‍ കൈവച്ചു കൊണ്ടിരിക്കുക, വട്ടം കറങ്ങുക, അര്‍ത്ഥമില്ലാതെ സംസാരിക്കുക തുടങ്ങിയവ ഉദാഹരണം. ഇത് സ്വാഭാവവൈകല്യമായി മാറാം. ഇത് ഒഴിവാക്കുന്നതിന് ഇവരെ മറ്റ് കുട്ടികളോടൊപ്പം സ്വതന്ത്രമായി ഇടപെഴകുന്നതിനുള്ള അവസരം കൊടുക്കുകയാണ് വേണ്ടത്. മുതിര്‍ന്നവരുടെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്ന് മാത്രം.
കാഴ്ചയില്ലാത്തവരുടെ കണ്ണുകള്‍ പലപ്പോഴും വിരൂപങ്ങളാണ്. ഇത് അറപ്പ്, വെറുപ്പ്, ഭയം തുടങ്ങിയ വിചാരങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ കണ്ണട പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമത്രേ.
അവസരങ്ങളും സഹായങ്ങളും സഹകരണങ്ങളും ലഭിക്കുകയാണെങ്കില്‍ മിക്ക ജോലികളും തങ്ങള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് സമൂഹത്തിനു കൊടുക്കേണ്ടതുണ്ട്. അതിനു സാങ്കേതികവിദ്യകളെല്ലാം പരിശീലിക്കണം. കാഴ്ചപരിമിതി സ്വയം അംഗീകരിക്കണം. ചലന പരിശീലനം കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ അന്ധതയെ മറികടക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങളാണ്. അന്ധരെക്കുറിച്ച് തെറ്റായ ധാരണ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും കലകള്‍ക്കും വലിയ പങ്കുണ്ട്. കാഴ്ചയില്ലാത്തവര്‍, വെക്കുന്ന ചുവടുകളുടെ എണ്ണം കണക്കാക്കിയാണ് നടക്കുന്നതെന്ന് ഒരു സിനിമയില്‍ പറയുകയുണ്ടായി, ഇതു കണ്ട പലലരും എന്നോടു ചോദിച്ചു. ‘സ്കൂളില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് എത്ര ചുവട് വെക്കണം’ എത്ര മൗഢ്യമായ സങ്കല്‍പ്പമാണിത്! ചുവടെണ്ണം കണക്കാക്കി നടക്കുക സാധ്യമാണോ? ഒരേ വേഗതയിലാണോ എപ്പോഴും നടക്കുക.
കാഴ്ചയില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറെ സിനിമകളുണ്ടല്ലോ. കാഴ്ച തിരിച്ചു കിട്ടുകയും സന്തോഷകരമായി പര്യവസാനിക്കുകയും ചെയ്യുന്ന കഥകളാണ് മിക്കവയും. പരിമിതിയെ അതിജീവിച്ച് വിജയം വരിക്കുന്ന കഥകള്‍ പൊതുവെ വിരളം. ഇതുകൊണ്ടെന്തു കാര്യം? പ്രചോദനമുണ്ടാക്കുന്ന തരത്തില്‍ ഊര്‍ജ്ജദായകമായ കലകളും കഥകളുമാവണംഅവതരിക്കപ്പെടേണ്ടത്. അതുനു വേണ്ടത് പുറം കണ്ണല്ല. അകക്കണ്ണാണ്. കാഴ്ചപരിമിതി ഉള്ളവരല്ല ഉള്‍ക്കാഴ്ചയറ്റവരാണ് യഥാര്‍ത്ഥ അന്ധര്‍.